കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, മാർച്ച് 29, 2010

പാട്ടും പാട്ടിന്റെ ബാക്കിയും

"മിന്നലേ" എന്ന തമിള്‍ ചിത്രത്തിലെ പാട്ടുകള്‍ കേള്‍ക്കാന്‍ എനിക്കിഷ്ടമാണു് - ഇതു വരെ ആ ചിത്രം കണ്ടിട്ടില്ല എങ്കിലും. അടുത്തിടെയാണു് അതിന്റെ ഗാനരംഗങ്ങള്‍ യൂട്യൂബിലും മറ്റും തപ്പിയെടുത്ത് കണ്ടത്.

സംഗീതം കെങ്കേമമാണെങ്കിലും, അവയുടെ ദൃശ്യാവിഷ്ക്കാരം മഹാ അലമ്പാണെന്നു തോന്നിപ്പോയി.

ഏതൊരു മലയാളിയേയും പോലെ, ഇമ്പമേറിയ ഒരുപാട് മലയാളം പാട്ടുകള്‍ നാവിന്‍തുമ്പിലുണ്ട് - വീഡിയോ ഇന്നേ വരെ കണ്ടിട്ടില്ലാത്തവയാണു് കൂടുതലും. ദാ, കിലും കിലുകിലും എന്നൊരു ക്ളാസ്സിക് മലയാളം പാട്ടിന്റെ വീഡീയോ ഇന്നു് തപ്പിയെടുത്ത് കണ്ടതാണു് - അരോചകം എന്നു തന്നെ പറയേണ്ടി വരും. ഒരുപക്ഷെ ആ പാട്ടില്‍ നായകനിട്ടിരിക്കുന്ന നീളന്‍ കോട്ട് അക്കാലങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നതാവാം - കോട്ട് പോകട്ടെ, തയ്യല്‍ക്കാരനു മാപ്പ് കൊടുക്കാം. പക്ഷെ, ഭാവചലനാദികളില്‍ ആകെമൊത്തം അതിഭാവുകത്വവും ഓവര്‍ ആക്ടിങ്ങും മുഴച്ചു നില്‍ക്കുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ "പിന്നെയും പിന്നെയും ആരോ കിനാവിന്റെ.." എന്നു തുടങ്ങുന്ന പാട്ടു് ഒരുപാടിഷ്ട്മാണു്. അതിന്റെ വീഡിയോ‌ ഒന്നു കണ്ട് നോക്കൂ - കോമാളിത്തം കാട്ടിയതു് അമ്പേ തുലച്ചിരിക്കുന്നു.

എവര്‍ഗ്രീന്‍ പാട്ടുകള്‍ നിലനില്‍ക്കുന്നത് അവയുടെ വീഡിയോവിലൂടെയല്ല. ഡാം-ഡൂം തട്ട്പൊളിപ്പന്‍ വീഡിയോ രംഗങ്ങള്‍ അവ ഉള്‍പ്പെട്ടിരിക്കുന്ന സിനിമാക്കഥകള്‍ക്കു് തത്ക്കാലം ആവശ്യമാണെങ്കിലും ആ അലമ്പിനൊക്കെയപ്പുറത്തെ ഒരു തലത്തിലേക്കാണു് നല്ല ഗാനങ്ങള്‍ അനശ്വരത നേടിയെത്തുന്നതു്. (ചില നിത്യഹരിത ഗാനങ്ങള്‍ക്കാവട്ടെ സിനിമാക്കഥയുമായി ഒരു ബന്ധവുമില്ല താനും.)

ശ്രീ ഓ.എന്‍.‌‌വി. എഴുതിയ, "ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം.." എന്ന പാട്ടുള്ള സിനിമ ഞാന്‍ കണ്ടിട്ടില്ല - ഇനിയൊട്ട് കാണാനും സാധ്യതയില്ല. ആ പാട്ടിനൊപ്പം എനിക്ക് എന്റെ മാത്രം കഥകളുണ്ട് - എന്റെ പഴമയുടെയും, ഗൃഹാതുരതയുടെയും, നൊസ്റ്റാള്‍ജിയയുടെയും കഥകള്‍ എനിക്കു തന്നെ പറയാനും ഓര്‍ക്കാനുമുണ്ട്. അങ്ങനെയിരിക്കെ ആര്‍ക്കു വേണം അതിന്റെ സിനിമാ കഥാസാരം?

വരികളും സംഗീതവും നമുക്ക് പകരുന്ന കാല്‍പനിക ഭ്രമത്തിനു പകരം തരാന്‍ ക്യാമറയ്ക്ക് വലുതായൊന്നും തന്നെ ഇല്ല തന്നെ.

