കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, സെപ്റ്റംബർ 25, 2006

രക്ഷപെട്ടു, ഇത്തവണയും..

തലനാരിഴയ്ക്ക് രക്ഷപെടുക - രക്ഷപെട്ടെങ്കിലും നടുക്കം മാറിയിട്ടില്ല.

രാവിലെ ജോലിയിലേക്ക് പോകാനായി, ഭൂമിക്കടിയില്‍ ഏകദേശം ആറേഴു നില താഴെയാണ്, സബ്‌‌വേ ട്രെയിന്‍ ചെന്ന് നില്‍ക്കുന്നത്. പതിവു പോലെ ഇന്നും, മുകളിലേക്ക് പോകുന്ന എസ്കലേറ്റേഴ്സ് രണ്ടെണ്ണം നിലച്ചിരിക്കുന്നതിനാല്‍ എം.ടി.ഏ-യെ മനസ്സാ തെറി പറഞ്ഞ് കോണിപ്പടികള്‍ കയറി പുറത്തെത്താനുള്ള തത്രപ്പാടിനിടയില്‍, രണ്ടു ഷൂ ലേസുകളും അഴിഞ്ഞ് കിടക്കുന്നതായി കണ്ടു.

മുകളിലേക്ക് പായുന്ന ജനങ്ങളുടെ ഇടയില്‍ നിന്നും വശത്തേക്ക് മാറി, അവ രണ്ടും വീണ്ടും കെട്ടി ശരിയാക്കി. (അതെ, ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നാണ് -- പത്തു മുപ്പത്തൊന്നു വയസ്സായെങ്കിലും ഷൂ ലേസുകള്‍ ഇടയ്ക്കിടെ അഴിയുന്നതിനെന്താണ് കാരണം? )

വീണ്ടും ആള്‍ക്കൂട്ടത്തിന്റെ പാച്ചലിലേക്ക്.

മുകളിലെത്തിയപ്പോഴോ?

പോലീസ് പിന്തുടരുകയായിരുന്ന ഒരു കറുത്ത എസ്.യു.വി. ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നു, വേറൊരു വണ്ടിയെ ഇടിക്കുന്നു. ഇടി കൊണ്ട വണ്ടിയാകട്ടെ, നിയന്ത്രണം വിട്ട് സൈഡ് വാക്കിലേക്ക് ഓടിക്കയറി, ആറേഴു പദയാത്രികരേ ഒന്നിച്ചിടിച്ച്, വശത്തുള്ള ഓഫീസിന്റെ ചില്ലു വാതിലിനു നേരെ കൊണ്ടു നിര്‍ത്തി പിന്‍ ചെയ്തു നിര്‍ത്തുന്നു.

പിന്നാലെ, എന്‍.വൈ.പി.ഡി. ഓഫീസര്‍മാര്‍, കറുത്ത് എസ്.യു.വിക്ക് നേരേ ചെല്ലുന്നു. അതിലുണ്ടായിരുന്ന വെളുമ്പന്‍, അവരെ ആക്രമിക്കുവാന്‍ തുനിയുന്നു. പോലീസുകാരിലൊരാള്‍ പെപ്പര്‍ സ്പ്രേ ഉപയോഗിച്ചെങ്കിലും ഫലമില്ല. മറിച്ച്, ഡ്രൈവാള്‍ മുറിക്കാനുള്ള ഒരു കത്തിയുമായവന്‍ കതകു തുറന്ന് ചാടിയിട്ട് പോലീസിനെ കുത്താന്‍ ശ്രമിക്കുന്നു.

പോലീസുകാര്‍ അല്പം പിന്നോക്കം മാറുന്നു, അവരുടെ പിസ്റ്റളുകള്‍ നീട്ടിപിടിച്ചിട്ട് എന്തോ വിളിച്ചു പറയുന്നു. കത്തിയുമായ് നില്‍ക്കുന്ന വെളുമ്പന്‍ ചെറുക്കനാവട്ടെ കത്തി വീണ്ടും വീശിയടുക്കുന്നു.

“ഠോ..!” ഒരു വെടി.

