കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ജൂൺ 15, 2007

പൈപ്പ്, പൈപ്പ്..!

ഓരിയിടലൊഴിഞ്ഞ പിന്മൊഴി എനിക്കിഷ്ടമാണു്  , ഇപ്പോഴും വരിക്കാരനാണു്, ഉപയോഗിക്കുന്നുമുണ്ട്.  നിര്‍ത്തിയാല്‍ കൊള്ളാം എന്ന് അഭിപ്രായവുമുണ്ട്.  കാരണം, പണ്ടില്ലാഞ്ഞ കാര്യങ്ങള്‍  ഇപ്പോളുണ്ട്. കമന്റ് ഫീഡുകള്‍ ഉദാഹരണം. കമന്റു ഫീഡുകളും മറ്റും വന്നതിനു ശേഷം, പിന്മൊഴി പോലെ, എല്ലാം വന്നെത്തുന്ന ഒരു മെയിലിംഗ് ഗ്രൂപ്പിനു് പ്രസക്തിയില്ല എന്നതു സത്യമാണു്. ഉപയോഗിച്ചു ശീലിച്ചു പോയി, കമന്റുകള്‍ മിക്കവരും പിന്മൊഴികളിലേക്ക് അയയ്ക്കുന്നു എന്നതും, തേടി നടക്കണ്ട, എല്ലാം അവിടെ വരും എന്നതും പിന്മൊഴികള്‍ക്കുള്ള മേന്മ തന്നെ എന്നു തോന്നാം. കമന്റുകള്‍ വായിക്കേണ്ടവ‌ര്‍ക്ക് സ്വരുചിയനുസരിച്ച് അതു ചെയ്യാന്‍,  ഗ്രൂപ്പിന്റെയോ  മറ്റോ ഇടനിലയില്ലാതെ തന്നെ അവ തേടിയെടുത്തു് വായിക്കാം എന്നിരിക്കെ, എല്ലാം വന്നടിയുന്ന  പൊതുഫോള്‍ഡര്‍,  മലയാളം ബ്ലോഗുകളുടെ ശൈശവം മാറിയ നിലയ്ക്ക് ഇനി  വേണോ എന്നു് ചിന്തിക്കുന്നതില്‍  തീര്‍ച്ചയായും ന്യായമുണ്ട്. 

പൈപ്പ് ഉദാഹരണം.

ബ്ലോഗ്‌സ്പോട്ട് ബ്ലോഗിന്റ്റെ കമന്റ് ഫീഡ് ഉദാഹരണം: http://chithrangal.blogspot.com/feeds/comments/default
വേര്‍ഡ്‌പ്രസ്സ് ബ്ലോഗിന്റെ കമന്റ് ഫീഡിനു ഉദാഹരണം: http://peringodan.wordpress.com/comments/feed/


കൂടുതല്‍ അറിയാന്‍...

20 അഭിപ്രായങ്ങൾ:

chithrakaran ചിത്രകാരന്‍ പറഞ്ഞു...

പ്രിയ ഏവൂരാന്‍,
ജനം വീട്ടില്‍ ബാത്ത്‌ ടബ്ബും സ്വിമ്മിംഗ്‌ പൂളും നിര്‍മ്മിക്കുന്നെന്നു കരുതി നാട്ടിലെ കുളങ്ങളും, പുഴകളും നികത്തരുതെന്ന് സാങ്കേതിക വിവരമില്ലാത്ത ചിത്രകാരന്റെ മനസ്സു മന്ത്രിക്കുന്നു.
അറിവുള്ളവര്‍ ബുദ്ധിപൂര്‍വം തീരുമാനിക്കുക.
(ഇതിന്റെ പിന്നില്‍ വല്ല രാഷ്ട്രീയവുമുണ്ടോ... എന്നൊരു സംശയം ബാക്കി നില്‍ക്കുന്നുണ്ട്‌. വിരോധമില്ലെങ്കില്‍ മറുപടി തരിക.ചിത്രകാരന്‍ അറ്റ്‌ ജിമെയില്‍. കോം)

ബീരാന്‍ കുട്ടി പറഞ്ഞു...

പിന്മൊഴിക്ക്‌ പകരം വെക്കാന്‍ മറ്റോന്നും ഇന്ന് നെറ്റില്‍ ഇല്ല എന്ന സത്യം എവ്വുരാനും അറിയാമെന്ന് കരുതാതിരിക്കാന്‍ നിര്‍വാഹമില്ല.

(പിന്മൊഴി തികച്ചും വ്യക്തിപരമായ കരണങ്ങളാല്‍ നിര്‍ത്തുന്നു എന്ന് പറഞ്ഞാല്‍ പിന്നെ ഞാന്‍ വയടക്കം, അല്ലെങ്കില്‍ ഇതിന്‌ പകരം വെക്കാന്‍ ഫീഡിനോ, പിപ്പിനോ കഴിയില്ലെന്ന സത്യം മനസ്സിലാക്കുക. ഞാന്‍ രണ്ടും ഉപയോഗിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടവനാണ്‌. കമ്പ്യൂട്ടര്‍ ഡിപ്ലോമ ഇല്ലാത്തവര്‍ മലയാളം ബ്ലോഗ്‌ മുഴുവന്‍ വയിക്കുകയും, ആര്‍മ്മാദിക്കുകയും ചെയ്യരുതെന്ന് കരുതിയവര്‍ വിജയിച്ചു)
ഏന്തുട്ടാ വെറെ ഞാന്‍ പറയ്യാ.
ഏന്റെ ബ്ലോഗനാര്‍കാവിലമ്മെ.

അഭയാര്‍ത്ഥി പറഞ്ഞു...

പിന്മൊഴികള്‍ താങ്കള്‍ക്ക്‌ അസൗകര്യങ്ങളില്ലാത്തിടത്തോളം തുടര്‍ന്ന്‌ പോകണം എന്നാണെന്റെ അഭിപ്രായം.
സിബു ഈ വിഷയത്തെക്കുറിച്ചെഴുതിയ പോസ്റ്റ്‌ എല്ലാവരും വായിക്കുക. ബ്ലോഗുടമസ്ഥന്റെ നിയന്ത്രണത്തിലാണ്‌ പിന്മൊഴി എവിടേക്ക്‌ വിടണമെന്നുള്ളത്‌.സിലക്റ്റീവ്‌ ആവാന്‍ സ്വയം തീരുമാനിക്കുക.
ഇതൊരു കമ്മൂണിറ്റി പോലെ നിലകൊള്ളുന്നതില്‍ പല ഗുണങ്ങളുമുണ്ട്‌. ദോഷങ്ങള്‍ അത്രക്കൊന്നുമില്ല താനും. നിര്‍ദോഷമായ ഒന്നിനെ എന്തിന്‌ കൊല്ലണം.
ഒന്നുമില്ലെങ്കിലും ഒര്‌പാട്‌ സൗഹൃദങ്ങള്‍ക്കെങ്ങിലും വഴിതെളിക്കുന്നുവെങ്കില്‍.

പിന്നെ ഈ സിലക്റ്റീവ്‌ വായന ഇഷ്ടപ്പെടുന്നവര്‍ 20 ശതമാനമായിരിക്കും.

60 ശതമാനം പിന്മൊഴി പ്രത്യക്ഷപ്പെടുന്നതില്‍ സായൂജ്ജ്യമടയുന്നവരും.
അടുത്ത 20 ശതമാനം മിസ്ചീവിയസുമാണ്‌.

