കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ജനുവരി 30, 2006

ട്രാന്‍സിറ്റ് വിസയെന്ന കൊള്ള

നേരത്തെ, ഇന്ത്യയില്‍ നിന്നും അമേരിക്കയിലെത്താനും തിരിച്ചും, ലണ്ടന്‍ വഴി പറക്കുകയായിരുന്നു പതിവ്. ബോയിംഗ് 747 വിമാനങ്ങള്‍ക്ക് ഒറ്റയടിക്ക് പതിനാലോ മറ്റോ മണിക്കൂറുകള്‍ മാത്രമെ പറക്കാന്‍ കഴിയൂ എന്നിരിക്കെ, വഴിയില്‍ ഒരിടത്തിറങ്ങി വീണ്ടും ഇന്ധനവും ആഹാരവും ഒക്കെ നിറച്ച് , അകമൊക്കെ ഒന്ന് വൃത്തിയാക്കിയ ശേഷം തങ്ങളുടെ നിര്‍ദ്ദിഷ്ട സ്ഥലത്തേക്ക് പോവുകയായിരുന്നു പതിവ് -- മിക്കവാറും ഒന്നര-രണ്ട് മണിക്കൂറെടുക്കും -- അത്രയും നേരം വിമാനത്തിനകത്ത് തന്നെയിരിക്കുകയോ, നടക്കുകയോ ചെയ്യാം. ഹീത്രൊ വിമാനത്താവളത്തിലായിരിക്കും സാധാരണ ഇങ്ങിനെ ഹാള്ട്ട് ചെയ്തിരുന്നത്.

സെപ്തംബര്‍ 11-ലെ ഭീകരാക്രമണത്തിനു ശേഷം, സംഭവമാകെ മാറി. യാത്ര ചെയ്യുന്ന വിമാനം ലണ്ടനില്‍ ഫ്യൂവലടിക്കാന്‍ ഇറങ്ങുന്നെങ്കില്‍, ട്രാന്‍സിറ്റ് വിസ ഇല്ലാത്തവര്‍ക്ക് ആ വഴി പോകാന്‍ പറ്റില്ലെന്നായി. ട്രാന്‍സിറ്റ് എന്ന പദം പേരിന് മാത്രമാണുള്ളത് -- വിമാനത്തിനകത്ത് നിന്നിറങ്ങിയിട്ട് വേണ്ടെ ട്രാന്‍സിറ്റാന്‍ പോകാന്‍ പറ്റൂ?

ചുരുക്കത്തില്‍ പറഞ്ഞാല്‍, താണിട്ട് തെല്ലും നേരം കഴിഞ്ഞ് പറന്നു പോകുന്ന വിമാനത്തിലെ ആളൊന്നിന് 50 ക വീതം ട്രാന്‍സിറ്റ് വിസയെന്നും മറ്റും പറഞ്ഞ് ഊറ്റിയെടുക്കാന്‍ പറ്റിയ നിയമം യു.കെ-യില്‍ നിലവില്‍ വന്നു.

എന്റെ രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ചന്തിയിട്ടുരച്ച് , നൂറ് കണക്കിന് വര്‍ഷങ്ങള്‍ ഭരിച്ചാ‍മാദിച്ചവര്‍ക്ക് ചുളുവില്‍ കാശുണ്ടാക്കാനുള്ള അന്താരാഷ്ട്ര സഞ്ചാരിയെന്ന ഉപാധിയാകേണ്ട എന്ന് കരുതി, മേല്പറഞ്ഞ നിയമം നിലവില്‍ വന്നതില്‍ പിന്നെ ലണ്ടന്‍ വഴിയുള്ള സഞ്ചാരമങ്ങ് നിര്‍ത്തി.

പകരം, ഫ്രാന്‍സിലൂടെ ഒരു വഴി കണ്ടു പിടിച്ചു. പാരീസ് വഴി പറക്കുന്നതിന് അന്യായം കാശും കൊടുക്കണ്ട, ട്രാന്‍സിറ്റ് വിസയെന്ന തുണ്ട് കടലാസ്സിന് ബ്രിട്ടീഷ് കോണ്‍സുലേറ്റും കാണേണ്ട.

ഇന്ന് കേരളാകൌമുദിയില്‍ കണ്ടൊരു വാര്‍ത്തയാണ് ഇപ്പോഴിതെഴുതാന്‍ കാരണം. വയലാര്‍ രവി കേന്ദ്രമന്ത്രിയായതിനു ശേഷം നടത്തിയ ഒരു പ്രസ്താവന (താഴെ കൊടുക്കുന്നു, സ്ക്രീന്‍ ഷോട്ട്.)

ഒരു ഇന്ത്യന്‍ എം.പി-യ്ക്ക് ന്യൂയോര്‍ക്കിലെ ബ്രിട്ടീഷ് കാര്യാലയത്തില്‍ അത്രയും ബുദ്ധിമുട്ടെങ്കില്‍, ഒരു നിമിഷമെങ്കില്‍ അത്രയും നേരത്തെ വീടുപറ്റാന്‍ വെമ്പിയിറങ്ങുന്ന സാധാ‍രണക്കാരന്റെ കാര്യമോ?

പ്രവാസികള്‍ നമ്മള്‍ക്ക് ഗുണകരമായവ ചെയ്യാന്‍ അദ്ദേഹത്തിനാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

2 അഭിപ്രായങ്ങൾ:

Manjithkaini പറഞ്ഞു...

ഞാന്‍ കണ്ട് കോണ്‍ഗ്രസുകാരില്‍ പരമയോഗ്യനാണ് വയലാര്‍ രവി. പി രാജനെന്ന പഴയ മാതൃഭൂമിക്കാരനൊപ്പം കേരളം മുഴുവന്‍ നടന്ന് കെ.എസ്.യു. കെട്ടിപ്പൊക്കിയയാള്‍. രവിക്കും മേഴ്സിക്കുമിടയിലെ പോസ്റ്റുമാന്റെ പണി ചെയ്തിരുന്ന ആന്റണിക്കും ഷോ മാത്രമുള്ള കുഞ്ഞൂഞ്ഞിനും പിന്നിലായിപ്പോയി രവിയുടെ സ്ഥാനം എന്നത് എന്നെ പലപ്പോഴും അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്.
മന്ത്രിയായെങ്കിലും വകുപ്പല്ലാ വകുപ്പായ പ്രവാസി കാര്യത്തിലെത്തി രവിക്ക് സ്ഥലജല വിഭ്രമം ഉണ്ടാവാതിരിക്കട്ടെ.

വര്‍ണ്ണമേഘങ്ങള്‍ പറഞ്ഞു...

ഞാനും പലപ്പോഴും ആലോചിയ്ക്കാറുണ്ട്‌..
എന്തേ ഇവന്മാരെല്ലാം ഇന്ത്യക്കാരുടെ മേൽ മാത്രം കുതിര കേറുന്നു..?
തൊലി വെളുപ്പല്ലാത്തവരുടെ കൂട്ടത്തിൽ അൽപം വിവരമുള്ളവന്മാരായിപ്പോയതു കൊണ്ടോ..?

അനുയായികള്‍

Index