കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ഏപ്രിൽ 06, 2006

ഗോലിയാത്ത് ചുവടു മാറ്റുമ്പോള്‍

ലിനക്സ് ലോകത്തിലെ പുതിയ വിശേഷമാണ്, മൈക്രോസോഫ്റ്റിന്റെ പുതിയ വെ‌ബ്‌സൈറ്റ്, പോര്‍ട്ട് 25.

ആകുന്നത്ര നോക്കിയിട്ടും ഓപ്പണ്‍‌സോഴ്സ് വക്താക്കളുടെ പത്തിമടങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍, ഇതാ അവരുടെ പുതിയ അടവ്‌. മൈക്രോസോഫ്റ്റുല്പന്നങ്ങള്‍ ഓപ്പണ്‍‌സോഴ്സ് പ്രോഗ്രാമുകളുമായ് നന്നായി “ഇഴചേര്‍ന്ന്” ഇടപഴകുന്നുവെന്ന് ഉറപ്പു വരുത്താനും, തങ്ങളുടെ ലിനക്സ് ലാബിലെ വിശേഷങ്ങള്‍ പങ്കു വെയ്ക്കാനുമായിട്ടാണത്രേ അവരുടെ ഈ പുറപ്പാട്.

സുഹൃത്തുക്കളെയടുത്തും, ശത്രുക്കളെ അതിലുമടുത്തും (Keep your friends close, and your foes closer) നിര്‍ത്തണമെന്ന നയതന്ത്രം പാഠം മുതലാളി മനസ്സിലാക്കിയിരിക്കുന്നു എന്നു വേണം കരുതാന്‍.

പോര്‍ട്ട് 25, ബോസ്റ്റണില്‍ നടക്കുന്ന ലിനക്സ് എക്സ്പോ-യിലാണ് ആദ്യമായി പുറം‌ലോകം അറിയുന്നത്.
ഈ വര്‍ഷത്തെ ലിനക്സ് എക്സ്പോ -- അതിനുമുണ്ടൊരു രസകരമായ് ട്വിസ്റ്റ്.

വീഹാവ്‌ ഏ വേയ്‌ ഔട്ട്

വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2003-ല്‍ യൂണിസിസ്സെന്നൊരു കമ്പനിയും, മൈക്രോസോഫ്റ്റും ചേര്‍ന്ന് ഒരു ആന്റി ലിനക്സ്/യൂണിക്സ് കാമ്പെയ്ന്‍ നടത്തിയിരുന്നു. വീഹാവ്‌ ഏ വേയ്‌ ഔട്ട് എന്ന പേരിലൊരു വെബ്‌സൈറ്റ് രണ്ടതികായരും കൂടിചേര്‍ന്നങ്ങ് തുടങ്ങി. യൂണിസിസ്സിന്റെ 32 പ്രോസസ്സറുള്ള ഭയങ്കരന്‍ സെര്‍‌വറും, വിന്‍ഡോസ് 2003-ഉം ചേര്‍ന്നാല്‍, ലിനക്സ് - യൂണിക്സ് തുടങ്ങിയവയ്ക്കൊരു പകരം സംവിധാനമാകുമത്രെ.

വെബ്‌സൈറ്റൊക്കെയിട്ട് രണ്ട് ദിവസത്തിനുള്ളില്‍, പുറം ലോകത്തിന് മനസ്സിലായതോ? ടി സൈറ്റ്, വിന്‌ഡോസിലൊന്നുമല്ല ഹോസ്റ്റ് ചെയ്തിരിക്കുന്നത്, മറിച്ച് ഫ്രീ‌-ബീ.എസ്.ഡി എന്ന ലിനക്സ്/യൂണിക്സ് ഫ്ലേവറിലാണെന്ന്‌.

ലിനിക്സിനെതിരെ പ്രചാരണത്തിനായിട്ടുള്ള സൈറ്റ് പോലും മൈക്രോ‌സോഫ്റ്റ് ഓപ്പണ്‍‌സോഴ്സ് കൊണ്ട് ഹോസ്റ്റു ചെയ്തതിലെ വിരോധാ‍ഭാസം പുറത്തറിഞ്ഞപ്പോള്‍, അവരു ചുവടു മാറ്റി. ഹോസ്റ്റിംഗ്‌ മൈക്രോ‌സോഫ്റ്റിന്റെ ഐ.ഐ.എസ്. സെര്‍‌വറിലാക്കി. ഇതോടെ, ഓപ്പണ്‍‌സോഴ്സ് വക്താക്കളും അടവു മാറ്റി. ഐ.ഐ.എസ്സിന്റെ കുപ്രസിദ്ധമായ പാകപ്പിഴകള്‍ (Vulnerabilities) ഉപയോഗിച്ച് ടി. സൈറ്റിനെ ഹാക്ക് ചെയ്ത് തുടരെത്തുടരെ ഓഫ്‌ലൈനാക്കി. ബോട്‌നെറ്റിലെ DDOS-ന്റെ ശക്തി തെളിയിച്ച പ്രകടനമായിരുന്നു അത്.

പറഞ്ഞു വരുന്നത്, ഈ വര്‍ഷത്തെ ലിനക്സ് എക്സ്പോ-യുടെ കാര്യം. (ലിനക്സ് എക്സ്പോ വലിയ സംഭവമൊന്നുമല്ല, കേട്ടോ. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം എന്ന് പറഞ്ഞ് കുത്തകകള്‍ മാത്രം പങ്കെടുക്കുന്ന കൊമേഴ്സ്യല്‍ ചടങ്ങായി അധഃപതിച്ചു എന്നു തന്നെ പറയാം.)

തുടങ്ങിയ ദിവസം രാവിലെ തന്നെ, യൂണിസിസ്സിന്റെ സ്റ്റാളിലെ, അതിഭീകരന്‍ സെര്‍‌വറിനു തീപിടിച്ചു.(മേലെ പറഞ്ഞ ആന്റി -ലിനക്സ്/യൂണിക്സ് പ്രൊപ്പഗന്‍‌ഡായില്‍ അവരു പരസ്യം ചെയ്ത സെര്‍വറിന്റെ പിന്‍‌തലമുറക്കാരനാണ് തീ‌പിടിച്ചത്. ഇത്തവണ, അത് ലിനക്സ് ഉപയോഗിക്കുവാ‍ന്‍ അത്യുത്തമം എന്ന പരസ്യത്തിനാണ് അവരവിടെ എത്തിയത് എന്ന വ്യത്യാസം മാത്രം.

തീ‌യണച്ച് വീണ്ടും എക്സ്‌പോ തുടങ്ങിയതിന്റെ ശേഷമൊരു ദിവസമാണ്, മൈക്രോ‌സോഫ്റ്റിന്റെ പോര്‍ട്ട് 25 എന്ന സൈറ്റിന്റെ അനാച്ഛാദനം എക്സ്‌പോ-വില്‍ നടന്നത്.

ആട്ടിന്‍തോലണിഞ്ഞ് ചെന്നായകള്‍ ഇറങ്ങുകയാണ്.

പക്ഷെ, മൈക്രോസോഫ്റ്റെന്ന വമ്പനും ക്രൂരനുമായ ചെന്നായ വേഷം മാറിയിറങ്ങിയിരിക്കുന്നത് Embrace, Extend, Extinguish എന്ന ഗൂഢമന്ത്രവുമായിട്ടാണെന്ന് പരസ്യമായ രഹസ്യം.

എവിടെയോ ഒരു കവണയില്‍ ഒരു കല്ല് ആ ഗോലിയാത്തിന് ഓങ്ങിയിരുപ്പുണ്ട്.


അനുബന്ധം:

  1. പോര്‍ട്ട് 25 സൈറ്റ്
  2. വീ‌ ഹാവ്‌ ഏ വേ ഔട്ട് കാമ്പെയ്ന്‍ സ്ക്രീന്‍ ‌ഷോട്ട്
  3. സ്ലാഷ്‌ഡോട്ട് ലേഖനം
  4. യൂണിസിസ്സ് സൈറ്റ്
  5. പുകയുന്ന സെര്‍വര്‍

40 അഭിപ്രായങ്ങൾ:

സന്തോഷ് പറഞ്ഞു...

ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം!

സസ്നേഹം,
സന്തോഷ്

viswaprabha വിശ്വപ്രഭ പറഞ്ഞു...

കൊള്ളാം എവൂരാന്‍, “പാകപ്പിഴകള്‍”!
നല്ലൊരു വാക്കാണിത്! അന്വേഷിച്ചുനടന്നതു തന്നെ!

പിന്നെ മൈക്രോസോഫ്റ്റിനെക്കുറിച്ചാണെങ്കില്‍, ഇത്രയുമൊന്നും പരിഹാസം അതര്‍ഹിക്കുന്നില്ലെന്നു തോന്നുന്നു.

ഞാന്‍ M$-ന്റെ സ്വന്തം ആളൊന്നുമല്ല. നാഴികക്കു നാല്‍പ്പതുവട്ടം ഞാനും മൈക്രോസോഫ്റ്റിനേയും വിന്‍ഡോസിനേയും കളിയാക്കാറുമുണ്ട്. സ്വയം നിര്‍മ്മിച്ച അത്തരം തമാശകളുടെ ഒരു വലിയ ലൈബ്രറി തന്നെയുണ്ട് എന്റെ ആവനാഴിയില്‍. അവരുടെ പല പ്രോഗ്രാമുകളിലും കുറച്ചുകൂടി Simple Common Sense പാക്കു ചെയ്യാമായിരുന്നു എന്നു തോന്നും. വിന്‍ഡോസ് അടക്കം പല പ്രോഗ്രാമുകളും ഊണുമേശയിലെത്തുന്നതിനു മുന്‍പ് ഒരിക്കല്‍കൂടി പാകം ചെയ്യാതെ രുചിക്കാന്‍ പോലും കൊള്ളില്ല.

എന്നൊക്കെയാണെങ്കിലും കഴിഞ്ഞ 20-25 കൊല്ലം കൊണ്ട് ലോകം മുഴുവന്‍ മാറ്റിമറിച്ചതില്‍ മൈക്രോസോഫ്റ്റിന്റെ പങ്കു് ഒരിക്കലും മറക്കാന്‍ പറ്റില്ല.

കൊച്ചുകുട്ടികള്‍ക്കു പോലും കമ്പ്യൂട്ടറിനെക്കുറിച്ച് ഒരു ചെറുസങ്കല്‍പ്പമെങ്കിലും ഉണ്ടാവാനും ഒരുവിധം എല്ലാവര്‍ക്കും പരസ്പരം പങ്കുവെക്കാനാവുന്ന തരത്തില്‍ കമ്പ്യൂട്ടര്‍ ഉപയുക്തത സാമാന്യവല്‍ക്കരിക്കപ്പെടാനും മൈക്രോസോഫ്റ്റും DOS-ഉം വിന്‍DOS-ഉം വേര്‍ഡും വഹിച്ച പങ്ക് ചെറുതൊന്നുമല്ല. താളിയോലകള്‍ക്കും അച്ചടിക്കും ശേഷം, മൊബൈല്‍ ഫോണുകള്‍ക്കു തൊട്ടുമുന്‍പ്, ഇന്റര്‍നെറ്റിനോടൊപ്പം സംഭവിച്ച മഹാവിപ്ലവമായി നാളെ ചരിത്രം മൈക്രോസോഫ്റ്റിനേയും സ്മരിക്കും എന്നുതന്നെയാണ് എനിക്കു തോന്നുന്നത്.

കുത്തകകളെ എതിര്‍ക്കുക എന്നത് എന്നും ആവശ്യമുള്ള ഒരു ശീലമാണ്. പക്ഷേ അതിലും ഭീകരമാണ് അരാജകത്വം നിറഞ്ഞ ഒരു ലോകം.
മൈക്രോസോഫ്ഫ് ഇല്ലായിരുന്നെങ്കില്‍ ഇപ്പോഴും നാം കുറേ ആപ്പിളുകളും നാരങ്ങകളും മുന്തിരികളും ഒരേ ചാക്കിലിട്ടു പൊതിഞ്ഞുനടന്നേനെ!

മൈക്രോസോഫ്റ്റ് ചെയ്ത പ്രധാന കുറ്റങ്ങള്‍:
1. ലൈസന്‍സ് ഇല്ലാതെ ആര്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കാം എന്നാക്കി.
2. ഏറ്റവും ഡമ്മീസ് (Dummies) ആയ ആളുകള്‍ക്കു മാത്രം ഉപയോഗിക്കാനാവുന്ന തരത്തില്‍ വിന്‍ഡോസിനെയും മറ്റും പാകപ്പെടുത്തി എന്നൊരു അതിബുദ്ധി കാണിച്ചു.

3. സ്വന്തം കഴിവും നിലനില്‍പ്പും നോക്കി ആവതില്ലാത്ത കാര്യങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെട്ടു.
ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഭാഗമായി ഇടയ്ക്കിടെ വന്നും പോയും കൊണ്ടിരിക്കുന്ന Guest Utilities തന്നെ നല്ല ഉദാഹരണങ്ങള്‍.

എന്തായാലും കുറച്ചു പഴയതാണെങ്കിലും ഇതുകൂടി വായിച്ചു നോക്കൂ... ഇതില്‍ പറഞ്ഞ കമ്പ്യൂട്ടര്‍ ഇപ്പോഴും എന്റെ മുന്നില്‍ ഒരു ബാക്ക് അപ്പ് പോലെ ഉണ്ട്. യാതൊരു വ്യത്യാസവും ഇല്ലാതെ തന്നെ!

വക്കാരിമഷ്‌ടാ പറഞ്ഞു...

നേരാ... ഞാനും ഓര്‍ത്തായിരുന്നു (ഞാനും മറ്റു പലരേയും പോലെ ഗേറ്റണ്ണന്റെ ആരുമല്ലേ... മാത്രവുമല്ല, കുത്തക തുടങ്ങിയവയോടൊക്കെ എന്തോ ഒരു ചൊറിച്ചില്‍ എനിക്കുമുണ്ട്).

എന്നാലും ചിറ്റേടെ മോളുടെ അഞ്ചുവയസ്സുകാരന്‍ മകനുതൊട്ട് അച്ഛനും അമ്മയ്ക്കും വരെ സ്വിച്ച് ഒന്നോണാക്കി, ഒരു രണ്ട് മിനിറ്റ് വെയിറ്റ് ചെയ്ത് ഗൂഗിള്‍ ടാക്ക് തന്നേ ഓണായി വന്ന് ഹലോ പറഞ്ഞ് സംസാരിക്കാന്‍ പറ്റുന്നതും, അവിടേം ഇവിടേം അങ്ങേപ്പുറത്തും ഇരിക്കുന്ന മക്കളോട് ഒരേ സമയം സംസാരിക്കാന്‍ പറ്റുന്നതും, എന്തിന് എന്റെ ബ്ലോഗ് തോക്കിന്‍‌മുനയില്‍ നിര്‍ത്തി ആദ്യം തൊട്ട് അവസാനം വരെ അവരേക്കൊണ്ട് വായിപ്പിക്കാനും “ഉഗ്രന്‍ മഹനേ ഉഗ്രന്‍“ എന്ന കമന്റുമാത്രം അവരേക്കൊണ്ട് പറയിപ്പിക്കാനും അത് ലൈവായി കേള്‍ക്കാനും ഈ മാക്രി കുറേയൊക്കെ സഹായിച്ചിട്ടില്ലേ എന്നോര്‍ക്കുമ്പോള്‍....