നിര്‍ത്തണൊ വേണ്ടയൊ എന്നത്‌ താങ്ങളുടെ ഇഷ്ടം. നിര്‍ത്തരുത്‌ എന്നതിന്‌ എന്റെ വോട്ട്‌.
കാരണം ഒന്നു തന്നെ .ബ്ലോഗ്‌ ഓണര്‍ തീരുമാനിക്കുനിടത്തെ കമെന്റ്‌ പോകു.

പിന്മൊഴി എന്നത്‌ ജീവ വായു പോലെ കരുതുന്ന ഒരു പാട്‌ പേരുണ്ട്‌. ഈ ലേഖനമെങ്കിലും യാഥാര്‍ത്യബോധത്തോടെ വായിക്കാനവര്‍ക്കായിരുന്നെങ്കില്‍...

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

പിന്മൊഴികള്‍ താങ്കള്‍ക്ക്‌ അസൗകര്യങ്ങളില്ലാത്തിടത്തോളം തുടര്‍ന്ന്‌ പോകണം എന്നു തന്നെയാണ് എനിക്കും പറയാനുള്ളത്. പിന്മൊഴികള്‍ നിര്‍ത്തണമോ വേണ്ടയോ എന്നുള്ള ചര്‍ച്ച തന്നെ അസ്ത്ഥാനത്തായിരുന്നു എന്നു തോന്നുന്നു.
അസൗകര്യങ്ങളില്ലാത്തിടത്തോളം പിന്മൊഴികള്‍ തുടരുമെന്ന് കരുതട്ടെ.

Unknown പറഞ്ഞു...

ബീരാങ്കുട്ടിയെ പോലെ പലരും പറഞ്ഞ് കേട്ടു പിന്മൊഴി പോലെ വേറെ ഒന്ന് കണ്ടില്ല നെറ്റില്‍ എന്ന്. മറുമൊഴി എന്ന പേരില്‍ കമന്റ് അഗ്രഗേറ്റര്‍ ഓണ്‍ലൈനായിട്ട് ഏതാനും ദിവസങ്ങളായി. പിന്മൊഴി പോലെ തന്നെ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇത് മറുമൊഴി കേമമാണ്, പിന്മൊഴിക്ക് ബദലാണ് എന്നൊന്നും പറയാന്‍ വേണ്ടിയല്ല. പക്ഷെ പിന്മൊഴിയുടെ അതെ കര്‍മ്മം നിര്‍വഹിക്കുന്ന മറ്റ് അഗ്രഗേറ്ററുകളും ഫീഡുകളും പൈപ്പുകളും നെറ്റില്‍ ഉണ്ട് എന്ന് പറയാന്‍ വേണ്ടി മാത്രമാണ്. ഗൂഗിള്‍ ഗ്രൂപ്പുകള്‍ വഴി ആവശ്യമുള്ളവര്‍ക്ക് പുതിയ മൊഴികള്‍ ഉണ്ടാക്കാവുന്നതേയുള്ളൂ താനും.

പിന്മൊഴിയേയോ അത് നല്‍കുന്ന സേവനങ്ങളേയോ ഒരിക്കലും കുറച്ച് കാണാനും കഴിയില്ല. പിന്മൊഴിക്ക്‌ പകരം വെക്കാന്‍ മറ്റോന്നും ഇന്ന് നെറ്റില്‍ ഇല്ല എന്ന സത്യം എവ്വുരാനും അറിയാമെന്ന് കരുതാതിരിക്കാന്‍ നിര്‍വാഹമില്ല. എന്ന് കണ്ടപ്പോള്‍ പറഞ്ഞതാണ്.

ഗുപ്തന്‍ പറഞ്ഞു...

വിഷയങ്ങള്‍ പലതായി തിരിഞ്ഞ ഫീഡുകളേക്കാള്‍ കോമണ്‍ അഗ്രഗേറ്ററുകള്‍ ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷം ബ്ലോഗര്‍മാര്‍ എന്നാണ് എന്റെ അഭിപ്രായം. ഈ മുഖമില്ലാത്ത ജനക്കൂ‍ട്ടം ബ്ലൊഗിംഗിന്റെ നിലവാരം കുറയ്ക്കുന്നു എന്ന ആധി താങ്കള്‍ക്കും ഇല്ലെങ്കില്‍ ഇതു തുടരണം എന്നാണ് അഭിപ്രായം.

ഉന്നതമായ സാഹിത്യവും ചിന്തയും പങ്കുവയ്ക്കാന്‍ വരുന്നവര്‍ മാത്രമേ ബ്ലോഗില്‍ തുടരേണ്ടതുള്ളൂ എന്ന ചിന്ത ബ്ലോഗെഴുത്തിനെ കുറിച്ച് എനിക്കുള്ള സങ്കല്പത്തിനു വിരുദ്ധമാണ്.

സാങ്കേതികമായ അര്‍ത്ഥത്തില്‍ നിലവാരത്തെക്കുറിച്ച് ആശങ്കയില്ലാത്ത ജനകീയ എഴുത്തായിട്ട് ഇതിനെ സമീപിക്കാനാണ് എനിക്കിഷ്ടം. വിഷം കലരാത്തിടത്തോളം housewives' gossip വരെ എത്തിപ്പെടേണ്ട സ്ഥലം. അതില്‍ നിന്ന് നിലവാരമുള്ള എഴുത്ത് വഴിപിരിഞ്ഞുകൊള്ളൂം. ആരുടെയും പ്രേരണയും പ്രയത്നവും ഇല്ലാതെ തന്നെ.

അല്ലെന്ന് കുറച്ചുപേര്‍ വാശിപിടിച്ചാല്‍ ഒരു ലാപുടയും ദേവനും സിജിയും ദേവസേനയും കൈപ്പള്ളിയും സിബുവും ഒക്കെ ആയി ചുരുങ്ങും ബ്ലോഗ്ഗേഴ്സ്.

അവരൊക്കെ ഒഴിച്ചാല്‍ ബാക്കിയുള്ളവര്‍ സെര്‍ച്ച് എഞ്ചിനുകളില്‍ തപ്പി വായിച്ച് നിര്‍വൃതിയടഞ്ഞോണം എന്ന് നിര്‍ബന്ധിച്ചാല്‍ സുല്ലൊരു കാര്‍ട്ടൂണില്‍ വരച്ചിട്ടപോലെ പിടിവള്ളിമുറിക്കുന്ന പരിപാടി തന്നെയാണ്.

ഇതു വ്യക്തിപരമായ അഭിപ്രായം മാത്രം. അവ്യക്തത ഉണ്ടെങ്കില്‍ ചുരുക്കമായി ഇത്രയും: സ്വന്തമായി വായനയും എഴുത്തും തിരഞ്ഞെടുത്ത് പോകാന്‍ തക്ക ദിശാബോധം ഉണ്ടായിട്ടില്ലാത്ത പുതിയതും പഴയതുമായ ബ്ലോഗര്‍മാരെ സംബന്ധിച്ചിടത്തോളം അര്‍ത്ഥവും പ്രസക്തിയും ഉള്ള സംവിധാനമാണ് കോമണ്‍ പോസ്റ്റ്/കമന്റ് അഗ്രഗേറ്റര്‍. വഴിമാറാന്‍ പക്വതയായവര്‍ മാറിനടക്കട്ടെ. അല്ലാത്തവര്‍ക്കായി ഈ സംവിധാനം തുടരണമെന്ന് താല്പര്യപ്പെടുന്നു.

ഇനി ആ ദിശാബോധം ഇല്ലാത്തവര്‍ ബൂലോഗത്തിനു ആവശ്യം ഇല്ലാത്തവരാ‍ണെന്ന് ബോധ്യംവന്ന തമ്പുരാക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ... ഒന്നും പറയാനില്ല.

