കാകഃ കാകഃ, പികഃ പികഃ

Friday, April 21, 2006

ബോബനും മോളിയും

ടോംസിന്റെ വിഖ്യാതമായ ബോബനും മോളിയും കാര്‍ട്ടൂണുകള്‍, പണ്ടൊരു സമയത്ത്, മനോരമ വാരികയുടെ അവസാനത്തെ താളുകളില്‍ സജീവമായിരുന്നു.

പിതൃത്വം നല്‍കിയ കാര്‍ട്ടൂണിസ്റ്റിനാണോ, പ്രസിദ്ധീകരിച്ച വാരികയ്ക്കാണോ അവകാശം എന്നൊരു തര്‍ക്കം ഏറെ നാളായി മനോരമയും ടോംസും തമ്മിലുണ്ടായിരുന്നു എന്നാണറിവ്‌.

ടോംസ് ഇടഞ്ഞതിന് ശേഷം. കുറേ നാള്‍ മനോരമയ്ക്കാര്‍ ഡ്യൂപ്ലിക്കേറ്റ് ബോബനും മോളിയും (അവ വരച്ചത് യേശുദാസനോ മോഹനനോ?) കാര്‍ട്ടൂണുകള്‍ വാരികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും അല്പം കഴിഞ്ഞവരതങ്ങ് നിര്‍ത്തുകയും ചെയ്തു.

ഒരു പക്ഷെ, ബൌദ്ധികാവകാശം എന്നൊരു സാധനത്തെച്ചൊല്ലി മലയാളത്തിലെ ആദ്യത്തെ തര്‍ക്കങ്ങളില്‍ ഒന്നാ‍വണമിത്.

നെറ്റിലൊക്കെ നോക്കിയിട്ടും ഇതിനെ പറ്റിയൊന്നും കാര്യമായിട്ടൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. (ചില ബോബനും മോളിയും കാര്‍ട്ടൂണുകള്‍ സൈറ്റിലുണ്ട്.)

മേല്പറഞ്ഞ തര്‍ക്കത്തെ പറ്റി അറിവുള്ളവര്‍ പറഞ്ഞ് തരാമോ?

13 comments:

ഉമേഷ്::Umesh said...

ഇതിനെപ്പറ്റി അറിയാം ഏവൂരാനേ. പറയാന്‍ ഒരുപാടുണ്ടു്. ഈ കേസിന്റെ വാദങ്ങളും പ്രതിവാദങ്ങളും രസം പിടിച്ചു മൊത്തം വായിച്ചീട്ടുണ്ടു്.

അവസാനം എന്തുണ്ടായി എന്നു മാത്രം പറയാം. നാട്ടുകാര്‍ ടോംസിനോടൊപ്പമായിരുന്നു. മനോരമയ്ക്കെതിരെ ജനരോഷം ഇളകി. (അതുകൊണ്ടു് മനോരമയുടെ നിലപാടു തെറ്റാണെന്നര്‍ത്ഥമില്ല) അവസാനത്തെ കേസ് (ഹൈക്കോടതിയിലാണെന്നു തോന്നുന്നു) മനോരമ ജയിച്ചു. അതിനു ശേഷം മനോരമ “ഞങ്ങള്‍ പറയുന്നതാണു ശരിയെങ്കിലും ഞങ്ങള്‍ വളരെ നല്ല മനുഷ്യരായതുകൊണ്ടു് ഞങ്ങളുടെ പഴയ സുഹൃത്തു് (ഇപ്പോള്‍ അവന്‍ കൂട്ടം വിട്ടു പോയ കുഞ്ഞാടാണെങ്കിലും) ടോംസിനു് ഞങ്ങള്‍ ബോബന്റെയും മോളിയുടെയും അവകാശം പൂര്‍ണ്ണമായും സൌജന്യമായും നല്‍കിയിരിക്കുന്നു“ എന്നൊരു നമ്പര്‍ പ്രയോഗിച്ചു് കേസ് അവസാനിപ്പിച്ചു. ഇപ്പോള്‍ അതിന്റെ അവകാശം ടോം‌സിനാണു്.

(ഈ കീമാനിലെ quotes ഒന്നും നേരെയല്ലല്ലോ വരുന്നതു് :-( )

ഉമേഷ്::Umesh said...