കുത്താനാഞ്ഞവന്‍ ഒരു നിമിഷം പിടിച്ചു നിര്‍ത്തിയ പോലെ നിശ്ചലനായെങ്കിലും വീണ്ടും കളരിപ്പയറ്റ് തുടരുന്നു.

“ഠോ..!” ഒരെണ്ണം കൂടി.

വെട്ടിയിട്ട മാതിരി കത്തിയുമായവന്‍ താഴെ.

ആറേഴു സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇത്രയും സംഭവിക്കുന്നത് കണ്ടു നില്‍ക്കേണ്ടി വന്നു. പോലീസുകാരുടെ വെടി കൊള്ളാതിരിക്കാനായി, എല്ലാവര്‍ക്കുമൊപ്പം, ഒരു അരമതിലിനു പിന്നിലേക്ക് ചെന്നൊളിക്കുകയും ചെയ്തു, ഇതിനിടയില്‍.


അപ്പുറത്ത് ലാന്ഡ് റോവറിനടിയില്‍ ഒരു സ്ത്രീ കുരുങ്ങിക്കിടക്കുന്നു. സബ്‌വേയില്‍ എനിക്കൊപ്പം ഇറങ്ങിപ്പാഞ്ഞവരില്‍ ഒരാള്‍.

ലേസു കെട്ടാനായ്, ഞാന്‍ നിന്നില്ലായിരുന്നുവെങ്കില്‍, അക്കൂട്ടത്തില്‍, ആ വണ്ടിക്കടിയില്‍ ഒരു പക്ഷെ ഞാനും.

ആരുടെയോ പുണ്യം അല്ലേ? അതോ, സമയമായില്ല എന്നതാവുമോ കാരണം?

എന്തായാലും, ആപത്തില്‍ നിന്നും രക്ഷിച്ചതിന് ഈശ്വരനു നന്ദി..!


വാര്‍ത്തകള്‍ ഇവിടെ: 1, 2, 3, 4


വാര്‍ത്താ വീഡിയോ (ny1.com):

32 അഭിപ്രായങ്ങൾ:

evuraan പറഞ്ഞു...

രക്ഷപെട്ടു, ഇത്തവണയും..!

ബിന്ദു പറഞ്ഞു...

അയ്യോ...:( അതെ ഈശ്വരന്‍ രക്ഷിച്ചു. രക്ഷിക്കട്ടേ.

Adithyan പറഞ്ഞു...

ഏവൂരാന്‍ ...
ഞെട്ടി...

ഒന്നും സംഭവിക്കരുതേ എന്ന് പ്രതീക്ഷിച്ചു കൊണ്ട് ഓരോ ദിവസവും പുറത്തേക്കിറങ്ങെണ്ട ഗതികേടാണല്ലോ. :(

വിശാല മനസ്കന്‍ പറഞ്ഞു...

ഹോ!!!

ഈശ്വരാ..

മലയാളം 4 U പറഞ്ഞു...

എന്തോ അപകടങ്ങളുടെ സമയം ആണിതെന്നു തോന്നുന്നു. തണുപ്പനും നല്ല വാര്‍ത്തയല്ല ഇന്ന് തന്നത്. ബ്ലോഗിലും കുമാരന്റെ ലീലാവിലാസങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഞാന്. എന്തു ചെയ്യാം ലോകം അങ്ങനെയായി പ്പോയി. ആയുസും ആരോഗ്യവും തരാന്‍ സര്‍വ്വേശരനോട് പ്രാര്‍ഥിക്കാം

kusruthikkutukka പറഞ്ഞു...

എന്തു പറയണം എന്നറിയില്ല...
ആര്‍ക്കും ഒരു അപകടവും വരുത്തരുതേ എന്നു പ്രാര്‍ഥിക്കാനല്ലേ കഴിയൂ...പ്രാര്‍ഥനകളോടെ,

prapra പറഞ്ഞു...