കരീം മാഷ്‌ പറഞ്ഞു...

പിന്മൊഴിയില്‍ നിന്നും മറുമൊഴിയിലേക്കു മാറുമ്പോള്‍ നാം നേടുന്ന അധികസുഖമെന്താണ് എന്നെനിക്കു മനസ്സിലായിട്ടില്ല.
എന്തെങ്കിലും കൂടുതലായി വേണമെങ്കില്‍ പിന്മൊഴി തന്നെ നവീകരിച്ചെടുക്കുന്നതല്ലെ നല്ലത്?.
നിലവാരമില്ലാത്ത മലയാളം ബോഗുകളും മുഖമില്ലാത്ത ശകാരബ്ലോഗുകളും തനിമലയാളത്തിലൂടെ പിന്മൊഴി വഴി നമ്മുടെ വിലപ്പെട്ട സമയം നശിപ്പിക്കുന്നുണ്ടെന്നതു ശരി തന്നെ.
അതിനു പരിഹാരം കൂട്ടായിരുന്നു കണ്ടുപിടിക്കുകയാണു വേണ്ടത്.
അല്ലാതെ വീണ്ടും പൂജ്യത്തില്‍ നിന്നു തുടങ്ങുന്നതു കൊണ്ടു ലക്ഷ്യം ഏവൂരാനെ ചിത്രത്തില്‍ നിന്നു ഒഴിവാക്കാന്‍ മാത്രമാണങ്കില്‍ അതു ബുദ്ധിശൂന്യതയാവും.
പൊതു താല്പര്യത്തില്‍ നിന്നു ഒഴിഞ്ഞുനില്‍ക്കാനും സ്വയപാതയില്‍ സഞ്ചരിക്കനും തോന്നാത്തതരം ഒരു സാമൂഹ്യ ജീവി തന്നെയാണു ഏവൂരാനും എന്നാണെനിക്കു തോന്നുന്നത്.

(ഇതു ഉപമകളും സറ്റയറും അലങ്കാരങ്ങളും ഉപയോഗിക്കാതെ നേരെവാ നേരെപ്പോ രീതിയില്‍ എഴുതിയത്.വ്യക്തിഹത്യ നടത്തണമെങ്കില്‍ ഫോണിലാവാം 050 3675650 .കാരണം എന്റെ കുട്ടികളേയും ഞാന്‍ ബ്ലോഗു വായിക്കാന്‍ ശീലിപ്പിച്ചു പോയി. അവര്‍ക്കതു വിഷമമാകും).

സു | Su പറഞ്ഞു...

പിന്മൊഴി നിര്‍ത്തരുത്. വേണ്ടാത്തവര്‍ക്ക് വേണ്ടെന്ന് വെക്കാന്‍ ഓപ്ഷന്‍ ഉള്ളിടത്തോളം, നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടില്ലാത്തിടത്തോളം അങ്ങനെ പോട്ടെ.

Inji Pennu പറഞ്ഞു...

മുന്‍പൊക്കെ ബ്ലോഗിനും ഒക്കെ മുന്‍പ് ഒരുപാട് മെയിലിങ്ങ് ലിസ്റ്റുകളുടെ പ്രളയം ആയിരുന്നു. അതിതുപോലെ വര്‍ഗ്ഗീയതയും ജയ് മഹാരാജാവുകളും തെറിവിളിയും കൊണ്ട് നിന്ന് പോയി. അതുപോലെയാണ് പിന്മൊഴിക്കും സംഭവിക്കുന്നതും എന്ന് തോന്നുന്നു.

പക്ഷെ പിന്മൊഴിയും മറ്റുള്ള കമന്റ് അഗ്രിഗേറ്ററുകളും തമ്മിലുള്ള വ്യത്യാസം അതില്‍ ഒരാള്‍ നാളെ പച്ചത്തെറി എഴുതിയിട്ടാല്‍ അത് ബ്ലോക്കാന്‍ കുറച്ച് പേര്‍ സെര്‍വറും സമയവും ഒക്കെ മുടക്കി ഇരിക്കുന്നു എന്നതാണ്. ഈ ഫില്‍റ്ററിങ്ങ് സിസ്റ്റം ഒരു പരിധിവരെ ഉള്ളതുകൊണ്ടാണ് എല്ലാത്തരം വായനക്കാരും ഇതിനുള്ളത്. മറ്റുള്ള കമന്റ് അഗ്രിഗേറ്ററുകള്‍ അത് എത്രമാത്രം ചെയ്യുന്നുവെന്ന് എനിക്കറിയില്ല. മാത്രമല്ല, പിന്മൊഴിയോളം 800 യൂസേര്‍സിന്റെ മെസേജ്സ് ഹാന്റില്‍ ചെയ്യാന്‍ ഇപ്പോഴുള്ള മറ്റു ഗൂഗിള്‍ ഗ്രൂപ്പ്സിനും ഇല്ല എന്ന് തോന്നുന്നു. (?)

പിന്മൊഴി പോലെ എന്തെങ്കിലും സംവിധാനം മറ്റുള്ള ബ്ലോഗുകള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്നാശിക്കുന്ന ഒരാളാണ് ഞാന്‍. ബ്ലോഗിന്റേം മെയിലിങ്ങ് ലിസ്റ്റിന്റേയും ഒരു ഒരുമയാണത് തരുന്നത്. (ഇന്ത്യയില്‍ ആദ്യം ടെക്നോപാര്‍ക്ക് വന്നത് കേരളത്തിലാണ് എന്നിട്ട് ബാക്കി സംസ്ഥാനങ്ങള്‍ അത് കണ്ട് അതുപോലെയുണ്ടാക്കി മുന്നോട്ട് പോയി. നമ്മളത് നന്നായി ഉപയോഗിച്ചും ഇല്ല. അതേ ഗതിയാണ് ഇതും.)

കാരണം ഇക്കാസിന്റെ ജൂതപ്പെരുമ പോസ്റ്റില്‍ നിന്ന് പെട്ടെന്ന് ഡാലിക്ക് ഇസ്രയേലിന്റെ പാലപ്പത്തെക്കുറിച്ചും അവിടുന്ന് ദേവേട്ടനോട് തെങ്ങുകള്‍ വന്നതിനേക്കുറിച്ചും വായിച്ചതും അതിന്റെ സ്പീഡും പിന്മൊഴി വഴിയുള്ള ആശയ കൈമാറ്റങ്ങള്‍ കൊണ്ടാണ്. പല കാര്യങ്ങളും അങ്ങിനെ ഞാന്‍ കമന്റ് വഴി മാത്രം വായിച്ചറിഞ്ഞിട്ടുണ്ട്. അത് നിന്നാല്‍ കൊഴപ്പമൊന്നുമില്ല, വിവരം സ്വല്പം കൊറഞ്ഞോണ്ട് ആരും ചത്തൊന്നും പോവില്ലല്ലൊ :) . എന്റെ ഫുഡ് ബ്ലോഗില്‍ ആരെങ്കിലും അതുപോലെയൊരു സംശയം ചോദിച്ചാല്‍ മിക്കപ്പോഴും ഞന്‍ തന്നെയാണ് അതിനു ഉത്തരം കണ്ട് പിടിക്കേണ്ടത്. അവിടെ പിന്മൊഴി പോലൊരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ എന്ത് മാത്രം നോളേജ് ഷെയറിങ്ങ് നടന്നേനെ എന്ന് കരുതുന്നു.

