ശാസ്ത്രാഭിമുഖ്യമുള്ളവര്‍ തങ്ങളുടെ ആവിഷ്ക്കാരങ്ങള്‍ സാമ്പത്തിക ലാഭത്തിനായി വിപണനം ചെയ്യുന്നതില്‍ നിപുണരാവാനുള്ള സാദ്ധ്യത അത്യന്തം വിരളമാണു്. തന്റെ “ആവിഷ്ക്കാരങ്ങളുടെ” ജനയിതാവെന്നതിലുപരി, അവയെ കുശാഗ്ര ബുദ്ധിയോടെ മാര്‍ക്കറ്റിംഗ് ചെയ്ത ബിസിനസ്സുകാരന്‍ എന്ന പുകഴ്ചയും തോമസ് എഡിസണുണ്ട്.
മറ്റുള്ളവര്‍ മടുത്ത് പകുതി വഴിക്ക് ഉപേക്ഷിച്ചു പോയ ആവിഷ്ക്കാരങ്ങളെ കൂടുതല്‍ കേമമാക്കുന്ന “ഓപ്റ്റിമൈസര്‍”-ഉം ആയിരുന്നു എഡിസണ്. ഏറെയും കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ അതാവും വാസ്തവവും. ചിലതാകട്ടെ, മറ്റുള്ളവര്‍ കണ്ടുപിടിച്ചത് അതേ പോലെ കോപ്പിയടിച്ചതും. വിദ്യുത് വിളക്ക് ഒരുദാഹരണം.
ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിച്ചതാരു് എന്ന ചോദ്യത്തിനു് മിക്കവരും ഒരു പക്ഷെ നല്‍കുന്ന ഉത്തരം എഡിസണ്‍ എന്നാവും. എന്നാല്‍, അതു തെറ്റാണു്.
U.S. Patent #223898: വൈദ്യ്ത ബള്‍ബ്
1878-ല്‍ ജോസഫ് വിത്സണ്‍ സ്വാന്‍ ഇംഗ്ലണ്ടില്‍ കണ്ടുപിടിച്ച ഇലക്ട്രിക്ക് ബള്‍ബിന്റെ പേറ്റന്റ് അപ്പടി 1879-ല്‍ അമേരിക്കയിലേക്ക് പകര്‍ത്തുക മാത്രമേ എഡിസണ്‍ ചെയ്തതുള്ളൂ. ഇംഗ്ലണ്ടില്‍ നിന്നും അതേ പടി കോപ്പിയടിച്ചതെങ്കിലും, ഇലക്ട്രിക്ക് ബള്‍ബിനുള്ള അമേരിക്കന്‍ പേറ്റന്റ് 1880-ല്‍ നിയമപരമായിത്തന്നെ കൈവശപ്പെടുത്താന്‍ എഡിസണു് കഴിഞ്ഞു. ആദ്യകാലങ്ങളില്‍, ജോസഫ് സ്വാനിനു് ബള്‍ബ് വിറ്റ് കാശുണ്ടാക്കണമെന്ന താത്പര്യം കുറവായിരുന്നു, എഡിസണു് മറിച്ചും. ഈയൊരു വസ്തുതയാല്‍ ഇലക്ട്രിക്ക് ബള്‍ബിന്റെ പിതാവ് എന്ന നിലയില്‍ അറിയപ്പെടുവാന്‍ എഡിസണ് കഴിഞ്ഞു. (കുറഞ്ഞ പക്ഷം, അമേരിക്കയിലെങ്കിലും ബള്‍ബിന്റെ പിതാവ് എഡിസണാണു്.)
കാശുണ്ടാക്കാന്‍ ബള്‍ബുണ്ടാക്കിയാല്‍ മാത്രം പോരല്ലോ? അതു പ്രചാരത്തില്‍ വരണം, അതുപയോഗിക്കുവാന്‍ പൊതുജനം വേണം. അതിനവര്‍ക്ക് വൈദ്യുതി വേണം. ഇതിലേക്ക് അദ്ദേഹം 110 വോള്‍ട്ട് ഡീ.സി. ഉത്പാദിപ്പിച്ച് വിതരണം ചെയ്യുവാനായി വൈദ്യുതി നിലയങ്ങളും തുടങ്ങി. എഡിസന്റെ ആദ്യത്തെ ഉത്പാദന-വിതരണ നിലയം ന്യൂ യോര്‍ക്കിലെ പേള്‍ സ്റ്റ്രീറ്റില്‍ 1882 സെപ്തംബര്‍ 4-നു പ്രവരത്തനം ആരംഭിച്ചു.