വാര്‍ത്ത കണ്ടു, മറ്റുള്ളവര്‍ക്ക് അപകടമാകുമെന്ന് അറിഞ്ഞിട്ടും പോലീസുകാര്‍ ഈ കുറ്റവാളിയെ, അതും തിങ്ക്ലാഴ്ച രാവിലത്തെ തിരക്കിനിടയില്‍ പിന്തുര്‍ന്ന് പിടിക്കാന്‍ ശ്രമിക്കരുതായിരുന്നു എന്നാണ്‌ എന്റെ അഭിപ്രായം. അതും മറ്റൊരു സംസ്ഥാനത്ത് ചെയ്ത ഏതോ കുറ്റത്തിന്റെ പേരില്‍.

നൈലോണ്‍ ലേസ് ആണോ? കോട്ടണ്‍ കൊണ്ടുള്ളത് ഒന്ന് ശ്രമിച്ച് നോക്കു. ഇനി ആ അഴിഞ്ഞ ലേസില്‍ ആരെങ്കിലും ചവിട്ടി ഏവു താഴെ പോകുന്നതിന്‌ മുമ്പേ.

evuraan പറഞ്ഞു...

പ്രാപ്രാ,

കോട്ടണ്‍ ലേസ് തന്നെ..

റോഡ് ഐലന്‍ഡില്‍ ഒരുത്തനെ രാത്രിയില്‍ കൊന്നിട്ട് തിരികെ വരുന്ന വഴിയാ‍യിരുന്നു, ജോയല്‍ നൂണന്‍ . വിശദ വാ‍ര്‍ത്ത് ഇവിടെ..

പേപ്പട്ടിയെ പിന്നീട് പിടിക്കാം/കൊല്ലാം എന്നു കരുതിയാല്‍ ശരിയാകില്ലല്ലോ?

എന്തായാലും, ഞാനൊതുങ്ങി..!! :^)

ഹോളിവുഡ് സിനിമാക്കഥകളിലെ ഇതിവൃത്തങ്ങളിലൊന്ന് ഇന്ന് അനുഭവിച്ചറിഞ്ഞു..

തണുപ്പന്‍ പറഞ്ഞു...

ഈശ്വരാ, എന്തെല്ലാം സംഭവിക്കുന്നു ഈ ലോകത്ത് !!

prapra പറഞ്ഞു...

ആദ്യം തന്നെ വെല്‍ക്കം റ്റു ന്യൂയോര്‍ക്ക്, നൈസ് റ്റു മീറ്റ് യൂ....
63rd സ്റ്റ്രീറ്റില്‍ ആയത് കൊണ്ട് ഇത്രയും മാത്രമെ സംഭവിച്ചുള്ളു. 34thലോ മറ്റോ ആയിരുന്നെങ്കില്‍ മിനിമം പത്ത് പേരെയെങ്കിലും അവന്‍ തട്ടിയേനേ. നാല്‌ പാലങ്ങളും അടച്ച് കഴിഞാല്‍ പിന്നെ കെണിയില്‍ പെട്ട ഒരു എലി മാത്രമല്ലെ ഇവന്‍. മന്‍ഹാറ്റനിന്റെ അകത്ത് വച്ച് അവന്‍ ഓടിയാലും ഓടിയാലും എത്ര വരേ? അതാണ്‌ ഞാന്‍ ഉദ്ദേശിച്ചത്.

ചക്കര പറഞ്ഞു...

ഹൊ..ഷോക്ക് മാറിയൊ?..വല്ലാത്തൊരു കാഴ്ചയായിരുന്നിരിക്കണം..

കിച്ചു പറഞ്ഞു...

ഭാഗ്യം ഏവൂ.... ആ സെര്‍വെര്‍ ഇല്ലെങ്കില്‍ എന്റെ കാര്യം പോക്കാ അതു കൊണ്ട് ഇനിയും നൂറ് വര്‍ഷം ജീവിച്ചിരിക്കട്ടെ

അജ്ഞാതന്‍ പറഞ്ഞു...