അവര്‍ ലോകം മുഴുവന്‍ മാറ്റിമറിച്ചത് നേരായ മാര്‍ഗ്ഗത്തില്‍ കൂടിയാണോ അല്ലയോ എന്നുള്ള സംശയം ഉള്ളപ്പോഴും സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതിയില്‍ ഒരു വിപ്ലവം കൊണ്ടുവരാന്‍ എന്തേ മറ്റുള്ളവര്‍ക്ക് സാധിച്ചില്ല എന്നോര്‍ത്തുപോകുന്നു. കോക്കിനൊരു പെപ്സിയുണ്ടായ പോലെ, എന്തുകൊണ്ട് മാക്രിക്കൊരു ഓപ്പണ്‍ സോഴ്സ് പകരക്കാരനുണ്ടായില്ല; മാക്രിയേക്കാളും കേമന്‍?

ലിനക്സ്, യൂണിക്സ് എന്നിവയിലൊക്കെ കൈവച്ച് വായും പൊളിച്ചിരുന്നതേ ഉള്ളൂ ഞാനും. ഇതുവരേയും എനിക്കാ സാധനം മനസ്സിലായിട്ടില്ല... :(

ദേവന്‍ പറഞ്ഞു...

കണ്‍സള്‍ട്ടിംഗ്‌ എഞ്ചിനീയറേട്ടന്മാര്‍ കയറിവന്നു ഷോപ്പിംഗ്‌ കാര്‍ട്ടിരിക്കുന്ന വിര്‍ച്യുവല്‍ റീയാലിറ്റിയില്‍ക്കൂടി നീല നികുംഭില (ക്രെഡിറ്റ്‌ അരവിന്ദിന്‌) പാഞ്ഞെന്നൊക്കെ പറഞ്ഞു നമ്മടെ കാശടിക്കുന്നോ എന്ന് എനിക്കു സംശയം തോന്നിത്തുടങ്ങിയപ്പോള്‍ സാമ്പത്തിക വെളിച്ചപ്പാട്‌ പതിനൊന്നാമനെക്കുറിച്ച്‌ [Oracle Financials 11i] പഠിക്കാന്‍ Oracle University വരെ ഒന്നു പോയി. സുനാ 8 കോര്‍ വയറിലാണു തീര്‍ത്തിരിക്കുന്നതത്രേ. ഓരോ കോറും കോറാന്‍ പഠിപ്പിക്കാന്‍ $1500 വീതം ഫീസ്‌ വേണമത്രേ.. കാട്ടിലെത്തടി ആണെലും മൂട്ടില്‍ വെട്ടാന്‍ നേരം സുന്ദര്‍ലാല്‍ ബഹുഗുനേട്ടന്‍ കുറ്റബോധം വരുത്തിക്കുമല്ലോ. എന്തു തോന്ന്യാസമാണേടീ താടകീ ഇങ്ങനെ കഴുത്തറുത്ത്‌ ഫീസുവാങ്ങല്‍ എന്നു ചോദിച്ചു.
"എടാ കറുമ്പന്‍ പണ്ടാരമേ, ഒരു കമ്പനിക്കു കാശിനു ഞെരുക്കമായാല്‍ ആദ്യം നില്‍ക്കുന്നത്‌ റിസര്‍ച്ചാണ്‌. അതു നിന്നാല്‍ നിനക്കു ഇത്രയും നല്ല സുനാ ഉണ്ടാക്കിത്തരാന്‍ എന്റെ കമ്പനിക്കു കഴിയില്ല. നിന്നെ അറുത്ത കാശിനാല്‍ റിസര്‍ച്ച്‌ നടത്തുന്നതു കൊണ്ടാണ്‌ പരട്ട ഈയാര്‍പ്പികളുമായി തലവേദന എടുത്തു നടന്ന നീ ഇപ്പോള്‍ ഞെളിഞ്ഞിരുന്ന് റിപ്പോര്‍ട്ടുകള്‍ എടുത്ത്‌ ഗുലാന്‍ വീശി കാശുവാരിയെടുക്കുന്നത്‌. അതുകൊണ്ട്‌ ഞാന്‍ കാശുകാരിയായാല്‍ നിറയുന്നത്‌ നിന്റെ പോക്കറ്റ്‌ തന്നെ- ഞാന്‍ പറഞ്ഞ വാചകമല്ല, എന്റെ ചീഫ്‌ പറഞ്ഞതാ" എന്ന് അവള്‍. ആലോചിച്ചപ്പോള്‍
വെള്ളച്ചീടെ ചീഫ്‌ പറഞ്ഞത്‌ സത്യമല്ലേ?

1986 ഇല്‍ ജവഹര്‍ ബാലഭവനില്‍ വച്ചാണു ആണു ഞാന്‍ ഒരു പീ സീ കാണുന്നത്‌. DOS നാട്ടിലൊന്നും പ്രചാരത്തിലായിട്ടില്ല. അവിടെ രണ്ട്‌ കമ്പ്യൂട്ടര്‍ ഉണ്ട്‌. ഒരെണ്ണം ബേസിക്‌ പ്രോഗ്രാം ഇട്ടത്‌, രണ്ടാമത്തേത്‌ ഫോര്‍ട്രാന്‍ ഇട്ടത്‌. മൂന്നാമത്‌ ഒരു കമ്പ്യൂട്ടര്‍ അടുത്ത വര്‍ഷം വരും , കോബോള്‍ കമ്പ്യൂട്ടര്‍, അനിയന്‍ അതു വന്ന ശേഷം പഠിക്കാന്‍ തുടങ്ങിയാല്‍ മതി എന്ന് ഉസ്താദ്‌. ഓപ്പറേറ്റിംഗ്‌ സിസ്റ്റം എന്ന സാധനം ഗേറ്റുസാര്‍ കണ്ടു പിടിക്കുന്നതുവരെ ഇതായിരുന്നു സ്ഥിതി. മൂപ്പരു കോടീശ്വരനായാലെന്താ? 1996 ഇല്‍ ഞാന്‍ ആദ്യമായി വാങ്ങിയ പീഞ്ഞപ്പെട്ടി കമ്പ്യൂട്ടറില്‍ പോലും പത്തിരുനൂറു പ്രോഗ്രാം ഉണ്ടായിരുന്നു. 200 പീ സീ വാങ്ങേണ്ടി വന്നേനേ ലങ്ങേരു ഓപ്പറേറ്ററെ കണ്ടു പിടിച്ചില്ലെങ്കില്‍..
ഡോസോ വിന്‍ഡോസോ ഹോട്ട്‌ മെയിലോ ഓഫീസ്‌ സ്യൂട്ടോ ഉപയോഗിക്കാന്‍ എന്നെ ആരും പഠിപ്പിച്ചതല്ല, സ്വയം പഠിക്കാവുന്നത്ര ലളിത്റ്റമാണതോക്കെ. പെരിങ്ങോടന്‍ 3 കൊല്ലം മുന്നേ കൊണ്ടു തന്ന ലൈനക്സ്‌ ഇപ്പോഴും എനിക്കുത്തരമില്ലാത്ത ചോദ്യങ്ങളും ചോദിച്ച്‌ എന്നോടു കൂട്ടുകൂടാതെ സീ ഡീ ആയിത്തന്നെ ഇരിപ്പാണ്‌ കാസറ്റ്‌ റാക്കിന്റെ ഏറ്റവും അടിയില്‍-കാശുമുടക്കില്ലാത്തതിനു വിലയും ഇല്ലാ എന്നതിനാലാവാം.

വക്കാരിമഷ്‌ടാ പറഞ്ഞു...

ഓഫ് ടോപ്പിക്ക്:
“യൂഡീയെഫ് ഗവണ്മെന്റ് കുത്തകള്‍ക്ക് കീഴടങ്ങുന്നു-സ്കൂളുകളില്‍ കമ്പ്യൂട്ടറുകളില്‍ വിന്‍‌ഡോസിടുന്നതുവഴി. നമുക്ക് ഓസിനു കിട്ടുന്ന ഓപ്പണ്‍ സോഴ്സ് മതി” - വീയെസ്സച്ചുതാനന്ദന്‍.

ഒരു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ കേരള കൌമുദിയില്‍ ഒരു ആര്‍ട്ടിക്കിളും പടവും: സഖാവ് അച്യുതാനന്ദന്‍ സ്വപ്രയത്‌നത്താല്‍ കമ്പ്യൂട്ടര്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് സ്വന്തമായി ലാപ്‌ടോപ്പുണ്ട്.

വിവരണങ്ങള്‍ക്ക് ശേഷം പടം.

സഖാവ് ഇരിക്കുന്നു കമ്പ്യൂട്ടറിന്റെ മുന്‍പില്‍.
മുന്നില്‍ മോണിട്ടര്‍
മോണിട്ടറില്‍...........

ഞാനാലോചിക്കുകയായിരുന്നു; എന്തുകൊണ്ട് ആ മോണിട്ടറില്‍ ലിനക്സ് തെളിഞ്ഞുവന്നില്ല....
(കളിയാക്കാനല്ലേ... കണ്ട ഒരു കാര്യം പറഞ്ഞൂന്ന് മാത്രം.)

പെരിങ്ങോടന്‍ പറഞ്ഞു...

ആപ്പിളും അവരുടെ ഓ.എസ്സും വിന്‍‌ഡോസ് എന്ന ഓ.എസ്സിനു മുമ്പേ ജനകീയമാകാത്തതിനു ഒരൊറ്റ കാരണമേയുള്ളൂ. “ലെഗസി”. അതെ ബീയെമ്മും മേര്‍കുമെല്ലാം പിന്തുടരുന്നതുപോലത്തെ ലെഗസി. വിലകൂടിയ ഹാര്‍ഡ്‌വെയര്‍ പ്ലാറ്റ്‌ഫോം മാറ്റുവാന്‍ ആപ്പിള്‍ തുനിഞ്ഞതേയില്ല (ഈയടുത്തു ചില മാറ്റങ്ങള്‍ വരുവാനിരിക്കുന്നു) വിലകുറഞ്ഞ പീസീ മാര്‍ക്കറ്റ് ഇന്റല്‍ കൊണ്ടുവന്നപ്പോള്‍ അതിനനുസൃതമായ ഓ.എസ് മൈക്രോസോഫ്റ്റ് പുറത്തിറക്കുകയാണുണ്ടായതു്.

ഇന്നത്തെ ലോകത്തു “ഡിമാന്‍ഡിങ്” ആയ ഉപഭോക്താക്കളുടെ ലോകത്തു് വിന്‍‌ഡോസിനു കാലിടറുന്നുണ്ടു്, വര്‍ഷങ്ങളോളം അപ്‌ഡേറ്റ് ചെയ്യാതിരുന്ന ഇന്റര്‍നെറ്റ് എക്സ്പ്ലോററും മറ്റു സോഫ്റ്റ്‌വെയറുകളുമാണു് മികച്ച ഉദാഹരണം. ഒരു ഫയര്‍‌ഫോക്സില്ലായിരുന്നെങ്കില്‍ ടാബ് ബ്രൌസിങും ഫീഡ് റീഡറുമെല്ലാം ഐ.ഇ ഉപഭോക്താക്കള്‍ കാണുവാന്‍ ഇനിയും കാലതാമസം നേരിട്ടേനെ. മത്സരം വിപണിയില്‍ അനിവാര്യമായ ഒന്നാണു്, മൈക്രോസോഫ്റ്റിന്റെ വിപണിയില്‍ ആ മത്സരം ഒഴിവായതെങ്ങിനെ എന്നാലോചിക്കേണ്ടിയിരിക്കുന്നു; ഓപ്പണ്‍ സോഴ്സ് ഒരു പരിധിവരെയെങ്കിലും മത്സര രംഗത്തുണ്ടു്, ഒരു എതിരാളിയായിട്ടല്ലെന്നു മാത്രം, ഒരു വക്താവായിട്ടു്, എതിര്‍പ്പുകളുടേതെന്നു പറയാം. അല്ലെങ്കില്‍ തന്നെയും ഓപ്പണ്‍ സോഴ്സ് ഒരു പ്രസ്ഥാനം മാത്രമാണല്ലോ, നല്ലൊരാശയത്തിന്റെ നല്ലൊരു മുഖം.

വക്കാരി ഗവ. ലിനക്സ് സ്വീകരിക്കേണ്ടുന്നതിനെ കുറിച്ചുള്ള ധാരണകള്‍ സാധാരണ ഗാര്‍ഹിക ഉപയോഗങ്ങളുമായി തുലനം ചെയ്തു സൃഷ്ടിക്കരുതു്. ഗവ. ഓഫീസില്‍/വിദ്യാലയങ്ങളില്‍ ചാറ്റിങോ അതുപോലെ പ്രത്യേകിച്ചൊരു പരിശീലനവും കൂടാതെ ചെയ്യാവുന്ന കാര്യങ്ങളാവില്ല കമ്പ്യൂട്ടറൈസ്ഡ് ചെയ്യപ്പെടുക. പരിശീലനം വേണ്ടി വന്നേയ്ക്കാവുന്ന ക്രിയകളാവുമതു്. അപ്രകാരമുള്ള സോഫ്റ്റ്‌വെയറുകള്‍ ഏത് ഓ.എസ്സില്‍ ഇമ്പ്ലിമെന്റു ചെയ്താലും പരിശീലനത്തിനുശേഷം പ്രൊഡക്റ്റിവിറ്റി ഒന്നു തന്നെയാകും (ഉദാള്‍ ആര്‍.ടി ഓഫീസിലെ ബില്ലിങ് സോഫ്റ്റ്‌വെയര്‍, അതേതു ഓ.എസില്‍ ഇമ്പ്ലിമെന്റ് ചെയ്താലും ഓഫീസര്‍ ബില്ലുകള്‍ മാത്രമെ എന്റര്‍ ചെയ്യുകയുള്ളൂ, ഇടയില്‍ ചാറ്റു ചെയ്യാനോ ഈ-മെയില്‍ അയക്കാനോ പോവുകയില്ല, പരിശീലിപ്പിക്കപ്പെട്ട കാര്യങ്ങള്‍ മാത്രമേ ചെയ്യുകയുള്ളൂ എന്നര്‍ഥം) ഇവിടെയെന്താണു മാഷെ കാശുകൊടുത്തൊരു ഓ.എസ് വാങ്ങുന്നതിന്റെ പ്രസക്തി?

ദേവാ കാശു വാങ്ങുന്നതിന്റെ മതം വേറെയാണു്, കാശുവാങ്ങിയിട്ടല്ല ഫയര്‍‌ഫോക്സും, ഗൂഗിള്‍-മെയിലും, വേര്‍ഡ്‌പ്രസ്സും, വിക്കിപീഡിയയുമൊന്നും ഉണ്ടായതെന്നുകൂടി ഓര്‍ക്കണം. ഈ പറഞ്ഞവയുടത്രയും ഇന്നൊവേറ്റീവ് ആയ കാര്യങ്ങള്‍ കഴിഞ്ഞ ഏതാനും കൊല്ലങ്ങളിലെ വെബ് ലോകത്തില്‍ ദുര്‍ലഭമാണെന്ന വസ്തുതയും സ്മരിക്കണം. ഓറക്കിളിനെ സംബന്ധിച്ചിടത്തോളം ടെക്നൊളജിയ്ക്കവരു കാശധികം വാങ്ങുന്നില്ല, അതു അഭ്യസിപ്പിക്കുന്നതിനും പ്രയോഗത്തില്‍ വരുത്തുന്നതിനും കാശു വാങ്ങുന്നുണ്ടുതാനും. മിക്ക ലിനക്സ്/ഓപ്പണ്‍ സോഴ്സ് കമ്പനികളും ഈ ഒരു ആംഗിളിലാണു ബിസിനസ് ചിന്തിക്കുന്നതു്.

ദേവന്‍ പറഞ്ഞു...