War of Currents/കരണ്ട്-അടി (പിടികള്‍)
തോമസ് എഡിസന്റെ വൈദ്യുതി നിലയങ്ങള്‍ ഡീ.സി. വൈദ്യുതിയാണു് ഉണ്ടാക്കിയതും വിതരണം ചെയ്തതുമെന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. 100 ഡീ.സി. വൈദ്യുതിക്ക് പ്രസരണ നഷ്ടം കൂടുതലാണെന്നതിനാല്‍, ഉപയോക്താക്കളില്‍ നിന്നും ഒരു മൈല്‍ (1.6 കിമീ) അകലെ മാത്രം ഉത്പാദന കേന്ദ്രങ്ങളുണ്ടായേ മതിയാകൂ എന്നൊരു വലിയ ദോഷം അക്കാലങ്ങളില്‍ നിലവിലുണ്ടായിരുന്നു, പ്രത്യേകിച്ചും പ്രസരണത്തിനു മാത്രമായി ഡീ.സി. വോള്‍ട്ടേജ് ഉയര്‍ത്താനും പിന്നീട് ഉപയോക്താക്കള്‍ക്കായി അതു കുറയ്ക്കാനും സാങ്കേതിക വിദ്യകള്‍ അന്നു നിലവില്ലാഞ്ഞതിനാല്‍.
ഇന്ധന വാതകക്കുഴലുകളുടെയും ടെലിഫോണ്‍ ലൈനുകളുടെയും രംഗത്തുണ്ടായിരുന്ന ജോര്‍ജ്ജ് വെസ്റ്റിംഗ്‌ഹൌസ് എന്ന വ്യവസായി, എഡിസന്റെ വിതരണ മേഖലയില്‍ ആകൃഷ്ടനായി. എങ്കിലും പ്രസരണ നഷ്ടം കൂടുതലുള്ള ഡയറക്റ്റ് കരണ്ടിനേക്കാള്‍ ലാഭകരം, നിക്കോള ടെസ്ല കണ്ടു പിടിച്ച ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് സംവിധാനമുപയോഗിക്കുന്നതാവും എന്നു കണ്ടു. മൈലുകളോളം ദൂരം വരെയും വിതരണത്തിനായി ആള്‍ട്ടര്‍നേറ്റിംഗ് കറണ്ടിന്റെ വോള്‍ട്ടേജ് കൂട്ടാം, അതു വഴി പ്രസരണ നഷ്ടം കുറയ്ക്കാം, മുക്കിനു മുക്കിനു ഉത്പാദന കേന്ദ്രങ്ങളും വേണ്ട എന്ന ഗുണങ്ങളില്‍ മുഗ്ധനായി അദ്ദേഹം 1889-ല്‍ “വെസ്റ്റിംഗ്‌ഹൌസ് ഇലക്ട്രിക് കോര്‍പറേഷന്‍” രൂപീകരിച്ചു. എഡിസന്റെ ഡയറക്റ്റ് കരണ്ട് സംവിധാനത്തിനു ബദലായി ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമായിരുന്നു ജോര്‍ജ്ജ് വെസ്റ്റിംഗ്‌ഹൌസിന്റെയും കൂട്ടാളികളുടെയും പദ്ധതി.
(നിക്കോള ടെസ്ല, എഡിസന്റെ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. എഡിസന്റെ അവഹേളനം സഹിക്ക വയ്യാതെ അദ്ദേഹം തന്റെ സ്വന്തം കമ്പനി തുടങ്ങുകയായിരുന്നു...)
സംഭവം യുക്തമെന്ന് എഡിസണു തോന്നിയിരിക്കണമെങ്കിലും, ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് സംവിധാനത്തെ പരാജയപ്പെടുത്താനാണു് അദ്ദേഹം ശ്രമിച്ചതു്. അതിനായി, ആള്‍ട്ടര്‍നേറ്റിംഗ് കരണ്ട് കൂടുതല്‍ അപകടകാരിയാണു് എന്ന വാദമാണു് എഡിസണ്‍ അവലംബിച്ചതു്. ആള്‍ട്ടര്‍നേറ്റിംഗ് കരണ്ട് പൊതുജനത്തിനു ഹാനികരമാണെന്നും, അതിനാല്‍ ഡയറക്റ്റ് കരണ്ടാണു് ഉത്തമം എന്നും എഡിസണ്‍ ശഠിച്ചു.
ഈ കാമ്പെനിയിംഗിനു് വേണ്ടിയാണു്, ടോപ്സി എന്ന ആനയെ എഡിസണ്‍ ഷോക്കടിപ്പിച്ചു് കൊന്നത്.