ഹിഹിഹി...കിച്ചൂസ് എഴുതിയപോലെ ഈ സിറ്റുവേഷന്‍ ലൈറ്റ് ആക്കാന്‍ അങ്ങിനെ ഒന്ന് തമാശിച്ചാലോന്ന് ഓര്‍ത്തതാ...പിന്നെ കരുതി വേണ്ടാന്ന്..ന്യൂയോര്‍ക്ക് - ഫ്ലോറിഡ അത്രേം ദൂരത്തല്ലല്ലോന്ന് ഓര്‍ത്തു! :-)

എന്തായാലും ഇതുപോലെ ഒക്കെ ഒരു ജീവന്‍ പോണ സിറ്റുവേഷനില്‍ പണ്ടൊരിക്കല്‍ വന്നിട്ടുള്ളതുകൊണ്ട്, ഞാന്‍ എപ്പോഴും വെളിയിലോട്ട് ഇറങ്ങണേന് മുമ്പ് എല്ലാ ദിവസവും 91-ആം സങ്കീര്‍ത്തനം വായിച്ചിട്ടേ ഇറങ്ങൂ...
ഒരു വല്ലാത്തെ ധൈര്യം കിട്ടും അത് വായിച്ചിട്ട് ഇറങ്ങുമ്പൊ..
എന്നെ കളിയാക്കണ്ട...തോക്കിന്റെ മുന്നില്‍ സങ്കീര്‍ത്തനം എന്നൊക്കെ പറഞ്ഞ് :)
വേണോങ്കി മതി..! :)

സ്നേഹിതന്‍ പറഞ്ഞു...

എന്തൊരു ലോകം!

L.A.യില്‍ TVയില്‍ ചിലപ്പോള്‍ ഈ കള്ളനും പോലിസ്സും കളി LIVE ആയി കാണിയ്ക്കാറുണ്ട്.

ഏവൂരാന്‍ സുരക്ഷിതനെന്നറിഞ്ഞതില്‍ ആശ്വാസം.

evuraan പറഞ്ഞു...

ഇഞ്ചി,

91-ആം സങ്കീര്‍ത്തനം എനിക്കും പ്രിയപ്പെട്ടതാകുന്നു.

ടി സങ്കീര്‍ത്തനം ഇതാ ഇവിടെയുണ്ട് -- നിഷാദ് കൈപ്പള്ളിയുടെ മലയാളം ബൈബിളില്‍ നിന്നുള്ള ലിങ്കാണത്..! :^)

കുഞ്ഞിരാമന്‍ പറഞ്ഞു...

ഇപ്പൊള്‍ മനസ്സിലയില്ലെ 30 വര്‍ഷമയിട്ടും ലേസ് അഴിയുന്നതിന്റ്റെ കാരണം...

റീനി പറഞ്ഞു...

ഹാവു, രക്ഷപെട്ടല്ലോ ഏവൂരാനെ. ന്യുയോര്‍ക്കിലെ ഓരോ സംഭവങ്ങളേ!

ഇഞ്ചീ, ഞാന്‍ കാറില്‍ കയറിയാല്‍ അറിയാതെ സ്റ്റിയറിങ്ങില്‍ കുരിശുവരച്ചുപോകും. കാര്യങ്ങള്‍ വേറൊരാളെ ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ എനിക്ക്‌ അത്രയും കുറച്ച്‌ വറി അടിച്ചാല്‍ മതിയല്ലൊ.

അജ്ഞാതന്‍ പറഞ്ഞു...

ഹഹ..അത് ഓര്‍ത്തപ്പോഴാ ഒരു കാര്യം ഓര്‍മ്മ വന്നു. പണ്ട് എന്റെ അമ്മ കൈനെറ്റിക്ക് ഹോണ്ട ഓടിക്കുമ്പൊ പുറകിലിരിക്കണ ഞങ്ങ പിള്ളേരെല്ലാരും ഒറക്കേ കൊന്ത ചൊല്ലുമായിരുന്നു.അതുപോലെയയിരുന്നു ഡ്രൈവിങ്ങ്. :-) പക്ഷെ അമ്മയോട് ഡ്രൈവിങ്ങിനെക്കുറിച്ചെന്തെങ്കിലും പറഞ്ഞാല്‍ വണ്ടീടെ അടീപ്പെട്ട് ചാവണത് എത്ര ഭേദം എന്ന് ഉടനെ തന്നെ വിചാരിക്കും...ഹിഹിഹി...

