കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, സെപ്റ്റംബർ 24, 2007

വട്ടു സോഡാക്കുപ്പി

അഞ്ചാം ക്ലാസ്സ് മുതല്‍, സ്കൂള്‍ ഡയറിയുടെ അവസാനത്തെ രണ്ടു താളുകള്‍ ഒരു വശം മാത്രമൊഴിച്ച് തമ്മിലൊട്ടിച്ച് ഒരു “അറ” ഉണ്ടാക്കിയിരുന്നു. ഷട്ടില്‍ ബസ്സ് കിട്ടാതെ വന്നാല്‍ ഫാസ്റ്റ് പാസഞ്ചര്‍ പിടിക്കുക തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങള്‍ക്ക് വേണ്ടി രണ്ടു രൂപായുടെ ഒരു നോട്ട് ആ അറയ്ക്കുള്ളില്‍ കരുതിയിരുന്നു. ഏഴാം ക്ലാസ്സിലെത്തിയപ്പോള്‍ “ഇന്‍‌ഫ്ലേഷന്‍” കാരണം, അതു അഞ്ചു രൂപാ നോട്ടായി.

ഏഴില്‍ പഠിക്കുന്ന കാലത്തെ ഒരു സമര ദിവസം, തിരികെ വീട്ടില്‍ പോവാന്‍ വെയിലത്തു് കുറേ നേരം ബസ്സു കാത്തു് നിന്ന് വലഞ്ഞപ്പോഴാണു് ആദ്യമായി ഒറ്റയ്ക്ക് ഒരു സോഡാ വാങ്ങിക്കുടിക്കുന്നതു്. നീല നിറമുള്ള വട്ടു് സോഡാക്കുപ്പി മാടക്കടക്കാരന്‍ സ്റ്റൈലോടെ എടുത്ത് തന്നിട്ട്, “പൊട്ടിച്ചു തരണോ, അതോ തനിയെ പൊട്ടിച്ചോളാമോ..?” എന്നോ മറ്റോ ചോദിച്ചുവെന്നാണു് ഓര്‍മ്മ.

സ്വന്തം ആവശ്യത്തിനായി മാത്രം തനിയെ ധനവിനിമയം ആദ്യമായി നടത്തിയത്, ബസ് സ്റ്റാന്‍ഡിലെ ഈ സോഡാ കുടിക്കാനാണു് എന്നാണോര്‍മ്മ.

പിന്നെയുള്ള കാലമിതു വരെ ഒരുപാട് സോഡാ കുടിച്ചിരിക്കുന്നു -- നിറമുള്ളവ കുടിക്കണമെന്ന കമ്പം സോഫ്റ്റ്‌‌ഡ്രിങ്കുകള്‍ ആരോഗ്യത്തിനു ഹാനികരം എന്നറിവിനെ തുടര്‍ന്ന് അവസാനിപ്പിച്ചുവെങ്കിലും, കാര്‍ബണേറ്റഡ് പച്ച വെള്ളം കുടിക്കാനിപ്പോഴും ഇഷ്ടം തന്നെ. വട്ട് സോഡായില്‍ തുടങ്ങിയ സോഡാ പാനം, ഇപ്പോള്‍ സെല്‍‌റ്റ്സറില്‍ എത്തി നില്‍ക്കുന്നു.

വട്ട് സോഡാക്കുപ്പികളുമായ് സോഡാക്കാരന്‍ വീടിനു മുമ്പിലൂടെ സൈക്കിളില്‍ പോകുമ്പോഴത്തെ ശബ്ദ കോലാഹലം, ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു. ആ കൂട്ടത്തിലെ ഒഴിഞ്ഞ കുപ്പികളാവും കൂടുതല്‍ ഒച്ചയുണ്ടാക്കുക, കാരണം അവയിലെ “വട്ട്”എന്ന സ്ഫടിക ഗോളം യാതൊരു വിധ തടസ്സവുമില്ലാതെ കുപ്പിയുടെ കഴയ്ക്കുള്ളില്‍ ഓടി നടക്കുന്നുണ്ടാവണം.

വട്ട് സോഡാക്കുപ്പികള്‍ ഇപ്പോള്‍ നാട്ടില്‍ ദുര്‍ലഭമായിരിക്കുന്നുവെങ്കിലും, ഓര്‍മ്മകള്‍ അത്ര വേഗം മരിക്കുമോ? അങ്ങനെ “ഷോഡാ” ചിന്തകളില്‍ മുങ്ങിയ ഒരു നേരത്താണു്, വട്ട് സോഡയുടെ ചരിത്രം ചികയണമെന്നു തോന്നിയത്.