ഓഫ്ടൊപ്പിക്:

സിനിമാനടന്‍ കുഞ്ചാക്കോ ബോബന്റെ അച്ഛനമ്മമാരുടെ പേരുകള്‍ “ബോബനും മോളിയും” എന്നാണെന്നു് അറിയാമോ? അവരുടെ വിവാഹഫോട്ടോ പത്രത്തില്‍ വന്നതു് എനീക്കോര്‍മ്മയുണ്ടു്. (ഞാന്‍ ഒരു വയസ്സനാണെന്നു മനസ്സിലായല്ലോ :-))

അടുത്ത കാലത്തു് മധു, വിധു എന്നു പേരുള്ള ദമ്പതികളെ പരിചയപ്പെട്ടിരുന്നു. ശിവന്‍, ശക്തി എന്ന പേരുള്ള ദമ്പതികളെയും പരിചയമുണ്ടു്.

മന്‍ജിത്‌ | Manjith said...
This comment has been removed by the author.
മന്‍ജിത്‌ | Manjith said...

ശെടാ പിശകുകള്‍ ഏറെയാണല്ലോ;
-----
സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും ശ്രദ്ധേയനായ കാര്‍ട്ടൂണിസ്റ്റായിരൂന്നു മാതൃഭൂമിയിലെ ഗോപികൃഷ്ണന്‍. അങ്ങനെ തിളങ്ങി നിന്ന നേരത്താണ് വന്‍‌തുക കൊടുത്ത് മാതൃഭൂമി ഗോപീകൃഷ്ണനെ അടിച്ചുമാറ്റിയത്.
---------
കേരള കൌമുദിയിലായിരുന്ന ഗോപീകൃഷ്ണനെ മാതൃഭൂമി അടിച്ചുമാറ്റി എന്നു തിരുത്തിവായിക്കാനപേക്ഷ.

അക്ഷരത്തെറ്റുകള്‍ക്ക് മാപ്പ്

ഉമേഷ്::Umesh said...

എന്റെ കുമ്പളങ്ങിക്കാരന്‍ ഒരു സുഹൃത്തു് ഒരിക്കല്‍ മനോരമയ്ക്കൊരു കാര്‍ട്ടൂണ്‍ അയച്ചു. വന്നില്ല. കുറേ ആഴ്ച കഴിഞ്ഞപ്പോള്‍ “ബോബനും മോളിയും” അതിന്റെ പ്രധാന തമാശയായി അതു പ്രസിദ്ധീകരിച്ചു. (“എഴുത്തച്ഛനാണു് ആദ്യത്തെ പൈങ്കിളി എഴുത്തുകാരന്‍” എന്നതായിരുന്നു ആ ആശയം എന്നാണു് എന്റെ ഓര്‍മ്മ.)

“ബോബനും മോളിയും” എന്നതിലെ ആശയങ്ങള്‍ ടോസിന്റേതു മാത്രമല്ല, മനോരമയുടെയും കൂടിയാണു് എന്നതിനു വേറേ തെളിവു വേണോ?

പെരിങ്ങോടന്‍ said...

ഈ ഉഗാണ്ടമാതിരി ചോദ്യങ്ങള്‍ സിനിമയിലെ കോടതിയില്‍ മാത്രമേ ഉള്ളുവെന്നാ ഞാന്‍ കരുതിയതു്. മന്‍‌ജിത്തേ ചില ചില്ലറ വൈരാഗ്യബുദ്ധിയൊന്നും കൈയിലില്ലെങ്കില്‍ പിന്നെന്തു മനുഷ്യനാ, അല്ലെങ്കില്‍ നമ്മളൊക്കെ ദൈവമായിത്തീരില്ലേ. ഉഗാണ്ട ചോദ്യം രസിച്ചു.

എഴുത്തച്ഛന്‍ പൈങ്കിളിയെന്നു സമര്‍ഥിക്കുവാന്‍ തക്കവണ്ണം ധിഷണ പ്രകടിപ്പിച്ചിരുന്ന കാര്‍ട്ടൂണുകളും ബോബനും മോളിയിലും വന്നിരുന്നുവോ? കുറേകൂടി ജനകീയ കാര്‍ട്ടൂണുകളായിരുന്നു ബോബനും മോളിയിലും വന്നിരുന്നത് എന്നാണെന്റെ തോന്നല്‍.

ഓ.ടോ: മൊഴി കീമാപ്പ് തന്നെയാണോ ഉമേഷെ ഉപയോഗം? “” ‘’ എനിക്കു ശരിക്കും വരുന്നുണ്ടല്ലോ.

ദേവന്‍ said...