മനു പറയുന്നതുപോലെ പിന്മൊഴിയെ എനിക്കിഷ്ടം ഈ ജനകീയതയാണ്. പെരിങ്ങോടരുടെ കഥയും അതിന്റെ സംവാദവും ഞാന്‍ പെട്ടെന്ന് കാണും (ഇനി കാണാന്‍ പറ്റില്ല), അഗ്രജന്റെ പാച്ചൂസിനെക്കുറിച്ചുള്ള വിശേഷവും എനിക്ക് പെട്ടെന്ന് കാണാന്‍ സാധിക്കും എന്നുള്ളതാണ്. ഒരുപാട് സീരിയസ് വായനയാണെങ്കില്‍ ബ്ലോഗില്‍ തന്നെ വരണമെന്നില്ലല്ലൊ. ബ്ലോഗിലെ എന്റെ ഇഷ്ടം ഏറ്റവും പെര്‍ഫക്റ്റ് ആയിട്ട് എഴുതുന്നതില്‍ അല്ല. അതിനെനിക്ക് വായിച്ചാലും തീരാത്ത പുസ്തകങ്ങളുണ്ട്. പക്ഷെ ബ്ലോഗുകള്‍ കൊണ്ട് വന്ന വിപ്ലവം ഈ ജനകീയത്തമാണ്. അല്ലാതെ വിവരമുള്ളവര്‍ മാത്രം എഴുതണം എന്നതില്‍ ഞാന്‍ ഒരിക്കലും യോജിക്കില്ല. അത് പിന്നോട്ടുള്ള നടത്തമാണ്. ഇന്റര്‍നെറ്റ് എന്നുള്ളതേ സാധാരണക്കാരന്റെ കോണ്ട്രിബ്യൂഷനില്‍ വളര്‍ന്നു വന്ന കാര്യമാണ്.

ഫുഡ് ബ്ലോഗിങ്ങില്‍ എല്ലാര്‍ക്കിഷ്ടവും ഏറ്റവും പോപ്പുലറും ഇതുപോലെ സാധാരണക്കാരനു പറ്റുന്നതരം റെസിപ്പികളുടെ എഴുത്താണ്. അല്ലാതെ റെസിപ്പി ബുക്കുകളുടെ അഭാവത്തിലല്ല ഫുഡ് ബ്ലോഗുകളുടെ പിന്നാലെ പോവുന്നത്. ഫുഡ് ബ്ലോഗുകളില്‍ ഫേമസ് ഷെഫ് സഞ്ചീവ് കപൂ‍റിനേക്കാളും അതുകൊണ്ട് പോപ്പുലര്‍ മഹാനന്ദിയിലെ ഇന്ദിരയാണ്. അതുപോലെ തന്നെയാണ് അഞ്ജുവിന്റെ ബ്ലോഗ് അല്ലെങ്കില്‍ ഇമ്മിഗ്രന്റ് ഇന്‍ ക്യാനഡയുടെ ഒക്കെ ഇംഗ്ലീഷ് ബ്ലോഗുകള്‍. സാധാരണക്കാരുടെ എഴുത്താണത്.

പക്ഷെ പെരിങ്ങ്സും സിബുചേട്ടനും പറയുന്ന കാര്യങ്ങളും വളരെ ശരിയാണ്. അവര്‍ രണ്ടാളും കൂടി ഉണ്ടാക്കിയ ഒരു ഐഡിയ അതീവ മോശമായി പോയിട്ട് അതിന്റെ റെസ്പോണ്‍സിബിളിറ്റി പില്‍ക്കാലത്ത് അവര്‍ക്ക് വരുന്നതിലുള്ള വിഷമം ഊഹിക്കാവുന്നതേയുള്ളൂ. ഞാന്‍ വല്ലതും ആയിരുന്നെങ്കില്‍ എപ്പൊ ആ ഡിലീറ്റ് ബട്ടണ്‍ ഞെക്കിയേനെ പലതും കണ്ട്.
പിന്മൊഴി കാരണം ബ്ലോഗ് എഴുത്ത് മുരടിക്കുന്നു എന്ന് പറയുന്നതിലും ന്യായം കാണുമായിരിക്കും.
അത് പിന്മൊഴി ഉള്ളത്കൊണ്ട് കൊറേയധികം ബ്ലോഗ് ഉണ്ടായത് കൊണ്ട് വരുന്നതാണ്.. പിന്മൊഴിയില്ലെങ്കില്‍ ഉറപ്പാണ് ഇത്രമാത്രം ബ്ലോഗുകള്‍ ഉണ്ടാവില്ല. അതാണോ നല്ലത് ഇതാണൊ നല്ലതെന്ന് ആകെ കണ്‍ഫ്യൂഷനിലാണ്. അപചയം ഉണ്ട്. ഒരു ശതമാനം വരെ പിന്മൊഴി തരുന്ന പബ്ലിസിറ്റിയില്‍ നിന്ന് ഉണ്ടായത്. ഇല്ലാന്ന് പറയുന്നത് നുണയായിരിക്കും. പക്ഷെ അതിനു പിന്മൊഴി നിറുത്തിയത് കൊണ്ട് തടയാന്‍ പറ്റുമൊ എന്നുള്ളതാണ് എന്നെ കുഴക്കുന്നത്?

ഞാന്‍ റീഡേര്‍സ് ലിസ്റ്റ് ഉപയോഗിച്ച് പെട്ടെന്ന് ബോറടിച്ച ഒരാളാണ്. അത് നല്ലതാണ്. അല്ലെന്നല്ല. പക്ഷെ എനിക്ക് ബോറടിച്ചു. എല്ലാ പോസ്റ്റും ഞാന്‍ കുത്തിയിരുന്ന് നോക്കണം. അല്ലെങ്കില്‍ കൊറേ പേര്‍ ലിസ്റ്റ് ഉണ്ടാക്കണം. അപ്പോള്‍ ഇതുപോലെ പിന്മൊഴിയിലെ കമന്റ്സ് പ്രളയം പോലെ ഏത് എന്തെടുക്കണം എന്നുള്ള കണ്‍ഫ്യൂഷണിലാവും. പക്ഷെ ബ്ലോഗൊ ഒന്നും എഴുതാത്തവര്‍ക്ക് മറ്റും കമന്റുകള്‍ കൊണ്ടുള്ള പഴയ ടയ്പ്പ് റീഡിങ്ങ് ആയ യൂസേര്‍സ് ഇന്ററാക്ഷന്‍ ഇഷ്ടമല്ലാത്തവര്‍ക്കും റീഡേര്‍സ് ലിസ്റ്റ് വളരെ നന്നെന്ന് തോന്നുന്നു. ബ്ലോഗിങ്ങിനെ ഒരു മെയിന്‍ ഗുണം കമന്റ് ഇന്ററാക്ഷന്‍ എന്ന് വിചാരിക്കുന്ന എനിക്ക് അതുകൊണ്ട് അത് സ്റ്റാറ്റിക്ക് ആയിട്ട് തോന്നുന്നു. പക്ഷെ കൊറേ ദിവസം പിന്മൊഴി വായിക്കാന്‍ സാധിച്ചില്ല്ലെങ്കില്‍ റീഡേര്‍സ് ലിസ്റ്റ് മറ്റുള്ളവരുടെ ഓടിച്ച് നോക്കി അപഡേറ്റഡ് ആവാം എന്നുള്ള ഗുണമുണ്ട് ഇപ്പോള്‍.

