കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഡിസംബർ 23, 2005

ഇവിടെന്തു കാര്യം?

റോക്സിയുടെ അഭിപ്രായങ്ങളോട് യോജിക്കാതെ വയ്യ. അനുഭവം പഠിപ്പിക്കുന്നതും അതാണ്.

ഏവൂരാൻ എന്ന പേരിലെഴുതുന്നത്, ഏവൂർ ദേശത്ത് ജനിച്ച് വളർന്നതിനാലാണ്. അവിടെയൊരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രമുണ്ട് - ഏവൂർ ഖാണ്ഡവവനമേഖലയായിരുന്നു എന്നും, ഖാണ്ഡവദഹനത്തിനു ശേഷം, ചൂടാറിയ സ്ഥലം മണ്ണാർശാല ആയെന്നും, കരിക്കട്ടകളൊഴുകിയ തോട് കരിപ്പുഴയായെന്നും, ഖാണ്ഡവദഹനത്തിനിടെ പാണ്ഡവന്മാർ ഭഗവാൻ ശ്രീകൃഷ്ണന് വേണ്ടി നിർമ്മിച്ചതാണ് ഏവൂരെ അമ്പലം എന്നും ഐതിഹ്യം.

പ്രവാസികളെന്ന തോന്നലില്ലാതെ, എന്റെ മാതാപിതാക്കൾ അവിടെ താമസം തുടങ്ങിയ സമയം. അമ്മ വളർന്ന ഗ്രാമത്തിലുള്ള ക്ഷേത്രത്തിൽ പുവിറുക്കാനും അത്യാവശ്യം നാമം ജപിക്കാനും കുട്ടുകാരോടൊപ്പം അവരെല്ലാം ചെറുപ്പത്തിൽ കൂടുമായിരുന്നു. - ഇതിന്റെ പിന്നിൽ, വിചിത്രമെങ്കിലും അതിശക്തമായ ഒരു ഐതിഹ്യത്തിന്റെ ബലവുമുണ്ടാകണം. ആ ക്ഷേത്രത്തിലെ ദേവിയും, പഴയ യാക്കോബാ പള്ളിയിലെ മാതാവും സഹോദരിമാരാണ് എന്നതാണ് വിശ്വാസം. അമ്പലത്തിലെ പറ, പള്ളിക്ക് മുമ്പിലും, പള്ളിയിൽ നിന്നുള്ള റാസ അമ്പലത്തിനു മുമ്പിലും ഇത്തിരി നിന്ന ശേഷമാവും മുന്നോട്ട് പോവുക.

ഐതിഹ്യങ്ങൾ, വിശ്വാസങ്ങൾ - മിസ്റ്റിസിസത്തിന്റെ ഒരു മാസ്മരികതയേ..!!

എന്തായാലും, പുതിയ നാട്ടിലെത്തിയപ്പോൾ, അയല്പക്കക്കാരിക്കൊപ്പം ഏവൂരമ്പലത്തിലൊന്ന് പോയ കഥയാണ് ഇതിനാസ്പദം. അമ്പലപ്പറമ്പിൽ ഒരാൾ, (അപരിചിതനല്ല, അയൽക്കാരൻ തന്നെ, അമ്മ പഠിപ്പിക്കുന്ന ഒരു കുട്ടിയുടെ അച്ഛൻ) വെള്ളത്തിനുമേൽ ആടിക്കുഴഞ്ഞ് കൊണ്ടൊരട്ടഹാസം : “ക്രിസ്ത്യാനികൾക്ക് ഇവിടെ എന്താ കാര്യം...?”

കൂടെയുണ്ടായിരുന്ന് സ്ത്രീ അയാളെ ചീത്തപറയാൻ നിന്നെങ്കിലും, സംഭവം കൂടുതൽ വഷളാക്കാതെ മാതൃരത്നം സ്ഥലം കാലിയാക്കിയെന്ന് പ്രത്യേകം പറയേണ്ടതില്ല.

വേലിക്കെട്ടുകൾക്കകത്തുള്ള ദൈവങ്ങളിരിക്കുന്നിടത്ത് ചെല്ലുമ്പോൾ പാലിക്കേണ്ട മര്യാദകളുണ്ട്. വേലിക്കെട്ടുകൾ കെട്ടുന്നവരുടെ സംഭാവനകളാണവ. അതിന്റേതായ യുക്തികളും ന്യായങ്ങളും അവയ്ക്കെല്ലാമുണ്ട് താനും.

പ്രശ്നം സങ്കീർണ്ണമായിക്കഴിഞ്ഞ്, എനിക്കറിയില്ലായിരുന്നു എന്നൊക്കെ പറഞ്ഞാൽ അവര് വെറുതെ വിടുമോ? ഒക്കത്തിരുന്ന ചെറിയ കുട്ടി മുള്ളിപ്പോയതിനാൽ പുണ്യാഹം ചെയ്യിച്ച കഥകളൊക്കെ കേട്ടിട്ടുള്ളതല്ലേ?

അജ്ഞതയാലുള്ള നിയമലംഘനങ്ങളും നിയമത്തിനു മുമ്പിൽ കുറ്റമാകുന്നതിനാൽ, ഇത്തരം അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ, അറിയാൻ മേലാത്ത വേലിക്കെട്ടുകൾക്കുള്ളിലേക്ക് ചെന്ന്‌ കയറാതിരിക്കുക എന്ന് എന്റെ വ്രതം.