വട്ട് ഷോഡാക്കുപ്പി

വട്ട് സോഡാക്കുപ്പിയുടെ പേരു്, കോഡ് നെക്ക് കുപ്പി (Codd Neck Bottles) എന്നാണു്. 1872-ല്‍ ഇംഗ്ലണ്ടിലെ ഹിരാം കോഡ് എന്ന സോഫ്റ്റ് ഡ്രിങ്ക് നിര്‍മ്മാതാവാണു് നമ്മുടെ നാട്ടില്‍ കണ്ടിരുന്ന വട്ട് സോഡാക്കുപ്പി പേറ്റന്റ് ചെയ്തതു്. ബ്രിട്ടീഷ് കോളനികളിലാണു് കോഡ് നെക്ക് കുപ്പികള്ക്ക് കൂടുതല്‍ പ്രചാരമുണ്ടായത്. [നമ്മുടെ “സ്വന്തം” സ്വദേശിയായ അംബാസിഡര്‍ കാര്‍ പോലെ..]

മൂശയില്‍ ഉരുക്കുന്നതിനിടയില്‍ത്തന്നെ കുപ്പിയുടെ കഴുത്ത് അല്പം ചതയ്ക്കുന്നു. അല്പം തണുക്കാന്‍ അനുവദിച്ച ശേഷം, അതിലേക്ക് ഒരു ഗ്ലാസ്സ് മാര്‍ബിള്‍ (വട്ട് എന്നു മലയാളം) ഇടുന്നു. ഈ വട്ടിനു കുപ്പിയുടെ രണ്ടിരട്ടി കട്ടിയുണ്ട്. എന്നിട്ട് കഴുത്തിന്റെ ബാക്കിയുള്ള റബര്‍ വാഷറുള്ള ഭാഗം കൂടി ഉരുക്കി പിടിപ്പിക്കുന്നു -- വട്ട് ഷോഡാക്കുപ്പി തയാര്‍.

തല കീഴേ കുപ്പി നിര്‍ത്തിയാണു് ഇതില്‍ കാര്‍ബണേറ്റഡ് വെള്ളം നിറയ്ക്കുന്നത്. ഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി, നിറയ്ക്കലിനൊടുവില്‍ വായറ്റത്തുള്ള വാഷറിനടുത്ത് കുപ്പിയിലെ “വട്ട്” എത്തുന്നു. അതിനെ അവിടെത്തന്നെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തുന്നതാകട്ടെ, കുപ്പിയിലെ മര്‍ദ്ദവും.


വാല്‍ക്കഷണം: നാട്ടില്‍ വട്ട് സോഡാക്കുപ്പി ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു എന്നു തോന്നുന്നു. എങ്കിലും, ഒരെണ്ണം കണ്ടാല്‍ കുപ്പിയൊരെണ്ണം വാങ്ങി വെച്ചോളൂ‍, കൌതുക വസ്തുക്കളായി കോഡ് നെക്ക് കുപ്പികള്‍ ശേഖരിക്കുന്നവര്‍ക്കിടയില്‍, കുപ്പിയൊന്നിനു് ഏകദേശം ഇരുപതു ഡോളറോളം ഇപ്പോള്‍ വിലയുണ്ട്.


“വട്ട്” ഷോഡാക്കുപ്പികളെ പറ്റി കൂടുതല്‍ അറിയാന്‍:
  1. ലിങ്ക് 1
  2. ലിങ്ക് 2

16 അഭിപ്രായങ്ങൾ:

മൂര്‍ത്തി പറഞ്ഞു...

വട്ടിനു പകരം ചിലയിടങ്ങളില്‍ ഗോലി എന്നാണ് പറയുന്നത്. കുപ്പിയില്‍ ഇട്ട ഗോലി ഇട്ടവന്‍ വിചാരിച്ചാലും എടുക്കാന്‍ പറ്റില്ല. :)

ഇത് തുറക്കുന്ന ഓപ്പണറില്‍ സൈക്കില്‍ട്യൂബിന്റെ/ബലൂണിന്റെ ഒരു കഷണം പിടിപ്പിച്ച്,”പിഷ്യൂം” എന്ന ശബ്ദത്തില്‍ സോഡ പൊട്ടിക്കുന്നത് ഒരു കലയായിരുന്നു. വിരലുകൊണ്ടും വന്‍‌ശബ്ദത്തോടെ സോഡ പൊട്ടിക്കുന്നവരുണ്ടായിരുന്നു. കലാകാരന്മാര്‍ക്കാണോ നാട്ടില്‍ പഞ്ഞം?