കേരളത്തില്‍ ബൌദ്ധികാവകാശ നിയമപ്രകാരം നടന്ന
‍ വ്യവഹാരങ്ങളില്‍ ഏറ്റവും
ശ്രദ്ധേയമായ തീരുമാനമായിരുന്നു  
റ്റോംസ് എന്ന വി ടി തോമസും
മലയാള്മനോര്മ പബ്ലിക്കേഷന്‍ ലിമിറ്റഡ്
കൊച്ചിയും
തമ്മില്‍ നടന്നത് [AIR1988 Ker 291]
അമ്പതുകളില്‍ ‍ ബോബന്റെയും മോളിയുടെയൂം സൃഷ്ടികര്‍മ്മം നടത്തിയ ടോംസ് 1961 മുതല്‍
1987 വരെ മനോരമയുടെ ജീവനക്കാരന്‍ ആയിരുന്നു.  അവിടെ നിന്നും പിരിഞ്ഞ ശേഷം
സമകാലിക മലയാളം
എന്ന ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രസിദ്ധീകരണത്തില്‍ ബോബനും മോളിയും
പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുകയും അതിനെതിരേ മനോരമ കോടതിയെ സമീപിക്കുകയും ആയിരുന്നു.
ടോംസിനു വേണ്ടി ഇന്ത്യന്‍ എക്പ്രസ്സിന്റെ അഭിഭാഷകര്‍ നിയമോപദേശം നല്‍കി

പ്രതി ടോംസ് ഹാജരില്ലാത്ത സാഹചര്യത്തില്‍ ജില്ലാ കോടതി  സമകാലിക മലയാളത്തിലോ
മറ്റു പ്രസിദ്ധീകരണങ്ങളിലോ ടോംസ് ബോബനും മോളിയും വരക്കുന്നതിനെ താല്‍ക്കാലികമായി
വിലക്കുകയും മനോരമക്ക് ബോബനും മോളിയും വരക്കാനും പ്രസിദ്ധീകരണം തുടരാനും താല്‍ക്കാലികാനുമതി
നല്‍കുകയും ചെയ്തു.
ഉത്തരവിന്‍പടി സമകാലിക മലയാളം വാരിക ബോബനും മോളിയും പ്രസിദ്ധീകരിക്കുന്നത്
നിറുത്തുകയും മനോരമ ഈ കാര്‍ട്ടൂണ്‍ പരമ്പര പുനരാരംഭിക്കുക്യം ചെയ്തു.
കാര്‍ട്ടൂണിസ്റ്റ്