യാഹൂ പൈപ്പ് ഇപ്പോള്‍ വളരെ സ്ലോയാണ്. :( ന്മൊഴിയില്ലെങ്കില്‍ അതാശ്രയിക്കുന്നത് അല്ലെങ്കില്‍ നന്നായേനെ. അപ്പോള്‍ ആരുടേതും അല്ലല്ലൊ അത്.

എന്റെ ഇപോഴുള്ള നയം ഒരു ഗ്രൂപ്പിനും ഞാനില്ല. ഒന്നില്ലെങ്കില്‍ എല്ലാവരും ഇപ്പോള്‍ ഉപയോഗിക്കുന്ന പിന്മൊഴി. അല്ലെങ്കില്‍ ഒറ്റക്ക്. കേരള സമാജം കൊച്ച് കൊച്ച് സമാജങ്ങള്‍ ആവുന്നതുപോലെ ചെറിയ ചെറിയ ഗ്രൂപ്പുകളിലേക്ക് ഓടി പോകുവാന്‍ എന്റെ മനസ്സ് എന്തോ അനുവദിക്കുന്നില്ല. കടപുഴകി വീഴുന്ന നേരം വരെ ഞാന്‍ ഇതിനൊപ്പം. ഇത്രയും നാള്‍ ഉപയോഗിച്ച ഒരു സേവനം തള്ളിപ്പറ്യാന്‍ ഒരു മനസ്സ് വരുന്നില്ല. അത് വൈകാരികമാവാം. അത് സാരമില്ല എന്ന് കരുതുന്നു.

പിന്മൊഴിയുടെ മോണൊപളി എന്ന് രാഷ്ട്രീയം : മറ്റൊന്ന് ഉണ്ടാവുന്നത് തടയാന്‍ നോക്കുമ്പോള്‍ മാത്രമണ് അവിടെ മോണോപളിയെ ഭയക്കേണ്ടത്. ആര്‍ക്കും തുടങ്ങാവുന്ന ഒരു കാര്യമുള്ളപ്പോള്‍ അതില്‍ എന്ത് രാഷ്ട്രീയം എന്ന് എനിക്ക് ഇതുവരേയും മനസ്സിലായിട്ടില്ല.

ഇതും കൂടി ഏവൂര്‍ജിയോട് ഒരു റിക്ക്വസ്റ്റ് ഉണ്ട്...

പ്രായോഗികമാണോ എന്നറിയില്ല പിന്മൊഴിയില്‍ സ്പാം എന്ന് ഒരൊറ്റ നോട്ടത്തില്‍ തോന്നാത്ത ബ്ലോഗുകള്‍ ബ്ലോക്കുമ്പോള്‍ കുറച്ചും കൂടി വിപുലമായ ഒരു ടീമിനെ വെക്കുന്നത് നന്നായിരിക്കും. ആ ടീം ആരെന്ന് പരസ്യപ്പെടുത്തുന്നതും. ആ ടീമിനു രഹസ്യ സ്വഭാവം ഉള്ളത്കൊണ്ട് അതിനെന്തെങ്കിലും ഗുണം ഉണ്ടോയെന്നറിയില്ല. അല്ലെങ്കില്‍ പത്തോ പതിനഞ്ചോ പേരുള്ള എല്ലാ സ്ഥലങ്ങളിലും എല്ലാ ടയ്പ്പും ആയവരെ ഇങ്ക്ല്യൂഡ് ചെയ്യുന്നത് നന്നായിരിക്കും. വേറൊന്നും കൊണ്ടല്ല. എന്ത് സംഭവിച്ചാലും ഒറ്റക്കെപ്പോഴും ഏവൂര്‍ജി എല്ലാരുടേം തെറി മുഴുവന്‍ കേക്കണ്ടല്ലൊ. കാരണം 800 യൂസേര്‍സ് ഉള്ള ഒരു ഗ്രൂപ്പില്‍ പത്തോ പതിനഞ്ചോ പേരുള്ളത് കൂടുതല്‍ ജനകീയമാവും എന്ന് ഞാന്‍ കരുതുന്നു.

ബീരാന്‍ കുട്ടി പറഞ്ഞു...

അങ്ങയുടെ തനെ ട്യൂബ്‌ ലൈറ്റ്‌ കത്തിയപ്പോള്‍ ഞാന്‍ കണ്ടത്‌ ഇങ്ങനെ.

"ദൈവകൃപയാല്‍ , അറിവും ബുദ്ധിയും, മറ്റു സൌഭാഗ്യങ്ങളും, ഒപ്പം തിരക്കല്പം കൂടുതലെങ്കിലും, മണിക്കൂറിന്റെ കണക്കു പറഞ്ഞു് കാശുണ്ടാക്കുന്ന covetable ആയ നല്ലൊരു ഉദ്യോഗവും ഉള്ള എനിക്കു് തനിമലയാളം കൊണ്ടുള്ള സാമ്പത്തിക ലാഭം തുലോം തുച്ഛമാണു്. പതം പറച്ചിലല്ല, പ്രതിമാസം ഐ.എസ്.പി-യ്‌ക്ക് കൊടക്കേണ്ടുന്ന കാശിന്റെ കാല്‍ഭാഗം പോലും കിട്ടാറില്ല, അങ്ങിനെ ഇതില്‍ക്കൂടി കോടീശ്വരനാകാമെന്ന പ്രതീക്ഷയും ഇല്ല. എന്നാലിതില്‍ നിന്നു കിട്ടുന്ന സാറ്റിസ്‌ഫാക്ഷനോ, അതിനു് അളവൊട്ടില്ല താനും. ഇനി, പ്രതിബദ്ധതയുടെ ഭാണ്ഡക്കെട്ടഴിക്കുകയല്ല, എങ്കിലും ആവുന്നിടത്തോളം അതിനെ പരിപാലിച്ചും മെച്ചപ്പെടുത്തിയും കൊണ്ടു നടത്തണം എന്നു തന്നെയാണു് ഉദ്ദേശ്യവും. അതിനി ഏതുതരം പ്രകോപനങ്ങളാലോ ആരോപണങ്ങളാലോ പൂട്ടിക്കെട്ടാനുള്ളതല്ല."

ക്ഷമിക്കണം, ഇതിന്‌ പകരം വെക്കാന്‍ ഇന്ന് വലയില്‍ മറ്റോന്നില്ല, തളിര്‍ത്ത്‌ വരുന്ന ചെടികള്‍ മരങ്ങളാവട്ടെ എന്നിട്ടല്ലോ കയ്‌ഫലങ്ങളുടെ രുചി പറയാന്‍ പറ്റു.

സിരിയസ്സ്‌ എഴുത്തുകള്‍ മുതല്‍ കോമഡി വരെ (ചിലതോക്കെ വളിപ്പാവാം) അസ്വദിക്കാന്‍ എന്നെപോലെയുള്ള ബുദ്ധിയില്ലാത്ത കൂറെ വായനക്കാര്‍ ഇവിടെയുണ്ടെന്ന കാര്യം മറക്കരുത്‌. ജനാല ഉപയോഗിക്കുന്നവര്‍ എല്ലാവരും നളെ ലിനക്സ്‌ ഉപയോഗിക്കണം എന്ന് പറയുന്നത്‌പോലെ എന്തോ ഒരു പന്തിയില്ലായ്മ.

പിന്നെ മലയാളത്തില്‍ ഞങ്ങള്‍ 5-8 (സത്യം മുന്ന് തരം അതില്‍ കൂടില്ല) എഴുത്തുക്കാര്‍ മതി എന്ന ചിന്ത മലയാളത്തെ വളര്‍ത്താന്‍ സഹായിക്കും. കുമാരനാശാനും എഴുത്തഛനും മുലകുടി പ്രായത്തില്‍ എഴുതി പ്രശസ്തരായവരല്ലോ.