ഗോലി കളിക്കുമ്പോള്‍ വക്കന്‍(അടിക്കുന്ന ഗോലി) ആയി ഉപയോഗിച്ചിരുന്നത് പലപ്പോഴും ഇതിന്റെ ഗോലി ആണ്. ഭയങ്കര ഡിമാന്‍‌ഡ് ആയിരുന്നു ഇതിന്.

ശ്രീ പറഞ്ഞു...

ഒരുപാട് ഓര്‍‌മ്മകളുണര്‍‌ത്തുന്ന കൌതുകകരമായ ലേഖനം...
:)

ഏ.ആര്‍. നജീം പറഞ്ഞു...

ശ്രീ പറഞ്ഞത് പോലെ ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ലേഖനം .
പണ്ട് സോഡ കുടിക്കാന്‍ വലിയ ഇഷ്‌ടം തന്നെയായിരുന്നു പക്ഷേ കുടിക്കാനായി കമഴ്ത്തുമ്പോഴേക്കും ദേ വട്ട് വന്ന് അടയും.. കുറേ കാലം എടുത്തു ആ ട്രിക്ക് മനസിലാക്കാന്‍.

simy nazareth പറഞ്ഞു...

ഏവൂരാനേ, ഇത് മലയാളം വിക്കിപീഡിയയിലും ഇടാമോ?

കുഞ്ഞന്‍ പറഞ്ഞു...

രസികത്വവും വിജ്ഞാനവും നിറഞ്ഞ പോസ്റ്റ്..

കുട്ടിക്കാലത്ത് ഈ കുപ്പിയില്‍ക്കൂടി സോഡ കുടിക്കാന്‍ പെട്ട പാടുകള്‍ ചില്ലറയല്ല. വയിലേക്കു കമഴ്ത്തുമ്പോള്‍ ഗോലി വന്നടയും, അങ്ങിനെ ഒരു പത്തു പതിഞ്ചു മിനിറ്റെടുത്താണു ഒരു കുപ്പി സോഡ കുടിക്കാന്‍ പറ്റുന്നത്, പിന്നെ സോഡയില്‍ അല്പം ഉപ്പു കൂടി ഞാന്‍ ഇടാറുണ്ടായിരുന്നു. ഈ കുപ്പി കാരണം എന്റെ അടുത്ത സുഹൃത്തിന് സോഡാകുപ്പി മോറനെന്നുള്ള വട്ടപ്പേര് ചുമക്കേണ്ടി വന്നിട്ടുണ്ട്. എത്രയെത്ര രസകരമായ ഓര്‍മ്മകള്‍..

തമനു പറഞ്ഞു...

അടിപൊളി ലേഖനം തന്നെ ഏവൂരാനേ... ശരിക്കും വായിച്ചപ്പോ “പ്‌ട്യുഷോം” എന്ന ശബ്ദത്തോടെ പുറത്തു ചാടാനും മാത്രം ഉള്ള സന്തോഷം മനസില്‍ നിറയുന്നുണ്ട്... :)

ഇത് തലകീഴായി നിര്‍ത്തിയാണൊ വെള്ളം നിറയ്ക്കുന്നത് ...? നാട്ടില്‍ ഇത് നാലോ അഞ്ചോ കുപ്പികള്‍ വയ്ക്കാവും ഒരു പെട്ടിയില്‍ വച്ച്, അത് കൈകൊണ്ട് വളരെ വേഗത്തില്‍ ഒരു പത്ത് റൌണ്ട് കറക്കിയല്ലേ ഉണ്ടാക്കിയിരുന്നത് എന്നൊരോര്‍മ്മ. അതിലേക്ക് ഒരു സിലിണ്ടറില്‍ നിന്നുള്ള കുഴലും ഉണ്ടാവും... കറക്കം കഴിയുമ്പോ സിലിണ്ടറില്‍ നിന്നുള്ള ഒരു പൈപ്പ് തുറന്നു വിട്ട്, പണ്ടത്തെ ലൈലാന്‍ഡ് ബസില്‍ നിന്നും ഇടക്കിടെ എയര്‍ പോകുന്നതു പോലെ ഒരു ശബ്ദം ഉണ്ടാക്കുകയും ചെയ്യും...

