കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ഏപ്രിൽ 13, 2006

പ്രൊഫ. ഈച്ചര വാര്യര്‍


ഏതൊരു അച്ഛനും ഭയക്കുന്ന നഷ്ടവും പേറി ജീവിച്ച പ്രൊഫ. ഈച്ചര വാര്യര്‍ അന്തരിച്ചു.

86 വയസ്സായിരുന്നു.

കുപ്രസിദ്ധമായിരുന്ന അടിയന്തരാവസ്ഥക്കാലത്ത്, കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിലെ ഒരു ചടങ്ങിൽ സന്നിഹിതനായിരുന്ന മന്ത്രി കെ.കരുണാകരനെ അവഹേളിക്കുന്ന ഒരു ഗാനമവതരിപ്പിച്ച രാജന്‍ വാര്യര്‍ എന്ന വിദ്യാർത്ഥിയെ നക്സലൈറ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്തു.

തുടര്‍ന്ന് കക്കയം പോലീസ് ക്യാമ്പിലുണ്ടായ ലോക്കപ്പ് മർദ്ദനത്തിൽ രാജന്‍ വാര്യര്‍ മരണമടയുകയും, കൊലപാതകത്തിന്റെ തെളിവുകൾ ഇല്ലാതാക്കാനായി അദ്ദേഹത്തിന്റെ മൃതദേഹം നശിപ്പിക്കപ്പെടുകയും ചെയ്തു.

കേരള രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കമായിത്തീർന്ന ഈ ക്രൂരകൃത്യം, രാജന്‍ വാര്യര്‍ കൊലക്കേസ് എന്നറിയപ്പെടുന്നു.

കൊല്ലപ്പെട്ട രാജന്‍ വാര്യര്‍ പിതാവായ ഈച്ചരവാര്യർ സത്യം പുറത്ത് കൊണ്ടു വരാന്‍ ഏറെ ശ്രമിച്ചെങ്കിലും, രാജന്റെ മൃതദേഹത്തിന് എന്തു സംഭവിച്ചു എന്നതിനെ പറ്റി ഇന്നും അവ്യക്തത തുടരുകയാണെന്ന് പറയാം.

ശ്രീ ഈച്ചര വാര്യര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെത്തുടര്‍ന്ന്, അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന് സ്ഥാനമൊഴിയേണ്ട ദുരവസ്ഥ വന്നിരുന്നു.

അദ്ദേഹം, മകന്റെ വേര്‍പാടില്‍ മനം‌നൊന്തെഴുതിയ ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകൾ എന്ന പുസ്തകം, 2005-ലെ കേരള സാഹിത്യ അക്കാ‍ദമിയുടെ ജീവചരിത്ര - ആത്മകഥാവിഭാഗത്തിലെ കൃതികൾക്കുള്ള അവാര്‍ഡ് നേടി.

പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

(സ്ക്രീന്‍ ഷോട്ട്: കടപ്പാട്, ദീപിക ദിനപത്രം.)




ലിങ്കുകള്‍:
ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍
വിക്കി ലേഖനം

ചിത്രത്തിന് കടപ്പാട്: ദേശാഭിമാനി ദിനപത്രം

11 അഭിപ്രായങ്ങൾ:

myexperimentsandme പറഞ്ഞു...

ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകളിലെ ഏതു ഭാഗം എപ്പോള്‍ വായിച്ചാലും വല്ലാത്ത ഒരു വീര്‍പ്പുമുട്ടലാണ്... കണ്ണുകള്‍ അറിയാതെ നിറയും.

പക്ഷേ ഇന്ന് ആ മരണവാര്‍ത്ത പ്രസിദ്ധീകരണങ്ങള്‍ ആ അച്ഛനുവേണ്ടി എന്തു ചെയ്തു? ഈച്ചരവാരിയര്‍ ഒരു അഭിമുഖത്തില്‍ മാധ്യമങ്ങള്‍ പോലും രാജനെന്തു സംഭവിച്ചു എന്നന്വേഷിച്ചില്ല എന്ന് പരിതപിച്ചിരുന്നു. അതേ കാര്യം ഇന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ടും ചെയ്തിരുന്നു.