(ഓഫിനു മ്യാപ്പ്‌, സഹിക്കാന്‍ കഴിയാതെ എഴുതിയതാ)

Cibu C J (സിബു) പറഞ്ഞു...

ഈ പോസ്റ്റിലെ ചോദ്യങ്ങള്‍ക്ക്‌ എന്റെ ഉത്തരങ്ങള്‍ ഈ പോസിന്റെ അവസാനം ചേര്‍ത്തിരിക്കുന്നു.

അങ്കിള്‍. പറഞ്ഞു...

"സ്വന്തമായി വായനയും എഴുത്തും തിരഞ്ഞെടുത്ത് പോകാന്‍ തക്ക ദിശാബോധം ഉണ്ടായിട്ടില്ലാത്ത പുതിയതും പഴയതുമായ ബ്ലോഗര്‍മാരെ സംബന്ധിച്ചിടത്തോളം അര്‍ത്ഥവും പ്രസക്തിയും ഉള്ള സംവിധാനമാണ് കോമണ്‍ പോസ്റ്റ്/കമന്റ് അഗ്രഗേറ്റര്‍. വഴിമാറാന്‍ പക്വതയായവര്‍ മാറിനടക്കട്ടെ. അല്ലാത്തവര്‍ക്കായി ഈ സംവിധാനം തുടരണമെന്ന് താല്പര്യപ്പെടുന്നു.

ഇനി ആ ദിശാബോധം ഇല്ലാത്തവര്‍ ബൂലോഗത്തിനു ആവശ്യം ഇല്ലാത്തവരാ‍ണെന്ന് ബോധ്യംവന്ന തമ്പുരാക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ... ഒന്നും പറയാനില്ല."


മനുവിന്റെ ഈ അഭിപ്രായത്തോട്‌ ഞാനും യോജിക്കുന്നു

അപ്പു ആദ്യാക്ഷരി പറഞ്ഞു...

ഏവൂരാനേ..താങ്കള്‍ക്ക് ബുദ്ധിമുട്ടില്ലാത്തിടത്തോളം കാലം പിന്മൊഴി തുടരണം എന്നാണ് എനിക്കു പറയാ‍നുള്ളത്. അതിന്റെ ജനകീയ സ്വഭാവം തന്നെ കാരണം. മറുമൊഴി ഒരിക്കലും പിന്മൊഴിക്കു പകരമാവില്ല. മനുവും, ഇഞ്ചിയും എല്ലാം പറഞ്ഞതിനാല്‍ അതില്‍ കൂടുതല്‍ ഒന്നും കൂട്ടിവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. (അവര്‍ പറഞ്ഞതിന്റെ താഴെ ഒരു ഒപ്പ് മാത്രം.

qw_er_ty

അഭയാര്‍ത്ഥി പറഞ്ഞു...

ജീവിതത്തിലെ ഏറ്റവും വികാര നിര്‍ഭരമായ നിമിഷങ്ങളില്‍ ഒന്നാണിത്‌.

ഒരു പാട്‌ നല്ല മുഹുര്‍ത്തങ്ങളും പരിചയങ്ങളും സമ്മാനിച്ച നിസ്തുലമായ
നിസ്വാര്‍ത്ഥമായ സേവനമായിരുന്നു ഇതിന്ന്‌ പുറകില്‍ പ്രവര്‍ത്തിച്ചവരുടെ.

ലോകമെങ്ങും ഉള്ള പരിചയങ്ങള്‍. നന്ദി സുഹൃത്തുക്കളെ.

പിന്മൊഴി നിര്‍ത്താറായൊ എന്ന്‌ ഇനിയും എനിക്ക്‌ സംശയമുണ്ട്‌.

എംകിലും തീരുമാനങ്ങള്‍ എന്റെ ജൂറിസ്‌ ഡിക്ഷനിലില്ലാത്തിടത്തോളം തീരുമാനങ്ങളെ
അംഗീകരിക്കുക എന്നത്‌ മാത്രമാണ്‌ എനിക്ക്‌ ചെയ്യാവുന്നത്‌.

നന്ദി ഏവൂരാന്‍...
ഒര്‌ പാട്‌ പഴികേള്‍ക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു.

നല്ലത്‌ ചെയ്യുന്നവര്‍ക്കെന്നും അത്‌ അനിര്‍വാര്യമാണ്‌.

പിന്മൊഴിയുടെ മരണത്തോട്‌ സോളിഡാരിറ്റി പറഞ്ഞുകൊണ്ടും
പിന്മൊഴി കാരണമാണ്‌ ഗന്ധര്‍വന്‍ എന്നൊരു തൂലികാനാമം
ഞാന്‍ സ്വീകരിച്ചത്‌ എന്നത്‌ കൊണ്ടും ഞാന്‍ ഗന്ധര്‍വലോകത്തിനേയും
കൂടെ കൊല്ലുന്നു. ഗന്ധര്‍വനും കൂടെ ദേഹം വെടിയുന്നു.

ദേഹി അഭയാര്‍ത്ഥിയാകുന്നു.

വിചാരം പറഞ്ഞു...

പിന്‍‌മൊഴി ചില വ്യക്തികളുടെ സ്വകാര്യ സ്വത്തായിരിക്കാം പക്ഷെ ഇന്നത് ബൂലോക സമൂഹത്തിന്റെ അഭിവാജ്യഘടകമായിരിക്കുന്നു. അതിനെ കഴുത്തു ഞെരിച്ചു കൊല്ലരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഏതു മൊഴികള്‍ വരെട്ടെ.. അതു നല്ലതല്ലേ, എങ്കില്‍ ഒത്തിരി സെലക്ഷന്‍ നമ്മുക്ക് ലഭിക്കില്ലേ, പിന്‍‌മൊഴി നിര്‍ത്തരുതെന്ന് അപേക്ഷിക്കുന്നു.

Viswaprabha പറഞ്ഞു...

പ്രിയ ഗന്ധര്‍വ്വാ,

ഇതുവരെയുള്ള അറിവുവെച്ച് പിന്മൊഴിയുടെ മരണം ആസന്നമാണ്. മിക്കവാറും ഒരാഴ്ചക്കുള്ളില്‍ അതു സംഭവിക്കുമെന്നു തോന്നുന്നു.

പിന്മൊഴി മരിക്കുമ്പോള്‍ ഒരു പാട് ആളുകള്‍ക്ക് ഒരു പാട് ആശ്വാസം ലഭിയ്ക്കും. ഏറ്റവും കൂടുതല്‍ അതുണ്ടാവുക ഒരു പക്ഷേ എവുരാനും സിബുവിനും പെരിങ്ങോടനും എനിക്കും ആയിരിക്കും.

“നന്മ എല്ലാര്‍ക്കും എല്ലായിടത്തും” എന്ന പഴഞ്ചന്‍ ആശയം ഇനിയും ചെലവാവില്ലെന്ന് രണ്ടുകൊല്ലം കൊണ്ട് തികച്ചും ബോദ്ധ്യമാക്കിത്തന്നു ഈ പരീക്ഷണം. വ്യക്തിപരമായി, നേടിയതിനേക്കാള്‍ കൂടുതല്‍ നഷ്ടപ്പെടുകയായിരുന്നു അതിനുവേണ്ടി എന്നു മനസ്സിലാക്കുന്നത് വളരെ വൈകിയാണ്. സ്വയം കൊണ്ടുനടന്നിരുന്ന ആത്മാഭിമാനം ഇപ്പോള്‍ എന്നെ നോക്കി പല്ലിളിക്കുന്നു. എന്റെ കുടുംബത്തിനും ചുറ്റുമുണ്ടായിരുന്ന സമൂഹത്തിനും എന്റെ തന്നെ കുഞ്ഞുകുഞ്ഞുസന്തോഷങ്ങള്‍ക്കും അര്‍ഹമായിരുന്ന വളരെയധികം രാത്രികളും പകലുകളും വ്യര്‍ത്ഥമായി ചെലവാക്കിയ മഹാപാപം എനിക്കുനേരെ ഇപ്പോള്‍ ദംഷ്ട്രകളുയര്‍ത്തുന്നു.