ആനക്കഥ:
ന്യൂ യോര്‍ക്കിലെ കോണി ഐലന്‍ഡിലുണ്ടായിരുന്ന ഒരു സര്‍ക്കസ്സിലെ ആനയായിരുന്നു ടോപ്സി. മൂന്നു മനുഷ്യരെ കാലപുരിക്കയച്ചു എന്നതിനാല്‍, 28 വയസ്സുള്ള ടോപ്സിയെ തട്ടിക്കളയാന്‍ ഉടമസ്ഥര്‍ തീരുമാനിച്ചു. ആദ്യം അവളെ തൂക്കിക്കൊല്ലാമെന്നു തീരുമാനിച്ചെങ്കിലും, പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഷോക്കടിപ്പിച്ച് കൊല്ലാം എന്നായി. ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് ഉപയോഗിച്ച് ടോപ്സിയെ കൊല്ലാമെന്ന് എഡിസണും. ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് ആനയെക്കൊല്ലുമെങ്കില്‍ മനുഷ്യന്റെ കാര്യം പറയാനുണ്ടോ..? തന്റെ പ്രൊപഗന്‌ഡായ്‌ക്ക് ഇണങ്ങുന്ന പബ്ലിക് സ്റ്റന്‍ഡ്..!
450 ഗ്രാം സയനൈഡ് അടങ്ങിയ കാരറ്റ് തീറ്റിച്ചതിനു ശേഷം 6600 വോള്‍ട്ട് ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് അടിപ്പിച്ച് ടോപ്സിയെ “ദയാവധത്തിനു്” വിധേയയാക്കി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ത്തന്നെ ടോപ്സി ചെരിഞ്ഞു. ഇത് കാണുവാന്‍ ഏകദേശം 1500-ഓളം ആള്‍ക്കാര്‍ സന്നിഹിതരായിരുന്നു. ആന ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് അടിച്ച് ചാകുന്നതിന്റെ സിനിമ എഡിസന്റെ കമ്പനി അമേരിക്കയിലെ തീയേറ്ററുകളില്‍ അങ്ങോളമിങ്ങോളം വര്‍ഷങ്ങളോളം പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. (വീഡിയോയും മറ്റ് വിവരങ്ങളും ഈ താളിലുണ്ട്.)
(ഇനിയല്പം ടോപ്സി വിശേഷം: 1. മൂന്നു് പേരില്‍ ഒരാളെ ടോപ്സി തട്ടിയത്, അവള്‍ക്ക് ആഹാരമെന്ന വ്യാജേന എരിയുന്ന സിഗരറ്റ് കൊടുത്ത ജെ.എഫ്. ബ്ലൌണ്ട് എന്ന പാപ്പാനെയാണു്. 2.ഈ താളിലുള്ള ടോപ്സിയുടെ ചിത്രങ്ങള്‍ കണ്ടിട്ട്, ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ആനയാണു് ടോപ്സി എന്ന് വ്യക്തമാവും. ഒരു പക്ഷേ, കേരളത്തില്‍ നിന്നാവുമോ ടോപ്സി?)
ഉപക്രമം:
ആന ചത്തതു മിച്ചം, പിടിവാശിയൊക്കെ ഉപേക്ഷിച്ച് ഒടുവില്‍ എഡിസണ്‍ ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് സംവിധാനം സ്വീകരിച്ചു.
9 അഭിപ്രായങ്ങൾ:
നല്ല വിവരങ്ങള്‍...നന്ദി..
എനിക്കു തികച്ചും പുതുമയും,കൌതുകകരമായ വിജ്ഞാന പ്രദമായ പോസ്റ്റ്...
നന്ദി...
തോമസ് അല്‍വാ എഡിസനെക്കുറിച്ചു വായിച്ചിട്ടുള്ള രസകരമായ ഒരു കൗശലമോര്‍ക്കുന്നു.
അദ്ദേഹത്തെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നവര്‍ക്കു വീട്ടിന്റെ വാതില്‍ കൂടുതല്‍ ബലം പ്രയോഗിച്ചു തള്ളിത്തുറക്കേണ്ടിയിരുന്നു.
സഹികെട്ടു ഒരു സുഹൃത്തു ചോദിച്ചു
"താങ്കള്‍ വലിയ ശാസ്ത്രജ്ഞനൊക്കെയായിട്ടെന്താ കാര്യം. താങ്കളുടെ പ്രധാന വാതിലിന്റെ ഘര്‍ഷണം കുറക്കാന്‍ അല്‍പ്പം ഗ്രീസോ ഓയിലോ കൊടുക്കണമെന്നാടിസ്ഥാന വിവരം താങ്കള്‍ക്കില്ലാതെ പോയല്ലോ?