സദാനന്ദന്‍
ഇക്കാലത്ത് മനോരമക്കുവേണ്ടി ബോബനും മോളിയും വരച്ചു
ഈ താല്‍ക്കാലിക ഉത്തരവിനെതിരേ 
സമകാലിക മലയാളം   പത്രാധിപര്‍
ജയച്ചന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടതിന്‍ പ്രകഅരം അഡ്വ. ഡോ സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയ
ഹര്‍ജിയില്‍ ഇന്ത്യന്‍ കോപ്പി റൈറ്റ് നിയമപ്രകാരം തൊഴിലുടമക്ക് ജീവനക്കാരന്‍ സൃഷിക്കുന്ന
കൃതികളിലല്ലാതെ കഥാപാത്രങ്ങളിലോ പിരിഞ്ഞ ശേഷം സൃഷ്ടിക്കുന്ന കൃതികളിലോ
അവകാശമില്ലെന്ന് [Indian Copyright Act, 1957 proviso (a) to Sec.17]
എന്ന നിയമാനുസൃതമായി മേലില്‍ ബോബനും മോളിയും വരക്കാനും പ്രസിദ്ധീകരിക്കാനുമുള്ള
അവകാശം ടോംസിനാണെന്നും എന്നാല്‍ മനോരമ കോപ്പിറൈറ്റ്‌ ചെയ്തിട്ടുള്ള 25 ഓളം വര്‍ഷത്തെ
കാര്‍ട്ടൂണുകളുടെയും അവ പുസ്തകരൂപത്തിലോ അല്ലാതെയോ പുന:പ്രകാശനം ചെയ്യാനുമുള്ള
അവകാശം മനോരമ പബ്ലിക്കേഷന്‍സിനുമാണെന്ന് കേരളാ ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ കെ.
സുകുമാരന്‍ വിധി നിര്‍ണ്ണയിച്ചു. ബോബനും മോളിയും ടോംസ്‌ സൃഷ്ടിച്ച
കഥാപാത്രങ്ങളാണെങ്കിലും അവരുടെ വളര്‍ച്ചക്കു പിന്നില്‍ മനോരമ കാര്‍ട്ടൂണ്‍ പാനല്‍
മുഴുവനും ഉണ്ടായിരുന്നെന്ന വാദം വെറും പൊള്ളയല്ലെന്ന് സദാനന്ദന്‍ വരച്ചിരുന്ന
സമയത്തും ബോബനും മോളിയും അതേ ക്വാളിറ്റി നിലനിര്‍ത്തിയെന്നും എന്നാല്‍ മനോരമയില്‍
നിന്നിറങ്ങിയ ശേഷം ടോംസ്‌ വരച്ച കാര്‍ട്ടൂണുകളിലെ നിലവാരത്തകര്‍ച്ച കണ്ട്‌ മലയാളം
വാരിക ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരണാവകാശം കിട്ടിയ ശേഷം വേണ്ടെന്നു വച്ചു എന്നതില്‍
നിന്നും മനസ്സിലാകുന്നു.
നിയമം അതനുശാസിക്കുന്ന സംരക്ഷണം തൊഴിലുടമയും പകര്‍പ്പവകാശം കൈവശമുള്ള സ്ഥാപനത്തിനും
അതേസമയം ബൌദ്ധികാവകാശസ്വാതന്ത്യം അതിനവകാശമുള്ളയാളായ കലാകാരനു നല്‍കുകയും ചെയ്ത
ശ്രദ്ധേയവും നീതിപൂര്‍വ്വവും യുക്തവുമായ ഒരു തീര്‍പ്പായിരുന്നു ഇതെന്ന്
തിരിച്ചരിഞ്ഞ് കുറഞ്ഞ പക്ഷം മിണ്ടാതെ വീട്ടിലിരിക്കേണ്ടതിനു പകരം മുഖ്യധാരാ
എഴുത്തുകാരില്‍ വളരെ ആദരണീയരായ ഒന്നുരണ്ടു പേരൊഴികെ  ബാക്കിയെല്ലാവരും
കലാകാരനെ ദ്രോഹിച്ചു ചതിച്ചു കൊല്ലാക്കൊല ചെയ്തു
എന്നൊക്കെ ലേഖനവും കഥയും കവിതയും അഭിമുഖവുമൊക്കെ പടച്ചു വിട്ടത്‌ വിവരദോഷമായും സെന്‍സേഷണുണ്ടാക്കി
ജനശ്രദ്ധ അവനവനിലേക്കു തിരിക്കാനുമുള്ള ശ്രമമായേ എനിക്കു കാണാനാകൂ.
കോടതി വിധിയില്‍ തെറ്റുണ്ടെന്നും മറ്റുമുള്ള
ഇംഗ്ലീഷ്‌ വിക്കിയിലെ പരാമര്‍ശങ്ങള്‍
വാസ്തവ വിരുദ്ധവും കോടതിയലക്ഷ്യവും അസംബന്ധവുമാണെന്നു മാത്രമല്ല അതിലെ പലഭാഗങ്ങളും
ദില്ലിയിലെ കോപ്പിറൈറ്റ്‌ അഭിഭാഷക അഡ്വ. ലത കോപ്പിറൈറ്റ്‌ ചെയ്തിട്ടുള്ള ഒരു
ലേഖനത്തില്‍ നിന്നും ചില ഭാഗങ്ങള്‍ അനുവാദമില്ലാതെയും പിശകുകള്‍ സഹിതവും (അനുവാദമില്ലെന്ന്
അനുമാനിക്കാന്‍ കാരണം
ലേഖിക എഴുതിയതിനു നേരെ വിപരീത അര്‍ത്ഥം വരുന്ന രീതിയിലും പിശകുകള്‍ സഹിതമാണു
വിക്കിയിലതു കാണുന്നെന്നും അതെഴുതിയ വ്യക്തിയെകുറിച്ചും ഉടമസ്ഥാവകാശത്തെക്കുറിച്ചും
ഒരു പരാമര്‍ശവുമില്ലെന്നും ഉള്ളതാണ്‌
. തിരക്കിട്ടു പകര്‍ത്തിയപ്പോള്‍ നിയമമേതാണെന്നു
പറയാതെ സെക്ഷനുകള്‍ മാത്രം പകര്‍ത്തി എഴുതിയും പോയി). കോപ്പിറൈറ്റിനെക്കുറിച്ച്‌
കോപ്പിറൈറ്റ്‌ അഭിഭാഷക കോപ്പി റൈറ്റ്‌ ചെയ്ത ലേഖനം അടിച്ചുമാറ്റി അതിനു വിപരീതാര്‍ത്ഥം
നല്‍കിയവന്‍ ആരെടാ? (കുറുന്തോട്ടിക്കും വാതമോ).
 ഓ ടോ.
അന്നത്തെ ചില കോലാഹലങ്ങള്‍ ഓര്‍ത്തതുകൊണ്ട്‌ എഴുതിപ്പോകുന്നത്‌.മൂന്നു വരി തെറ്റാതെ
എഴുതിയതിനാല്‍ താന്‍ സര്‍വ്വജ്ഞപീഠം കയറാന്‍ അര്‍ഹത നേടിയ ആളെന്നും ലോകത്തെല്ലാ
കാര്യത്തിലും എന്റെ നിലപാട്‌ മഹത്തരമെന്നും കരുതി വായില്‍ വരുന്ന പൊട്ടത്തരവും അല്‍പ്പത്തരവും
ഊളത്തരവും തെമ്മാടിത്തരവും വിളിച്ചുപറയുന്ന ഒരുപാടെഴുത്തുകാര്‍ നമുക്കുണ്ടെന്ന് പല
ലേഖനങ്ങളും വായിക്കുമ്പോള്‍ തോന്നാറുണ്ട്‌. ആ തോന്നലാണ്‌ VKN എന്ന മഹാ
പ്രതിഭയോടുള്ള എന്റെ ആദരവിനെ ദിനം പ്രതി വര്‍ദ്ധിപ്പിക്കുന്നതും. അറിവിന്റെ
മൂന്നുനാലു ചില്ലറത്തുട്ടും കയ്യിലിട്ട്‌ നമുക്കു മുന്നില്‍ ഞെളിയാന്‍ ശ്രമിച്ച്‌
കോമാളിയാകുന്നവര്‍ക്കു മുന്നില്‍ വീക്കേയെനെന്ന കുബേരന്റെ രൂപം പര്‍വ്വതത്തെക്കാള്‍
വലുതായി തോന്നുന്നു.

