കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഡിസംബർ 16, 2006

പാവം പ്രമുഖന്മാര്‍ വീണ്ടും കോടതി കയറുമ്പോള്‍

ജെസിക്കാ ലാല്‍ കൊലക്കേസിലെ ഒന്‍പതു പ്രതികളെയും നിരുപാധികം വിട്ടയച്ച കീഴ്ക്കോടതി വിധിക്കെതിരെ അന്വേഷകര്‍ സമര്‍പ്പിച്ച പരാതിയിന്മേല്‍, ഡല്‍ഹി ഹൈക്കോടതി ഡിസംബര്‍ 18-നു (ഈ വരുന്ന തിങ്കളാഴ്ച്) വിധി പറയാന്‍ പോകുന്നു.

പ്രതി ഭാഗത്തുള്ളവര്‍ പ്രമുഖരാണു -- മുന്‍‌മന്ത്രി വിനോദ് ശര്‍മയുടെ മകന്‍ മനു ശര്‍മ, വികാസ് യാദവ് (മുന്‍ രാജ്യസഭാംഗം ഡി.പി. യാദവിന്റെ മകന്‍), ഇന്ഡ്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിങ് തുടങ്ങിയ വമ്പന്മാരാണു പ്രതികള്‍.


മനു ശര്‍മ്മ

നമ്മുടെ നിയമ വാഴ്ചയില്‍, കുറ്റം ചെയ്താല്‍ തന്നെ പൂര്‍വ്വാധികം പ്രഭാവത്തോടെ ഊരിപ്പോരാന്‍ വഴികള്‍ ഒന്നിലധികമാണു. അന്വേഷണത്തിന്റെ പ്രാരംഭ ദശയില്‍ തന്നെ തെളിവുകള്‍ നശിിപ്പിച്ചോ, എന്നിട്ടും കേസെങ്ങനെയും കോടതിയിലെത്തിയാല്‍ തന്നെ കൈയ്യൂക്ക് കൊണ്ടോ നോട്ടുകള്‍ വാരിയെറിഞ്ഞോ സാക്ഷികളുടെ മൊഴികള്‍ മാറ്റിയും ആവാം ഊരിപ്പോരല്‍. അതും ശരിയായില്ലെങ്കില്‍, നിയമത്തിന്റെ തലനാരിഴ പകുത്തി കീറി, കൊല്ലപ്പെട്ടയാളിനെ തന്നെ പ്രതിയാക്കാന്‍ കെല്പുള്ള പ്ര്ഗല്‍ഭ വക്കീലന്മാരെ വെച്ചായാലും മതിയാവും.

പള്ളിക്കൂടത്തില്‍ ക്ലാസ്സെടുത്ത് കൊണ്ടിരുന്ന അധ്യാപകനെ അയാളുടെ ക്ലാസ്സിനു മുമ്പാകെ തന്നെ തല്ലിക്കൊന്ന കെ.ടി. ജയകൃഷ്ണന്‍ വധക്കേസിലെ പ്രതികളില്‍ അഞ്ചു പേരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരെയും സുപ്രീം കോടതി കുറ്റവിമുക്തരാക്കിയത് കഴിഞ്ഞയാഴ്ചയാണു്. ഫ്രീയാക്കപ്പെട്ട നാലില്‍ ഒരുത്തന്‍ മറ്റൊരു വധക്കേസില്‍ ഇപ്പോുഴും അകത്തു തന്നെ എന്നും വാര്‍ത്ത. ഊരിപ്പോന്ന ബാക്കി മൂന്നു പേര്‍ക്കും വമ്പന്‍ ഘോഷയാത്രയും താലപ്പൊലിയോടുമൊപ്പം വന്‍ സ്വീകരണങ്ങളും. സാക്ഷിമൊഴി മാറ്റാതിരുന്ന സ്കൂള്‍ കുട്ടികളും അവരുടെ കുടുംബങ്ങളും ഇനിയും ഭീഷണിയുടെ നിഴലില്‍ തന്നെയാവുമെന്ന് നമ്മുടെ നാട്ടിലെ “സാമൂഹിക നീതിയുടെ” സ്വാദറിഞ്ഞവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇതാ, മൂന്ന് നിഷ്ക്കളങ്കര്‍

[കണ്ണൂരല്ലേ സ്ഥലം, ഈ മൂന്ന് ഫ്രീ സോള്‍സിനെ എന്നെങ്കിലും മറ്റവന്മാരെടുത്ത് ചാണക്ക് വെച്ച് പ്രതികാരം തീര്‍ത്ത് “ആത്യ്‌ന്തിക നീതി” നടപ്പാക്കിക്കോളും എന്നു കരുതി സമാധാനിക്കാനാണെങ്കില്‍, നമ്മള്‍, സാധാരണക്കാരെന്തിനാണോ നികുതിയും നേതാക്കന്മാര്‍ക്ക് തീറ്റിയും കൊടുത്ത് നിയമ നിര്‍വഹണത്തിനും പരിപാലനത്തിനും ഉദ്യോ‌ഗസ്ഥരെയും സഹിക്കുന്നത്, ആവോ?]