കവനത്തിനു കാശുവേണം പോല്‍ ശിവനേ സാഹിതി തേവിടിശ്ശിയെന്നോ എന്നൊക്കെ ചിന്തിക്കാന്‍ സുഖമുണ്ടെങ്കിലും ഒരു തരത്തിലും പണം തൊടാത്ത ശ്രീരാമകൃഷ്ണ പരമഹംസരെപ്പോലെ ജീവിക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുണ്ട്‌.ഈ പറഞ്ഞ വിക്കിയും ജീമെയിലും എല്ലാം ജനപങ്കാളിത്തതാല്‍ വലിയ സംഭാവനകള്‍ കൊടുക്കുണ്ടെന്നത്‌ തീര്‍ച്ചയായും നല്ല കാര്യമാണ്‌ പക്ഷേ ഇതൊന്നും ആദ്യത്തേത്‌ എന്ന പേരില്‍ വരുന്നില്ലാ എന്നു ശ്രദ്ധിച്ചാല്‍ നിന്റെ കാശിനാല്‍ നിനക്കുവേണ്ടി ആര്‍ ആന്ദ്‌ ഡി എന്ന ഓറാക്കിളിയന്‍ തീയറിയിലെ പകുതിശരി മനസ്സിലാകും. ആദ്യത്തെ വെബ്‌ ബ്രൌസറും ആദ്യത്തെ എന്‍സൈക്കിളുപിടിയും ആദ്യത്തെ വെബ്‌ ബേസ്ഡ്‌ മെയിലും അതായത്‌ ഐഡിയകള്‍ എന്നത്‌ ജനിച്ച്‌ കച്ചവടക്കാര്‍ക്കാണ്‌. കാശില്ലാതെയായാല്‍ മിക്കവാറും സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നത്‌ ബുദ്ധിമുട്ടാണെന്ന് പത്തയ്യായിരം കൊല്ലം മുന്നേ കൌടില്യന്‍ സാര്‍ പറഞ്ഞത്‌ ഇതുകൊണ്ടാണ്‌.

പാടുന്നതിനു കാശു വാങ്ങിയില്ലെങ്കിലും സംഗീതം നില നില്‍ക്കും പക്ഷേ അതിത്ര പുരോഗമിക്കുമോ? ദുബായിലെ ഒരാശുപത്രിയോട്‌ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനിടക്ക്‌ 85 മില്ല്യണ്‍ ഇതില്‍ ഉപകരണങ്ങള്‍ക്കുമാത്രം മുടക്കിയിരിക്കുന്നെന്ന് അവര്‍ പരഞ്ഞു. ഒരുപക്ഷേ ജനം പിരിച്ച്‌ ഇത്രയും കാശുണ്ടാക്കി ഇതുപോലെ ഒരെണ്ണം തുടങ്ങാന്‍ കഴിഞ്ഞേക്കും എങ്കിലും എന്റെ കാശെല്ലാം ദാ ലവിടെ മുടങ്ങി ഇരിക്കുന്നല്ലോ എന്ന
ആധിയോടെ ഒരുത്തന്‍ ഉറങ്ങാതെ ഇരുന്നില്ലെങ്കില്‍ അതിത്ര ഭാംഗിയായി പോകുമോ.. ആവോ.

(പ്രോഡക്റ്റ്‌ ഫ്രീ ട്രെയിനിങ്ങിനു കാശെന്നു പറയുന്നത്‌ തെരുവോരത്തെ നാട്ടു മരുന്നു കച്ചവടക്കാരന്‍ ഫ്രീ മാജിക്‌ കാണിച്ച്‌ ആളെക്കൂട്ടുമ്പോലെയല്ലേ?)

എന്റെ അനന്തിരവന്‍ ജോലി ചെയ്തുണ്ടാക്കുന്ന പണം കൊണ്ട്‌ ഫ്രീ വെയര്‍ ഉണ്ടാക്കുമെന്നൊക്കെ പറഞ്ഞ്‌ യൂ എസ്‌ ലോട്ടു പോയിട്ടുണ്ട്‌. ബിറ്റ്‌ പടമെടുത്ത കാശുകൊണ്ട്‌ ഞാന്‍ ആര്‍ട്ട്‌ ഫിലിം എടുക്കുമെന്നു പറഞ്ഞ്‌ ഹോളിവൂഡില്‍ പോയ ജാഗ്‌ മുണ്ട്ര ഇപ്പൊ റ്റു മൂണ്‍ ജങ്ക്ഷന്‍ മാതിരി
തെറിപ്പടം മാത്രമേയുള്ളോ അതോ ആര്‍ട്ടും ഉണ്ടോ ആവോ..

ഉമേഷ്::Umesh പറഞ്ഞു...

ദേവാ,

ആദ്യത്തെ വെബ് ബ്രൌസര്‍ കച്ചവടക്കാരന്‍ ഉണ്ടാക്കിയെന്നോ? മൈക്രോസോഫ്റ്റ് ആരുടെ കാലുവാരി വേണം നെറ്റ്വര്‍ക്കിങ്ങു പോയിട്ടു ക്രാഷു ചെയ്യാത്ത ഒരു OS ഉണ്ടാക്കണം എന്നു് ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഇവിടെ നെറ്റ്സ്കേപ് സൌജന്യമായി ഉണ്ടായിരുന്നു. അതിനുമുമ്പു വെബ് ബ്രൌസറുകളും ഉണ്ടായിരുന്നു. പക്ഷേ അന്നു കമ്പ്യൂട്ടര്‍ സാധാരണക്കാരന്റെ യന്ത്രമായിരുന്നില്ല. അതു സാധ്യമായതു് IBM, intel തുടങ്ങിയ ചില കമ്പനികളുടെ ശ്രമഫലമായി വിലകുറഞ്ഞ കമ്പ്യൂട്ടറുകള്‍ വിപണിയിലെത്തിയതുകൊണ്ടാണു്. ദേവന്റെയും വക്കാരിയുടെയും കയ്യില്‍ ഇപ്പോള്‍ മൊബൈല്‍ ഫോണുണ്ടാവുമല്ലോ. അതു സാധിച്ചതു് അതില്‍ SMS അയയ്ക്കാനുള്ള സോഫ്റ്റ്‌വെയര്‍ എഴുതിയവരുടെ ഗുണം കൊണ്ടു മാത്രമാണോ? മൌസ്, കീബോര്‍ഡ്, Xbox തുടങ്ങിയ ചില കുന്ത്രാണ്ടങ്ങള്‍ അവര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നുള്ളതു ശരി തന്നെ.

IE-യും ഇപ്പോഴും സൌജന്യമാണു്. (“ആനയെ വാങ്ങിയാല്‍ ചങ്ങല ഫ്രീയായി കൊടുക്കപ്പെടും” എന്ന്നു പറയുന്നതുപോലെ. കാരണം അതെഴുതിയിരിക്കുന്നതു് ഓപ്പണ്‍ സോഴ്സ് ലൈബ്രറിയുടെ (അരവിന്ദന്റെ ലൈബ്രറി അല്ല)പുറത്താണു്. സംശയമുണ്ടെങ്കില്‍ IE-യില്‍ Help/About Internet explorer എടുത്തുനോക്കൂ. NCSA Mosaic-നുള്ള നന്ദിപ്രകടനം അവിടെ കാണാം.

ദേവന്‍ പറഞ്ഞു...

ഐ ഈയുടേയും നെറ്റ്സ്കേപ്പിന്റെയും അമ്മയായ മൊസൈക്ക് ഉണ്ടായത് 95-96 സമയത്തല്ലേ? വേള്‍ഡ്ബ്രൌസറെന്നോ മറ്റോ ബര്‍ണര്‍-ലീമാ‍ര്‍ ഉണ്ടാക്കിയ സംഭവം പണ്ടേയുണ്ടായിരുന്ന സ്ഥിതിക്ക് ഐഡിയയുടെ ക്രെഡിറ്റ് മൊസൈക്കിനല്ലലോ? ഐ ഈ ഫ്രീ ആകാന്‍ കാരണം അതേ റ്റീമിന്റെ നെറ്റ്സ്കേപ്പ് ഫ്രീ ആയതിനാലാണേ (ബില്‍ ക്ലാര്‍ക്ക് പൊട്ടനല്ലാ)

വക്കാരിമഷ്‌ടാ പറഞ്ഞു...

പെരിങ്ങോടരേ, ഓപ്പണ്‍ സോഴ്സ് മതി എന്നു പറഞ്ഞ വീയെസ്സ് ജനാല തുറക്കുന്നതും നോക്കി മടിയുടെ മുകളില്‍ കയറിയിരിക്കുന്നതിന്റെ ആദ്യനോട്ടത്തിലെ വൈരുദ്ധ്യം പോലത്തെ എന്തോ ആണ് ഞാനുദ്ദേശിച്ചത്. ഒന്നുകൂടിയൊന്നാലോചിച്ചാല്‍ ശരിയാ, പഠിപ്പിച്ച് പഠിച്ച് ഉപയോഗിക്കാന്‍ മാക്രിയേക്കാളും കേമന്മാര്‍ ഫ്രീയായിട്ടുണ്ടെങ്കില്‍ മാക്രി പിന്നെ കൊടകരയില്‍ മത്തായിച്ചേട്ടനേയും നോക്കിയിരുന്നാല്‍ മതി.

പക്ഷേ അവിടെ പ്രശ്നം, ഫ്രീയണ്ണന്മാര്‍ പലതും നമ്മള്‍ പഠിക്കണമെന്നുള്ളതാണ്. അപ്പോള്‍ അവിടെ തരം തിരുവും വരാം. ചിലര്‍ വേഗത്തില്‍ പഠിക്കും; ചിലര്‍ പതുക്കെ പഠിക്കും; വേറേ ചിലര്‍ “ഓ പുല്ല്” എന്നും പറഞ്ഞ് ജനാലയില്‍ക്കൂടി നോക്കിനിക്കും. ആറുമുതല്‍ അറുപതില്‍ക്കൂടുതല്‍ വരെയുള്ള ആര്‍ക്കും വലിയ അദ്ധ്വാനമൊന്നും കൂടാതെ അകത്തുകയറാമെന്നുള്ളതുകൊണ്ടും കൂടിയാണല്ലോ ബില്ലണ്ണന്‍ ഇത്ര പോപ്പുലറായതും നാട്ടിലെ സ്ക്കൂളിലും ഇതൊക്കെ പിടിപ്പിച്ച് തരാമെന്നും പറഞ്ഞ് നമ്മുടെ പുറകേ കൂടിയതും; സംഗതി ജനാലയ്ക്ക് നാലു കമ്പി കുറച്ചും അകത്തി അകത്തി പിടിപ്പിച്ചുമൊക്കെയാണ് കയറ്റം ഈസിയാക്കിയതെങ്കിലും. അണ്ണന്‍ അന്ന് മനസ്സില്‍ കണ്ടത് എന്തുകൊണ്ട് വേറേയണ്ണന്മാര്‍ മാനത്ത് കണ്ടില്ല എന്നാണ് എന്റെ സംശയം. അങ്ങിനെയായിരുന്നെങ്കില്‍ മത്സരവും വന്നേനെ, അണ്ണനും ഒന്ന് നന്നായേനെ എന്നാണ് എനിക്കു തോന്നുന്നത്.

അണ്ണന്‍ ഇതിനേപ്പറ്റിയൊക്കെ ചിന്തിച്ചുതുടങ്ങിയപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് “എനിക്കുപോലും തുറക്കാന്‍ പറ്റുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ചന്തയില്‍ വില്‍ക്കാനായി ഉണ്ടാക്കണം” എന്നായിരിക്കണം. അണ്ണന്റെ ജീവചരിത്രമൊക്കെ ഒന്നോടീച്ചുനോക്കിയാല്‍ പുള്ളിക്കും ഈ സംഗതി ആദ്യകാലങ്ങളില്‍ വലിയ തപ്പലായിരുന്നിരിക്കണം. അണ്ണന്‍ അതിനേപ്പറ്റി ചിന്തിച്ചു; സംഗതിയുണ്ടാക്കി; മാര്‍ക്കറ്റ് പിടിച്ചു-കാലുവാരിയാണെങ്കിലും, കുതികാല്‍ വെട്ടിയാണെങ്കിലും. ആ സമയത്ത് ആപ്പിളും ഓറഞ്ചും ലെഗസിയെപ്പറ്റി ഓര്‍ത്തിരുന്ന് സാധാരണക്കാരന് അപ്രാപ്യമായ കാര്യങ്ങള്‍ ഉണ്ടാക്കി. ഓപ്പണ്‍ സോഴണ്ണന്മാര്‍ പഠിപ്പിച്ചു കഴിഞ്ഞാല്‍ അടിപൊളി എന്നും പറഞ്ഞും കുറേ പരിപാടികളിറക്കി.

അയ്യായിരം രൂപ തന്നാല്‍ വലിയ തട്ടുമുട്ടൊന്നുമില്ലാതെ നാലുമുതല്‍ തൊണ്ണൂറ്റൊമ്പതുവരെയുള്ള ആര്‍ക്കും പയറ്റാവുന്ന ഒരു സാധനമുണ്ട്; അത്ര അടിപൊളിയൊന്നുമല്ലെങ്കിലും സംഗതി ഓടും എന്നും പറഞ്ഞ് ഒരു കൂട്ടരും ഒന്നും തരേണ്ട, പക്ഷേ നാലു കിലോമീറ്ററപ്പുറത്തുള്ള കൊച്ചുണ്ണീ മെമ്മോറിയല്‍ സ്കൂളില്‍ ദിവസവും രണ്ട് മണിക്കൂര്‍ വെച്ച് പത്തുദിവസം ക്ലാസ്സില്‍ പോയിരിക്കണം, ഓരോ ക്ലാസ്സിനും ഫീസ് നൂറുരൂഭാ മാത്രം, അയ്യയിരത്തിനേക്കാളും അയ്യായിരം മടങ്ങ് അടിപൊളി എന്നും പറഞ്ഞ് മറ്റൊരു കൂട്ടരും ഡയറക്ട് മാര്‍ക്കറ്റിംഗിനായി വീട്ടില്‍ വന്നാല്‍ വീട്ടുകാര്‍ മിക്കവാറും ആദ്യത്തെ സാധനമേ വാങ്ങൂ എന്ന് തോന്നുന്നു. എന്നാല്‍ മൂന്നാമതൊരുവന്‍ ആറായിരം തരണം, ഫില്‍ ഇറ്റ്, ഷിറ്റ് ഇറ്റ് ഫൊര്‍ഗറ്റ് ഇറ്റ് എന്നും പറഞ്ഞ് ഒരു സാധനവുമായി വന്നാല്‍ മിക്കവാറും മൂന്നാമന്‍ തന്നെ വീട്ടില്‍ കിടക്കും. മാക്രിയുടെ കാര്യത്തില്‍ ഈ മൂന്നാമന്‍ എന്തുകൊണ്ട് വന്നില്ലാ എന്നൊരു ആലോചന.

ഉമേഷ്ജീ, ചീപ്പ് പെട്ടിയുണ്ടായതുകൊണ്ടു മാത്രമാണ് കമ്പ്യൂട്ടര്‍ ഇത്ര ജനകീയമായത് എന്ന് എനിക്കു തോന്നുന്നില്ല. അതിനകത്ത് കയറാന്‍, നല്ല അകലത്തില്‍ കമ്പിയിട്ട ഒരു ജനാല വാങ്ങാന്‍ ചന്തയിലുണ്ടായിരുന്നതും സംഗതി ജനകീയമാകാന്‍ കാരണമായീ എന്നു തോന്നുന്നു. തികച്ചും ഫ്രീയായി പല ഇലക്‍ട്രോണിക്സ് സാധനങ്ങളും ഞാന്‍ ഇപ്രാവശ്യം വീട്ടില്‍ കൊണ്ടുപോയി കൊടുത്തു. എല്ലാം ദേ അവിടെക്കിടക്കുന്നു. തികച്ചും ഫ്രീയായി ഒരു കമ്പ്യൂട്ടറും ഉണ്ട് വീട്ടില്‍. സംഗതി ലിനക്സ് ആയിരുന്നെങ്കില്‍ ഞാനുള്‍പ്പടെ ആരും അത് തൊട്ടുപോലും നോക്കുമെന്ന് ഇപ്പോഴും യാതൊരു ഉറപ്പുമില്ല.