സോഡാ കൈകൊണ്ട് പൊട്ടിക്കുന്നതു തന്നെയായിരുന്നു അതിന്റെയൊരു വെയിറ്റ്..:) പണ്ടത്തെ എന്റെ ആരോഗ്യസ്ഥിതി ഒരു സോഡാപൊട്ടിക്കാനും മാത്രം ഇല്ലാരുന്നെങ്കിലും, ഞാന്‍ സ്വന്തമായാരുന്നു സോഡാ പൊട്ടിച്ചിരുന്നത്. അപ്പോഴത്തെ മുഖഭാവോം, കണ്ണു തെള്ളലും ഒക്കെ കണ്ടാല്‍ ആരോ എന്റെ കഴുത്തിന് ഞെക്കിപ്പിടിച്ചിരിക്കുകയാണെന്ന് തോന്നുമാരുന്നെങ്കിലും..
:)
ശരിക്കും നൊസ്റ്റാള്‍ജിക്കാക്കിക്കളഞ്ഞു ഏവൂരാനേ...

ഓടോ : മ്മക്ക് വട്ടു സോഡാക്കുപ്പികള്‍ 20 ഡോളറിന് കയറ്റി അയക്കുന്ന ഒരു ബിസിനസ് തുടങ്ങിയാലോ...?

വേണു venu പറഞ്ഞു...

ശരിക്കും ഓര്‍‍മ്മകളിലേക്കു് നയിക്കുന്ന ലേഖനം. “സോഡാ കുടിക്കാം, ആ ഗോലിയങ്ങെടുക്കു് ഏഭ്യാ” എന്നു പറഞ്ഞ നമ്പൂതിരി കഥയും ഓര്‍ത്തു പോയി.:)

അതുല്യ പറഞ്ഞു...

ഇങ്ങനെ നൊവോള്‍ജിയയ്ക്കിട്ട് കുത്തി നോവിക്കല്ലേ ഏവൂരാനെ. എന്റെ വീട്ടിന്റെ അടുത്ത് ഒരു ജ്യോതി എഇസ്ക്രീം ഫാക്ടറിയുണ്ടായിരുന്നു. അവിടെ ഈ സോഡ ഉണ്ടാക്കുമായിരുന്നു. പൊതുവെ പട്ടര്‍ വീടുകളില്‍ സോഡ കുടിയൊന്നും പതിവില്ല. എന്നാലും എഇസ് ഫ്രൂട്ട് വാങ്ങാന്‍ പോവുമ്പോ ഒരെണ്‍നം വാങ്ങാന്‍ അനുമതി തരും. പക്ഷെ സോഡ കുപ്പിയോടെ കുടിയ്കാന്‍ പാടില്ലാന്ന് പട്ടന്മാര്‍. അസുര ഗണങ്ങളാണത്രേ കുപ്പിയോടെ കുടിയ്കുക എന്തെങ്കിലും കുപ്പിയോടെ. അതോണ്ട് അത് ഗ്ലാസ്സിലാക്കി വേണം കുടിയ്കാന്‍. അതും ഒരു സോഡ 5/6 പങ്ക് ആക്കി വേണം കിട്ടാന്‍. സോഡാ വാങി വന്ന്, ഗ്ലാസ്സ് ഒക്കെ നിരത്തി വച്ച് തുള്ളിതുള്ളീ ആയീട്ട് ഒഴിക്കും എന്നിട്ട് നോക്കും ഒരെ പോലെ അളവായോ ന്ന്. അത് പതയൊക്കെ അടങ്ങീട്ട് വേണം ഈ പരുവം നോക്കാന്‍. അപ്പോഴേയ്ക്ം ഇത് ശൂ ന്ന് പൈപ്പിലെ വെള്ളം പോലെ ആയിട്ടുണ്ടാവും. “എന്നാലും ഇന്നൈയ്ക് സായംകാലം ആത്തിലെ കല്ല് സോഡ് വാങിനോം“ എന്ന് പറയുമ്പോഴ് ഗമ തന്നെയായിരുന്നു. അതിലും ഗമേം അഹങ്കാരോം കാട്ടിയിരുന്നത്, ഇത് തള്ള വിരലു കൊണ്ട് പൊട്ടിയ്ക്ണ ആളായിരുന്നു. ഏതാണ്ട് യുദ്ധം ജയിച്ച പോലെ ആയിരുന്ന് അയാള്‍ടെ മുഖം ഇത് പൊട്ട്ടിച്ച് കഴിയുമ്പോ.. പൊട്ടിച്ച് കഴിഞ് കൈ ഒക്കെ കുടയും അങ്ങേരു. എന്നിട്ട് ആരെങ്കിലു വരുമ്പോ പറയും, “സോഡ പൊട്ടിച്ചതെ പറ്റി ചൊല്ലുടീന്ന്“... ഈ സോഡയ്ക് 10 പൈസയായിരുന്നും വില. ഇതിലു സോഡാ നിറയ്കുമ്പോ ഒരു തുള്ളി ഉപ്പിടുമായിരുന്നു ആ കടയിലെ നന്ദഗോപാലന്‍ ചെട്ടിയാരു. (1970 ലെ കാര്യം ആട്ടോ, ഞാന്‍ ഇത്രേം പഴയതോ?). ഈ കുപ്പികള് തിരിച്ച് സൈക്കിളില്‍ വരുമ്പോ, ഒരു വലിയ ചെമ്പില്‍ കാരം കലക്കി (തുണി പുഴുങ്ങാന്‍ ഉപയോഗിയ്കുന്ന കാരം) അതിലേയ്ക്ക് കുപ്പിയിട്ട് കഴുകി, വെയിലത്ത് കമഴ്ത്തി വയ്കും. എന്നിട്ടാണു പിന്നീട് ഉപയോഗിയ്കാറു.