കെ.ടി. ജയകൃഷ്ണന്‍ വധക്കേസിനെക്കുറിച്ചുള്ള വാര്‍ത്താശകലത്തില്‍ നിന്നും: കോടതിക്ക് സംശയം ഉണ്ടായത് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളുടെ ഫലമാണ്. അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമം ഉണ്ടായി. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് തലശേരി ഫാസ്റ്റ് ട്രാക് കോടതിയും ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് വിചാരണ സമയത്ത് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യുഷന് കഴിഞ്ഞില്ല. കോടതിയുടെ സംശയങ്ങള്‍ക്ക് പ്രോസിക്യുഷന്‍ തൃപ്തികരമായ ഉത്തരം നല്‍കിയിട്ടില്ല.

ഇങ്ങനെ, തുടരെത്തുടരെ “വീഴുന്ന” അന്വേഷണ ഉദ്യോഗസ്ഥരെന്നാണോ ഒന്ന് നിവര്‍ന്നു നില്‍ക്കാന്‍ പഠിക്കുക?

എന്തായാലും നാളെ വരാനിരിക്കുന്ന ജെസിക്ക ലാല്‍ കേസിലെ ഹൈക്കോടതി വിധിയിലും അന്വേഷണ ഉദ്യോഗസ്ഥരുടെ കുപ്രസിദ്ധമായ "വീഴ്‌ചകള്‍", പച്ചവെള്ളം ചവച്ചു കുടിക്കുന്ന ആ പാവം, പാവം പ്രമുഖര്‍ക്ക് ആശ്വാസമേകുമോ? കണ്ടു തന്നെ അറിയാം, അല്ലേ?

5 അഭിപ്രായങ്ങൾ:

myexperimentsandme പറഞ്ഞു...

ഇന്നലത്തെ (16 ഡിസംബര്‍) മംഗളത്തില്‍ എങ്ങിനെയാണ് ജയകൃഷ്ണന്‍ വധക്കേസില്‍ രണ്ടു കോടതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ മൂന്നാം കോടതിയില്‍ നിരപരാധികളായതെന്ന് വിശദീകരിക്കുന്നുണ്ട്.

“പ്രോസിക്യൂഷന്റെ നിരുത്തരവാദിത്തം ചൂണ്ടിക്കാട്ടിയ ജഡ്‌ജിമാര്‍ തന്നെ കേസില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാത്തതില്‍ ആശ്ചര്യം പ്രകടിപ്പിച്ചു”

അവസാനം വാദത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനെത്തിയെങ്കിലും അദ്ദേഹം സര്‍ക്കാരിന്റെ മനമറിഞ്ഞ് എങ്ങും തൊടാതെ കൈ കഴുകിയത്രേ.

ഇനി ഒരു ജീവപര്യന്തം ബാക്കിയുണ്ട്. ചരിത്രത്തിലെ തെറ്റുകളൊക്കെ തിരുത്തുമെന്ന് ജയരാജന്‍ പ്രതികളെ ജയില്‍‌നിന്നും സ്വീകരിച്ച് ആനയിക്കുന്നതിനിടയില്‍ പറഞ്ഞ് കഴിഞ്ഞു. ധീരമായി മൊഴി കൊടുത്ത ആ സ്കൂള്‍‌കുട്ടികളും കുടുംബവുമായിരിക്കുമോ തിരുത്തപ്പെടാന്‍ പോകുന്നത്. സത്യം പറഞ്ഞതിന്റെ വില അവര്‍ അനുഭവിക്കുമോ? (ഏതാണ് സത്യം എന്നാകുമല്ലേ...).

രാഷ്ട്രീയക്കൊലയാളികള്‍ക്കൊക്കെ ആവേശം നല്‍‌കുന്ന നടപടി. ഇനി ധൈര്യമായി വെട്ടിയും കുത്തിയും കൊല്ലാം, ആരെ വേണമെങ്കിലും. കൂടിവന്നാല്‍, എങ്ങാനും ഭരണം മാറിയാല്‍, ഒരഞ്ചുകൊല്ലം ജയിലില്‍ സുഖവാസം. അത് കഴിഞ്ഞ് നമ്മുടെ സര്‍ക്കാര്‍ വരും, പുല്ലുപോലെ നമ്മള്‍ ഇറങ്ങിപ്പോരും. കാരണം വാദിഭാഗത്തും നമ്മുടെ സര്‍ക്കാര്‍ (വക്കീല്‍), പ്രതിഭാഗത്തും നമ്മുടെ (സര്‍ക്കാര്‍) വക്കീല്‍.