അനംഗാരി പറഞ്ഞു...

നാട്ടില്‍ ഒരു ചൊല്ലുണ്ട്. ഓട്ടോ തിരിയുന്നതും ,മരണം വരുന്നതും എപ്പോഴാണെന്ന് പറയാന്‍ പറ്റില്ലെന്ന്. ഇതിവിടെ തിരുത്തി പറയണം.വണ്ടിയിടിക്കുന്നതും....
എന്റേതല്ലാത്ത കുറ്റം കൊണ്ട് രണ്ട് അപകടം അനുഭവിച്ചവനാണ് ഞാന്‍. അവസാനത്തേതിന്റെ ദുരിതം ഇപ്പോഴും പേറുന്നു.
ഏവൂരാന്‍,ദൈവത്തോട് നന്ദി പറയൂ.ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഒരു നിഴല്‍ പോലെ, ഒരു പരിചപോലെ, ഒരു പോരാളിയെപോലെ അവന്‍ കാക്കാന്‍ പ്രാര്‍ത്ഥിക്കൂ.

പച്ചാളം : pachalam പറഞ്ഞു...

എന്‍റെ പൊന്ന് മാഷേ, നോക്കീം കണ്ടും ഒക്കെ നടന്നോണേ!
ഞെട്ടി ഞാനും!

അഗ്രജന്‍ പറഞ്ഞു...

ഏവൂരാന്‍,
ഒന്നും വരില്ല... സര്‍വ്വശക്തനായ ദൈവം കാത്തോളും.

എല്ലാം നല്ലതിന് എന്ന് കേട്ടിട്ടില്ലേ...
അതെ 30 വര്‍ഷമായിട്ടും ഷൂവിന്‍റെ ലൈസഴിഞ്ഞോണ്ടിരിക്കുന്നതും മറ്റൊന്നുമല്ല - നല്ലതിന് തന്നെ.

ikkaas|ഇക്കാസ് പറഞ്ഞു...

എന്താ പറയേണ്ടതെന്നറിയില്ല ഏവൂരാന്‍!
ചുവടുകളില്‍ സൂക്ഷ്മത പാലിക്കുക, ദൈവം കൂടെയുണ്ടാവും.

ദേവന്‍ പറഞ്ഞു...

ഒന്നും വരില്ല എവൂരാനേ. സൂക്ഷിക്കാന്‍ വേണ്ടി ചെറിയൊരു വാണിങ് കിട്ടിയതാ. അത്രേയുള്ളു.

ഇടിവാള്‍ പറഞ്ഞു...

ഏവൂരാന്‍...
ആപത്തൊന്നും വരുത്തിയില്ലല്ലോയെന്നോര്‍ത്ത്‌, ദൈവത്തോട്‌ നന്ദി പറയാം, നമുക്ക്‌ !

ഗന്ധര്‍വ്വന്‍ പറഞ്ഞു...

ജീവിതത്തിന്റെ നിരര്‍ത്ഥകത, അസ്ഥിരത, അനിശ്ചിതത്വം ഒരിക്കല്‍ കൂടി വെളിവാകുന്നു എവൂരാന്റെ ഈ പോസ്റ്റില്‍- ഈ ക്ഷണിക പ്രപഞ്ചത്തില്‍.

പരീക്ഷിത്തിനെപ്പോലെ നാം ഒഴിഞ്ഞുമാറിയാലും മരണം എന്ന തക്ഷകന്റെ ദംശനമുണ്ടാകും ഒരു നാള്‍..

പ്രൈസ്‌ ദ ലോര്‍ഡ്‌- ഏവൂരാന്‍ ഒരു പാടുകാലം ഇനിയും സദ്ഭാവനകളും പ്രവര്‍ത്തനങ്ങളുമായി മഹാരഥനായിരിക്കട്ടെ.

കുട്ടന്മേനൊന്‍::KM പറഞ്ഞു...

