കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ഓഗസ്റ്റ് 26, 2010

ചായ വലിച്ച് കുടിക്കുന്നത്

ചെറുപ്പത്തില്‍ ഒരു സമയം അപ്പനേം അമ്മേം വിമര്‍ശിക്കാനായിട്ടും ഞങ്ങള്‍ പിള്ളേരെല്ലാം ചെലവാക്കിയിട്ടുണ്ട്. സ്വന്തം അപ്പനെയും അമ്മയെയും പരിഷ്ക്കാരികളാക്കാനും, അവരെ ഗുണദോഷിച്ച് നേര്‍വഴിക്ക് നടത്താനും ടീനേജ് പ്രായത്തിലെ മിക്കവരെയും പോലെ ഈ ഞാനും ആവശ്യമില്ലാതെ ഒരുപാടു് കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നിപ്പോ തിരിഞ്ഞു നോക്കുമ്പോഴാണു് അവരന്നു് അങ്ങനെയൊക്കെ ചെയ്തതിന്റെ ഗുട്ടന്‍സ് മനസ്സിലാവുന്നത്. സ്വന്തം വിവരക്കേട് മനസ്സിലാക്കുമ്പോള്‍ അത് ഉറക്കെ പറഞ്ഞു് അക്നോളജ് ചെയ്യുക എന്നത് എന്റെയൊരു ബലഹീനതയാണോന്നും ഇപ്പോള്‍ സംശയം ഇല്ലാതില്ല.

അവര്‍ ഓരോന്നു ചെയ്യുന്നതിനു പിന്നില്‍ സാധൂകരിക്കത്തക്ക കാരണങ്ങളുമുണ്ടെന്ന് വൈകിയാണെങ്കിലും അറിയുമ്പോള്‍ സന്തോഷവും സ്വകാര്യമായൊരു അഭിമാനവും തോന്നാറുണ്ട്.

ഞങ്ങ കുടുംബപരമായി ചായ പ്രിഫര്‍ ചെയ്യുന്ന ആള്‍ക്കാരാണു്. ചൂടു ചായ വേണോ, അതോ കാപ്പി വേണോ എന്നു് ആരേലും ചോദിച്ചാള്‍ ചായയാവും മിക്കപ്പോഴും ചോയ്‌‌സ്. പിന്നെ ഒരു ചെയ്ഞ്ചിനെങ്ങാനും കാപ്പി മതിയെന്നു പറഞ്ഞാലായി.

ചൂടു ചായ ഓരോ സിപ്പും ഊതിക്കുടിച്ച് ആസ്വദിക്കുമ്പോഴത്തെ ആ ശബ്ദം - ആ ശബ്ദത്തിന്റെ വോള്യം കുറയ്ക്കാനായി ചില്ലറ ബോധവത്‌‌ക്കരണവും സ്കിറ്റുകളുമല്ല അന്നൊക്കെ നടത്തിയിട്ടുള്ളത്.

ഇന്നു്, അവിചാരിതമായി, ഹിസ്റ്ററി ചാനലിലെ മോഡേണ്‍ മാര്‍വല്‍സ് -ന്റെ ഒരു എപ്പിസോഡ് കാണാനിടയായി. ചായയുടെ ചരിത്രവും ആവിര്‍ഭാവവും ഉപയോഗവുമായിരുന്നു വിഷയം. (കാണാന്‍ പറ്റുമെങ്കില്‍ വിടണ്ട, നല്ലൊരു എപ്പിസോഡാണു്. ഹുലു അക്സസ്സുള്ളവര്‍ക്ക് മുഴുവന്‍ എപ്പിസോഡും ദാ ഇവിടെ കാണാം )

അതിലെ ഒരു രംഗം, ഒരു പ്രൊഫഷണല്‍ റ്റീ റ്റേസ്റ്റര്‍ ചായ രുചിച്ച് നോക്കുന്നതാണു്. ശബ്ദത്തോടെ ഓരോ സ്പൂണ്‍ ചായയും രുചിച്ച ശേഷം ആയാളത് തുപ്പിക്കളയുന്നു. തുടര്‍ന്ന്, ചായ അങ്ങനെ വലിച്ച് കുടിക്കുന്നതിന്റെ പിന്നിലെ യുക്തിയും ആയാള്‍ തന്നെ പറഞ്ഞു.

അത് ഏകദേശം ഇങ്ങനെ പോവുന്നു: ശബ്ദമുണ്ടാക്കി ശക്തിയോടെ വലിച്ച് കുടിക്കുമ്പോള്‍ ചായ വായിലേക്കെത്തുന്നത് ഏകദേശം 100-120 മൈല്‍ സ്പീഡിലാണു് - ചായത്തുള്ളികള്‍ ഓക്സിജനുമായി കൂടുതല്‍ കലരുവാന്‍ ഇത് കാരണമാവുന്നു - അതിനാല്‍, ചായയ്ക്ക് കൂടുതല്‍ രുചി തോന്നും.

ഇംഗ്ളീഷ് വിക്കിയിലെ വാചകം കടമെടുത്താല്‍: this ensures that both the tea and plenty of oxygen is passed over all the taste receptors on the tongue to give an even taste profile of the tea.

ചൂട് ചായ, ശബ്ദത്തോടെ വലിച്ച് കുടിക്കുമ്പോള്‍ കൂടുതല്‍ രുചി തോന്നുന്നതിന്റെ പിന്നിലെ യുക്തി മനസ്സിലായല്ലോ?

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index