ഈ കളിയൊക്കെ തന്നെയല്ലേ റെജീന കേസില്‍ കുഞ്ഞാലിക്കുട്ടിയും ഗുജറാത്ത് കലാപക്കേസുകളില്‍ നരേന്ദ്രമോഡി ഗവണ്മെന്റും കളിച്ചതെന്ന് ഈ നേതാക്കന്മാരില്‍ നിന്നുതന്നെ ഇപ്പോഴും നമ്മളൊക്കെ കേട്ടുകൊണ്ടിരിക്കുന്നത്?

ഇനിയെങ്കിലും ഞങ്ങളുടെ പാര്‍ട്ടി ബഹുകേമം, മറ്റുള്ള പാര്‍ട്ടിയെല്ലാം മോശക്കാര്‍ എന്ന മുദ്രാവാക്യം ഈ രാഷ്ട്രീയക്കാരൊക്കെ ഒന്ന് നിര്‍ത്തിയിരുന്നെങ്കില്‍...

evuraan പറഞ്ഞു...

ദേശാഭിമാനി കഴിഞ്ഞ ദിവസം കെ.ടി. ജയകൃഷ്ണന്‍ കേസിന്റെ വിധി റിപ്പോര്‍ട്ട് ചെയ്തു കൊണ്ടു ഒരൊന്നര പേജിട്ടിരുന്നു ഓണ്‍‌ലൈനില്‍.

വള്ളിപുള്ളി വിടാതെ മുഴുവന്‍ വായിച്ചു തീര്‍ത്തെങ്കിലും ഒന്ന് സേവ് ചെയ്തു വെയ്ക്കാന്‍ വിട്ടു പോയി. ഇപ്പോള്‍ നോക്കിയിട്ട് കാണുന്നുമില്ല.

എന്തായാലും, അതു വായിച്ചു കഴിഞ്ഞപ്പോള്‍ "please, pull your head out of your asses" എന്ന് അതിന്റെ ലേഖകന്‌മാരോടു പറയണമെന്നു തോന്നി..

qw_er_ty

അജ്ഞാതന്‍ പറഞ്ഞു...

"കണ്ണൂരല്ലേ സ്ഥലം, ഈ മൂന്ന് ഫ്രീ സോള്‍സിനെ എന്നെങ്കിലും മറ്റവന്മാരെടുത്ത് ചാണക്ക് വെച്ച് പ്രതികാരം തീര്‍ത്ത് “ആത്യ്‌ന്തിക നീതി” നടപ്പാക്കിക്കോളും എന്നു കരുതി സമാധാനിക്കാനാണെങ്കില്‍" - ഗാന്ധിജിയുടെ അഹിംസയൊക്കെ മാറ്റിവച്ച് ഇന്നിപ്പോള്‍ ഇങ്ങനെ ആശ്വസിക്കാനാണ് എനിക്കിഷ്ടം. നക്സലേറ്റ് പ്രസ്ഥാനം ഇപ്പോഴും നിലവില്‍ ഉണ്ടോ? ഇതുപോലെയുള്ള അവസരങ്ങളില്‍ പാര്‍ട്ടി നോക്കാതെ, കോടതിക്കു വിട്ടുകോടുക്കാതെ, ശിക്ഷ നടപ്പാക്കാന്‍ അവര്‍ക്കു കഴിയുമായിരിക്കും. ഒരു “അന്യന്‍” എന്നാണ് കേരളത്തില്‍ ഉണ്ടാവുക.

Shiju പറഞ്ഞു...

അതിപ്പം നോക്കാനൊന്നും ഇല്ല. ഇനിയുള്ള നാളുകളില്‍ കണ്ണൂര്‍ പുകയും. മറ്റവര്‍ വെറുതെ ഇരിക്കുമോ? എന്തായാലും കൊലക്കേസ് പ്രതികളെ മാലയിട്ടു സ്വീകരിച്ച് വീരന്മാരാക്കുന്ന ഇടതുപക്ഷത്തിന്റെ അവസ്ഥയോര്‍ത്ത് ലജ്ജിക്കുന്നു. ഭാവിയിലെ കണ്ണൂരിനെ ഓര്‍ത്ത് പേടിയും.

അജ്ഞാതന്‍ പറഞ്ഞു...

പറശ്ശിനിക്കടവു മുത്തപ്പനായലും, കൊടുങ്ങല്ലൂര്‍ ഭഗവതിക്കായാലും, മലയാറ്റൂര്‍ മുത്തപ്പനായലും നേര്‍ച്ചക്കോഴികള്‍ നേര്‍ച്ചക്കോഴികള്‍ തന്നെ!

അനുയായികള്‍

Index