കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ഏപ്രിൽ 11, 2006

മൂച്ച് പറയുമ്പോള്‍

വായിച്ചറിഞ്ഞ വാര്‍ത്തകളില്‍ നിന്ന്‌:

കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് തടവു വിധിക്കപ്പെടുകയും, കോടതി വിധിയുടെ കുടുക്ക് വക്കീലന്മാര്‍ ഉരിച്ചുമാറ്റുന്നതു വരെ സല്‍മാന്‍ തടവിലാണെന്നും വാര്‍ത്ത.

ജയിലിലേക്ക് അയയ്ക്കപ്പെട്ട ശേഷം, ഒരനുതാപ തരംഗം പത്രങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് തോന്നുന്നു.

കൃഷ്ണമൃഗങ്ങള്‍ സംരക്ഷിതജീവികളായിരിക്കാം, അവയെ കൊല്ലുന്നതിന് ശിക്ഷയും വേണം.

മനുഷ്യരെ കൊല്ലുന്നതിനോ?

സല്‍മാന്‍, സെക്കോയ എന്ന പടുകൂറ്റന്‍ എസ്.യു.വി. മദ്യപിച്ച് ഓടിച്ചതിനിടയില്‍ ആറേഴു പേര്‍ മുംബൈയില്‍ കൊല്ലപ്പെട്ട കേസ് എങ്ങുമെത്താതെ എവിടെയോ തങ്ങി നില്‍ക്കുകയാണിപ്പോഴും. ഫുട്‌പാത്തില്‍ രാത്രിയുറങ്ങിയവരുടെ മേലെക്കൂടെയായിരുന്നു ഇഷ്ടന്റെ വാഹനസാഹസികത.

അവസാനം കേട്ടത്, സാക്ഷികള്‍ മൊഴിമാറ്റിയതിന്റെ വിവരണമാണ് -- ഓടിച്ചത് സല്‍മാനല്ല, സല്‍മാന്റെ ഡ്രൈവറാണെന്നും മൊഴിയുണ്ടായി.

മനുഷ്യരെക്കാളും പ്രാധാന്യം ഭാരതീയര്‍ നല്‍കുന്നത് മൃഗങ്ങള്‍ക്കാണോ എന്ന എന്റെ സംശയം ഇതോടെ ബലപ്പെടുകയാണ്.

അടുത്തിടെ അരുന്ധതീ റോയി നടത്തിയ ഒരു പത്രപ്രസ്താവന ഓര്‍മ്മ വരുന്നു , അമേരിക്കന്‍ പ്രസിഡണ്ട് ഭാരതം സന്ദര്‍ശിച്ചപ്പോള്‍, ഓഫീസര്‍ ഗ്രേഡിലുള്ള നായകള്‍ക്ക് നക്ഷത്രഹോട്ടലുകളിലൊന്നില്‍ പ്രത്യേകം മുറികളൊരുങ്ങിയത് അവര്‍ പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി.

എലികളെ ആരാധിക്കുകയും, അവര്‍ക്ക് ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്യുന്ന നാട്ടുകാര്‍ നമ്മള്‍, പശുവിനെ ആരാധിക്കുന്ന നമ്മള്‍, കറിവെയ്ച് പശുവിനെത്തിന്നാല്‍ തടവു‌ശിക്ഷ കൊടുക്കണമെന്ന് മുറവിളി കൂട്ടുന്ന നമ്മള്‍ -- അരുന്ധതിയുടെ മാതിരി ചിന്തിക്കാന്‍ യോഗ്യരാണോ?

ഓഹ്, അതൊക്കെ നമ്മളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നോ?

അതെ, നമുക്ക് മാത്രമെയുള്ളല്ലോ സംസ്കാരം.

ലോകത്തിലെ വലിയ രണ്ടാമത്തെ ജനസംഖ്യയുള്ള രാഷ്ട്രം -- അതിലെ അഗതികളുടെയും ആലംബഹീനരുടെയും ദരിദ്രരുടെയും നിരക്ഷരരുടെയും പ്രശ്നങ്ങള്‍ എല്ലാം നമ്മള്‍ പരിഹരിച്ച്‌ കഴിഞ്ഞ സ്ഥിതിയ്ക്ക്, ഇനി കീടങ്ങളെയോര്‍ത്ത് വ്യാകുലരാകാം, മൃഗങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കാം.

അല്ലേ?

1 അഭിപ്രായം:

രാജ് പറഞ്ഞു...

മൃഗവേട്ടയും അഞ്ചുകൊല്ലം കഠിനതടവും തമ്മില്‍ ഒരു പൊരുത്തവും എനിക്കു കാണുവാന്‍ കഴിയുന്നില്ല (അതെ മനുഷ്യാധിപത്യത്തിന്റെ ഭാഷയിലാണു് സംവദിക്കുന്നതു്) സല്‍മാന്‍ എന്ന വ്യക്തിയെ കുറിച്ചല്ല, നിയമത്തെ കുറിച്ചാണു പറയുവാന്‍ ഉദ്ദേശിക്കുന്നതു്. വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന (അതോ പുണ്യമൃഗമോ?) ആയ ഒന്നിനെ വേട്ടയാടി എന്നുള്ളതാണല്ലോ കുറ്റമാരോപിക്കപ്പെട്ട വ്യക്തിയുടെ മേലുള്ള പരാതി. വംശനാശത്തെ നേരിടുവാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങളിരിക്കെ, അതിനുവേണ്ടിവരുന്ന ചിലവ് ഈടാക്കുക ചെയ്യാതെ പ്രതിക്ക് 5 കൊല്ലം കഠിനതടവുവിധിക്കുന്ന കോടതിയെ എനിക്കു മനസ്സിലാക്കുവാന്‍ കഴിയുന്നില്ല. പുണ്യമൃഗം എന്നുള്ളത് ഒരു “ബുള്‍‌ഷിറ്റ്” ആണു്. നാളെ ഏതെങ്കിലുമൊരുത്തന്‍ കോഴിയെ പിടിച്ചു പുണ്യമൃഗമാക്കിയാല്‍.. വിഷ്ണു മത്സ്യാവതാരമെടുത്തെന്നു പറഞ്ഞു മത്സ്യങ്ങള്‍ക്കും പുണ്യതയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്താല്‍?

ഈയിടെ “സിനിമാ ക്യാമറയുടെ ഫ്രെയിമില്‍ അറിയാതെ ഒരു പ്രാവോ പറവയോ വന്നുപ്പെട്ടാല്‍ ഉണ്ടാവുന്ന ദുരിതങ്ങളെ” കുറിച്ചു രസകരമായ ഒരു ലേഖനം വായിച്ചിരുന്നു. ഒരു നേരത്തെ അന്നത്തിനുവേണ്ടി ജനം ഉഴറുമ്പോള്‍ മൃഗസംരക്ഷണം പോലുള്ള വകുപ്പുകള്‍ക്കു ആവശ്യത്തില്‍ കൂടുതല്‍ പ്രാധാന്യവും പിന്നെ നിയമം നടപ്പിലാക്കുവാന്‍ വേണ്ടിവരുന്ന ചിലവുകളും ഇന്ത്യയെന്ന ദുരിതരാഷ്ട്രത്തിനു കൂനിന്മേല്‍ കുരുവായിത്തീരുകയേയുള്ളൂ.

അനുയായികള്‍

Index