കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, സെപ്റ്റംബർ 15, 2006

അരിനിരോധനം

ചോറു തിന്നു ശീലിച്ച മലയാളി ലോകത്തിലെവിടെ എത്തിപ്പറ്റിയാലും, രസിച്ചു വല്ലതും കഴിക്കണമെങ്കില്‍ നന്നായി വെന്ത ചോറു് തന്നെ വേണം തീന്‍ പാത്രത്തില്‍.

പ്രവാസത്തിന്റെ ആദ്യ നാളുകളില്‍, ബസ്മതി അരിയായിരുന്നു ആശ്രയം -- ഒരു കപ്പ് അരി, അതിനിരട്ടി വെള്ളവും ഒരു പ്ലാസ്റ്റിക് പാത്രത്തിലിട്ട് മൈക്രോവേവിലേക്ക് ഒരു 28 മിനിറ്റ് വെച്ചു കഴിയുമ്പോള്‍ ചോറ്‌‌ റെഡി. അരി വാര്‍ക്കാനും നില്‍ക്കേണ്ട, ഒന്നും വേണ്ട.

ഇന്ത്യന്‍ കടകളില്‍ പ്രധാനമായും ബസുമതി അരി ഇന്ത്യയില്‍ നിന്നും, പിന്നെ പാക്കിസ്ഥാനില്‍ നിന്നും ഉള്ളവയാണ് വില്പനയ്ക്കുള്ളത്. അരി വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു, “പ്രൊഡ്യൂസ് ഓഫ് ഇന്ത്യ”എന്ന ലേബലുണ്ടോ എന്നുറപ്പു് വരുത്താന്‍.

അങ്ങിനെ തൈരും ചോറും അച്ചാറുമായി സുഭിക്ഷതയുടെ ഏകാന്ത ദിനങ്ങളിലൊന്നില്‍ കേട്ടു, ബസുമതി അരി തുടര്‍ച്ചയായി കഴിക്കുന്നത് നല്ലതല്ല, ഷുഗറു കൂടുതലാണത്രേ.

ആ കേട്ടറിവിനു ശേഷം കുറെ നാളുകള്‍, വിവിധ തരം അരികളുടേതായിരുന്നു. പൊടിയരിയുടെ വലിപ്പമുള്ള അരി മുതല്‍, നാട്ടിലെ കുത്തരി വരെ ഉപയോഗിച്ചു നോക്കി. (കുറേ ഉത്തരേന്ത്യന്‍ കൂട്ടുകാരെ, നാടന്‍ കുത്തരി വെച്ചുള്ള ചോറൂട്ടിക്കാന്‍ ഒരിക്കല്‍ ഒന്ന് ശ്രമിച്ചു നോക്കിയതോര്‍മ്മ വരുന്നു. മലയാളിക്കടയിലെ അരി, മണിക്കൂറുകള്‍ പുഴുങ്ങിയിട്ടും റബര്‍ പോലെ തന്നെ. ഒടുവില്‍ എല്ലാവരും അന്ന്, ചൈനീസ് ഫ്രൈഡ് റൈസ്സടിച്ചും, എന്നെ ചീത്ത പറഞ്ഞും നിര്‍വാണം കൈക്കൊണ്ടു. ഞാനാകട്ടെ ഈ കാലമാടന്മാരെ കുത്തരിച്ചോറൂട്ടിക്കാന്‍ തോന്നിയ നിമിഷത്തെയും ശപിച്ചു സമാധാനപ്പെട്ടു.)

ഒടുവില്‍, ഒരു മലയാളി പറഞ്ഞു തന്നതാണ്, അങ്കിള്‍ ബെന്‍സ് അരി. നാട്ടിലെ (ആന്ധ്രാ/തമിഴ്നാട്ടിലെ) വെളുത്ത അരി പോലെ തന്നെയുള്ള സാധനമാണത്രെ.

