കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ജനുവരി 19, 2009

തേളു് മുട്ടായി

മകന്‍ അപ്പം ചോദിച്ചാല്‍ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യന്‍ നിങ്ങളില്‍ ആരുള്ളൂ?
മീന്‍ ചോദിച്ചാല്‍ അവന്നു പാമ്പിനെ കൊടുക്കുമോ? -- ബൈബിള്‍

അതു മകന്‍ ചോദിച്ചാല്‍. അല്ലേല്‍, മകള്‍ ചോദിച്ചാല്‍. ഉത്തമഭര്‍ത്താക്കന്മാര്‍, തങ്ങളുടെ സ്നേഹവതിയായ ഭാര്യ ഒരു മുട്ടായി ചോദിച്ചാല്‍, മുട്ടായി വാങ്ങിച്ചു കൊടുക്കണം. അല്ലേല്‍ പട്ടിണി, നിത്യ നരകം, യാതന എന്നിവ ഫലം.

ജോലിയുടെ ഭാഗമായി ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടതായുണ്ട് - തിരികെ വരുന്നത്, നൂക്ളിയര്‍ വേസ്റ്റുമായിട്ടാണു് - എന്നു വെച്ചാല്‍, മുഷിഞ്ഞ ലോണ്‍ഡ്രി.

കഴിഞ്ഞ തവണ യാത്രയ്ക്ക് ഭാണ്ഡം കെട്ടിപ്പൊതിയവെ, "തിരികെ വരുമ്പോള്‍ മുഷിഞ്ഞ് നാറുന്ന തുണികളല്ലാതെ, തനിക്കു വേണ്ടി എന്തെങ്കിലും കൊണ്ടുവരുമോ? ഒരു മുട്ടായിയെങ്കിലും..? ഏയ്..! ഈ യാത്രക്കാരനാരാ കക്ഷി..?" എന്നൊക്കെ അരികെ കിളിനാദത്തില്‍ കുറേ നേരം ഇടതടവില്ലാതെ മുഴങ്ങിയ ആത്മഗതം കേട്ടില്ല എന്നു നടിച്ചു. (മണിചിത്രത്താഴ് കണ്ടിട്ടുണ്ടോ? ആ കെട്ടിടത്തിലെ അടച്ചിട്ടിരുന്ന അറകളൊക്കെ "തുറക്കട്ടേ..?"എന്നു ഗംഗ ചോദിക്കുമ്പോള്‍ കമ്പ്യൂട്ടറിന്റെ ഡോസ് പ്രോമ്പ്റ്റില്‍ dir/w നീളത്തില്‍ നോണ്‍സ്റ്റോപ്പായി ടൈപ്പുന്നതിനിടെ "താന്‍ തുറക്കെടോ.." എന്ന് നകുലന്‍ അലക്ഷ്യമായി ഉത്തരം പറയുന്ന രംഗം?)

ദിവസങ്ങള്‍ക്ക് ശേഷം, തിരികെ വരാന്‍ ഫ്ളൈറ്റ് ഒന്നര മണിക്കൂര്‍ ലേറ്റ്. മെക്കാനിക്കല്‍ ട്രബിള്‍. എയര്‍പോര്‍ട്ടില്‍ ബോറടിച്ചു ചുറ്റി നടക്കവേ കണ്ണില്‍ പെട്ടതാണു്, സ്കോര്‍പ്പിയന്‍ സക്കര്‍ (മലയാളത്തില്‍, തേളു് മുട്ടായി)

അതിനകത്തുള്ളത്, ശരിക്കും തേളു് തന്നെയാണു് കേട്ടോ? എഡിബിള്‍ തേളു് -- എന്നുവെച്ചാല്‍ തേളെത്തുമ്പോള്‍, അതിനെയും കഴിക്കാം എന്നര്‍ത്ഥം.


തേളു് മിട്ടായി/സ്കോര്‍പ്പിയോണ്‍ സക്കര്‍
hotlix എന്ന കമ്പനിയാണിത്തരം മുട്ടായി ഉണ്ടാക്കുന്നത് - തേളിനു പുറമേ, വിര മുട്ടായി, ചീവീട് മുട്ടായി, ഉറുമ്പ് മുട്ടായി, ബട്ടര്‍ഫ്ളൈ മുട്ടായി, ലാര്‍വ മുട്ടായി എന്നൊക്കെ ഇനിയും വകഭേദങ്ങളുണ്ട് - കൂടുതല്‍ വിവരങ്ങളിവിടെ.
.

6 അഭിപ്രായങ്ങൾ:

വല്യമ്മായി പറഞ്ഞു...

എന്നിട്ടേത് വാങ്ങി? :)

പടിപ്പുര പറഞ്ഞു...

മഡഗാസ്കറില്‍ നിന്നും വന്ന സുഹൃത്തിന്റെ കയ്യില്‍ ഇപ്പറഞ്ഞ സകല ക്ഷുദ്രജീവികളെയും സ്റ്റഫ് ചെയ്ത് ഉണ്ടാക്കിയ കീ-ചെയിനുകള്‍ കണ്ടിരുന്നു.

ഇതിത്തിരി കടന്ന കൈ തന്നെ!
(ലിങ്കില്‍ കേറി നോക്കി. കെങ്കേമം!!)

Umesh::ഉമേഷ് പറഞ്ഞു...

ഭാര്യയ്ക്കു വാങ്ങിക്കൊടുക്കാൻ പറ്റിയ ബെസ്റ്റ് സാധനം! ഇനി അവൾ ആയുസ്സിൽ ചോദിക്കില്ല!

മറിച്ചാലോചിച്ചാൽ, ഏവൂരാന്റെ കൂടെ ജീവിതം കഴിച്ചുകൂട്ടുന്ന ആ ഹതഭാഗ്യയ്ക്കു് (പെൺപുലി എന്നും പറയാം) തേളു വെറും ചീളു്! പോകാൻ പറ!

Inji Pennu പറഞ്ഞു...

എയര്‍പ്പോട്ടില്‍ കണ്ണില്‍പ്പെട്ടു എന്നേ ലേഖകന്‍ എഴുതിയിട്ടുള്ളൂ. അതുംകൊണ്ട് വീട്ടില്‍ കയറി എന്ന് ഈ ലേഖനത്തിലില്ല. ഇണ്ടായിര്‍ന്നെങ്കില്‍ ഇതെഴുതാന്‍ കാണുമായിരുന്നോ എന്നതും ചിന്തനീയം!

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

സ്ത്രീപീഡനശ്രമം

ഇര പറഞ്ഞു...

onnu kittiyirunnengil Taste nokkayirunnu..

അനുയായികള്‍

Index