ഈക്കഴിഞ മാര്‍ച്ചിലെ അപ്പൂന്റെ സയന്‍സ് എക്സ്ബിഷന്‍ ചാര്‍ട്ട് നാരേഷനു വേണ്ടി, ഞാന്‍ മേക്കിങ് ഓഫ് സോഡയാണ് ഉണ്ടാക്കീത്.ദുബായിലു നാട്ടിലെ പോലെ എളുപ്പത്തില്‍ ജനലിലൂടെ നോക്കിയാലു കാണാവുന്ന സോഡാ കടകള്‍ ഒന്നുമില്ലല്ലോ ന്ന് കരുതി. ഇത് ഹിറ്റായിരുന്നു സ്കൂളില്‍.
അതിനെ വേണ്ട് ആശയം കടമെടുത്ത ക്ലിപ്പ് തമനൂന്റെ നോവോള്‍ജിയേയേനെ കുത്താന്‍ ഞാന്‍ ഇവിടെ ഉപയോഗിയ്കട്ടെ.

ഒരു സോഡാ കമ്പനിയെ ചുറ്റി പറ്റി മനോഹരമായ കാഴ്ചകള്‍ ദിലീപൊക്കെ ആദ്യമായി അഭിനയിച്ച മാനത്തെ കൊട്ടാരത്തിലു ഒരുക്കിയട്ടുണ്ടായിരുന്നു. ഇന്ദ്രന്‍സ് ഒക്കെ ആയിരുന്നു കടയിലേ സോഡാ നിറപ്പ്. പെണ്‍കുട്ടികള്‍ വഴിയിലൂടെ പോവുമ്പോ, കറക്കി കറക്കി,ഗ്യാസ് കൂടി കുപ്പി ഒക്കെ പൊട്ടി ചിതറുന്ന സീനൊക്കെ ഉണ്ടായിരുന്നു.

ഏവൂരാനെ നന്ദി. സോഡാ നൊവോള്‍ജിയേ രാവിലെ തന്നെ കുത്തി നോവിപ്പിച്ചതിനു.

സാജന്‍| SAJAN പറഞ്ഞു...

ഏവൂരാനെ, ഇത് സൂപ്പര്‍ബ്!
എന്റെ കൈയില്‍ നാട്ടില്‍ ഒരു സോഡാക്കുപ്പി ഉണ്ട് പണ്ടോരു കൌതുകത്തിനു വാങ്ങി വച്ചതാണ് 200 ഡോളര്‍ കിട്ടിയാല്‍ അത് ഏതെങ്കിലും സായിപ്പിന് കൊടുത്തേക്കമായിരുന്നു:)

krish | കൃഷ് പറഞ്ഞു...