ആരുടെയൊക്കെയോ മനഃപൂര്‍വ്വമായ, നിരന്തരമായ സ്വാധീനവും അതിനു പിന്തുണ കൊടുത്തുകൊണ്ട് നിഷ്കളങ്കരായ മറ്റനേകം പേരുടെ സംശയങ്ങളും അടിസ്ഥാനമില്ലാത്ത ഭീതികളും അപകര്‍ഷങ്ങളും എല്ലാം കൂടി ഇപ്പോള്‍ എനിക്കുതന്നെ എന്നെക്കുറിച്ചു ലജ്ജ തോന്നിക്കുന്ന അവസ്ഥയിലാക്കിയിട്ടുണ്ട്. സ്വയം ഇത്രയും വിലകുറഞ്ഞ ഒരാളാണെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ ഓര്‍ത്തിരുന്നില്ല.ഇപ്പോള്‍ മനസ്സിലായി വരുന്നു.

ചാറ്റ് പോലെയുള്ള നിത്യപാനീയങ്ങളിലും ഓര്‍ക്കുട്ട് പോലെ ലഹരിപിടിപ്പിക്കുന്ന മയക്കുമരുന്നുകളിലും ഈ-മെയില്‍ ചെയിനുകള്‍ പോലെയുള്ള മനോവ്യാപാരങ്ങളിലും വേണ്ടത്ര ശ്രദ്ധയും സമയവും കൊടുക്കാഞ്ഞത് ഒരു വലിയ പിഴയായിരുന്നു എന്ന് ഇപ്പോള്‍ ബോദ്ധ്യമാവുന്നു.

വ്യംഗ്യമായും വ്യക്തമായും ആക്ഷേപമായും അധിക്ഷേപമായും പലേടത്തും എഴുതിയിടപ്പെടുന്നതൊക്കെയും തപ്പിനടന്ന് അതിനോരോന്നിനും, തിരിച്ച് വ്യക്തിഹത്യയാവാതെത്തന്നെ, അതേ ആക്ഷേപരീതിയില്‍ തന്നെ വ്യംഗ്യമായി മറുപടി നല്‍കിക്കൊണ്ടിരിക്കാഞ്ഞത് മറ്റൊരു പിഴ.

ഇനിയും പല പിഴകളും പറ്റി. ഒത്താല്‍ എഴുതണമെന്നുണ്ട്. സഭാകമ്പം ഏറെ വര്‍ദ്ധിച്ചിരിക്കുന്നു ഈയിടെയായി. അഥവാ ധൈര്യം തോന്നിയാല്‍ നീട്ടിവലിച്ചെഴുതണമെന്നുണ്ട്. അല്ലെങ്കില്‍, എന്തിന്? ഇങ്ങനെതന്നെ മൌനമായി ഇല്ലാതായിപ്പൊയ്ക്കോട്ടെ ഈ അസ്തിത്വം എന്നും തോന്നും ചിലപ്പോള്‍.

പിന്മൊഴി അന്ത്യശ്വാസം വലിക്കുന്ന ദിവസം ഒരുപക്ഷേ ബ്ലോഗ് മലയാളം (ബൂലോഗം എന്ന വാക്ക് ഇനി ഞാന്‍ ഉപയോഗിക്കില്ല, അതു കേള്‍ക്കുന്ന മാത്രയില്‍ ചാട്ടവാറടികൊണ്ടെന്ന പോലെ ദേഹാസകലം പുളയുന്നു ഞാന്‍) എന്ന പ്രതിഭാസത്തില്‍ നിന്നും ഞാനും ഏറെ അകലെയായിക്കഴിഞ്ഞിരിക്കും. സ്വന്തം അവധൂതവിഡ്ഢിവേഷം കെട്ടിയാടി ഫലിപ്പിക്കാന്‍ പറ്റിയ ഒരു നല്ല റോള്‍ കഴിഞ്ഞുമടങ്ങിപ്പോവുന്ന ആട്ടക്കാരന്‍ ആ പുലര്‍ച്ചേ വീട്ടിലേക്കുള്ള ബസ്സില്‍ ഉറക്കം തൂങ്ങിയിരിക്കുന്നുണ്ടാവും.

മുറിഞ്ഞുപോയ വാലുകള്‍ പിന്നെയും പിന്നെയും കിളിര്‍ത്തുവരാതെ നിരാശനായ ഒരു പല്ലി അപ്പോള്‍ ഉത്തരത്തില്‍ ചത്തിരിക്കുന്നുണ്ടാവും.

പിന്നെ ചിലയ്ക്കല്‍ ഇല്ല. ആളുകളെ വിഡ്ഢിയാക്കുന്ന, സത്യമല്ലാത്ത, പൊരുളില്ലാത്ത ഗൌളിലക്ഷണങ്ങള്‍ ഇല്ല.

മുള്ളും മുരടും ചവച്ചിറക്കിക്കൊണ്ട് ഈ ഒട്ടകം ഇവിടെ അലഞ്ഞുനടക്കില്ല.

നിറങ്ങളുടെ ഉത്സവങ്ങള്‍ക്കിടയില്‍ നിഴലുകള്‍ ഇരുപത്തിയൊന്നുനില കാവടിയായി ചാഞ്ചാടില്ല.

അനാഥമായ ലിങ്കുകളിലൂടെ വന്നെത്തുന്ന ഏതെങ്കിലും ക്ലിക്കുകള്‍ "Page not found" എന്ന ഒടുവിലെ അത്താണിയില്‍ ചാരിനിന്ന് സ്വല്‍പ്പം വിശ്രമിച്ചേക്കാം. പിന്നെ പ്രകൃതിയുടെ എല്ലാ നിയമങ്ങളും പോലെത്തന്നെ അടുത്ത ഗ്രാമങ്ങളിലേക്ക് നടന്നുപൊയ്ക്കോളും അവയൊക്കെ.

ഒത്താല്‍ ഒരു പോസ്റ്റുകൂടി ഇടണം എന്നുണ്ട്.
ഒത്താല്‍..
ഒത്താല്‍ മാത്രം...

ഉണ്ണിക്കുട്ടന്‍ പറഞ്ഞു...

പിന്‍മൊഴി ഒരു സേവനമാണെങ്കില്‍ ആ സേവനം തരുന്ന ആള്‍ അതു നിര്‍ത്താന്‍ തിരുമാനിച്ചാല്‍ പിന്നെന്തിനു തുടരാന്‍ നിര്‍ബന്ധിക്കണം. ഇത്രയും നാള്‍ തന്ന സേവനത്തിനു നന്ദി പറഞ്ഞു പിരിഞ്ഞു പോണം എല്ലാരും ..പിരിഞ്ഞു പോയേ തീരൂ.

