കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഓഗസ്റ്റ് 02, 2015

ബിജെപി ബാന്ധവം


എസ്.എൻ.ഡി.പി.-യുടെ അമരക്കാർക്ക് ബീജെപി-യോട് ഇത്തിരി ചായ്‌‌വ് ഉണ്ടായിരിക്കുന്നു എന്ന വാർത്തകളും, അവയ്ക്കുള്ള പ്രതികരണങ്ങളും ശ്രദ്ധിച്ചു. അവരതെന്തോ മഹാപരാധം ചെയ്തതു പോലെയാണു ഇടതുപക്ഷത്തിന്റെ അവലോകനം പോവുന്നത്. കണ്ണൂരിലും മറ്റും നടന്നിട്ടുള്ള രാഷ്ട്രീയക്കൊലപാതകങ്ങളിൽ   വെട്ടിയും കുത്തിയും ചാവുന്നതിൽ ഒരു നല്ല ഭാഗം ഈഴവർ തന്നെയാണു്. (ഉദാ:, ആറെസ്സുസ്സുകാരനായ ഈഴവനെ, കമ്മ്യൂണിസ്റ്റുകാരനായ ഈഴവൻ ഉപദ്രവിക്കുന്ന ഇടപാട്.. അല്ലെങ്കിൽ തിരിച്ച്. രണ്ട് മനുഷ്യർ തമ്മിൽ തല്ലുന്നു എന്ന ലളിതമായ പ്രഹേളിക തത്കാലം, തമ്മിൽ തല്ലിച്ചാവുന്ന സ്വജാതി എന്നു വായിക്കാം...) ഒരേ സമയത്ത് പല ഭാഗങ്ങളും  നിറഞ്ഞാടിയിട്ടുള്ള ആ സമുദായത്തിന്റെ സാധാരണ നിർവചനത്തിനു മാറ്റം വരുത്തുന്നതാണു് ഈ പുതിയ ഭാവം.

അയ്യഞ്ചു വർഷങ്ങളിൽ ഒരു കാലിലെ മന്ത് മറുകാലിലേക്ക് മാറുന്നതാണല്ലോ കേരള ഭരണത്തിന്റെ രാഷ്ട്രീയമോഡൽ. രണ്ടേ രണ്ട് രാഷ്ട്രീയശക്തികൾ - ഒരു രാത്രി കഴിയുമ്പോൾ പകലെന്ന പോലെ ഒരു സ്ഥിരം ഏർപ്പാടാണിതെന്ന പ്രതീതി നല്കുന്നു. "ആം ആദ്മി" തുടങ്ങിയ പ്രസ്ഥാനങ്ങളാവട്ടെ ഇതു വരെയും കേരളത്തിൽ പറയത്തക്ക ആഘാതമൊന്നും ഉണ്ടാക്കിയിട്ടുമില്ല. മൂന്നാം നിര വരേണ്ടത് ഇനി എസ്.എൻ.ഡി.പി.യെ  ബിജെപി ബാന്ധവം  ചെയ്തിട്ടാണെങ്കിലും അതു വേണ്ടതു തന്നെ.  ഇതിനു മുമ്പ് ശീലിച്ചിട്ടില്ലാത്ത  തീവ്ര ഹിന്ദുത്വ നിലപാടെടുക്കുന്ന പുതിയ ആഢ്യൻമാരുടെ അല്പം ഡാംഡൂം കേരള ജനത സഹിക്കേണ്ടി വരും എന്നു മാത്രം.

(ഭരണത്തിൽ കയറിയ ശേഷം  അധ്യാപികമാരെ പച്ചക്കോട്ട് ഇടീക്കാനും മറ്റും തള്ളുന്ന മുസ്ളീം ലീഗ് പോലത്തെ ഒരു രാഷ്ട്രീയപാർട്ടി അല്ല എസ്.എൻ.ഡി.പി. എന്നത് പ്രസക്തമാണു്. അവരുടെ സമുദായം, അവരുടെ അംഗങ്ങൾ എന്നല്ലാതെ അത്ര വലിയ ലോകോത്തര സാമൂഹികപ്രതിബദ്ധതയൊന്നും അവരുടെ നയങ്ങളിൽ നിന്നും പ്രതീക്ഷിക്കേണ്ടതുമില്ല. അവരുടെ നയങ്ങൾ വിശാല ലോകത്തിനു ഇടുങ്ങിയതെന്ന് തോന്നിയാലും, അവർക്കത്  ബോധിച്ചാൽ, അതു തന്നെ ധാരാളം..!)  

 മർദ്ദിതൻ മർദ്ദകനാവുന്ന വിരോധാഭാസം  ഇതിലുമുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല, എങ്കിലും  കുരിശേറിയ പാവം പൊതുജനത്തിനൊപ്പം നിൽക്കാൻ   രണ്ട് കള്ളന്മാര്ക്ക് പകരം മൂന്നെണ്ണം ഉണ്ടാവുന്നത് നന്നെന്ന് വിവക്ഷ..  (the more, the merrier, എന്നല്ലേ?)

അവലംബം:

എസ്‌.എന്‍.ഡി.പി- ബി.ജെ.പി. കൂട്ടുകെട്ട്‌: 
ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ?
 Movin' on Up, To the East side..


3 അഭിപ്രായങ്ങൾ:

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

ഇവിടെ ഒരു പ്രശ്നമായി ഉയർന്നു വരേണ്ടത്, ശ്രീനാരായണ ദർശനങ്ങളും RSS വീക്ഷണങ്ങളും തമ്മിലുള്ള അന്തരമാണ്. പക്ഷേ, ഒരു വോട്ട് ബാങ്ക് എന്നതിനപ്പുറം ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നതേയില്ല. പിന്നെ, ശ്രീനാരായണ ദർശനങ്ങളിൽ നിന്ന് ഈഴവർ ഉൾപ്പടെയുള്ള കേരളീയ സമൂഹം നാൾക്കുനാൾ അകലുമ്പോൾ അതൊന്നും വലിയ വിഷയവും അല്ല. ബീജേപ്പിയെങ്കിൽ ബീജേപ്പി. ഒരു മാറ്റം അത്യാവശ്യമാണ്.

സുധി അറയ്ക്കൽ പറഞ്ഞു...

കേരളത്തിനൊരു മാറ്റം അനിവാര്യം.

P.C.MADHURAJ പറഞ്ഞു...

If there is any party ideology of which comes closer to sreenaaraayana darshanam, that is BJP. I have studied Sree Narayanagurus kritis (original) and BJP's ideology stated through "Integral Humanism" of Deen Dayal Upadhyaya.

അനുയായികള്‍

Index