എന്തുകൊണ്ടാണ് എല്ലാവരും (പാര്‍ട്ടികളും മാധ്യമങ്ങളും) ഒരു തരം നിസ്സംഗത ഇക്കാര്യത്തില്‍ ഇപ്പോഴും പുലര്‍ത്തുന്നത്? എന്തുകൊണ്ട് സമഗ്രമായ ഒരു അന്വേഷണം ഇപ്പോഴും ഇക്കാര്യത്തില്‍ നടക്കുന്നില്ല-ചില കസ്റ്റമറി വിലാപങ്ങളല്ലാതെ?

ഏവൂര്‍ജി-അടിയന്തിരാവസ്ഥ സമയത്തും രാജന്‍ മരിച്ച സമയത്തും ശ്രീ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നോ? ആഭ്യന്തരമന്ത്രിയല്ലായിരുന്നോ? വിക്കിയിലും മുഖ്യമന്ത്രിയെന്നാണ് കിടക്കുന്നത്. ഒന്ന് ക്ലാരിഫൈ ചെയ്യുമോ?

ദേവന്‍ പറഞ്ഞു...

വക്കാരീ.
രാജന്‍ 1976 മാര്‍ച്ച്‌ ഒന്നിനു നു രാവിലെ കായണ്ണ പോലീസ്‌ ക്രൈം ഫയല്‍ 19/1976 പടി അറസ്റ്റ്‌ ചെയ്യപ്പെടുകയും. പ്രസ്തുത കേസ്‌ അന്വേഷിക്കാന്‍ കേരളാ പോലീസ്‌ തീര്‍ത്ത കക്കയത്തെ താല്‍ക്കാലിക ക്യാമ്പിലേക്ക്‌ മാറ്റപ്പെടുകയും ആയിരുന്നു. 02 മാര്‍ച്ച്‌ 1976 നു കക്കയം ടൂരിസ്റ്റ്‌ ബംഗ്ലാവില്‍ അവസാനമായി കാണപ്പെടുകയും ആയിരുന്നു.

അടിയന്തിരാവസ്ഥ നീക്കി നിയമപരമായി പൌരസ്വാതന്ത്ര്യം പുനസ്ഥാപിക്കപ്പെട്ട്‌ ദിവസങ്ങള്‍ക്കകമ്മ് (1977 ഫെബ്രുരി 25 നു) ഈച്ചരവാര്‍ കേരള സര്‍ക്കാരിനെതിരേ നല്‍കിയ ഭരണഘടന അനുശ്ചേദം 22 അനുസരിച്ചുള്ള ഹേബിയസ്‌ കോര്‍പ്പസ്‌ ഫയലില്‍ സ്വീകരിച്ചു.

കോടതി വിധിപ്രകാരം രാജന്‍ അപ്രത്യക്ഷന്‍ ആകുന്നത്‌ 02-03-1976 നു.
4-10-1970 മുതല്‍ 25.03.1977 വരെ അച്യുതമേനോന്‍ മുഖ്യമന്ത്രിയും 25.09.1971 മുതല്‍ 25.03.1977 വരെ കരുണാകരന്‍ അഭ്യന്തര മന്ത്രിയായിരുന്നു.

മാധ്യമങ്ങള്‍ എന്തു ചെയ്തെന്നു ചോദിച്ചാല്‍ എല്ലാം ചെയ്തു വക്കാരീ..അടിയന്തിരാവസ്ഥക്കു ശേഷമുള്ള ദിവസങ്ങളില്‍ ദേശാഭിമാനി രാജനെ പോലീസ്‌ കൊന്നെന്ന് തുറന്നെഴുതും വരെ മനോരമയും വീക്ഷണവും രാജന്‍ കൊള്ളക്കാരനും വ്യഭിചാരിയും എന്നൊക്കെ സ്ഥാപിക്കാന്‍ ഓരോന്നു പടച്ചു വിടുകയും സംഭവം കുഴപ്പമാകുമെന്ന് കണ്ട്‌ പിന്നീട്‌ മാപ്പു പറയുകയും അയിരുന്നു. (വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ തേടി എന്ന
എസ്‌ ആര്‍ ശക്തിധരന്റെ പുസ്തകത്തില്‍ രാജന്‍ കേസ്‌ പത്രങ്ങള്‍, പ്രത്യേകിച്ച്‌ മനോരമ വ്യഭിചരിച്ച കഥ വളരെ വിശാലമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്‌)

myexperimentsandme പറഞ്ഞു...