വക്കാരിമഷ്‌ടാ പറഞ്ഞു...

ഇതൊരു വിഷ്യസ് സര്‍ക്കിളാണെന്ന് തോന്നുന്നു. ഗൂഗിളും വേര്‍ഡ് പ്രസ്സും വിക്കിയും കാശുവാങ്ങാതെ തന്നെ പോപ്പുലറായി. പക്ഷേ അതെല്ലാം പോപ്പുലറായത് വിന്‍ഡോസില്‍ക്കൂടിയും കൂടി ആണല്ലോ. കമ്പ്യൂട്ടര്‍ പോപ്പുലറായതുകൊണ്ടാണോ അതുവെച്ച് കളിക്കാവുന്ന ഗൂഗിളും ഫയര്‍‌ഫോക്സുമൊക്കെ ഉണ്ടായത്, അതോ തിരിച്ചോ...? ഇനി കമ്പ്യൂട്ടര്‍ പോപ്പുലറാകാന്‍ കമ്പ്യൂട്ടറിന്റെ കുറഞ്ഞ വില മാത്രമാണോ കാരണം? കുറഞ്ഞ വിലയ്ക്ക് കമ്പ്യൂട്ടര്‍ ലഭ്യമായിരുന്നെങ്കിലും ലിനക്സ് പോലത്തെ ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നെങ്കില്‍ കമ്പ്യൂട്ടര്‍ ഇത്ര ജനകീയമാകുമായിരുന്നോ? അതോ ബില്ലണ്ണന്‍ ഇന്റലിനോട് പറഞ്ഞു, വില കുറയ്ക്ക്, തുറക്കാനുള്ള സാധനം ഞാന്‍ തരാം-അങ്ങിനെ ഇതെല്ലാം ഒരേ കാലയളവില്‍ ഉണ്ടായ സംഭവങ്ങളാണോ?

എന്നാലും വിശ്വം പറഞ്ഞതുപോലെ, ഇതുപോലൊരു വിപ്ലവത്തിന് മൈക്രോസോഫ്റ്റിനുള്ള പങ്ക് വിസ്മരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

ഉമേഷ്::Umesh പറഞ്ഞു...

മൈക്രോസോഫ്റ്റിനെ പ്രകീര്‍ത്തിക്കുന്ന തിരക്കില്‍ യുണിക്സിനെയും മറ്റു സാധനങ്ങളെയും അവഹേളിക്കുന്നതില്‍ കാര്യമില്ല. അവ ഉണ്ടാക്കിയതു് ആന്റീടെ മോനു ഗെയിം കളിക്കാനും അമ്മൂമ്മയ്ക്കു ചാറ്റു ചെയ്യാനുമല്ല. സീരിയസ് കമ്പ്യൂട്ടിംഗ് പണികള്‍ക്കാണു്. യുണിക്സിലെ C ഭാഷ പോലും സാധാരണ ആളുകള്‍ക്കുപയോഗിക്കാന്‍ എഴുതിയതല്ല. സിസ്റ്റത്തെപ്പറ്റി അറിയാവുന്നവനു വേണ്ടി എഴുതിയതാണു്. പക്ഷേ അതു popular ആയപ്പോള്‍ പഠനശാലകളില്‍ ബാലപാഠമായി അതു പഠിപ്പിക്കുന്നുണ്ടു് എന്നു മറ്റൊരു കാര്യം.

ഇന്നും കോടിക്കണക്കിനു റെക്കോര്‍ഡുകളുള്ള ഡാറ്റാബേസുകള്‍ നേരേചൊവ്വേ കൈകാര്യം ചെയ്യണമെങ്കില്‍ യുണിക്സോ ഐ. ബി. എം. മെയിന്‍ ഫ്രൈമോ വേണം. പല വിന്‍ഡോസ് യന്ത്രങ്ങള്‍ വെച്ചുള്ള ക്ലസ്റ്റര്‍ റ്റെക്നോളജിയുടെ പുറത്തു്‌ ഇന്റലും മൈക്രോസോഫ്റ്റും കുറെക്കാലമായി പണിയുന്നുണ്ടു്. പക്ഷേ കാര്യമായി എങ്ങുമെത്തിയിട്ടില്ല എന്നു മാത്രം.

മൈക്രോസോഫ്റ്റിന്റെ വളര്‍ച്ച ആദ്യം മുതലേ കണ്ടിട്ടുള്ള എന്റെ തലമുറയിലെ പ്രോഗ്രാമേഴ്സിനു് അതിന്റെ ചില ഗുണങ്ങളെപ്പറ്റി വലിയ മതിപ്പാണുള്ളതു്.

ഒന്നു്, മാര്‍ക്കറ്റിംഗ് കഴിവു്. നൂറുപേര്‍ അതിനു മുമ്പു ചെയ്തതാണെങ്കിലും മൈക്രോസോഫ്റ്റ് ഒരു കാര്യം ചെയ്തുതുടങ്ങുമ്പോള്‍ അവര്‍ ജനത്തിനു കൊടുക്കുന്ന ആ ഇമ്പ്രഷനുണ്ടല്ലോ, സമ്മതിച്ചു കൊടുക്കണം!

രണ്ടു്, ഡോക്യുമെന്റേഷന്‍. നേരേ ചൊവ്വേ മനുഷ്യനു മനസ്സിലാവുന്ന ഹെല്പ് സിസ്റ്റവും സഹായകഗ്രന്ഥങ്ങളും (മൈക്രോസോഫ്റ്റ് പ്രെസ്സ് എന്നൊരു സാധനം തന്നെയുണ്ടല്ലോ) അതിനുള്ളതുപോലെ മറ്റാര്‍ക്കുമില്ല. സാധനം പുറത്തിറങ്ങുന്നതിനൊപ്പം തന്നെ അതിനെപ്പറ്റിയുള്ള ആയിരം പേജുള്ള പുസ്തകവും റെഡി.

മൂന്നു്, ഉല്പന്നങ്ങള്‍ നന്നാക്കുന്നതിലുള്ള ശുഷ്കാന്തി. ഇതില്‍ മൈക്രോസോഫ്റ്റിനോടു കിടപിടിക്കാന്‍ മറ്റാരുമില്ല.

C++- ഞാന്‍ 1991-ല്‍ ഉപയോഗിച്ചിട്ടുണ്ടു്. ബോര്‍ലാന്‍ഡിന്റെ Turbo C++ ഉപയോഗിച്ചു്. 1995/96-ല്‍ മൈക്രോസോഫ്റ്റിന്റെ Visual C++ ഉപയോഗിച്ചു. C++-നോടു പുലബന്ധമില്ലാത്ത ഒരു സാധനം. Exceptions പോലെയുള്ള ഒരു സാധനം macros ഉപയോഗിച്ചു്. RTTI ഇല്ല. കൂടുതല്‍ advanced features പറയുകയും വേണ്ട. അന്നു് ബോര്‍ലാന്‍ഡും സോര്‍ടെക്കും ഓപ്പണ്‍ സോഴ്സ് കമ്പനിയായ ഗ്‌നുവും വളരെ നല്ല C++ കമ്പൈലറുകള്‍ ഇറക്കുന്ന കാലമാണു്.

കാലം കൊണ്ടു്, Visual C++ ഇവയെക്കാള്‍ നല്ല ഉല്പന്നമായി. ഇപ്പോഴോ, C++ എന്നു വെച്ചാല്‍ Visual C++ ആണെന്നാണു് ഒരുപാടു കൂപമണ്ഡൂകങ്ങളുടെ ധാരണ. SQL എന്നതു് Microsoft SQL server എന്നതിന്റെ പര്യായമായി മാത്രം ഉപയോഗിച്ചിരുന്ന ചിലരെയും എനിക്കറിയാം.

പിന്നെ, ആശാന്‍ ഗുണമില്ലാത്ത സാധനങ്ങളുടെ മേലുള്ള പണി നിര്‍ത്തും. മൈക്രോസോഫ്റ്റിനു് ഒരു FORTRAN കമ്പൈലറുണ്ടായിരുന്നു. (കോബോളും). Pass1, Pass2, Pass3 എന്നു പറഞ്ഞു് പട്ടന്മാരുടെ കല്യാണം പോലെ വിപുലമായി വിശദമായി സമയമെടുത്തു കമ്പൈലു ചെയ്യുന്ന ഒരു സാധനം. അന്നു DOS-ല്‍ അതേ ഉള്ളൂ. പിന്നീടു് അതു വലിയ ഗുണമില്ലെന്നു കണ്ടു് നിര്‍ത്തി. പഠിക്കുന്ന പിള്ളാരെ സഹായിച്ചിട്ടെന്തു കാര്യം? കോബോളിലും കൈവെച്ചതാണു്. പക്ഷേ, കോബോള്‍ ഉപയോഗിക്കാന്‍ ബുദ്ധിയുള്ള മനുഷ്യനു വേണ്ട നിലവാരത്തിലുള്ള ഒരു കമ്പൈലര്‍ നിലനിര്‍ത്താന്‍ പറ്റാഞ്ഞതുകൊണ്ടു് അതും നിര്‍ത്തി.

നാലു്, അടിച്ചുമാറ്റാനുള്ള അനന്യസാധാരണമായ കഴിവു്. ഉദാഹരണത്തിനു്, ക്വിക്കനും മൈക്രോസോഫ്റ്റ് മണിയും കൂടി താരതമ്യം ചെയ്തു നോക്കൂ. അല്ലെങ്കില്‍ ജാവയും സി-ഷാര്‍പ്പും. വിന്‍ഡോസും ആപ്പിളും എന്നു ഞാന്‍ പറയുന്നില്ല. ആപ്പിളുകാര്‍ തിരുമണ്ടന്മാരായിപ്പോയി. കതിരില്‍ കൊണ്ടു വളം ചെയ്തിട്ടെന്തു കാര്യം?

അടുത്ത കാലത്തായി മൈക്രോസോഫ്റ്റ് ഒരുപാടു കാര്യങ്ങള്‍ ആദ്യമായിത്തന്നെ ചെയ്യുന്നുണ്ടു്. XML support (അതിനു് അവരുടെ ഒരു propreitary standard തന്നെ കൊണ്ടുവന്നു എന്നു മറ്റൊരു കാര്യം), unicode support തുടങ്ങിയവ ഉദാഹരണം.

ഓപ്പണ്‍ സോഴ്സ് എന്തുകൊണ്ടു മൈക്രോസോഫ്റ്റിനൊപ്പം എത്തുന്നില്ല? പണവും മോട്ടിവേഷനും ഇല്ലാത്തതുകൊണ്ടു്. ഉദാഹരണത്തിനു്, USB സപ്പോര്‍ട്ടു് കൊടുത്താല്‍ പണമുണ്ടാക്കാമെന്നുറപ്പുള്ളവര്‍ അതു് ആദ്യം ചെയ്യും. Linux-ല്‍ അതു വരാന്‍ താത്പര്യമുള്ള ആളുകള്‍ പ്രതിഫലേച്ഛയില്ല്ലാതെ കുത്തിയിരുന്നു പ്രോഗ്രാമെഴുതണം.

ഓപ്പണ്‍ സോഴ്സിന്റെ വിജയം കാണണമെങ്കില്‍ GNU എന്ന ഒരു പ്രസ്ഥാനത്തെ മാത്രം നോക്കിയാല്‍ മതി.

ഈ വരമൊഴിയും കീമാനും അഞ്ജലിയും പരല്‍പ്പേര്‍ സോഫ്റ്റ്വെയറുമൊക്കെ സോഴ്സ്ഫോര്‍ജില്‍ കിടക്കട്ടെ. ഇതിലൊക്കെ വാണിജ്യസാധ്യതകള്‍കണ്ടാല്‍ ഉടന്‍ പ്രതീക്ഷിക്കാം:

MTS (Microsoft Transliteration Server) for .NET platform, a modern tool from M$ to convert text written in English to virtually any other language, with full unicode support.

MKIS (Microsoft Keyboard Input Server) for .NET platform, the above logic built in to your keyboard (This is already there, right?)

MMF (Microsoft Malayalam Font) for .NET platform: An innovative way to display Malayalam characters in the right way they should be displayed. (മലയാളം എഴുത്തുന്നതെങ്ങനെയെന്നു മൈക്രോസോഫ്റ്റിലെ കോണ്‍സ്റ്റബിളുകള്‍ പറഞ്ഞുതരും)

MNS (Microsoft Mneumonics Server) for .NET platform : An innovative idea, patented by M$, to represent numbers through letters...

വക്കാരിമഷ്‌ടാ പറഞ്ഞു...

ഹയ്യോ ഉമേഷ്ജീ ... എന്നെയാണോ ഉദ്ദേശിച്ചത് (സന്തൂര്‍ സോപ്പ്):

ഞാന്‍ മൈക്രോസോഫ്റ്റന്നല്ല ഒരു കുത്തകയുടേയും ആളല്ലേ... നേരത്തേ പറഞ്ഞതുപോലെ കുത്തകകള്‍ കണ്ടാല്‍ ആവശ്യമില്ലാതെയും ഒരു ചൊറിച്ചില്‍ ഉണ്ട് താനും. എന്തുകൊണ്ട് മൈക്രോസോഫ്റ്റിന് അതിനേക്കാളും പോപ്പുലാരിറ്റിയുള്ള ഒരു എതിരാളി ഉണ്ടാകുന്നില്ല എന്ന് ഒന്നു ശങ്കിച്ചു പോയി, അത്രമാത്രം.

ഞാന്‍ പോപ്പുലാരിറ്റിയുടെ കാര്യം മാത്രമേ ഉദ്ദേശിച്ചുള്ളൂ. ഈ പോപ്പുലാരിറ്റി വരുമ്പോളാണല്ലോ ആന്റീടെ മോന്‍ ഗെയിം കളിക്കുന്നതും അമ്മൂമ്മ ചാറ്റു ചെയ്യുന്നതും. വിട്ടിലിരിക്കുന്ന അമ്മൂമ്മയോട് സീരിയസ് കമ്പ്യൂട്ടിംഗ് ചെയ്യാന്‍ പറയാന്‍ പറ്റില്ലല്ലോ :) എന്നുവെച്ച് എല്ലാവരും ഗെയിമും കളിച്ച് ചാറ്റും ചെയ്ത് ഇരുന്നാല്‍ മാത്രം മതി എന്നുമില്ല.

ബില്‍ ഗേറ്റ്സ് ഒരു ബിസിനസ്സുകാരന്‍. എങ്ങിനെ ബിസിനസ്സ് ചെയ്യണമെന്ന് അയാള്‍ മനസ്സിലാക്കി. അടിച്ചുമാറ്റിയും ഓടിച്ചിട്ട് പിടിച്ചും വെള്ളം ചേര്‍ത്തും അയാള്‍ അതങ്ങ് കൊണ്ടുപോകുന്നു. അയാളുടെ സംഭവമാണ് ഏറ്റവും ബെസ്റ്റെന്ന് അയാള്‍ പോലും പറയുമെന്ന് തോന്നുന്നില്ല.

അണ്ണന്‍ സംഗതി പോപ്പുലറാക്കി. അതുകാരണം വീട്ടിലിരിക്കുന്ന ഈ സാധനം ആദ്യമായി കാണുന്ന അമ്മൂമ്മാന്റീടെ മോന്മാര്‍ ചാറ്റു ചെയ്യുന്നു-ഗെയിം കളിക്കുന്നു. അത്രമാത്രം.