പക്ഷെ, പാട്ടുളവാക്കുന്ന മാസ്സ് ഹിസ്റ്റീരിയ ഒരളവു വരെ വര്‍ണ്ണിക്കാന്‍ ഒരു പക്ഷെ അതിന്റെ വീഡിയോ സഹായിച്ചേക്കും. ബ്രയന്‍ ആഡംസിന്റെ സമ്മര്‍ ഓഫ് 69 എന്ന പാട്ടിന്റെ വീഡിയോ നോക്കൂ:അത്രയും റിവറ്റിങ്ങ് ആയ ഒരനുഭവം നമ്മുടെ ഗാനമേളകളുടെ വീഡിയോകളും സ്റ്റേജ് ഷോകളിലെ കണാകുണാ വീഡിയോകളും ഇതു വരെ തന്നിട്ടില്ല.

4 അഭിപ്രായങ്ങൾ:

സന്തോഷ്‌ ജനാര്‍ദ്ദനന്‍ പറഞ്ഞു...

ഒന്നും വേണ്ട... “ദോസ് വേര്‍ ദ് ബെസ്റ്റ് ഡേയ്സ് ഇന്‍ മൈ ലൈഫ്” എന്ന ഒരു വരിയുടെ ഫീലിനു മിഠായി കൊടുക്കാം!!

Captain Haddock പറഞ്ഞു...

Summer of '69 is a classic !!!

The lyrics are very touchy.

suraj::സൂരജ് പറഞ്ഞു...

ഹ ഹ ഹ ഹ ! നമ്മുടെ ഗാനമേളകളുടെ സദസ്സ് ഏവൂരാന്‍ കണ്ടിട്ടേയില്ലേ ?

മുന്‍ നിരയില്‍ വല്യ വല്യ സിനിമാസാംസ്കാരികരാഷ്ട്രീയ തമ്പ്രാക്കള് കാലുമ്മേക്കാലും കേറ്റിയിരിക്കും. മധ്യവയ്സ്സും, ഇത്തിരിക്കൂടെ മൂത്തതുമായ വേറെ ഒരു സെറ്റ് ആസനത്തിലൂടെ ഒരു വടികയറ്റിയപോലെ തൊട്ടുപിന്നിലെ നിരമുതല്‍ മധ്യഭാഗം നിറഞ്ഞ് കവിഞ്ഞ്... ഗാനമേള റിമിടോമിയുടേതായാലും നരേഷ് അയ്യരുടേതായാലും ശരി, സദസ്സിന്റെ ഈ പീസ് ഒന്നു ചുണ്ട് പോയിട്ട് മുഖത്തെ ഒരു മസിലു പോലും അനക്കുകേല. എന്തെങ്കിലുമൊരു ‘കമോഷന്‍’ ഉണ്ടാകുന്നത് സദസ്സിന്റെ പിന്‍ നിരയിലാണ്. കുറേയെണ്ണം അടിച്ച് താമരയായി തുള്ളും. കുറേ കഴിയുമ്പോള്‍ ഇന്‍‌ഹിബിഷന്‍സൊക്കെ മാറി സ്റ്റേജിന്റെ മൂട്ടില്‍ ചെന്ന് നിന്ന് തുള്ളും....

എക്സ്പ്രഷനില്ലാത്ത ജനത്തിനെന്ത് മാസ് ഹിസ്റ്റീരിയ.. ?! അതിന് വല്ല പീഡനക്കേസിലെ പ്രതിയേയോ പെണ്‍കുട്ടിയെയോ കൊണ്ടുവന്നിറക്കണം.... അല്ലെങ്കില്‍ വല്ല ബസ്സും വെള്ളത്തില്‍ മറിയണം.... മൊബൈല്‍ ഫോണിന്റെ ക്യാമറ കൊണ്ടുള്ള മാസ് ഹിസ്റ്റീരിയ കാണാം ;))))

സുഗ്രീവന്‍ :: SUGREEVAN പറഞ്ഞു...

ഏവൂരാനേ, നൻഡ്രികൾ! ആദ്യം പഴയ ആ ഇഷ്ടഗാനം സമ്മർ ഓഫ് 69 ഓർമ്മിപ്പിച്ചതിന്. പിന്നെ അതിന്റെ വീഡിയൊ കാട്ടിയതിന്!

ഞാൻ എതിരന്റെ പൊൻ‌വെയിൽ...പോസ്റ്റ് വായിച്ചതോടെ പഴയ മലയാളം ഹിറ്റ് ഗാനങ്ങളുടെ വീഡിയോ കാണൽ നിർത്തി! സഹിക്കൂല്ലാ! ചിലതു കണ്ടാൽ കരഞ്ഞു പോകും!

ചില്ലിൽ മാത്രമല്ല ഉൾക്കടലിലെ നല്ല പാട്ടുകളിലും വേണു നാഗവള്ളി നിക്കറിൽ അപ്പിയിട്ട കുട്ടിയുടെ ഭാവത്തിൽ ചുറ്റിത്തിരിയുന്നതുകാണാം! ആസ്ഥാന നിരാശാകാമുകനല്ലേ!

ഏതായാലും Oll Korrect ഉം ഈ പോസ്റ്റുമൊക്കെയായി ഏവൂരാൻ സടകുടഞ്ഞെഴുന്നേൽക്കുന്നതു കാണുമ്പോൾ പെരുത്ത് സന്തോഷം!
:-)

അനുയായികള്‍

Index