നന്ദി ദേവേട്ടാ...

ഇനിയെങ്കിലും ആര്‍ക്കെങ്കിലും ഒരു സമഗ്ര അന്വേഷണം കൊണ്ടുവരാന്‍ സാധിക്കില്ലേ ആവോ......

കുറച്ചുനാളുകള്‍ക്ക് മുന്‍പ് മംഗളത്തിലാണെന്ന് തോന്നുന്നു, രാജന്‍ കേസില്‍ ഉള്‍പ്പെട്ട പലരുടേയും ജീവിതം ഇപ്പോള്‍ എങ്ങിനെ എന്നൊരു ലേഖനമുണ്ടായിരുന്നു. ജയറാം പടിക്കലിന്റെ മരണവും മറ്റു പലരുടേയും പ്രശ്നങ്ങളും.

ഇലക്ഷനു ജയിച്ചാല്‍ എല്ലാ പാപവും തീരുമെന്ന് വിശ്വസിക്കുന്ന പാവം കരുണാകരന്‍.. ഇന്നലെ അദ്ദേഹം ചോദിച്ചത് “ഏത് ഈച്ചരവാര്യരെന്ന്?” അദ്ദേഹത്തിന് നല്ല ബുദ്ധിയുണ്ടാകട്ടെ.

സത്യമേവ ജയതേ..

ഏവൂര്‍ജി, അങ്ങിനെയെങ്കില്‍ ഈ ലേഖനത്തില്‍ കുറച്ച് കണ്‍ഫ്യൂഷനുകളുണ്ടെന്ന് തോന്നുന്നല്ലോ..

evuraan പറഞ്ഞു...

ദേവാ,

പിശകുകള്‍ ചൂണ്ടിക്കാട്ടിയതിന് നന്ദി.

വിക്കിയിലെ ലേഖനത്തില്‍, ദേവന്‍ പറഞ്ഞിരിക്കുന്നവ കൂടിയൊന്ന് ചേര്ത്തെഴുതിക്കൂടേ?

Santhosh പറഞ്ഞു...

ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മിഷന്‍ സൈറ്റില്‍ ഈ വാര്‍ത്ത പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ മെമറീസ് ഓഫ് എ ഫാദര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

myexperimentsandme പറഞ്ഞു...

ഏവൂര്‍ജി-റിസര്‍ച്ച് പേപ്പര്‍ കറക്ട് ചെയ്യുന്ന ഗൈഡിനേപ്പോലെയാകുന്നതില്‍ ദയവായി ക്ഷമിക്കണേ..

ശ്രീ കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ശ്രീ രാജന്‍ കൊല്ലപ്പെടുന്നത്. അതിനുശേഷം അടിയന്തിരാവസ്ഥ തീര്‍ന്നയുടന്‍ ശ്രീ ഈച്ചരവാര്യര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. അതിന്റെ കോടതിനടപടികള്‍ക്കിടയില്‍ ശ്രീ കരുണാകരന്‍ മുഖ്യമന്ത്രിയായി. പിന്നീടാണ് കോടതി പരാമര്‍ശങ്ങള്‍ വരികയും. ശ്രീ കരുണാകരന്‍ രാജിവെക്കുകയും ചെയ്തത്. ശ്രീ കരുണാകരന്‍ രാജിവെച്ചത് മുഖ്യമന്ത്രിയായിരുക്കുമ്പോഴാണ്....

......എന്നാണ് തോന്നുന്നത്.

evuraan പറഞ്ഞു...

വക്കാരീ,

അയ്യോ.. എന്തിനാ വക്കാരീ ക്ഷമയൊക്കെ ചോദിക്കുന്നത്..?