തമനു പറഞ്ഞപോലെയാണ് നാട്ടില്‍ സോഡ ഉണ്ടാക്കുന്നത്.
ആദ്യമൊക്കെ സോഡ പൊട്ടിക്കാന്‍ മരം കൊണ്ടുള്ള ഓപ്പനര്‍ വേണമായിരുന്നു. മറ്റുള്ളവര്‍ തള്ളവിരല്‍ ഉപയോഗിച്ച് പൊട്ടിക്കുന്നത് കണ്ട്, തള്ളവിരല്‍ വെച്ച് അടിച്ച് അടിച്ച് പൊട്ടിച്ച് കുടിച്ചിട്ടുണ്ട് ഈ സോഡാ. (സോഡാക്കുപ്പിയിലെ ഉണ്ടപോലെ എന്ന ചൊല്ല് കേട്ടിട്ടില്ലേ - അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ലാത്ത ഒരു അവസ്ഥ)

asdfasdf asfdasdf പറഞ്ഞു...

വളരെ നൊസ്റ്റാള്‍ജിക്കായിരിക്കുന്നു ഈ കുറിപ്പ്.
ഓസി തോമാസേട്ടന്റെ സോഡാകമ്പനിയില്‍ ഗ്യാസ് നിറയ്ക്കുന്ന വിജയനെ ഓര്‍മ്മ വന്നു. അല്‍പ്പം വട്ടുള്ള വിജയന്‍ തോമാസേട്ടന്‍ ദ്വേഷ്യപ്പെട്ടാല്‍ ഗ്യാസ് നിറച്ചുകൊണ്ടിരിക്കുന്ന തിരിക്കുന്ന യന്ത്രത്തിന്റെ സ്പീഡ് കൂട്ടീ ഒരു സ്ഫോടനം സൃഷ്ടിക്കുന്നത് ഓര്‍മ്മയില്‍ ഇപ്പോഴും ഉണ്ട്. എത്ര കുപ്പി പൊട്ടിച്ചാലും തോമാസേട്ടന്‍ വിജയനെ ഒരിക്കലും പിരിച്ചുവിട്ടിട്ടില്ല.

സു | Su പറഞ്ഞു...

എനിക്ക് വല്യ ഇഷ്ടമില്ല സോഡ. പക്ഷെ അത് കൊണ്ടുപോകുമ്പോഴുള്ള ഒച്ച കേള്‍ക്കാനും, അത് തുറക്കുമ്പോഴുള്ള ഒച്ച കേള്‍ക്കാനും ഇഷ്ടം. ഇപ്പോ, സോഡാമേക്കര്‍ ഉണ്ടല്ലോ. എളുപ്പം. ആര്‍ക്കും ഉണ്ടാക്കാം. പക്ഷെ, ഇപ്പോഴും, ബസ്സ്റ്റാന്‍ഡിലെയൊക്കെ പെട്ടിക്കടകളില്‍ കാണാം.

വെള്ളെഴുത്ത് പറഞ്ഞു...

വട്ടെന്ന ഒരു ചന്തവുമില്ലാത്ത പേരിനേക്കാള്‍ എത്രമ മനോഹരമാണ് ഞങ്ങളുടെ ഗോലി!ഗോളം-ഗോളി-ഗോലി.. ഇനി ആ ചിത്രത്തിലേയ്ക്കു നോക്കിയേ..അതിനെ വട്ട് എന്നു വിളിക്കാന്‍ എങ്ങനെ തോന്നുന്നു?
വീട്ടിനടുത്ത് ഒരു സോഡാ ഫാക്ടറിയുണ്ടായിരുന്നു. അവിടെ നിന്ന് വല്ലപ്പോഴും കുടിച്ചിരുന്ന സോഡയുടെ വീര്യം ഇതെഴുതുമ്പോഴും നെറുകയിലുയരുന്നു. പൊട്ടിഹ സോഡയില്‍ നിന്നുമുയരുന്ന കുമിളകള്‍ അതില്‍ കിടന്നു വസ്തുനിഷ്ഠമായി കറങ്ങുന്ന ഗോലിയുടെ ആത്മീയ രൂപങ്ങളാണ്.
ഈയടുത്ത് നാട്ടിന്‍പുറത്തെ സായാഹ്നയാത്രയ്ക്കിടയില്‍ തട്ടുമുറുക്കാന്‍ കറ്റയില്‍ വച്ച് ഈ പഴയപുള്ളിയെക്കണ്ടു. തരലസ്മൃതിയാല്‍ അടുത്തു ചെന്നു. പോരാ! പഴയഗ്യാസില്ല. ചതഞ്ഞ ഗോലി..കുപ്പിയുടെ വിളുമ്പില്‍ അഴുക്കുപറ്റിയിരിക്കുന്നു.