വാങ്ങിച്ചു കൊണ്ടു പോയി വെച്ചു നോക്കി, കുഴപ്പമില്ല എന്നു ബോദ്ധ്യവുമായി.

അതിനു ശേഷം ഇന്നേവരെ, അങ്കിള്‍ ബെന്‍സ് റൈസാണ് പ്രിയം. അതു മടുക്കുമ്പോള്‍, ബസ്മതി. ബസ്മതി മടുക്കുമ്പോള്‍ തിരിച്ചും.

വീണ്ടും സുഭിക്ഷതയുടേ കുറേ നാളുകള്‍...

ഇന്നിതാ, ദീപികയില്‍ വായിച്ചു, അങ്കിള്‍ ബെന്‍സ് അരി, സ്വിറ്റ്സര്‍ലാണ്ട് നിരോധിച്ചുവത്രെ. LL601 എന്നൊരു രാസവസ്തു ഉള്ളതിനാലാണ്, ഈ നിരോധനം.

ബേയര്‍ ക്രോപ്‌സയന്‍സ് എന്ന കമ്പനിയുണ്ടാക്കിയ ജനതിക അരിയാണ്, LLRice 601. ലിബര്‍ട്ടി ലിങ്ക് 601 എന്ന ജനതിക പ്രോട്ടീന്‍ അടങ്ങിയതിനാലാണ് LL601 എന്ന് ചെല്ലപ്പേരു്.

ഈ പ്രോട്ടീന്‍ ഉണ്ടാക്കിയത് എന്തിനാണെന്നോ? ബേയറിന്റെ തന്നെ ലിബര്‍ട്ടി എന്ന കളനാശിനിയെ ചെറുക്കാന്‍ വേണ്ടിയാണ്, ഈ പ്രോട്ടീന്‍ ഉണ്ടാക്കിയത്. അങ്ങിനെയാകുമ്പോള്‍, കളനാശിനി പ്രയോഗിക്കുമ്പോള്‍ കള മാത്രം നശിച്ചാല്‍ മതിയല്ലോ, നെല്‍ച്ചെടികള്‍ നിലനില്‍ക്കുകയും ചെയ്യും. ഇല്ലം ചുടുമ്പോള്‍, എലികള്‍ മാത്രം ചത്തിരുന്നെങ്കില്‍ എത്ര നന്നായേനെ...

ബേയര്‍, 2001-ല് കളനാശിനിയെ വെല്ലുന്ന‍ LL601 അരി നിര്‍ത്തിയെങ്കിലും, വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, അമേരിക്കയില്‍ വിളയുന്ന സാദാ അരിയില്‍ മേല്പറഞ്ഞ രാസവസ്തു അപകടകരമായ തോതില്‍ കണ്ടെത്തിയെന്ന് USDA ആഗസ്ത് 18-ന് സ്ഥിരീകരിച്ചു.

കീടനാശിനിക്കാരനുണ്ടാക്കിയ ജനതിക വിത്ത് കാരണം, ജപ്പാനും ചില യൂറോപ്പ്യന്‍ രാജ്യങ്ങളും അമേരിക്കന്‍ അരി ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കയാണ്.

നമ്മളുരുട്ടിയടിക്കുന്ന “ബെന്‍ അമ്മാവന്”‍ അരിയേയും അവര് നിരോധിച്ചിരിക്കുന്നു.

ഇതോടേ, അരി വിറ്റഴിക്കാനാവാത്ത അമേരിക്കന്‍ കര്‍ഷകര്‍ ഈ വിത്തുണ്ടാക്കിയ കീടനാശിനിക്കമ്പനികള്‍ക്കെതിരെ കേസും വക്കാലത്തും തുടങ്ങിക്കഴിഞ്ഞു എന്നാണറിഞ്ഞത്.

വീണ്ടും ബസ്മതിയുടെ കാലമുദിക്കുന്നു. (പുതിയ അറിവുകള്‍ ഉണ്ടാവുന്നതു വരെ...)