തെറ്റുകള്‍ തിരുത്താന്‍ കഴിയുന്നത് നല്ല കാര്യമല്ലേ. ഞാന്‍ പിടിച്ച മുയലിന് കൊമ്പെന്നൊക്കെയുള്ള ഭാവം എനിക്കില്ല, ഉണ്ടാകരുതെന്നും പ്രാര്‍ത്ഥനയുണ്ട്.


ദേവാ, വക്കാരീ -- ദയവായ്, വിക്കിയിലെ ആ ലേഖനം ഒന്ന് ആധികാരികമായ് തിരുത്തിയെഴുതൂ.

അത് ഞാനിവിടെ കൊള്ളിച്ചോളാം..

myexperimentsandme പറഞ്ഞു...

ഏവൂര്‍ജീ... നന്ദി. ദേവേട്ടനാണ് ഇതില്‍ ഒന്നുകൂടി ആധികാരികത. ദേവേട്ടന്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കില്‍ ഞാന്‍ ഒരു കൈ നോക്കാം.

ഏവൂര്‍ജിക്കും കുടുംബത്തിനും വിഷു (കഴിഞ്ഞു പോയി) ഈസ്റ്റര്‍ മംഗളാശംസകള്‍.

ദേവന്‍ പറഞ്ഞു...

മാഷന്മാരേ,
എനിക്കറിയാവുന്നതുപോലെ തിരുത്താം. ഇറക്കുമതിയും തിരിത്തും നടത്തിയിട്ടു കയറ്റുമതി അറിയില്ലെങ്കില്‍ വക്കാരിക്ക്‌ അയച്ചു തരട്ടേ ഇടാന്‍
(ലേഖനം തിരുത്തെന്നൊക്കെ പറഞ്ഞപ്പോ ടെന്‍ഷനായി പോയി. ഈച്ചരവാര്യരുടെ പുസ്തകം ഒന്നൂടെ വായിക്കട്ടെ, പണ്ട്‌ മഞ്ജിത്ത്‌ മെയിലില്‍ അയച്ചതുണ്ട്‌ കയ്യില്‍.)

കക്കയം ക്യാമ്പ്‌ എന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ലേഖന പരമ്പര 1977 ഏപ്രിലിലാണെന്നു തോന്നുന്നു തുടങ്ങിയത്‌. എനിക്കന്ന് എട്ടുവയസ്സ്‌, പക്ഷെ നടുങ്ങുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ആ കഥകള്‍ പലതും ഒരിക്കലും മായാത്തത്ര ആഴത്തില്‍ ഓര്‍മ്മയില്‍ പതിഞ്ഞിട്ടുണ്ട്‌ (ചിലതില്‍ റിപ്പോര്‍ട്ടര്‍ അതിശയോക്തിയും ചേര്‍ത്തിട്ടുണ്ടാവാം) ചീഫ്‌ സിയാറ്റില്‍ എഴുതിയതുപോലെ "കുപിതനായ ദൈവം തന്റെ വിരല്‍ ഇരുമ്പു കമ്പിയാക്കി പാറയിലെഴുതിയ ഉത്തരവായിരിക്കാം" അന്നു നടപ്പായത്‌ അതിന്റെ അവസാനത്തെ ഓര്‍മ്മകളും പ്രൊ. വാര്യരോടൊപ്പം എരിഞ്ഞു തീര്‍ന്നു. രാജനെപറ്റി അവസാനം എഴുതിയ ആള്‍ ചിലപ്പോ എവൂരാനായിരിക്കും.

evuraan പറഞ്ഞു...

സന്തോഷേ, നന്ദി.

ദേവാ, ഇതു തന്നെയാണോ മന്‍‌ജിത്ത് അയച്ചു തന്നത്?

ദേവന്‍ പറഞ്ഞു...

പുസ്തകം ഇതു തന്നെ, പക്ഷേ അയച്ചയാള്‍ മന്‍ജിത്തല്ല, രാജ്. ഇവര്‍ തങ്ങളിലെങ്ങനെ മാറിപ്പോയി എന്ന് മെയില്‍ അയചിട്ടുണ്ട് ഞാന്‍ :)

അനുയായികള്‍

Index