കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, നവംബർ 08, 2006

വളര്‍ത്തുന്നവരും കൊല്ലാന്‍ ശ്രമിക്കുന്നവരും

[സാങ്കേതിക കഥ]

കളിയും ചാട്ടവുമായി രസിച്ചു നടക്കുന്ന ഒരു കൂട്ടം ടക്സ് കുഞ്ഞുങ്ങള്‍ വരുന്ന വഴിക്കരുകില്‍, കൈലി മുണ്ടും കയറ്റിയുടുത്ത് ചെമന്ന കണ്ണുകളുള്ള ഒരാള്‍ ഏറേ നേരം അക്ഷമനായി നില്പുണ്ടായിരുന്നു. പിറുപിറപ്പോടെ, കുട്ടികള്‍ വരേണ്ട ദിശയിലേക്ക് ഉറ്റു നോക്കുന്നുമുണ്ടായിരുന്നു ഇടയ്ക്കിടെ.

നേരം കളയാന്‍ അയാള്‍ ഇടുപ്പിലെ കഠാരയൂരി കൈയ്യിലിട്ട് തിരിച്ചു കൊണ്ടങ്ങനെ നില്ക്കവേ, കളിയും ചിരിയുമായ് കുഞ്ഞുങ്ങള്‍ വരുന്ന ശബ്ദം കേള്‍ക്കായി.

കഠാര തിരികെ ഇടുപ്പില്‍ തിരുകി, കൈലിമുണ്ടൊന്ന് കൂടി മുറുക്കിയുടുത്ത്, വഴിയരികിലുള്ള മരത്തിനു പിന്നിലേക്ക് പതുങ്ങി നില്‍പ്പായി.

ങും. വരുന്നുണ്ട് എല്ലാം. ഒരുത്തനെയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു.

ആര്‍മ്മാദിച്ചു രസിച്ചു വരുന്ന കുട്ടികള്‍, അതിലൊരെണ്ണം ഈ വശം ചേര്‍ന്നാണു വരവ്‌. തക്കത്തിനു തന്നെയാഞ്ഞ് ചെന്നവന്റെ വായ പൊത്തി മരത്തിനു പിന്നിലേക്ക് കൊണ്ടു വന്നു.

കുതറാന്‍ പണിപ്പെടുന്ന ചെക്കനെ അവന്റെ കൂട്ടരെല്ലാം കേള്‍വിക്കപ്പുറം മറഞ്ഞതിനു ശേഷമെ വിട്ടൊള്ളൂ.

മനസ്സിലാകുന്നില്ല.. പയ്യന്റെ നോട്ടത്തില്‍ ഭയമോ അതോ ധാര്‍ഷ്ട്യമോ?

“ഡാ..! എന്താടാ നിന്റെ പേര്‌?”

സൂസെ..”

“ങ്ങും... എന്നതാടാ നിന്റെ അമ്മയുടെ പേരു്..?!”

നോവല്‍..!”

“ഹാ ഹാ ഹാ.!! നോവലിന്റെ ദത്തുപുത്രനാണോ നീയ്യ്? എന്നേയറിയാമോടാ നിനക്ക്?”

“ഇല്ല, എനിക്കറിയില്ല.”

“നിന്റെ ചേട്ടനെ ഈ കഠാരയ്ക്ക് ഒറ്റക്കുത്തിനു കൊന്നവനാ ഞാന്‍. കേട്ടിട്ടുണ്ടോ..?”

പയ്യന്റെ മുഖം അല്പം വിളറി. രണ്ടാനമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, ഈ ഭീകരന്റെ നാമം, മൈക്രോസോഫ്റ്റ്..!

“എന്താടാ മിണ്ടാട്ടം മുട്ടിപ്പോയോ..? എന്റെ പേര്‍ കേട്ടിട്ടുണ്ടോന്ന്?”

“ഉവ്വ്, കേട്ടിട്ടുണ്ട്...!”

പണ്ട്, എന്നാല്‍ വളരെ പണ്ടൊന്നുമല്ല, നോവല്‍‌ നെറ്റ്‌വയറിന്റെ പ്രഭാവകാലങ്ങളില്‍, ഈ ഭീകരനു കൊമ്പു് കിളിര്‍ത്തു വരുന്നതേയുള്ളൂ അന്ന്. വിന്‍ഡോസിന്റെ ആദ്യലക്കങ്ങള്‍ക്ക് വേണ്ടി ക്ലയന്റ് സര്‍വീസസ്സ് ഫോര്‍ നെറ്റ്വയറെഴുതി രംഗത്തു വന്നവനിവന്‍ -- പിന്നെ പതിയെപ്പതിയെ, ആ ദ്വാരത്തിലൂടെ തന്നെ നെറ്റവയറിനെ ചോരയൂറ്റി കുടിച്ചു കൊന്നതുമിവന്‍.