വാ‍ല്‍ക്കഷണം: ഒരു വീടൊക്കെ മേടിച്ചിട്ട് വേണം, ചട്ടിയില്‍ കുറേ നെല്ലു കൃഷി ചെയ്യാന്‍. :^)



ദീപിക വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട്:


10 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഞാനിമിതു വായിച്ചിരുന്നു. നാട്ടിലെ ഒന്നാംന്തരം അരി കിട്ടുമ്പൊ എന്തിന് ഇവിടുത്തെ ജെനെറ്റിക്കിലി മോഡിഫൈഡ് അരിയില്‍ ആശ്രയിക്കുന്നു. നാട്ടിലെ അരിയില്‍ എന്തായാലും മോഡിഫിക്കേഷന്‍ ചെയ്യാനുള്ള ടെക്നോളജി കാണില്ല. അത് കൊണ്ട് ധൈര്യമായി കഴിക്കാം. മഹാരാഷ്ട്രയിലെ പാവപ്പെട്ട കര്‍ഷകര്‍ക്കൊക്കെ മരുന്നടിക്കാന്‍ കാശില്ലാത്തതുകൊണ്ട് അവരുടെ ഉല്‍പ്പന്നങ്ങള്‍ നാച്ചുറലി ഓര്‍ഗാനിക്ക് ആയതുപോലെയാണ് നമ്മുടെ നാട്ടിലെ കാര്യങ്ങള്‍. അതോണ്ട് ഇപ്പൊ വിശ്വസിച്ച് കഴിക്കാം.

ബസ്മതി അരി കൊള്ളില്ല. ആ ന്യൂ യോര്‍ക്കില്‍ എന്തോരം മലയാളി കടയുണ്ട്. നമ്മുടെ കുത്തരിക്ക് ഇപ്പോള്‍ നല്ല ഡിമാണ്ട് ആണെന്ന് എല്ലാ കടക്കാരും പറയുന്നു. കുത്തരി ഒരു ഗ്ലാസ്സ് കൂക്കറില്‍ കഴുകി ഇട്ട് , കുക്കര്‍ 3/4 വെള്ളം നിറക്കുക. എന്നിട്ട് ഒരു വിസില്‍ വരുന്ന വരെ വേവിക്കുക.എന്നിട്ട് ഊറ്റുക. അര മണിക്കൂര്‍ കൊണ്ട് ചോറ് റെഡി. കൂക്കറുകള്‍ പലതരമായാതുകൊണ്ട് ഒരു പോയിന്റ് കൂടി പറയട്ടെ, തുവര പരിപ്പ് വേവാന്‍ എടുക്കുന്ന 1/3 സമയമേ അരി വേവാന്‍ എടുക്കുള്ളൂ. എന്നൊച്ചാ 3 വിസില്‍ ആണ് താങ്കളുടെ കൂക്കറില്‍
തുവരക്കെങ്കില്‍ ഒരു വിസില്‍ ആണ് ആ കുക്കറില്‍ അരിക്ക്.

അതുപോലെ ഓര്‍ഗാനിക്ക് മില്‍ക് മുട്ട ഒക്കെ ഉപ്യോഗിക്കുക. പ്രത്യേകിച്ചു കുട്ടികള്‍ക്ക് കൊടുക്കുമ്പൊ ഇവിടെ കൊടിയ വിഷങ്ങള്‍ ഉപയോഗിക്കുന്നു എന്നൊക്കെ കുറച്ച് നാള്‍ എടുക്കും മനസ്സിലാക്കി വരാന്‍...അതിനെ കുറിച്ചൊക്കെ വായിച്ചറിഞ്ഞ് പേടിച്ചരണ്ടിരിക്കുന്നതുകൊണ്ട് ഓര്‍ഗാനിക്കില്‍ പറ്റാവുന്ന പോലെ ആശ്രയിക്കുന്നു.

അനംഗാരി പറഞ്ഞു...