ഈ അണ്ണനോട് നേര്‍ക്കുനേര്‍ നിന്നു പൊരുതാന്‍ പറ്റിയ ഒരു എതിരാളിക്കായി ഞാനും കാ‍ത്തിരിക്കുന്നു.

പെരിങ്ങോടന്‍ പറഞ്ഞു...

വക്കാരി, എന്റെ ആശയം ഒന്നുകൂടെ വ്യക്തമാക്കാം എന്നു കരുതുന്നു. വിദ്യാലയങ്ങളിലോ ഓഫീസുകളിലോ ഒരു കമ്പ്യൂട്ടറിനു ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ എല്ലാ ഗുണങ്ങളും നല്‍കേണ്ടി വരുകയില്ല. ഉദാ: ഒരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുക, ഡിസ്ക്‍മാനേജറില്‍ ചെന്നു ഡിസ്ക് സ്പേസ് നിരീക്ഷിക്കുക എന്നിങ്ങനെയൊക്കെ.. പകരം ഒട്ടുമിക്കവയും ഒരു “കിയോസ്ക്” മോഡിലാവും പ്രവര്‍ത്തിക്കുക. കേന്ദ്രീകൃത-ശൃംഖലാധിഷ്ടിതമായ കമ്പ്യൂട്ടിങുണ്ടെങ്കിലേ ഗവ. ഓര്‍ഗനൈസേഷനുകളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം കൊണ്ടെല്ലാം ഗുണമുള്ളൂ എന്നര്‍ഥം. ഈ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ പഠിക്കുന്നതും ഓഫീസ് ജോലി ചെയ്യുവാന്‍ ഉപകരിക്കുന്ന സോഫ്റ്റ്‌വെയറുകളെ കുറിച്ചാവും. വേര്‍ഡ് പഠിക്കുവാനും ഓപ്പണ്‍ ഓഫീസ് പഠിക്കുവാനും ഒരേ സമയം മതിയല്ലോ! ഓറക്കിളിന്റെ ഫിനാന്‍ഷ്യല്‍‌സ് വിന്‍‌ഡോസില്‍ ഇമ്പ്ലിമെന്റ് ചെയ്താലും ലിനക്സ് ഇമ്പ്ലിമെന്റ് ചെയ്താലും അതുപയോഗിക്കുന്നവര്‍ പഠിക്കുന്നതും ഉപയോഗിക്കുന്നതും ഒരേ തരത്തിലാവും, പ്രൊഡക്റ്റിവിറ്റി (uptime, security എന്നിവയെല്ലാം കണക്കിലെടുത്തു്) ലിനക്സിലാണു് കൂടുതല്ലെന്നും ഒരു വാദമുണ്ടു്.

ഉമേഷിന്റെ മൂന്നാമത്തെ പോയിന്റ് പൂര്‍ണ്ണമായും ശരിയല്ല. എതിരാളികളുണ്ടെങ്കില്‍ അവരേതു ഐറ്റവും നന്നാക്കുവാന്‍ ശുഷ്കാന്തി കാണിക്കും. ബോര്‍‌ലാന്‍ഡ് ഒന്നു പച്ച പിടിച്ചു തുടങ്ങിയതോടെ വിഷ്വല്‍ സി++ നന്നായി വന്നു. ഫയര്‍‌ഫോക്സ് ഒന്നു തലപൊക്കിയതോടെ (ഓപറ എന്നൊരു ബ്രൌസര്‍ നിലവില്‍ നിന്നിരുന്നുവെങ്കിലും ഓപ്പണ്‍ സോഴ്സാണെന്നതും കമ്യൂണിറ്റി എഫര്‍ട്ടാണെന്നതും ഫയര്‍‌ഫോക്സിനു നല്ലൊരു ഇമേജ് നല്‍കി) മൈക്രോസോഫ്റ്റ് പുതിയ ഐ.ഇ അനൌണ്‍സ് ചെയ്തു തിടുക്കപ്പെട്ട് ബീറ്റ വേര്‍ഷന്‍ ഇറക്കി.

ഉമേഷ് പറഞ്ഞ ഒരു കാര്യം സമ്മതിക്കുന്നു, മൈക്രോസോഫ്റ്റ് കുറേകൂടി ഇന്നൊവേറ്റീവ് ആകുന്നുണ്ട് ഈയിടെയായിട്ട്.

ഉമേഷ്::Umesh പറഞ്ഞു...

വക്കാരി ഉവാച :

ഈ അണ്ണനോട് നേര്‍ക്കുനേര്‍ നിന്നു പൊരുതാന്‍ പറ്റിയ ഒരു എതിരാളിക്കായി ഞാനും കാ‍ത്തിരിക്കുന്നു.


എനിക്കു് ആ ആഗ്രഹം തീരെയില്ല വക്കാരി. നല്ലതു തരികയും ബാക്കിയുള്ളവരെ അടിച്ചുതാഴ്ത്താതിരിക്കുകയും ചെയ്യുകയാണെങ്കില്‍ കുത്തകയാണെങ്കില്‍ എന്തു്, അല്ലെങ്കില്‍ എന്തു്? മില്‍മയുടെ പാല്‍ നല്ലതാണെങ്കില്‍, അവര്‍ ഓടിനടന്നു നാട്ടിലെ പശുക്കളുടെ അകിടു ചെത്തുന്നില്ലെങ്കില്‍, അവരുടെ പാല്‍ ദിവസവും വാങ്ങിക്കുടിക്കാന്‍ എനിക്കു സന്തോഷമേയുള്ളൂ.

ഏവൂരാന്റെ അവസാനത്തെ വാക്യം അര്‍ത്ഥഗര്‍ഭമാണു്. ശക്തനായ ഗോലിയാത്തിനെ കവണക്കല്ലുകൊണ്ടെറിഞ്ഞു് ചതിച്ചുകൊന്ന ദാവീദിന്റെ ഉപമ.

നമുക്കാരെയും ചതിച്ചുകൊല്ലണ്ടാ ഏവൂരാനേ. കൊല്ലുകയും വേണ്ടാ. ഗോലിയാത്തും ജീവിച്ചുപോട്ടേ. ആരും അരാജകത്വം ഉണ്ടാക്കാതിരുന്നാല്‍ മതി.

വിശ്ബത്തിനോടു് എനിക്കു് ഒരു കാര്യത്തില്‍ യോജിപ്പാണു്. മൈക്രോസോഫ്റ്റ് ഉല്പന്നങ്ങള്‍ ഇത്രയും അവഹേളനം അര്‍ഹിക്കുന്നില്ല. ഞാന്‍ പറഞ്ഞതുപോലെ, അവര്‍ ഉല്പന്നങ്ങള്‍ നന്നാക്കാന്‍ മറ്റാരെക്കാളും പരിശ്രമിക്കുന്നുണ്ടു്. ഉണ്ടായതിനു ശേഷം മൂന്നുനാലു കൊല്ലം കഴിഞ്ഞാല്‍ ഏതു മൈക്രോസോഫ്റ്റ് ഉല്പന്നവും മറ്റുള്ളവയെക്കാള്‍ മെച്ചം തന്നെയാണു്.

മൈക്രോസോഫ്റ്റിനെയും അമേരിക്കയെയും കമ്പ്യൂട്ടറിനെയുമൊക്കെ പലപ്പോഴും എതിര്‍ക്കുന്നതു് വികാരത്തിന്റെ പുറത്താണു്, വിവേകത്തിന്റെ പുറത്തല്ല എന്നു് എനിക്കു പലപ്പോഴും തോന്നാറുണ്ടു്.

വക്കാരിമഷ്‌ടാ പറഞ്ഞു...

പെരിങ്ങോടര്‍ പറഞ്ഞത് ശരിയാണ്. ഒരു കാര്യം പഠിപ്പിച്ച് പഠിക്കുമ്പോള്‍/അതിനുള്ള അദ്ധ്വാനം ഏകദേശം തുല്ല്യമാണെങ്കില്‍ മെച്ചപ്പെട്ടത് പഠിക്കുക എന്നതുതന്നെ അടിസ്ഥാന തത്വം. കമ്പ്യൂട്ടറിനെപ്പറ്റി അറിയാവുന്ന പലര്‍ക്കും വിന്‍ഡോസിനേക്കാളും മെച്ചപ്പെട്ട പല സംഗതികളേപ്പറ്റിയും അറിയാമല്ലോ.

വിന്‍ഡോസ്-ലിനക്സ് “ടെക്‍നിക്കാലിറ്റീസി“നെപ്പറ്റിയുള്ള എന്റെ ജ്ഞാനം പൂജ്യം. അങ്ങിനെ പൂജ്യനായ എനിക്കും സംഗതി തുറക്കാനും ഇങ്ങിനെയൊക്കെ ടൈപ്പുചെയ്യാനും പറ്റി. അങ്ങിനെയുള്ള ഒരു ജനകീയത മാത്രമേ ഞാനിവിടെ ഉദ്ദേശിച്ചുള്ളൂ. അത് മൈക്രോസോഫ്റ്റ് കൊണ്ടുവന്നു-അവിടെ അത് വെറും ബിസിനസ്സ് മാത്രം. ആ ഒരു പോപ്പുലാരിറ്റി യുണിക്സിനും മറ്റും കിട്ടിയില്ല. അവരുടെ ലക്ഷ്യം അതല്ലായിരുന്നിരിക്കാം.

ശരിയാണ് ഉമേഷ്‌ജീ-കുത്തക കുത്തകയായതുകൊണ്ട് മാത്രം അതിനെ എതിര്‍ക്കുന്നതില്‍ യാതൊരു കാര്യവുമില്ലാ എന്നറിയാം. ഇങ്ങിനെ അറിയുന്ന കാര്യങ്ങള്‍ ചെയ്യേണ്ട രീതിയില്‍ ചെയ്തിരുന്നെങ്കില്‍ ഞാനിപ്പം ബില്ലണ്ണന്റെ നമ്പ്ര വണ്‍ എതിരാളിയാവില്ലായിരുന്നോ..:)

evuraan പറഞ്ഞു...

ഗുണനിലവാരത്തിന്റെ കാര്യത്തില്‍, ഓപ്പണ്‍‌സോഴ്സ് സംരഭങ്ങള്‍ മറ്റുള്ളവയെക്കാല്‍ മുമ്പില്‍ നില്‍ക്കുന്നുവെന്ന കാര്യം പ്രാധാന്യമര്‍ഹിക്കുന്നു. ഒരാളെഴുതിയ് സോഴ്സ് കോഡ്, താത്പര്യവും അറിവുമുള്ള മറ്റനേകം ആള്‍ക്കാരുടെ സൂക്ഷ്മ ദൃഷ്ടികളിലൂടെ വിശകലനം ചെയ്യപ്പെടുന്നു. കുത്തക കമ്പനികളുടേതാവട്ടേ, റിലീസിന് മുമ്പ് കൂടി വന്നാല്‍ അവരുടെ സ്വന്തം ക്യു.ഏ. (ക്വാലിറ്റി അഷ്ഷുറന്‍സ്) ആള്‍ക്കാര്‌ പത്തോ പന്ത്രണ്ടോ പേരോടിച്ചു വായിക്കുന്നു.

വിശ്വം പറഞ്ഞു, ലൈസന്‍സില്ലാതെ ആര്‍ക്കും കമ്പ്യൂട്ടറ് ഉപയോഗിക്കാവുന്ന രീതിയിലാക്കി എന്ന്. അങ്ങിനെയാക്കിയത്, ഓപ്പണ്‍‌സോഴ്സ് പ്രോഗ്രാമുകളാണ്, എം.$ അല്ല.

മുതലാളിയുടെ ഉല്പന്നങ്ങള്‍ ഉപയോഗിക്കണമെങ്കില്‍, ആദ്യജാതനേയും വലം‌കാലും തീറെഴുതുന്ന ഒരു EULA -യില്‍ “ഐ എഗ്രി” എന്നുള്ളിടത്ത് ക്ലിക്ക് ചെയ്യണം. അതില്ലാതെ അവരുടെ ഒരു ഓ.എസ്സും. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കൂടി പറ്റില്ല.

പുല്‍ക്കൂട്ടില്‍ കിടക്കുന്ന പട്ടി, പശുവിനെക്കൊണ്ട് പുല്ല് തീറ്റിക്കുകയില്ലെന്ന് ശഠിക്കുന്നതു പോലെ, തങ്ങളുടെ ചിന്താമണ്ഡലങ്ങത്തിന് പുറത്തുള്ളവയെ കശക്കി കൊല്ലാനോ, അല്ലെങ്കില്‍, സ്വന്തമാക്കി നശിപ്പിക്കാനോ ഉള്ള അവരുടെ ത്വര അപാരമാണ്.

ഒരു ഉദാഹരണം പറഞ്ഞാല്‍, M$ ഓപ്പറേറ്റിംഗ് സിസ്റ്റം ഇല്ലാതെ ഒരു പീ.സി. പോലും വില്‍ക്കരുതെന്ന് അവരുടെ ശാഠ്യം. ലിനക്സോടിക്കാനോ, അല്ലെങ്കില്‍ ബി.എസ്.ഡി. പരീക്ഷിക്കാനോ ഹാര്‍‌ഡ്‌വെയര്‍ വാങ്ങുമ്പോള്‍, M$-ന്റെ സാധനങ്ങളൊന്നും വാങ്ങിക്കേണ്ട കാര്യമില്ല.

എന്നാല്‍, M$ അതിന് സമ്മതിക്കുകയില്ല. പി.സി. നിര്‍മ്മാതാ‍ക്കളെ ബലമായിത്തന്നെ സ്വാധീനിച്ച് M$ ഉല്പന്നങ്ങളും വില്പന ചെയ്യിച്ചെങ്കിലേ അവര്‍ക്ക് മതിയാകുകയുള്ളൂ. ഉദാഹരണത്തിന്, തനിമലയാളമോടുന്ന പുതിയ സെര്‍വറ് വാങ്ങിയപ്പോള്‍, എക്സ്.പി. മീഡിയ സെന്റര്‍ കൂടെ വന്നു.

xp വേണ്ടായെനിക്ക്, അതിന്റെ വില കുറച്ചേ തരികയുള്ളൂ എന്നായാലോ? പി.സി. മാനുഫാക്റ്ററിംഗ്കാരന്‌ M$-യുമായി ഒരു OEM എഗ്രിമെന്റുണ്ട്. അതിന്റടിസ്ഥാനത്തില്‍, xp -യുടെ കൂടെ ഹാര്‍‌ഡ്‌വെയര്‍ വില്‍ക്കാവൂ എന്നതാണ് മുതലാളിയുടെ മതം.

വേണേലും ഇല്ലേലും, കമ്പ്യൂട്ടര്‍ മേടിക്കുന്നവനില നിന്ന് M$ ചിക്ലി തട്ടിയേ മതിയാവൂ എന്ന് നിലപാടാണവരുടേത്. മനുഷ്യരെല്ലാം മൈക്രോ‌സോഫ്റ്റിനുള്ള കരം കൊടുക്കുന്ന നാളെയാണ് അവരുടെ നല്ല സ്വപ്നങ്ങളിലൊന്ന്‌.

മാന്‍ ന മാന്‍, മേ തേരാ മേഹ്‌മാന്‍..?

അപ്പന് അടുപ്പിലും തൂറാം, ആരെയും തല്ലാമെന്ന പോലെ, അഭ്യൂഹങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട് അവരീയിടെ പീ.സി. നിര്‍മ്മാതാക്കളോട് നേരിട്ട് ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നുവത്രെ, M$ കോപ്പില്ലാതെ ഹാര്‍‌ഡ്‌വെയര്‍ വില്‍ക്കരുതെന്ന്.