അറിയാനുള്ള ജിജ്ഞാസ ഈ കാര്യങ്ങളിൽ ആപത്തെന്ന് നമ്മുടെ പോളിസി.

എന്നിരുന്നാലും പൊതുജനങ്ങളുടെ അറിവിലേക്കായ് ഇത്തരം ചില സ്ഥലങ്ങളിൽ “അവിശ്വാസികൾക്ക് പ്രവേശനമില്ല” എന്ന ഫലകങ്ങൾ എഴുതിയിരിക്കുന്നത് കാണുമ്പോൾ സംശയം തോന്നിയിട്ടുണ്ട് -- എങ്ങിനെയാണ് ഒരുവന്റെ വിശ്വാസം അളക്കുക?

6 അഭിപ്രായങ്ങൾ:

വര്‍ണ്ണമേഘങ്ങള്‍ പറഞ്ഞു...

ഏവൂരാൻ..
ഞാൻ രാമപുരാൻ ആകുന്നു..
താങ്കളുടെ അയൽ രാജ്യത്തിൽ നിന്നും..!
ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവ തല്ലിപ്പൊളി ലോഗുകളിൽ എന്റെ എൻ ട്രിയും വന്നിട്ടുണ്ടെങ്കിലോ...അത്‌ ഭാരവാഹികൾ എന്ന ദ്രോഹികൾ പൊതുദർശനത്തിനെങ്ങാനും വെച്ചിട്ടുണ്ടെങ്കിലോ..എന്ന പേടി കാരണം മിണ്ടാതിരുന്നതാ..!

വര്‍ണ്ണമേഘങ്ങള്‍ പറഞ്ഞു...

സന്തോഷം നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു..!

evuraan പറഞ്ഞു...

വർണ്ണമേഘങ്ങളെ,

ഹിന്ദി വിദ്യാലയം, രാമപുരം സുനിത 70 എം.എം -- അങ്ങിനെ പലതും...

രാമപുരാൻ ആണോ, അതോ കീരിക്കാടൻ ആണോ? :)

ഏവൂരാൻ അറ്റ് യാഹൂ ഡോട്ട് കോമിലേക്ക് ഒന്നെഴുതൂ...

സു | Su പറഞ്ഞു...

:)എവൂരാനേ,
എന്റെ കൂട്ടുകാരി എന്നെയുംകൊണ്ട് പള്ളിയിൽ പോയി. പക്ഷേ ഞാൻ ഇതുവരെ നീ ഞങ്ങളുടെ കൂടെ അമ്പലത്തിൽ വരുന്നോ എന്നു ചോദിക്കാൻ ധൈര്യം കാട്ടിയിട്ടില്ല. പിന്നെ ജാതിയും മതവുമൊക്കെ അടുത്തറിയുന്നവർക്കല്ലേ. ദൂരനാടുകൾ കാണാൻ പോകുന്നവർ അമ്പലത്തിലും പള്ളിയിലും ഒരുപോലെ കയറും. എനിക്ക് എല്ലാ ദൈവങ്ങളും ഒരുപോലെയാ.

ചില നേരത്ത്.. പറഞ്ഞു...

ഇത്രയൊക്കെ വായിച്ചപ്പോഴാണ്, ഒരു ഹിന്ദു മത വിശ്വാസിയോ ക്രിസ്തു മത വിശ്വാസിയോ മുസ്ലിം പള്ളി സന്ദര്‍ശിക്കുന്നതിനെ പറ്റി ചിന്തിക്കുന്നത്. പുകിലുകളോര്‍ത്ത് ഞാനും പത്തി മടക്കി, റോക്സിയുടെയും ഏവൂരാന്റെയും ചിന്താഗതികളെ അനുകൂലിക്കുന്നു.
വിശ്വാസത്തിന് പരിധികള്‍ നിശ്ചയിച്ചതിലെ വങ്കത്തമാണ് മതങ്ങളെ പരിഹാസ്യമാക്കുന്നത്.
തള്ളാനും കൊള്ളാനും വയ്യാത്ത ബന്ധനമാണ് മതം എന്നറിയുന്നതില്‍ നോവനുഭവപ്പെടുന്നു.
-ഇബ്രു-

evuraan പറഞ്ഞു...

ശ്ശെ, സൂവിനോട് പിണങ്ങിയിട്ടൊന്നുമല്ല കേട്ടോ ഇതിട്ടത് -- ആ പോസ്റ്റ് കണ്ടപ്പോഴാണ്‍ ഈക്കാര്യം ഓര്‍ത്തത് എന്ന് സത്യം.

വേലികള്‍ എല്ലാവരും കെട്ടുന്നു -- വേലികള്‍ക്കിപ്പുറം ഇങ്ങനെയെങ്കിലും സൌഹൃദങ്ങള്‍ വളരട്ടെ, ബൌദ്ധിക തലങ്ങളിലെങ്കിലും വേലിക്കെട്ടുകളില്ലാതവട്ടെ, ആശയങ്ങള്‍ പങ്ക് വെക്കാന്‍ നമുക്കാവട്ടെ..

കൂട്ടത്തില്‍ ഇങ്ങിനത്തെ ചില അവലോകനങ്ങളും..!!

അനുയായികള്‍

Index