മറുമൊഴികള്‍ ഇന്നു നല്ല പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. യാതൊരു ഫില്‍റ്ററിങ്ങും ഇല്ല.
ഒരുത്തന്‍ തെറി എഴുതിയാല്‍ അതെല്ലാവരും കാണും. കാണട്ടെ കണ്ടാല്‍ .. വായിച്ചാല്‍ തകരുന്നതു വായിക്കുന്നവന്റെ നിലവാരം അല്ല അതെഴുതിയവന്റെ. അതങ്ങനെത്തന്നെ ആവണം.

മറുമൊഴി ടീമിലെ ആളുകളോട് സംസാരിച്ചതില്‍ നിന്നും ഒരു കാര്യം മനസ്സിലായി ഒരു ദിവസം അവിടന്നിറങ്ങിപ്പോകന്‍ ഒരിക്കലും ആരും നിങ്ങളോട് പറയില്ല.

ബ്ലോഗിന്റെ ശൈശവം ഒരിക്കലും കഴിയില്ല പുതിയ ആളുകള്‍ വന്നോണ്ടിരിക്കുന്നത്രേം കാലം.


ഇത്രയും നാള്‍ പിന്‍മൊഴികള്‍ ഉപയോഗിച്ചതിന്റെ നന്ദി കൊണ്ടു പറയട്ടെ..പിന്‍മൊഴികള്‍ നിര്‍ത്താനാണു തിരുമാനമെങ്കില്‍ അതെത്രയും നേരത്തെ ആകട്ടെ. ഈ നിമിഷമെങ്കില്‍ ഈ നിമിഷം .

അഭയാര്‍ത്ഥി പറഞ്ഞു...

വിശ്വം സാറെ,

താങ്കളോടൊപ്പം ചിലവഴിച്ച അല്‍പ്പനേരത്തില്‍ എന്റെ ലോകപരിചയം
എന്നോട്‌ പറഞ്ഞു. ഹിയര്‍ ഈസ്‌ ഏ മേന്‍ രൈറ്റിയസ്‌.
അതേ താങ്കളുടെ ഓരോ വാക്കും താങ്കളെ പ്രതിനിധീകരിച്ചിരുന്നു. ഇന്നെന്റെ കാത്‌ പോട്ടെ കണ്ണ്‌ തന്നെ പറയട്ടെ താങ്കളുടെ നീതി ബോധത്തെക്കുറിച്ചൊരു
അപവാദം- എന്റെ ഒര്‌ ചേതനയിലും ഞാന്ത്‌ വിശ്വസിക്കില്ല.
അതുപോലെ പലരും അങ്ങിനെ തന്നെ.

നന്മയെ കഴുത്ത്‌ ഞെരിച്ച്‌ കൊല്ലുവാനായി പലരും ജന്മമെടുക്കും കലികാലത്തില്‍. അവരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ വിഷലിപ്തമായ അമ്പുകള്‍ ,അങ്ങും, ഏവൂരാനും, പിന്മൊഴി ടീമിനേയും ലക്ഷ്യമിടും. അത്‌ അവരുടെ പിറവിയുടെ പ്രത്യേകത.

വൈകിയവേളയില്‍ എല്ലാം മറന്നേക്കാം.

എന്റെ കാതില്‍ ജനഗണമന അതിനായക ജയ ഹേ...

സമുദ്രഗുപ്തന്‍ പറഞ്ഞു...

വരമൊഴി എഴുതിയ സിബു, കീമാന്‍ എഴുതിയ രാജ്, തനിമലയാളം, പിന്മൊഴികള്‍ എന്നിവ നടത്തുന്ന എവൂരാന്‍, അതിന്റെ സര്‍വര്‍ ഓടിച്ചു സഹായിച്ച ശനിയന്‍, അനില്‍ എന്നിവരൊക്കെ പറഞ്ഞാല്‍ മനസിലാകും. വിശ്വപ്രഭ മലയാളംബ്ലോഗിന്റെ വളര്‍ച്ചയ്ക്കു വേണ്ടി ഉറക്കം ഇളച്ച കണക്കു കേട്ടിട്ട് ഒന്നും മനസിലാകണില്ല. ബൂലോകനാഥനായി സ്വയം കല്പിച്ച (ഒപ്പം മറ്റു ചിലര്‍ വാഴിച്ച) സ്ഥാനത്തിരുന്നു ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു എന്ന് അറിയില്ലായിരുന്നു.
ഓരോരുത്തരും ഇവിടെ ഓരോ പുതിയ കാര്യങ്ങള്‍ പറയുമ്പോഴും ചെയ്യുമ്പോഴും വിശ്വപ്രഭ വന്നു പറയാറുണ്ട്, "ഇത് ഞാന്‍ ചെയ്യാനിരുന്നതാണ്. ഇതിനെ കുറിച്ച് ഞാന്‍ എഴുതാനിരുന്നതാണ്, ഇതായിരുന്നു ബൂലോകത്തെ കുറിച്ചുള്ള എന്റെ സ്വപ്നം.." എന്നൊക്കെ. ഇതിനപ്പുറം വിശ്വപ്രഭയുടെ മഹത്വം എനിക്കറിയില്ല. ഒരു നല്ല പോസ്റ്റ് പോലും ഞാന്‍ വായിച്ചിട്ടില്ല.
അറിവില്ലാത്ത ഞങ്ങള്‍ക്ക് വിശ്വപ്രഭയോ അദ്ദേഹത്തിന്റെ ആരാധകവൃന്ദമോ ആ മഹത്വം ഒന്നു പറഞ്ഞു തന്നിരുന്നെങ്കില്‍ സന്തോഷമായേനെ. ("അദ്ദേഹത്തിന്റെ മഹത്വം, അദ്ദേഹത്തിന്റെ വീക്ഷണം, അദ്ദേഹത്തിന്റെ സംഭാവന ഒക്കെ പറഞ്ഞാല്‍ നിനക്കൊന്നും മനസിലാവില്ലെടാ.. അതൊക്കെ സ്വയം തിരിച്ചറിയണം." ഇതായിരിക്കും മറുപടി എന്നറിയാം. എന്നാലും അതു ഏതെങ്കിലും നാവില്‍ നിന്നും കേള്‍ക്കാന്‍ ഒരു കൊതി)

അഭയാര്‍ത്ഥി പറഞ്ഞു...

സമുദ്രഗുപ്ത -ഡിയര്‍ ബ്രദര്‍ ഇനിയും തീര്‍ന്നില്ലെ....

അങ്ങെത്ര കൃത്യമായി ആളുകളൂടെ പേരുകള്‍ പറയുന്നു.

അയത്ന ലളിതം അങ്ങയുടെ മലയാളം. ജൂണില്‍ ബ്ലോഗ്‌ തുടങ്ങിയ അങ്ങ്‌ എന്നേക്കാള്‍ അക്ഷര തെറ്റുകളില്ലാതെ.

ഐ അപ്പ്രീഷ്യേറ്റ്‌ ദാറ്റ്‌.

എങ്കിലും അങ്ങയുടെ ഈ കടുത്ത വൈരാഗ്യം എനിക്ക്‌ മനസ്സിലാവുന്നില്ല.

അങ്ങയുടെ സമാന്തരമായിരുന്നു ഒര്‌ ബിഗ്‌ ബി. ഇഞ്ചിയുടെ ബ്ലോഗില്‍.

നിശ്ചിത ലക്ഷ്യം................

ഈ ലോകം എനിക്ക്‌ പിടികിട്ടാത്ത എന്തൊക്കേയൊ ആണെന്ന്‌ തികച്ചും ബ്ലോഗ്‌ വഴി പഠിച്ചു.

ഒര്‌ പാട്‌ ആദ്യ പാഠങ്ങള്‍....

അനുയായികള്‍

Index