വിവരങ്ങള്‍ക്ക് ഈ ലേഖനം കാണുക.

വക്കാരി പറഞ്ഞ ജനകീയതയുണ്ടല്ലോ, മാതൃഭാഷ ടൈപ്പ് ചെയ്യല്‍ സാദ്ധ്യമാക്കിയ ജനകീയത -- അത് സാദ്ധ്യമാക്കിയത് M$ അല്ല, ഓപ്പണ്‍‌സോഴ്സ് പ്രസ്ഥാനമാണ്.

സിബുവിന്റെ വരമൊഴി. സണ്ണിയുടെ വാമൊഴി. സണ്ണി കൈവിട്ടപ്പോള്‍, പെരിങ്ങോടരുടെ മൊഴി. യൂണീകോഡിന്റെ ആവിര്‍ഭാവം -- എല്ലാം ഓപ്പണ്‍‌സോഴ്സില്‍ നിന്നാണ്, മുതലാളിയൊരു ചുക്കും ആ വഴിക്ക് ചെയ്തിട്ടില്ല.

വെള്ളത്തില്‍ പൂട്ടാനും കൂട്ടത്തില്‍ പാടാനും എളുപ്പമായത് കൊണ്ട് മാത്രവും, അങ്ങിനെ ചെയ്താല്‍ പത്താള്‍ക്കാരുടെ ശ്രദ്ധ നേടാമെന്നതു കൊണ്ടും മാത്രം ഭാഷാ ഇന്ഡ്യ പോലുള്ള സംരഭങ്ങള്‍ക്ക് അവര് നാന്ദി കുറിച്ചു, എന്നു മാത്രം. ഒന്നുമില്ലേലും, നമ്മള് ജനസംഖ്യയില്‍ രണ്ടാമത്തേതല്ലേ? അവര്‍ക്ക് കരം കിട്ടാന്‍ വകുപ്പുള്ളതല്ലേ?

viswaprabha വിശ്വപ്രഭ പറഞ്ഞു...

ഏവൂരാ,

ഞാനുദ്ദേശിച്ചത് സോഫ്റ്റ്വെയര്‍ നിര്‍മ്മാതാവുമായി ഉപയോക്താവ് ഒപ്പുവെക്കുന്ന EULAയോ അതിനൊപ്പം നിര്‍മ്മാതാവ് നല്‍കുന്ന ഉപയോഗിക്കാനുള്ള ലൈസന്‍സോ അല്ല, കാര്‍ ഓടിക്കണമെങ്കില്‍, ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍, കരിമരുന്നുപണി എടുക്കണമെങ്കില്‍, കള്ളുഷാപ്പു തുടങ്ങണമെങ്കില്‍ അല്ലെങ്കില്‍ വേണ്ട വെറുമൊരു പെട്ടിക്കട തുറക്കണമെങ്കില്‍ ഒക്കെ അവശ്യം ഉണ്ടായിരിക്കേണ്ടതുപോലെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുവാനുള്ള ഒരു യോഗ്യതാസര്‍ട്ടിഫിക്കറ്റ് ആണ്.

25 കൊല്ലം മുന്‍പ് വിരല്‍ തൊട്ടു തപ്പിയടിക്കുന്ന ടൈപ്പ് റൈറ്റര്‍ യന്ത്രം ഓടിക്കുന്നവര്‍ക്കുള്ള ലോവര്‍ ഗ്രേഡ് സര്‍ടിഫിക്കറ്റ് ആയിരുന്നു കേരളത്തില്‍നിന്നും വടക്കോട്ടു ജോലിതെണ്ടി വണ്ടി കയറുന്നവര്‍ക്കുള്ള ഏറ്റവും ബലമുള്ള പാസ്സ്പോര്‍ട്ട്.

ഇന്ന് കോപ്പിയും പേസ്റ്റിയും ജീവിക്കുന്ന ഒരുപാടു സെക്രട്ടറിമാരെ എനിക്കറിയാം. അതിലെത്ര പേര്‍ക്കുണ്ടങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ്?

രാജ്യത്തിനും സമൂഹത്തിനും ഏറ്റവും പ്രധാനമായ, ജനകോടികളുടെ ജീവനും ജീവിതവും മാറ്റിമറിയ്ക്കാവുന്ന, ഇന്നും ഉപയോഗത്തിലിരിക്കുന്ന ചില സോഫ്റ്റ്വെയറുകളുടെ അഗാധമായ ആഴങ്ങളില്‍‍ മുങ്ങിത്തപ്പിയിട്ടും അമരത്തിരുന്ന് അക്കരേക്ക് തുഴഞ്ഞിട്ടും ഉണ്ട് ഒരിക്കല്‍ ഞാന്‍. പക്ഷേ ഒരു പഴയ സാധാ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പഠിക്കേണ്ട ലൊട്ടുലൊടുക്ക് ഫോര്‍ട്രാന്‍ ABCD അല്ലാതെ ഇന്നേവരെ ഒരുമണിക്കൂര്‍ പോലും ഗുരുമുഖത്തുനിന്നും ‘കമ്പ്യൂട്ടര്‍‘ പഠിക്കുകയോ ഏതെങ്കിലും ‘ലൈസന്‍സ്’ സംഘടിപ്പിക്കുകയോ ചെയ്യാനുള്ള യോഗം എനിക്കുണ്ടായിട്ടില്ല.

evuraan പറഞ്ഞു...

(slightly o.t.)

വിശ്വേ,

സാദാ ഇലക്ട്രിക്കല്‍ എഞ്ചിനീയരന്നൊക്കെ പറഞ്ഞങ്ങ് സ്വയം താഴാന്‍ വരട്ടെ.


ഞാനും ലൈന്‍‌മാന്‍ തന്നെ. പക്ഷെ, ഇതു നമ്മുടെ സ്വന്തം തട്ടകമല്ലേ?

വിശ്വത്തിന്റേം.

IEEE-യുടെ ചരിത്രപരമായ പ്രാധാന്യം അറിയാമല്ലോ?


നമ്മളും പിന്നെ ആ കൊല്ലന്മാരും ഒടുക്കം മേശിരിമാരും .

:)

പിന്നീടല്ലേ കമ്പ്യുട്ടരിന്‍ മാത്രമായി വകുപ്പൊക്കെ വന്നത്?

ഒന്നുമില്ലേലും പുലിമടയിലല്ലേ വളര്‍ന്നത്?

:)

ഉമേഷ്::Umesh പറഞ്ഞു...

ഏവൂരാനോടു യോജിക്കുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ സിവില്‍/ഗതാഗത എഞ്ചിനീയറിംഗുകളെ വിട്ടു കമ്പ്യൂട്ടറിലേക്കു പോയപ്പോള്‍ എനിക്കു യോഗ്യതാപത്രങ്ങളൊന്നുമില്ലായിരുന്നു. ഇന്നുമില്ല കാര്യമായി. എന്നിട്ടും പഠിച്ചില്ലേ? വിന്‍ഡോസ് കണ്ടതു കുറേക്കഴിഞ്ഞാണു്.

കമ്പ്യൂട്ടറിന്റെ ലഭ്യതയാണു പ്രധാന കാര്യം.
ഇപ്പോള്‍ അമ്മൂമ്മയ്ക്കും കൊച്ചുകുട്ടിക്കും കമ്പ്യൂട്ടര്‍ അറിയാവുന്നതു് ആ കുന്ത്രാണ്ടം വീട്ടിലോ വേറെയെവിടെയെങ്കിലുമോ ലഭ്യമായതുകൊണ്ടാണു്. ദേവന്‍ ലിനക്സ് തൊടാതെ വിന്‍ഡോസ് ഉപയോഗിക്കുന്നതു് ലിനക്സ് ഉപയോഗിക്കുന്നതു് എങ്ങനെയാണെന്നു പറഞ്ഞുതരുന്ന പുസ്തകങ്ങളുടെയും ആളുകളുടെയും ദൌര്‍ലഭ്യം മൂലമാണു്. പിന്നെ കമ്പ്യൂട്ടറിന്റെ കൂടെ “ഫ്രീ“യായി കിട്ടുന്ന സോഫ്റ്റ്വെയറുകളുമുണ്ടല്ലോ. പൈറേറ്റഡ് എന്നതിന്റെ മലയാളമാണോ ഫ്രീ? മൈക്രോസോഫ്റ്റിന്റെ എന്തെങ്കിലുമുണ്ടോ ഫ്രീ? കേട്ടാല്‍ത്തോന്നും ലിനക്സിലെ സോഫ്റ്റ്വെയര്‍ കിട്ടാന്‍ കെട്ടിയവളുടെ താലി പണയം വെയ്ക്കണമെന്നു്!

കഴിഞ്ഞ കൊല്ലം വരെ എന്റെ വീട്ടില്‍ ഒരു ലിനക്സ് യന്ത്രമായിരുന്നു. (വിന്‍ഡോസ് ME ഓടുന്ന - മുടന്തിച്ചാടുന്ന എന്നു പറയുന്നതാവും ഭേദം - ഒരു തോഷിബാ ലാപ്ടോപ്പും ഉണ്ടായിരുന്നു) ഞാന്‍ എന്റെ എല്ലാ പണികളും (മലയാളം യൂണിക്കോഡ് വായിക്കുന്നതൊഴികെ) ചെയ്തിരുന്നതും (ഓഫീസില്‍ കണക്റ്റ് ചെയ്തു ജോലിചെയ്യുന്നതുള്‍പ്പെടെ), എന്റെ മകന്‍ ഗെയിമുകള്‍ കളിച്ചിരുന്നതും, ഭാര്യ മെയില്‍ വായിച്ചിരുന്നതുമൊക്കെ അതിലായിരുന്നു. ചാറ്റു ചെയ്യാനും അതു് ഉപയോഗിച്ചിട്ടുണ്ടു്. ഓഫീസില്‍ കണക്ടു ചെയ്യുമ്പോള്‍ ചില വിന്‍ഡോസ് സ്പെസിഫിക് ഫയലുകള്‍ നോക്കേണ്ടതുള്ളതുകൊണ്ടാണു് ഇപ്പോള്‍ വിന്‍ഡോസ് മെഷീന്‍ ആക്കിയതു്.

ഇരുപതു കൊല്ലം മുമ്പുള്ള യുണിക്സില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ഒരുപാടു കമാന്റുകള്‍ അറിയണമായിരുന്നു. അന്നു് ഡോസിലെന്താ സംഗതി വളരെ എളുപ്പമായിരുന്നോ? ഇന്നു് എല്ലാ OS-ലും എല്ലാത്തരം ആളുകള്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള യൂസര്‍ ഇന്റര്‍ഫേസുകളുണ്ടു്.

പ്രത്യേകിച്ചു് ലിനക്സില്‍ വിന്‍ഡൊസിലുള്ള എന്തിന്റെയെങ്കിലും അഭാവം ഞാന്‍ കാണുന്നില്ല - ഇവാഞ്ജലിസ്റ്റുകളല്ലാതെ.

prapra പറഞ്ഞു...

ഓപ്പണ്‍ സോഴ്സ് എന്ന് നമ്മള്‍ മുറവിളി കൂട്ടുന്നത് മുഴുവന്‍ Microsoft എന്ന ഭീകരനെ ഒതുക്കാന്‍ വേണ്ടി മാത്രം ആയി പോകുന്നില്ലേ? സൌജന്യമായി ഒരു ഓപറേറ്റിങ്ങ് സിസ്റ്റം മാത്രം ഉണ്ടായാല്‍ എല്ലാം പൂര്‍ണം ആയോ? നമുക്ക് ഉപകാരപ്പെടുന്ന മറ്റ് സോഫ്റ്റ്വേറുകള്‍‍ നിര്‍മ്മിക്കാ‍നും ഉപയോഗിക്കാ‍നും കാശ് കൊടുക്കേണ്ടേ? നാഴികയ്ക്ക് നാല്‍പ്പത് വട്ടം സ്വതന്ത്ര സോഫ്ട്വേര്‍ എന്ന് പറയുന്ന വി.എസ്. ഈ കാര്യങ്ങള്‍ അറിയേണ്ട കാര്യം അല്ലെങ്കിലും നമുക്ക് കുറച്ചു കടന്ന് ചിന്തിക്കാം.

Windows എന്ത് കൊണ്ട് മുടന്തിചാടുന്നു എന്ന് നോക്കാന്‍ ശ്രമിച്ച ചിലര്‍ ഇവിടെ കുറച്ച് കാര്യങ്ങള്‍ എഴുതി വച്ചിട്ടുണ്ട്.

എന്റെ ആവശ്യത്തിന് ഉപകരിക്കുന്ന് ഒരു സാധനം ആയി മാത്രമേ എനിക്ക് വിന്‍‌ഡോസിനേ കുറിച്ച് തോന്നിയിട്ടുള്ളു. 75% കൂടുതല്‍ ആളുകള്‍ ഓട്ടോമാറ്റിക്ക് ഗിയറുള്ള കാറ് വാങ്ങുന്നത് അവര്‍ക്ക് ദിവസേന ഉപയോഗിക്കാന്‍ സൌകര്യമുള്ള ഒരു വാഹനം എന്ന നിലയ്ക്കാണ്. അതു പോലെ തന്നെ ആയിരിക്കാം windows ഉള്ള കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും. എന്നാല്‍ Linux കാരന്‍, എനിക്ക് അത് പോരാ ഫസ്റ്റ് ഗിയറിലേ റെവ്വിങ്ങും, സെക്കന്റിലെ പുള്ളിങ്ങും കൂടി വേണം എന്ന വാശി കാരണം മാനുവല്‍ ഗിയറുള്ള കാര്‍ ഓടിക്കുന്നു എന്ന വ്യത്യാസം മാത്രം, എന്റേ നോട്ടത്തില്‍.

വക്കാരിമഷ്‌ടാ പറഞ്ഞു...

അയ്യയ്യോ ഏവൂര്‍ജീ... ഞാനുദ്ദേശിച്ച ജനകീയത, മാതൃഭാഷ ടൈപ്പുചെയ്യാമെന്ന ജനകീയതയല്ല.. മാതൃഭാഷയും ടൈപ്പുചെയ്യാമെന്ന് ആള്‍ക്കാര്‍ക്ക് മനസ്സിലായ ആ ജനകീയത. വലിയ അദ്ധ്വാനമൊന്നും കൂടാതെ ഈ സാധനം ഒന്നു തുറന്നുവന്ന് ഒന്ന് പരിചയപ്പെട്ടാലല്ലേ, “കൊള്ളാല്ലോ ഇതില്‍ മലയാളോം പറ്റൂല്ലോ” എന്ന് ആള്‍ക്കാര്‍ക്ക് തോന്നൂ. അങ്ങിനെ തോന്നിപ്പിക്കുന്നതില്‍ മാക്രിക്കും ഒരു പങ്കില്ലേ എന്നേ ഞാനോര്‍ത്തുള്ളൂ.