കൂടുതല്‍ ബലം പ്രയോഗിക്കേണ്ടിയിരിക്കുന്നു ഈ വാതിലൊന്നു തുറക്കാന്‍!"
എഡിസന്‍ ചിരിച്ചു കൊണ്ടു പറഞ്ഞത്രേ!
എന്റെ വീട്ടില്‍ വരുന്നവരെ കൊണ്ടു ആ വാതില്‍ തള്ളലിലൂടെ അവരറിയാതെ ഞാന്‍ ഓരോ പ്രാവശ്യവും ഒരോ ഗ്യാലന്‍ വെള്ളം എന്റെ വാട്ടര്‍ ടാങ്കിലേക്കടിപ്പിക്കുകയാണ്
പുതുമ നിറഞ്ഞ വിവരങ്ങള്‍..നന്ദി!
വിജ്ഞാന പ്രദമായ ലേഖനം. രസകരമായി വായിച്ചു. നന്ദി.:)
ലിങ്കുകളിലേക്ക് പോകുന്നേയുള്ളൂ. ഈ ലേഖനത്തിന് നന്ദി. :)
എല്ലാം പുതിയ വിവരങ്ങള്‍. വളരെ നന്ദി. ഇനി അടുത്ത സദസ്സില്‍ ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിച്ചത് എഡിസണല്ല എന്ന് പറഞ്ഞ് വാദിക്കും :)
പക്ഷേ ഇവിടെയും ഉമേഷ്‌ജിയുടെ കാല്‍ക്കുലസ് വാദം പോലെ സംഗതി പെര്‍ഫക്‍ഷനില്‍ കൊണ്ടുവന്നത് എഡിസണായതുകാരണം ബള്‍ബിന്റെ ഉപജ്ഞാതാവ് എഡിസണനാണെന്ന് പറയാന്‍ പറ്റില്ലേ? ഒരു സുപ്രഭാതത്തില്‍ എഡിസണ്‍ ഈ ബള്‍ബ് കണ്ടുപിടിച്ചു എന്ന അര്‍ത്ഥത്തിലല്ലെങ്കിലും.
ഈയൊരു ലേഖനം കാരണം ടെസ്‌ലയെപ്പറ്റിയും സ്വാനിനെപ്പറ്റിയുമൊക്കെ കൂടുതല്‍ അറിയാന്‍ പറ്റി. വളരെ നന്ദി.
വളരെ വിജ്ഞാനപ്രദമായ ലേഖനം.
പക്ഷേ ബള്‍ബിന്റെ കണ്ടുപിടിത്തത്തെ കുറിച്ച് ഒരു സംശയം , ജോസഫ് വത്സന്‍ എഡിസണ്‍റ്റെ അസിസന്റ് ആയിരുന്നു എന്നും എഡിസണ്‍ ബള്‍ബ് കണ്ടുപിടിച്ചത് 1878 നു മുന്‍പ് ആയിരുന്നിരുന്നു എന്നും 1879 ല്‍ പേറ്റന്റിനായി അപേക്ഷിക്കാന്‍ ചെല്ലുമ്പോഴാണ് ജോസഫ് വിത്സന്‍ പേറ്റന്റ് എടുത്തിരിക്കുന്നത് എന്ന കാര്യം എഡിസണ്‍ അറിയുന്നതും പിന്നെ കോടതി ഇടപെട്ട് എഡിസണ് തിരിച്ചു കൊടുക്കുകയായിരുന്നു എന്നും എവിടെയോ വായിച്ചതായി ഒരോര്‍മ്മ. യഥാര്‍ത്ഥത്തില്‍ ജോസഫ് വിത്സണ്‍ എഡിസണ്‍റ്റെ അസിസ്റ്റന്റ് ആയിരുന്നോ. ആയിരുന്നെങ്കില്‍ ഈ വാദഗതി ശരിയായി ക്കൂടേ.. ചെറുതും വലുതുമായ ആയിരത്തില്‍ അധികം കണ്ടുപിടുത്തങ്ങള്‍ നടത്തിയ എഡിസണില്‍ നിന്നും ഇങ്ങനെ ഒന്നു പ്രതീക്ഷിക്കാമോ...?
എനിക്കറിയില്ല, എന്റെ കൊച്ചു മനസില്‍ തോന്നിയ ഒരു സംശയം മാത്രം..
ഈ എഡിസന്റെ കമ്പനി വളര്‍ന്നും വ്യാപിച്ചും ചേര്‍ന്നും ഉണ്ടായതല്ലേ ഇന്നത്തെ ജി ഇ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