എന്റെ ദൈവമേ....ഏതായാലും രക്ഷപ്പെട്ടല്ലൊ..എന്തെല്ലാം സംഭവിക്കുന്നൂ ഈ ലോകത്ത്. ദൈവം കാത്തു.

അലിഫ് /alif പറഞ്ഞു...

ഞെട്ടിക്കുന്ന വാര്‍ത്തയാണല്ലോ..താങ്കള്‍ സുരക്ഷിതനാണെന്നറിഞ്ഞതില്‍ ആശ്വസിക്കുന്നു. ആയുസും ആരോഗ്യവും തരാന്‍ പടച്ചവനോട് പ്രാര്‍ഥിക്കുന്നു.

ശിശു പറഞ്ഞു...

O.N.V യുടെ നാലു വരികള്‍ ഓര്‍ത്തു പോകുന്നു:-
"ഇന്നുനമ്മിലൊരാളിന്റെ നിദ്രക്കു
മറ്റൊരാള്‍ കണ്ണിമ ചിമ്മാതെ
കാവല്‍ നിന്നീടണം
ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങുക"

ദില്‍ബാസുരന്‍ പറഞ്ഞു...

ഒന്നും ഒരു കാരണവുമില്ലാതെ സംഭവിക്കില്ല എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഏവൂരാന്‍ ചേട്ടാ, ദൈവത്തിന്റെ അദൃശ്യകരങ്ങളാണ് താങ്കളുടെ ഷൂ ലേസ് അഴിക്കുന്നതും പോക്കറ്റിലുള്ള മൊബൈല്‍ താഴെ വീഴ്തുന്നതും എല്ലാം.

ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങള്‍. അവ നമ്മുടെ ജീവിതത്തില്‍ ഒരു ചലനമുണ്ടാക്കുന്നു. ഈ അനുഭവം താങ്കളുടെ ജീവിതത്തില്‍ പോസിറ്റീവ് ആയ ചലനങ്ങള്‍ സൃഷ്ടിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ധൈര്യമായിരിക്കൂ. ദൈവം കൂടെയുണ്ട്.

പാര്‍വതി പറഞ്ഞു...

WTC തകര്‍ന്നതിന് ശേഷം ഇത് പോലെ കുറെ അനുഭവങ്ങള്‍ കേട്ടിരുന്നു..ഓഫീസില്‍ പോകാനിറങ്ങിയ ഒരാള്‍ ഒരു ഫോണ്‍ റിങ്ങ് കേട്ട് തിരികെ വീട്ടില്‍ കയറിയത്.ഒരാള്‍ ബാന്‍ഡൈഡ് വാങ്ങാല്‍ മെഡിക്കത്സ്റ്റോറില്‍ നിന്നത് ഒക്കെ..

ആ ഷൂവിന്റെ ലേസ് ആ സമയത്ത് ഏവൂരാന്റെ കാവല്‍ മാലാഖയായിരുന്നു,ദൈവത്തിന് നന്ദി പറയാം.

ഇവിടെ ഒരു കൊളീഗ് മുംബൈ സ്ഫോടത്തില്‍ നിന്ന് ഇത് പോലെ രക്ഷപെട്ട ഒരു അനുഭവം പറഞ്ഞിരുന്നു.ജീവിതം ഇത്ര നിസ്സാരമാണെന്ന് കാട്ടിതരുന്നതാവും ഈശ്വരന്‍.ഇടയിലുള്ള സമയത്തെ നമ്മുടെ അഹന്ത അവന് താങ്ങാവുന്നതിലും അധികമാവുന്നില്ലെ.

-പാര്‍വതി.

വക്കാരിമഷ്‌ടാ പറഞ്ഞു...

ശ്വാസം വിടാതെ വായിച്ചു. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള കാര്യങ്ങള്‍. ഏവൂരാന്‍ രക്ഷപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. അപകടത്തില്‍ പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.

സു | Su പറഞ്ഞു...

എന്നും ദൈവം കൂടെയുണ്ടാകട്ടെ.

അനുയായികള്‍

Index