ഇതെന്തിനാണോ ഈ പരാക്രമം? ഒന്നും കാണാതെയിവന്‍ ഇതിനിറങ്ങില്ല.

“ഡാ.. നിനക്ക് കാശു വല്ലതും വേണോ..?”

ങേ..?!

“കാശു വല്ലതും വേണോന്ന്..?!”

“എനിക്കെങ്ങും വേണ്ടാ തന്റെ കാശ്..”

“ഹ ഹ ഹ. വേണം, നിനക്കെന്റെ കാശു വേണം..” ഭീകരന്‍ തന്റെ കഠാര വലിച്ചൂരിയെടുത്തു മുരണ്ടു.

ലിനക്സ് വില്‍ക്കരുതെന്നാവും ഇനി പറയാന്‍ പോകുന്നത്, വില്‍പ്പന്‍ നിര്‍ത്തിക്കാനാവും കാശ് തരാമെന്നു പറഞ്ഞത്.

“പേടിക്കണ്ടാ, നീ വില്‍ക്കുന്ന ലിനക്സിനൊത്ത് ഞാന്‍ കാശങ്ങോട്ടു തരാം..”

ഇതെന്തു മാരണം? ഞാന്‍ സാധനം വിറ്റാല്‍ ഈയാളെന്തിനാണോ ഇങ്ങോട്ടെനിക്ക് കാശു തരുന്നത്?

“ശ്രദ്ധിച്ചു കേള്‍ക്ക്. നീയ്യ് വില്‍ക്കുന്ന ഓരോ ലിനക്സ് പതിപ്പിനും ഞാനങ്ങോട്ട് കാശു തരാം. നമ്മള്‍ തമ്മിലൊരു ഉടമ്പടിയുണ്ടെന്ന് ലോകരെ അറിയിച്ചാല്‍ മതി...”

“എന്ത് ഉടമ്പടി..?”

“നിന്റെ വെര്‍ഷന്‍ ലിനക്സ് ഉപയോഗിക്കുന്നവരെ മാത്രം ഞാന്‍ കോടതി കേറ്റില്ല എന്നൊരു ഉടമ്പടിയുണ്ടെന്ന് പറഞ്ഞാല്‍ മതി..”

ഓഹ്, അതായത്, ബാക്കി ലിനക്സ് വെര്‍ഷനുകളെ ഇവന്‍ “ശൂ” (sue) ചെയ്യുമെന്ന് ആള്‍ക്കാര്‍ക്ക് തോന്നണം. ടക്സുകള്‍ക്കിടയില്‍ ഫിയര്‍, അണ്‍‌സേര്‍ട്ടനിറ്റി, ഡൌബ്ട് (FUD) വളര്‍ത്താനുള്ള ഭീകരന്റെ തന്ത്രം.

Divide And Conquer യുദ്ധത്തിലെ ഏറ്റവും പുതിയ ആയുധം.

രണ്ടാനമ്മയാണെങ്കിലും അവരോട് ഒന്ന് ചോദിച്ചിട്ടാവാം തീരുമാനം.

“നില്ല്, ഞാനമ്മയോടെന്ന് ചോദിക്കട്ടെ..”

സെല്‍ഫോണില്‍ വിവരമറിഞ്ഞ് നോവലമ്മ ചിന്തിച്ചു, പണ്ട് നെറ്റ്‌വയര്‍ പുത്രനെ കാലപുരിക്കയച്ച ഭീകരനാണ് കാശ്‌ ഓഫര്‍ ചെയ്തിരിക്കുന്നത്. എങ്ങനെ പോയാലും, ആരു ചത്താ‍ലും പാത്രത്തില്‍ തുട്ടു വീണില്ലെങ്കില്‍, ഇന്‌വെസ്റ്റേര്‍സ് ഇട്ടിട്ടു പോവും. പണ്ടത്തെ യൂണിക്സ് ലാബുകളുടെ പേറ്റന്റുകളുള്ളതു കൊണ്ട് കഞ്ഞി കുടിച്ചു പോവുന്നെങ്കിലും, കാശിത്തിരി കൂടിയാല്‍ ആര്‍ക്കാ പുളിക്കുക?

“സമ്മതമാണെന്നു പറഞ്ഞേക്കൂ മോനെ...”

“ഓര്‍ക്കുക, നിന്റെ നന്മയ്ക്ക് വേണ്ടിയാ അമ്മ സമ്മതിക്കുന്നത്..!”