ഉമേഷ്‌ജി പറഞ്ഞു, ഇപ്പോള്‍ എല്ലാ ഓയെസ്സിലും ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങളുണ്ടെന്ന്. ഈ കാര്യം നാട്ടില്‍ കട്ടാനും പേസ്റ്റാനും ചാറ്റാനും മാത്രം അറിയാവുന്നവരുടെ കൈയ്യില്‍ വിന്‍‌ഡോസുപോലെ ഒരു ഓളമായി എന്തുകൊണ്ട് എത്തുന്നില്ല എന്ന് ആലോചിച്ചുപോകുന്നു. മാക്രിയെന്ന ഗോലിയാത്തിന്റെ പിശാചുമുറകള്‍ക്കപ്പുറം വേറേയെന്തെങ്കിലും കാര്യവും ഉണ്ടോ? ഒരു മൂന്നുകൊല്ലം മുന്‍പ് ഞങ്ങളുടെ കമ്പ്യൂട്ടര്‍ ലാബില്‍ മാന്‍ഡ്രേക്കും എക്സ്പീയും ഉണ്ടായിരുന്നു. രണ്ടുദിവസം കുത്തിയിരുന്നു നോക്കിയിട്ടും എനിക്ക് മാന്‍ഡ്രേക്കിന്റെ ഒരു കാര്യവും തന്നെയങ്ങ് പിടികിട്ടിയില്ല. എക്സ്പീ ഭൂതം എന്റെ തലയില്‍ നേരത്തേ തന്നെ സ്ഥാനം പിടിച്ചതുകൊണ്ടായിരുന്നിരിക്കാം.

പക്ഷേ ബിസിനസ്സ് ലോകമെന്നാല്‍ അങ്ങിനെയാണല്ലോ. സാധ്യതകള്‍ മനസ്സിലാക്കണം, കരുക്കള്‍ നീക്കണം. അക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് വിജയിച്ചില്ലേ എന്നൊരു സംശയം.

എന്നാലും എല്ലാം അവരുടെ കരാളഹസ്തങ്ങളില്‍ ഒതുങ്ങുന്നതും നമ്മള്‍ കമ്പ്യൂട്ടര്‍ എങ്ങിനെ ഉപയോഗിക്കണമെന്നത് അവര്‍ തീരുമാനിക്കുന്ന അവസ്ഥ വരുന്നതും എന്തായാലും നന്നല്ല. പക്ഷേ ഇപ്പോഴും എനിക്ക് മനസ്സിലാകാത്തത് എന്തുകൊണ്ട് അവര്‍ക്കൊരു പകരക്കാരന്‍ വരുന്നില്ല. പകരക്കാരന്‍ ഇനി ഒരിക്കലും വരാത്ത രീതിയില്‍ അവര്‍ കാര്യങ്ങള്‍ അവരുടെ ചൊല്‍പ്പടിയിലാക്കിയോ?

ദേവന്‍ പറഞ്ഞു...

ഇതിപ്പോ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാര്‍ ലിനക്സ്‌ ആരാധകരും സാധാരണക്കാരന്‍ മൈക്രോസോഫ്റ്റുകൊണ്ട്‌ തൃപ്തിപ്പെടുന്നവനും എന്ന രീതിയിലാണു കാര്യങ്ങളുടെ കിടപ്പെന്നായെങ്കില്‍ വില്ല്യം ഗേറ്റ്‌ കീപ്പര്‍ കാശുകാരനായതില്‍ അത്ഭുതപ്പെടാനില്ല , മൂപ്പരുടെ ഉള്‍വിളി ഓരോ ഓഫീസിലും ഓരോ വീട്ടിലും കമ്പ്യൂട്ടര്‍ എത്തിയാല്‍ ഞമ്മളു രക്ഷപ്പെട്ടീനി എന്നായിരുന്നല്ലോ..

സാധാരണക്കാരനു വിമാനം പറപ്പിക്കാന്‍ ഒരു കമ്പം കേറിയാല്‍ അവന്‍ മൈക്രോസോഫ്റ്റ്‌ എയര്‍ക്രാഫ്റ്റ്‌ സിമുലേറ്റര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ കാസറ്റു തട്ടില്‍ നിന്നും എടുത്തോണ്ട്‌ വീട്ടില്‍ കൊണ്ടിടും എന്നിട്ട്‌ എതാണ്ടു മലമറിച്ചെന്നു കരുതും.. ഒരു പൈലറ്റിനോട്‌ അതിനെക്കുറിച്ച്‌ ചോദിച്ചാലോ "പഞ്ചവര്‍ണ്ണ പരബ്രഹ്മ മൈക്രോസോഫ്ട്‌ കമ്പനി ഫ്ലൈറ്റ്‌ സിമുലേറ്റര്‍ എന്ന പേരില്‍ എന്തു തോന്യാസമാണെടൊ വില്‍ക്കുന്നത്‌ ഇതുപഠിച്ചാല്‍ മനുഷ്യനു പട്ടം പോലും പറത്താന്‍ പറ്റുമോ, നിനക്കു പറക്കേണ്ടത്‌ പൈപ്പര്‍ വാറിയര്‍ പീ എ 141 ആണെങ്കില്‍ സ്വിറ്റ്‌-സെര്‍ലാന്റിലെ ഇലെറ്റ്‌ കമ്പനിയില്‍ നിന്നും സിമുലേറ്റര്‍ ഇറക്കുമതി ചെയ്യാനുള്ള ലൈസന്‍സിനായി ചേംബര്‍ ഓഫ്‌ കോമേര്‍സില്‍ നിന്നും ഒരു ലൈസന്‍സ്‌ എടുത്ത്‌ അതു മിനിസ്റ്റ്രിയില്‍ എന്‍ഡൊര്‍സെ ചെയ്യിച്ച്‌ നോടരിയെക്കൊണ്ട്‌ നിന്റെ എജന്റ്‌ ആയി ഒരു പൈലറ്റിനു പവര്‍ കൊടുത്ത്‌ സ്വിസ്സിലയച്ച്‌ അവന്‍ കൂടെ ഇരുന്നു കമ്മീഷന്‍ ചെയ്യിച്ച്‌ ഒരു പീസീയില്‍ ഇന്‍സ്റ്റാള്‍ ചെയ്ത്‌ പിന്നെ ഒരു സെറ്റ്‌ ഓരിഗിൊനല്‍ ഐര്‍ക്രാഫ്റ്റ്‌ കണ്ട്രോള്‍ പാനലിനു
അരിസോണായില്‍ ഫീനിക്സിലെ പൈപ്പര്‍ കമ്പനിക്ക്‌ ഓര്‍ഡര്‍ കൊടുക്കാനൂള്ള ലൈസന്‍സിനു..."

ബേണ്ടണ്ണാ എനിച്ച്‌ ബിമാനം പറത്തേണ്ടണ്ണാ എന്നു എവിടെ വച്ചു പറയണം എന്നു നാം തീരുമാനിച്ചാല്‍ മതി..

വക്കാരിമഷ്‌ടാ പറഞ്ഞു...

ദേവേട്ടോ, ചിരിച്ച് ചിരിച്ച്...

ബില്ലണ്ണനും ഈ സംഗതി ആദ്യകാലങ്ങളില്‍ കീറാമുട്ടിയായിരുന്നിരിക്കണം. “എനിക്കെങ്കിലും ഓപ്പറേറ്റ് ചെയ്യാന്‍ പറ്റിയ ഒരു സിസ്റ്റം“ ആയിരുന്നിരിക്കണം, അണ്ണന്റെ മനസ്സില്‍. അണ്ണന്‍ അത് മനസ്സില്‍ കണ്ടു, മാനത്തും കണ്ടു.

ഫ്ലൈറ്റ് സിമുലേറ്ററുപോലെതന്നെയാ ക്യാമറയും. സോണീടെ ഡീയെസ്സീ നൂറും നൂറ്റമ്പതും ഇരുനൂറ്റമ്പതും ഒക്കെയായി “അണ്ണേ ഞാന്‍ ഫോട്ടം പിടിച്ചൂ” എന്ന് പറഞ്ഞ് സന്തോഷ് ശിവണ്ണന്റെ അടുത്തുചെന്നാല്‍ അണ്ണന്‍ കാണിച്ചു തരും ക്യാമറേം ഫോട്ടോം. പക്ഷേ എന്തു ചെയ്യാനാ, നമുക്ക് പോക്കറ്റിലൊതുങ്ങുന്നതല്ലേ പറ്റൂ.

ഒരു അത്യന്താധുനിക ഫോട്ടം പിടിയെന്ത്രം വേണം, കാശില്ലാത്തതുകാരണം ലെവനിലെ പ്രവേശനനിലവാരത്തില്‍ (എണ്ട്രീ ലെവല്‍) ഉള്ളവന്‍ മതി, നോം വലിയ എക്സ്‌പാര്‍ട്ടൊന്നുമല്ലല്ലോ എന്നൊരു എക്സ്പാര്‍ട്ടിനോട് ചോദിച്ചപ്പോള്‍ പറഞ്ഞു; “നീ എക്സ്പാര്‍ട്ടല്ലെങ്കില്‍ ഏറ്റം കൂടിയവന്‍ തന്നെ വേണം മഹനേ നിനക്ക്, എന്നാലേ സ്വല്പമെങ്കിലും കാണാന്‍ കൊള്ളാവുന്ന ഫോട്ടങ്ങള്‍ പിടിക്കാന്‍ പറ്റൂ, എക്സ്‌പാര്‍ട്ടിന് വെച്ചുവാണിഭക്കടേലെ സാമാനമാണെങ്കിലും മതി, അവനെടുക്കും, അതുകൊണ്ടും ഉദാത്തന്‍”

പെരിങ്ങോടന്‍ പറഞ്ഞു...

ലിനക്സ് കാണാത്തവരെ, ഉപയോഗിക്കാത്തവരെ, ഇന്‍സ്റ്റാള്‍ ചെയ്യാത്തവരെ: ഈ ചിത്രങ്ങള്‍ മാത്രം ശ്രദ്ധിച്ചു ലിനക്സില്‍ ഒരു പുതിയ spreadsheet തുടങ്ങുന്നതിനും സ്ക്രീനിന്റെ റെസല്യൂഷന്‍ മാറ്റുന്നതിനും ഉപാദികള്‍ ഏതെല്ലാമാണെന്നൊന്നു കണ്ടുപിടിക്കുവാന്‍ ശ്രമിച്ചുനോക്കുക. മൌസ് ഞെക്കുവാന്‍ മാത്രം അറിയുന്ന മുത്തശ്ശിക്ക് സമര്‍പ്പിച്ചാലും അവരതു് വിന്‍‌ഡോസില്‍ ചെയ്യുന്ന അതേ ലാഘവത്തോടെ ചെയ്യും. (ഒന്നുരണ്ടു ക്ലൂ വേണേല്‍ തരാം, അതിപ്പോള്‍ കൊറോള ഓടിച്ചു നടക്കുന്ന പഹയനു ബീയെമ്മോ ഷെവിയോ ഓടിക്കുവാന്‍ കൊടുക്കുമ്പോള്‍ നമ്മള്‍ പറയൂല്ലേ “മാനേ ഹാന്‍ഡ്ബ്രേക്ക് കാലിന്റെ അടീല്യാണെന്ന്”)

വക്കാരിമഷ്‌ടാ പറഞ്ഞു...

ഹായ് കൊള്ളാല്ലോ വീഡിയോണ്‍ (കഃട് കുട്ട്യേടത്തിക്ക് ഞാന്‍ കൊടുക്കൂല്ല-പരസ്യക്കമ്പനിക്ക്). നിക്കിഷ്ടായീ

ഈ സാധനം എവിടെ കിട്ടും? സംഗതി അത്രയ്ക്ക് ഈസിയാണോ?

ഈ സാധനം വിന്‍‌ഡോസ് പോലെ ഓളമുണ്ടാക്കാത്തതിന് കാരണം (അതോ ഉണ്ടാക്കിയോ) മൈക്രോസോഫ്റ്റിന്റെ കളികള്‍ മാത്രമാണോ?)

പെരിങ്ങോടന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
പെരിങ്ങോടന്‍ പറഞ്ഞു...

വക്കാരി സംഭവം ഫ്രീ ആയി ഡൌണ്‍‌ലോഡ് ചെയ്യുവാന്‍ കിട്ടും. www.opensuse.org കാണുക. നാലഞ്ചു സീഡി കാണും ഡൌണ്‍ലോഡ് ചെയ്യുവാന്‍. അല്ലെങ്കില്‍ ഊബുണ്ടു എന്നൊരു ലിനക്സ് ശ്രമിച്ചുനോക്കുക. ലിനക്സ് ലോകത്തിലെ നമ്പര്‍ 1 എന്ന പദവി കഴിഞ്ഞ കുറച്ചു കാലമായി ഈ ആഫ്രിക്കന്‍ സിംഗക്കുട്ടിക്കാണു് ;) ഒരു സീഡിയെ ഡൌണ്‍‌ലോഡ് ചെയ്യേണ്ടതുള്ളൂ, അതുപയോഗിച്ചു തുടങ്ങുവാന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല, സീഡീ ഡ്രൈവിലിട്ടു കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ പോരും. ഇഷ്ടപ്പെടുകയാണെങ്കില്‍ ഹാര്‍ഡ്‌ഡ്രൈവിലേയ്ക്ക് ഇന്‍സ്റ്റാള്‍ ചെയ്യുകയും ആവാം. ഹെല്പ് വേണമെങ്കില്‍ ചോദിച്ചോള്ളൂ.

ബഹിരാകാശത്തേയ്ക്കു വിനോദസഞ്ചാരം നടത്തിയ മാര്‍ക്ക് ഷട്ടില്‍‌വര്‍ത്ത് എന്ന സൌത്താഫ്രിക്കന്‍ മില്യണയര്‍/സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന ഊബുണ്ടു സൌജന്യമായി നമ്മുടെ അഡ്രസ്സിലേയ്ക്ക് സീഡി ഷിപ്പ് ചെയ്തുതരും. www.ubuntu.com സന്ദര്‍ശിക്കുക.

prapra പറഞ്ഞു...

ubuntu ഞാന്‍ കുറച്ച് കാലം മുമ്പേ ഉപയോഗിച്ചിരുന്നു, സീ ഡി.യില്‍ നിന്ന് ഓടിക്കുന്ന വിധം. തീകുറുക്കന്‍ കൂടെ ഉണ്ടെന്ന അഹങ്കാരം കൂടിയുണ്ടാ‍യിരുന്നു ഇതിലേക്കിറങ്ങുമ്പോള്‍. പക്ഷേ എന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ കണ്ടുപിടിക്കാന്‍ ടിയാന്‍ പരാജയപ്പെട്ടു, [NIC Card] കസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത്‌തായിരുന്നില്ല എങ്കിലും. ഇതൊരു രോഗമാണോ ഡോക്ടര്‍? അതോ device driver കണ്ട് പിടിക്കാന്‍ ഞാന്‍ പ്രത്യേകം എവിടേയെങ്കിലും പറയണോ?
ഒരു സാധാരണക്കാരന് വേണ്ട എല്ലാ കാര്യങ്ങളും ഈ സി.ഡി വഴി ഓടിക്കുമ്പോള്‍ നടക്കും. ഗൂഗിള്‍ ഇത് വാങ്ങിച്ച് ഒരു internet operating system ആക്കും എന്നൊക്കെ പറഞ്ഞ് കേട്ടിരുന്നു.