Murali K Menon പറഞ്ഞു...

സോഡാ കുപ്പിയെക്കുറിച്ചുള്ള വിവരണം അറിവുനല്‍കി. പെട്ടെന്ന് ഓര്‍മ്മ വന്നത്, “സോഡാ - കപ്പലണ്ടി - പാട്ടു പുസ്തകം” എന്ന വായ്ത്താരി മുഴങ്ങുന്ന പണ്ടത്തെ സിനിമാ തിയ്യറ്ററുകളാണ്. കുട്ടിക്കാലത്ത് സ്കൂളില്‍ നിന്നും സിനിമ കാണാന്‍ പോയപ്പോള്‍ കാശുള്ള കുട്ടികള്‍ സോഡാ വാങ്ങി കുടിക്കുന്നതുകണ്ട്, മുന്‍‌ബെഞ്ചില്‍ തന്നെ സ്ഥാനം പിടിച്ചിരുന്ന ഞാനും വാങ്ങിക്കുടിച്ചു. പിന്നീട് സോഡാക്കാരന്‍ കുപ്പിയോടൊപ്പം എല്ലാവരുടെ കയ്യില്‍ നിന്നും കാശുവാങ്ങുന്നതു കണ്ടപ്പോള്‍ നെഞ്ചാളി, എനിക്കറിയില്ലായിരുന്നു അതിനു കാശു കൊടുക്കണമെന്ന്. നാളെ തരാമെന്നു പറഞ്ഞതും എന്റെ മുഖത്തേക്ക് കുറച്ചുനേരം തറപ്പിച്ച് നോക്കി പിറുപിറുത്തു പുറത്തുപോയതും മനസ്സില്‍ തെളിമയോടെ നില്‍ക്കുന്നു. നന്ദി ഏവൂരാന്‍ ഓര്‍മ്മകളിലേക്കും, അറിവിലേക്കും നയിച്ചതിന്

ഏറനാടന്‍ പറഞ്ഞു...

ഏവൂരാന്‍ നന്ദി സോഡാകുപ്പിയെകുറിച്ച് വിശദീകരിച്ചതിന്‌. ചെറുപ്പത്തിലേ കണ്ടുപരിചയിച്ച സോഡാവട്ടുകുപ്പിയെ ഇപ്പോഴാണ്‌ നന്നായി മനസ്സിലായത്‌..

ദേവന്‍ പറഞ്ഞു...

ഗോലിസോഡയുടെ പുരാണം അസ്സലായി ഏവൂരാനേ. സോഡാക്കടയില്‍ ഇത് കറക്കി കറക്കി ഗ്യാസ് നിയ്ക്കുന്നത് കുട്ടിയായിരുന്നപ്പോള്‍ കണ്ടു നിന്നിട്ടുണ്ട്. അത്യാവശ്യം വന്നാല്‍ ഏത് എമര്‍ജന്‍സിക്കും ആയുധമാക്കാന്‍ സോഡാക്കുപ്പി ബെസ്റ്റാണെന്ന് ലോക്കല്‍ ഗൂണ്‍സ് പറഞ്ഞും കേട്ടിട്ടുണ്ട്. എങ്കിലും ഞാനൊക്കെ വളര്‍ന്ന് സോഡായുടെ കണ്‍സ്യൂമര്‍ ആയപ്പോഴേക്ക് ഇരുമ്പു ക്യാപ്പിട്ട സാദാക്കുപ്പികളിലായിപ്പോയി സോഡാ.

നീലഗോലി കളിയില്‍ തോറ്റവന്റെ മുഷ്ടി ചുരുട്ടി കുഴിക്കു മീതേ വച്ച് "ക്ടിം" എന്ന് ഞൊട്ടുകൊടുക്കാന്‍ അസ്സലായിരുന്നു :)

അനുയായികള്‍

Index