ഇഞ്ചി പറഞ്ഞതാണ് ശരി ഏവൂരാനെ.ഞാന്‍ ബസ്മതി കഴിക്കുന്നത് ഗതികെട്ടാലാണ്. കുത്തരിയും, പുഴുക്കലരിയും ആണ് ഞാനുപയോഗിക്കുന്നത്. പുഴുക്കലരിയാണ് നാട്ടില്‍ സധാരണ കഴിക്കാറ്. കുത്തരിക്ക് നല്ല ക്ഷാമം ഉണ്ടിപ്പോള്‍. അത് ഒരു കച്ചവട തന്ത്രം ആണെന്ന് എനിക്ക് തോന്നുന്നു. ഒരു തരം പൂഴ്ത്തി വെയ്പ്. വിലകൂട്ടാനുള്ള തന്ത്രം.

evuraan പറഞ്ഞു...

പാടങ്ങള്‍‌‌ നികത്തുകയും, കൃഷി ചെയ്തിരുന്നവരുടെ പിന്‍‌തലമുറക്കാര്‍ കൃഷി നിര്‍ത്തി കമ്പ്യൂട്ടര്‍ പണിക്കാര്‍, പ്രവാസികള്‍, രാഷ്ട്രീയന്‍, വിമതന്‍, സര്‍ക്കാരുദ്യോഗസ്ഥര്‍ തുടങ്ങിയ വേഷങ്ങളണിയുകയും ചെയ്തില്ലേ? ബാക്കിയുള്ള പാടങ്ങളും പുഞ്ച ശേഖരങ്ങളും മിക്കതും തരിശ്ശായി കിടക്കുകയല്ലേ?

(നേരിട്ടറിവുണ്ട്, മദ്ധ്യ തിരുവിതാംകൂറിലെ ഒട്ടുമുക്കാലും പാടങ്ങളൊക്കെ പുല്ലു കയറി കിടക്കുകയാണ്. വെറുതേയിടേണ്ട, നികത്തിയേക്കാമ്ം എന്നെങ്ങാനുമായാല്‍‌ അച്യുതന്റെ പാര്‍ട്ടിക്കാര്‍ കുത്തിനു പിടിക്കുമെന്ന പേടി കാരണം അവയില്‍ കൊതുകും കൂത്താടിയും വാല്‍മാക്രിയും എക്കോസിസ്റ്റങ്ങള്‍ രചിക്കുന്നു.)

കൃഷി നമ്മള്‍ പാണ്ടികള്‍ക്ക് ഔട്ട്‌സോഴ്സ് ചെയ്തിട്ട് ഉപഭോക്തൃമാതൃകാ സംസ്ഥാനമാകുകയല്ലേ?

ആയതിനാല്‍, കുത്തരിയുടെ ഉത്പാദനം കുറഞ്ഞു പോകാന്‍ നേരായും വകയില്ലേ? കേരളമൊഴിച്ചൊരു സംസ്ഥാനത്തും നിലവിലില്ലാത്ത സാധനമാണല്ലോ കുത്തരി കൃഷി.

വെളുത്ത അരിയില്‍, ഭിത്തികള്‍ക്കും മറ്റുമടിക്കുന്ന റെഡ്‌ഓക്സൈഡ് ചേര്‍ത്ത് പുഴുങ്ങി, കുത്തരിയുടെ ഡ്യൂപ്പുണ്ടാക്കുന്ന മില്ലുകള്‍ നമുക്ക് പുതിയ അറിവൊന്നും അല്ലല്ലോ?

(അതിനു ശേഷമാണ്, പെയിന്റടിച്ച വെളുത്തയരിക്കും പകരം, വെളുത്തയരി അതേ പടി തന്നെ ഉപയോഗിക്കാമെന്ന് വീട്ടുകാര്‍ പണ്ട് തീരുമാനിച്ചത്...)

അജ്ഞാതന്‍ പറഞ്ഞു...