ലെജന്‍ഡ്:

1) .NET നു സമാന്തരമായി Mono എന്ന ഓപ്പണ്‍‌സോഴ്സ് സംരഭത്തിലെ ചില snipplet-കള്‍ മൈക്രോസോഫ്റ്റ് പേറ്റന്റുകള്‍ ലംഘിക്കുന്നു എന്ന് മൈക്രോസോഫ്റ്റും, അങ്ങനെയൊന്നുമില്ല എന്ന് മോണോയുടെ പിന്നാളുകളും. ഇല്ലെങ്കിലും ഉണ്ടെന്ന് സ്ഥാപിക്കാനാവും മൈക്രോസോഫ്റ്റിന് താത്പര്യം എന്നു തന്നെ പറയാം. കൂടുതല്‍ ഇവിടെ.

2) റെഡ്‌ഹാറ്റിനു സമാന്തരമായ് ഒറക്കിള്‍ കോര്‍പ്പറേഷന്‍ ലിനക്സ് രംഗത്തേക്ക് വരുന്ന സന്ദര്‍ഭത്തില്‍ തന്നെ ലിനക്സിലെ അതികായനായ റെഡ്‌ഹാ‍റ്റിനെ ഒതുക്കാന്‍ ഇങ്ങനെയൊരു കുടില തന്ത്രം.

3) ജര്‍മ്മനിയിലാണ് സൂസെ ലിനക്സിന്റെ ഉദ്ഭവം. 64 ബിറ്റ് ലിനക്സ് പ്രചുരപ്രചാരത്തില്‍ വരാനും കാരണം അവരാണ്. SAP-യിലെ ലിനക്സിന്റെ 93% സൂസെ ആയിരുന്നു. ഒടുവില്‍, സൂസെയെ നോവല്‍ വാങ്ങിയതോടെ അതിന്റെ കഷ്ടകാലം തുടങ്ങിയെന്നു പറയാം. ആദ്യഗഡുവായ 348 മില്ല്യണ്‍ വെള്ളിക്കാശിനു വേണ്ടി മഹത്തരമായ ഒരു ആശയത്തെ ചുരുട്ടിയിട്ട് നോവലും ചതിക്കുന്നു.

ഇനിയും ഇതിനെ പറ്റി ഒരുപാട് എഴുതാനുണ്ട്. സമയം അനുവദിക്കുന്നതിന് അനുസരിച്ച് ആവാം അത്.

8 അഭിപ്രായങ്ങൾ:

സൂര്യോദയം പറഞ്ഞു...

വളരെ വിജ്ഞാനപ്രദമായ വിവരങ്ങള്‍ രസകരമായി വിവരിച്ചതിന്‌ നന്ദി...

അജ്ഞാതന്‍ പറഞ്ഞു...

വളരെ നല്ല പോസ്റ്റ്‌. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി...

സു | Su പറഞ്ഞു...

സാങ്കേതിക കഥ വായിച്ചു. മനസ്സിലാവുകയും ചെയ്തു. ഒന്നും മനസ്സിലാവില്ലാന്ന്.

ബിന്ദു പറഞ്ഞു...

ചോര തന്നെ കൊതുകിനു കൌതുകം എന്നു മനസ്സിലായി. :^) ഏവൂരാന്‍ സ്റ്റൈല്‍.

evuraan പറഞ്ഞു...

അതെന്താ ബിന്ദൂ അങ്ങിനെ പറഞ്ഞത്? :) ങേ? :)

കുറുമാന്‍ പറഞ്ഞു...

ഇതാണു പറയണത്,പഠിക്കുന്ന കാലത്ത് പഠിക്കണം എന്ന്. സംഭവം മനസ്സിലായി, പക്ഷെ, അന്ധന്മാര്‍ ആനയെ കണ്ടതുപോലെ........

കുറ്റം എന്റെ മാത്രം എന്തു ലിനക്സ്, എന്തു മൈക്രോസോഫ്റ്റ്, എന്തു സോഫ്റ്റ് വെയര്‍?

അറിയാത്ത കാര്യത്തില്‍ ഇടപെടുന്നില്ല, പക്ഷെ അവതരണ രീതി ഇഷ്ടപെട്ടതുകൊണ്ട് ഇവിടെ വന്നു എന്നു മാത്രം.

ബിന്ദു പറഞ്ഞു...

കൊലപാതകം, കഠാര...:))

മുല്ലപ്പൂ പറഞ്ഞു...

ഹഹഹ രസിച്ചു. ഒന്നാന്തരം.
സൂപ്പര്‍.

സാങ്കേതികവും അനുബന്ധ വിവരങ്ങളും എല്ലാം ഇങ്ങനെ എഴുതിറ്റിരുന്നെങ്കില്‍.

അനുയായികള്‍

Index