പെരിങ്ങോടന്‍ പറഞ്ഞു...

prapra,
അതു വെറുമൊരു രോഗമല്ല, സാംക്രമിക രോഗമാണു്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനു പി.സി വിപണിയില്‍ നേടിയെടുക്കാനായ വിജയവും അതുമൂലം വന്നുപോയ മോണോപ്പൊളിയും ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതക്കളെ വിന്‍‌ഡോസിനു വേണ്ടിമാത്രം ഹാര്‍ഡ്‌വെയര്‍ നിര്‍മ്മിക്കുവാന്‍ പ്രേരിപ്പിച്ചു. പ്രത്യക്ഷത്തില്‍ മറ്റൊരു മറ്റൊരു നല്ല ഓ.എസ് പുറത്തിറങ്ങിയാലും ഹാര്‍ഡ്‌വെയര്‍ ലഭ്യമല്ലാത്തതുകൊണ്ടു വിപണിയില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയാത്ത അവസ്ഥ സംജാതമായി. വിന്‍‌മോഡംസ് (അഥവാ സോഫ്റ്റ്‌മോഡം) നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫേസുകള്‍ എന്നിവയെല്ലാം അപ്രകാരം വിന്‍‌ഡോസിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുവാന്‍ തയ്യാറാക്കപ്പെട്ടു. വിന്‍ഡോസിന്റെ കെര്‍ണല്‍ ഈ ഹാര്‍ഡ്‌വെയറിന്റെ കുറെയേറെ കടമകള്‍ emulate ചെയ്തുതുടങ്ങി, അതോടൊപ്പം തീര്‍ത്തും വ്യത്യസ്തമായ ആര്‍ക്കിടെക്ചറില്‍ രൂപകല്പന ചെയ്തിരിക്കുന്ന മറ്റു ഓ.എസുകള്‍ക്കു അതു് അസാധ്യമായി തീരുകയുമാണല്ലോ ഉണ്ടായതു്. ലിനക്സ് അവിടെയും മൈക്രോസോഫ്റ്റിനു ശക്തമായ എതിര്‍പ്പുകളാണു പ്രകടിപ്പിക്കുന്നതു്. ഒട്ടുമിക്ക വിന്‍‌ഡോസ് സെര്‍ട്ടിഫൈഡ് ഹാര്‍ഡ്‌വെയറിനെയും ലിനക്സ് മെരുക്കിയെടുത്തു. സ്ഥിരമായി കേള്‍ക്കുന്ന ഒരു വാദമാണല്ലോ, മോണൊപ്പൊളി ആയാലെന്താണു പ്രശ്നം, നല്ലൊരു ഓ.എസ് ആണല്ലോ മൈക്രോസോഫ്റ്റ് പുറത്തിറക്കുന്നതു് എന്നുള്ളതു്. സത്യത്തില്‍ മോണോപ്പൊളി ചെയ്യുന്നതു്, അവരേക്കാള്‍ നല്ലൊരു പ്രൊഡക്റ്റ് മാര്‍ക്കറ്റിലിറങ്ങാതിരിക്കുവാനുള്ള കുതന്ത്രങ്ങളാണു്, അതിനെയാണു് ലിനക്സ് എന്ന സോഫ്റ്റ്‌വെയറും, ഗ്നു എന്ന സംഘടനയും എതിര്‍ക്കുന്നതു്.

evuraan പറഞ്ഞു...

prapra,

എന്നായിരുന്ന അത്? Ubuntu 5.10 ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ?

വര്‍ഷങ്ങളാ‍യി വീട്ടില്‍ രണ്ട് മൂന്ന്‌ പാട്ടയില്‍ ഡെബിയന്‍ ലിനക്സോടിച്ചിരുന്ന ഞാന്‍, എന്റെ ലാപ്‌ടോപ്പില്‍ ഉബണ്ടു (5.10) ഇന്‍സ്റ്റാള്‍ ചെയ്തു നോക്കി. അതിനു ശേഷം, ഇവിടുള്ളവയെല്ലാം ഉബണ്ടുവിലാക്കിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.

ഡെബിയന്റെ ഒരു സബ്‌സെറ്റാണ് ഉബണ്ടുവെങ്കിലും, എന്റെ ലാപ്‌ടോപ്പിലെ ടച്ച്‌പാഡ് അത് നിഷ്‌പ്രയാസം കോണ്‍‌ഫിഗര്‍ ചെയ്തു തന്നു -- അതാണ് ചുവടുമാറ്റത്തിന്റെ ആദ്യത്തെ പ്രലോഭനം.

ഡെബിയനില്‍ അതിന്റെ സെന്‍‌സിറ്റിവിറ്റി എനിക്കിഷ്ടപെട്ട രീതിയിലാക്കാന്‍ കുറെ ഞാന്‍ പണിപ്പെടേണ്ടി വന്നിരുന്നു.

തനിമലയാളം പേജുകളും, പിന്മൊഴികളും എല്ലാം ഓടുന്നത്, ഉബണ്ടുവിലാണ്.

ഇക്കാര്യത്തില്‍ ഒരു ക്രെഡിറ്റ് പെരിങ്ങോടര്‍ക്കുള്ളതാണ് - ഇതു വരെ ഞാനിതങ്ങേരോട് സമ്മതിച്ചിട്ടില്ലെങ്കിലും -- ഉബണ്ടു ട്രൈ ചെയ്യാം എന്ന് തോന്നിപ്പിച്ചത് അദ്ദേഹമാണ്.

പുതിയതായ് വാങ്ങിച്ച സിസ്റ്റത്തിന്റെ കീ‌ബോര്‍ഡിലെ വോള്യം കണ്ട്രോളുകള്‍ അങ്ങിനെ തുടങ്ങി എല്ലാം ഉബണ്ടുവില്‍ ജോലിചെയ്യുന്നുണ്ട്.

വന്ന് വന്ന് ഉബണ്ടുവോടുന്ന സെര്‍വറാണ് പ്രിന്റ് സെര്‍വറ്. കൂടാതെ, ടീവോയുടെ പകരക്കാരനായ് മിത്ത്‌ടീവി, സാംബാ ഫയല്‍‌സെര്‍വ്വറ്, അങ്ങിനെ പലതും.

ഉബണ്ടു ഡെബിയന്റെ സബ്‌സെറ്റാണെങ്കിലും, highly extensible-ഉമാണ് എന്നത് പറഞ്ഞു കൊള്ളട്ടെ. ഡെസ്ക്ക്ടോപ്പായും, അല്ലെങ്കില്‍ ഊതി വികസിപ്പിച്ച് ഒരു സെര്‍വര്‍ കോണ്‍ഫിഗിനും അത് റെഡി.

പെരിങ്ങോടരെന്നെ സ്വാധീനിച്ച പോലെ, ഞാന്‍ ഉമേഷിന് പിടിക്കാന്‍ ശ്രമം തുടങ്ങിയിട്ട് നാള്‍ കുറേയായി. ഒപ്റ്റിക്കല്‍ ഫൈബറാണ് കക്ഷിയുടെ വീട്ടിലേക്കുള്ളത് -- വമ്പന്‍ ബാന്‍ഡ്‌വിഡ്ത്തെന്നു പറഞ്ഞാല്‍ മതിയല്ലോ. പക്ഷെ, ഉമേഷാവട്ടെ, അമ്പിനും വില്ലിനും അടുക്കുന്നുമില്ല.

അപ്പോള്‍ പറഞ്ഞു വരുന്നത്, 5.10 ഒന്ന് ട്രൈ ചെയ്തു നോക്കൂ, ഒരു മാതിരിപെട്ട് എല്ലാ ഹാര്‍‌ഡ്‌വെയറും അതിനറിയാം.

സഹായം വല്ലതും വേണമെങ്കില്‍, സദയം അറിയിക്കുക.

വക്കാരിമഷ്‌ടാ പറഞ്ഞു...

കമ്പ്യൂട്ടറിനേപ്പറ്റി അന്തമേതാ കുന്തമേതാ എന്നറിയില്ലെങ്കിലും ഞാന്‍ ഉബുണ്ടു 5.1 ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നു. ഒന്നു നോക്കട്ടെ. പെരിങ്ങോടരേ, ഏവൂര്‍ജീ, അറിവുകള്‍ക്ക് നന്ദി. എന്റെ അഭിപ്രായം (ലൈന്‍‌മാന്‍സ് ഓപ്പിയനിയന്‍) അറിയിക്കാം.

പെരിങ്ങോടന്‍ പറഞ്ഞു...

വക്കാരീ റിസ്കെടുക്കാന്‍ തയ്യാറായ സ്ഥിതിക്കു ഊബുണ്ടൂന്റെ ബീറ്റ വേര്‍ഷന്‍ തന്നെ ഡൌണ്‍‌ലോഡ് ചെയ്തോള്ളൂ. സംഭവം സ്റ്റേബിളാണു്. ലൈവ് സീഡി ഡൌണ്‍‌ലോഡ് ചെയ്താല്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ഊബുണ്ടു ഉപയോഗിച്ചു തുടങ്ങാം, ഇഷ്ടപ്പെട്ടുവെങ്കില്‍ 4-5 ക്ലിക്കിനുള്ളില്‍ സംഭവം ഇന്‍സ്റ്റാള്‍ ചെയ്യുകയുമാവാം. ലിങ്ക്

prapra പറഞ്ഞു...

പെരിങ്ങ്സ് & ഏവൂരാന്‍, ഞാന്‍ ഉബണ്ടു 5.10 തന്നെ ആയിരുന്നു try ചെയ്തത് (CD ഇപ്പോള്‍ ദേ എന്റെ മുന്നില്‍ ചിരിച്ച് പിടിച്ച് ഇരിപ്പുണ്ട്). പരീക്ഷണ മഷീന്‍ : IBM തിങ്ക്പാഡ് T20. പരീക്ഷ നടത്തി വിജയിച്ചാല്‍ മാറാം എന്നും വിചാരിച്ചു, പക്ഷെ നടന്നില്ല. ആവശ്യത്തിന് USB പോര്‍ട്ട് ഇല്ലാത്തതിനാല്‍ എന്റെ external drive, wi-fi, logitech cordless ഒക്കെ PCMCIA slot വഴി ആണ് ഓടുന്നത്. ഇതില്‍ ഏതെങ്കിലും പിഴച്ചാല്‍ പിന്നെ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരും. ആ പേടിയായിരുന്നു മാറ്റം നിര്‍ത്തി വയ്ക്കാന്‍ കാരണം. Xbox വാങ്ങി Linux ലോഡ് ചെയ്താലോ എന്ന ആലോചന ഈ അവസരത്തില്‍ ഉണ്ടായിരുന്നു, അതാവുമ്പോള്‍ ടി.വി-യില്‍ കാണുകയും ചെയ്യാം. പദ്ധതി മാറ്റി, ഒരു low end കമ്പ്യൂട്ടര്‍ ആക്കാം എന്ന് കരുതി നിര്‍ത്തിയിരിക്കുകയാ. ഉബണ്ടു ആവശ്യപ്പെടുന്ന മിനിമം കോണ്‍ഫിഗറേഷന്‍ പറഞ്ഞ് തന്നാല്‍ ഉപകാരം.

evuraan പറഞ്ഞു...

ഐ.ബി.എം. T-20 ഒരെണ്ണമാണെന്ന് തോന്നുന്നു എന്റെ ഒരു ലാപ്‌ടോപ്പ്. (യാത്രയിലാണ്, തിരികെ വീട്ടിലെത്തിയിട്ട് കണ്‍‌ഫേം ചെയ്യാം)

വൈ-ഫൈ കാര്‍ഡ് ആയിരുന്നോ പ്രശ്നമുണ്ടാക്കിയത്? എന്റേത് സിസ്കോ ഏയ്‌രോനെറ്റ് pcmcia (B) അഡാപ്റ്ററാണെന്നാണ് ഓര്‍മ്മ.

അതിന്റെ സാദാ നിക് e100 കുടുംബത്തിലേതാണെന്നും തോന്നുന്നു.

ibm laptops-ല്‍ ലിനക്സിന് പ്രശ്നമുണ്ടാവുക സാധാരണമല്ല..

ഫോറങ്ങളോടിച്ച് വായിച്ചിട്ട് T20 സപ്പോര്‍ട്ടടാണെന്ന് തോന്നുന്നു...

prapra പറഞ്ഞു...

കുറച്ച് കൂടി details തരാം, ഡിവൈസുകള്‍ എല്ലാം തറവാട്ടില്‍ പിറന്നവര്‍ തന്നെ, നിക്ക് കാര്‍ഡ് 3Com 10/100 inbuilt adapter, wi-fi is Netgear, external HD is Hitachi, c'lss Desktop is Logitech. ഇവരൊക്കെ മാന്യന്മാര്‍ ആയത് കൊണ്ട് Linuxകാര്‍ അവഗണിക്കേണ്ട കാര്യമില്ല എന്നായിരുന്നു വിശ്വാസം. പക്ഷെ എന്നിട്ടും ഉബണ്ടു നിക്കിനെ കണ്ടില്ല, അതു കൊണ്ട് firefox ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്തുമില്ല. അപ്പോള്‍ തന്നെ ഞാന്‍ പരിപാടി നിര്‍ത്തി.

ഈ ചര്‍ച്ച email-ലേക്ക് മാറ്റിയാലോ? സൌകര്യം പോലെ prabeshp അറ്റ് ജീമെയില്‍.കോം ഒരു മെയില്‍ അയച്ചാല്‍ ഞാന്‍ ഡീറ്റേയില്‍‌സ് അയച്ച് തരാം.

അജ്ഞാതന്‍ പറഞ്ഞു...

കൂട്ടരേ, ചര്‍ച്ചകള്‍ ഈമെയിലിലേക്ക്‌ മാറ്റിയാല്‍ ഞങള്‍ എങനെ വിവരങള്‍ അറിയും? ഞാനും ഉബുണ്ട് സി.ഡി ഒന്ന്‌ സംഘടിപ്പിചിരുന്നു. പക്ഷെ ഇന്‍സ്റ്റല്ല് ചെയ്യുകയോ കമ്പ്യൂട്ടരില്‍ ഒന്നിടുകയോ ചെയ്യാന്‍ ഒരു വൈക്ലബ്യം. അ.ബ്.സി.ഡി.അറിയില്ല്യലൊ. അതെന്നാ പ്രശ്നം. ഇപ്പോ വിന്ദൊവ്സ് 2000 ആണ്. രണ്ടും കൂടെ പ്രശ്നങളില്ലാതെ പ്രവര്‍ത്തിക്കുമോ?ലിനക്സ് പഠിച്ചുകഴിഞാല്‍ ചുവടുമാറണമെന്നുണ്ട്‌. പിന്നെ ലിനക്ഷില്‍ എം.എസ്.എന്‍ പോലെയുള്‍ല മെസ്സഞ്ചറുകള്‍ പ്രവര്‍ത്തിക്കുമോ?മാര്‍ഗം തെളിയിക്കൂ സുഹൃത്തുക്കളേ...-സു-

evuraan പറഞ്ഞു...

ടി ലാപ്‌ടോപ്പിന്റ് വിവരങ്ങള്‍:

അതൊരു T22 ആണ്‍.

ഉബണ്ടു ഹാര്‍‌ഡ്‌വെയറ് ഡാറ്റാബേസ് എന്റ്ട്രി

സുനിലേ, ശബ്ദത്തോടുള്ള എം.എസ്.എന്‍ മെസ്സഞ്ചറ്, സ്കൈപ്പി, ഗ്നോം മെസ്സഞ്ചര്‍ എന്നിങ്ങനെ ഒരുപാട് ചോയ്സുകളുണ്ട്...

evuraan പറഞ്ഞു...

ഈനാം‌പേച്ചിക്ക് മരപ്പട്ടി കൂട്ട്: ഗൂഗിളിനെ ഒതുക്കാന്‍ മാക്രിയും (M$) യാഹൂവും ഒന്നിക്കുമെന്ന് തോന്നുന്നു.

സ്ലാഷ്‌ഡോട്ടിലെ ഈ ലേഖനം പ്രത്യേകം ഇവിടെ ക്വോട്ടണമെന്ന് തോന്നി.

കൂടുതല്‍ ഇവിടെ വാ‍യിക്കാം..

സജു പറഞ്ഞു...

ലൈവ്‌ സിഡിയില്‍ എനിക്ക്‌ ubuntuനെക്കാള്‍ കൂടുതല്‍ നന്നായിതോന്നിയത്‌ KNOPPIX അണ്‌. ഇതും ഒന്നു ട്രൈ ചെയ്ത്‌ നോക്കൂ..
http://www.knoppix.org/

അനുയായികള്‍

Index