വളരെ സത്യമാണ് ആ റെഡ് ഓക്സൈഡ് പരിപാടി. പക്ഷെ നല്ല ബ്രാണ്ട് വാങ്ങിച്ചാല്‍ പ്രശ്നമില്ല. ഇപ്പോള്‍ അത്രയധികം മായം ചേര്‍ക്കല്‍ നടക്കുന്നില്ല. ആളുകള്‍ അറിവുള്ളവരായിരിക്കുന്നു.

ഞാനും കരുതി കുത്തരി കേരളത്തില്‍ മാത്രമാണെന്ന്. ആന്ധ്രയിലും മറ്റും കേരളത്തിന് വേണ്ടി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു എന്ന് ലാസ്റ്റ് ഞാന്‍ വായിച്ചറിഞ്ഞത്.

ഇവിടുന്ന് നാട്ടീ പോയിട്ട് വേണം കുറച്ച് ഓര്‍ഗാനിക്ക് പാടവും മില്ലും ഒക്കെ തുടങ്ങാന്‍. അപ്പാള് ഇഞ്ചി ബ്രാണ്ട് അരി ധൈര്യായിട്ട് വാങ്ങിച്ചോളൂ. ഇപ്പാളേ മാര്‍ക്കെറ്റിങ്ങ് തുടങ്ങട്ടെ.
:-)

സു | Su പറഞ്ഞു...

ചോറു പോലും ഉണ്ടാക്കി കഴിക്കാന്‍ പറ്റാത്തത്ര മായം ആയോ? കുത്തരി ഒന്നു തിളപ്പിച്ച് തെര്‍മല്‍ റൈസ് കുക്കറില്‍ വെച്ചാല്‍ മതി. അതിലിരുന്നു വേവും. സാധാരണ കുക്കറില്‍ വെച്ചാലും മതി. ഇവിടെത്തന്നെ കിട്ടുന്ന അരിയ്ക്ക് എന്തൊക്കെ കുഴപ്പം ഉണ്ടോ എന്തോ. ചട്ടിയില്‍ ഒക്കെ കൃഷി ചെയ്ത് ഇറക്കുമ്പോള്‍ വാങ്ങിക്കാന്‍ ഞാന്‍ ഉണ്ടാവുമേ. വില്പനയില്ല എന്ന് മാത്രം പറയരുത്. :)

റീനി പറഞ്ഞു...

ഏവൂരാനെ, ഇനിയിപ്പോള്‍ ചോറുണ്ണൂമ്പോള്‍ തൊണ്ടയില്‍ തടഞ്ഞുനില്‍ക്കുമോ എന്നൊരു പേടി. കേരളക്കറികളുടെ കൂടെ (കാച്ചിയ മോര്‌, മീന്‍കറി തുടങ്ങിയവ) ബസ്മതിച്ചോറ്‌ ചേര്‍ന്നുപോകില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.
നെല്ല്‌ ചട്ടിയില്‍ വളര്‍ത്തുന്നത്‌ ഞാന്‍ കണ്ടു കേട്ടോ.
പടം മലയാളംപത്രത്തില്‌ കണ്ടിരുന്നു. മനസ്സില്‌ ഭാവുകങ്ങള്‍ നേരുകയും ചെയ്തു.

Adithyan പറഞ്ഞു...

എന്റെ പൊന്നേ അതും കൈ വിട്ടു പോയി. ആ പാവം ബര്‍ത്താവും കുട്ട്യോളും. ഇനീപ്പം റീനിച്ചേച്ചി ബെഡ് റൂമില്‍ ഞാറു നട്ട് നെല്ല് കൊയ്യാന്‍ തുടങ്ങുവാരിക്കുവല്ലോ...

അജ്ഞാതന്‍ പറഞ്ഞു...

എവൂരാനെ റെഡ്‌ ഓക്സൈഡ്‌ പരിപാടി ഔട്ട്‌ ഡേറ്റഡ്‌ ആയെന്നും ഇപ്പോ ലാബില്‍ തിരിച്ചറിയാത എന്തോ കുന്തം ചേര്‍ക്കുന്നെന്നും "മലയാളം" ഓണം വിശേഷാല്‍പ്രതിയില്‍ കണ്ടിരുന്നു. ഞാന്‍ ഓര്‍ഗാനിക്ക്‌ ഫാമിംഗ്‌ തുടങ്ങാന്‍ പോകുവാ. ദേവന്‍'സ്‌ വിഷരഹിത കൃഷിയിടം ലിമിറ്റഡ്‌. അരി, മരച്ചീനി, പച്ചകറി കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പരിപ്പ്‌, മീന്‍ [മുട്ടയും പാലും പണ്ടേ കണ്ടൂടാത്തോണ്ട്‌ കൃഷിയില്ല]

അതിന്റെ അടുത്ത ഫേസില്‍ ഹേനന്‍ ഐലന്‍ഡ്‌ പോലെ ഒരെണ്ണം രൂപീകരിക്കണം. ഫ്രഷേല്‍ ഫ്രഷ്‌ മാത്രം ഭൂമി ജല അഗ്നി വായു ഗഗനം.. ഛേയ്‌ പ്രോജക്റ്റ്‌ കോസ്റ്റിനു ഒരു 800 ബില്ല്യണ്‍ ഡോളറിന്റെ കുറവുണ്ട്‌..

keralafarmer പറഞ്ഞു...

ഇന്ത്യയില്‍ മൊണ്ടേക്‌സിംഗ്‌ അല്‍‌വാലിയയോടൊപ്പം പ്രവര്‍ത്തിക്കാന്‍ വരാന്‍ പോകുന്ന ഒരു അമേരിക്കന്‍ പ്രൊഫസര്‍ ഇന്ത്യന്‍ ശമ്പളം പറ്റി ജനിതകമാറ്റം വരുത്തിയ വിത്തുകളും ജി.എം ഫുഡും മറ്റും ഇന്ത്യയില്‍ സുലഭമായി ലഭിക്കുവാനുള്ള തുടക്കം കുറിച്ചു കഴിഞ്ഞു. വേഗം വരിക പ്രവാസികളെ നശിക്കുന്നതിന് മുമ്പ്‌ നമുക്ക്‌ കേരളം വിലക്ക്‌ വാങ്ങി നാലുചുറ്റും വേലികെട്ടി ബൂലോഗ പ്രോപ്പര്‍ട്ടീസ്‌ സംരക്ഷിക്കാം. കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളും ടാറിട്ട റോഡുകളും മറ്റും പൊളിച്ചുനീക്കി അറബിക്കടലിനെ നികത്തി വില്‍ക്കാം. കൊക്കൊക്കോള ഉണ്ടായിരുന്നാല്‍ അടിയില്‍നിന്നു ഉള്ള വിഷങ്ങള്‍ ഊറ്റിയെയ്ടുത്ത്‌ കുപ്പികളിലാക്കി അമേരി‍ക്കയിലേയ്ക്കും യൂറോപ്യന്‍ യൂണിയനിലേയ്ക്കും കയറ്റുമതി ചെയ്യാം. നിങ്ങള്‍ ഇങ്ങ്‌ വന്നാലെ അത് സാധിക്കൂ. വിഷം നിങ്ങളെ കുടിപ്പിക്കുന്നത്‌ ശരിയല്ലല്ലോ. ഞാന്‍ നോക്കിയിട്ട്‌ വേറൊരു വഴിയും കണുന്നില്ല.

ദേവന്‍ പറഞ്ഞു...

ചന്ദ്രേട്ടാ
അരി കഴുകുമ്പോള്‍ തവിടെണ്ണ കൈ മുഴുവന്‍ ഒട്ടുന്നു. [നിറപറ, നെന്മണി ബ്രാണ്ടുകളില്‍] ഇതിനി പുതിയ നെല്ലു കുത്തു രീതിയുടെ ഫലം വല്ലതും ആണോ അതോ മായം എന്തെങ്കിലുമാണോീ?

അനുയായികള്‍

Index