ദേവന്‍ said...

മുകളിലെ അലൈന്മെന്റ് ഇല്ലായ്മക്കും മറ്റെല്ലാ പിശകുകള്‍ക്കും ഉത്തരവാദി ഇഞ്ചിനീരിന്റെ ഫോട്ടോ പബ്ലീഷ് ചെയ്ത് എന്നെ മോഹിപ്പിച്ച അതുല്യ.

മന്‍ജിത്‌ | Manjith said...

ദേവോ ടോംസ് വരയ്ക്കാന്‍ പോയത് കൌമുദിയിലായിരുന്നില്ലേ. മലയാളം വാരിക പിന്നെയും നാലഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമല്ലേ തുടങ്ങിയത്?. ടോംസ് മനോരമ അങ്കം എന്റെ സ്ക്കൂള്‍ പഠനകാലത്താണെന്നാണ് ഓര്‍മ്മ.

ഈ ജയച്ചന്ദ്രന്‍ നായര്‍ തന്നെയായിരുന്നു കേസ് നടക്കുമ്പോള്‍ കലാകൌമുദിയുടെയും പത്രാധിപര്‍. ഒക്കെ ഓര്‍മ്മകളും സംശയങ്ങളുമാണ്. ദേവന്‍ ഇത്രയും വെരിഫൈ ചെയ്ത സ്ഥിതിക്ക് ഇതുകൂടി ഒന്നു വെരിഫൈ ചെയ്യൂ. വിക്കിയിലെ ലേഖനം വസ്തുതാപരമായി തെറ്റാണെങ്കില്‍ അതു തിരുത്താനും ഒന്നു ശ്രമിക്കാമോ.

ദേവന്‍ said...

87 മുതല്‍ 88 വരെ ആണ്‌ ഈ കടിപിടി നടന്നത്‌ AIR 1988 ഈ ഹൈക്കോടതി വിധി കൊള്ളിച്ചൂക്കോണ്ടാണ്‌ പ്രകാശനം ചെയ്യപ്പെട്ടിട്ടുള്ളത്‌.ജയചന്ദ്രന്‍ നായര്‍ ആ സമയത്ത്‌ കൌമുദിയില്‍ ആയിരുന്നെങ്കില്‍ തെറ്റു ക്ഷമിക്കണേ. മൂപ്പര്‍ കുത്തിയിരുന്നു പ്രാക്ക്‌ എഡിറ്റോറിയല്‍ എഴുതുന്ന ഓര്‍മ്മ വച്ചിട്ടാണു ഞാന്‍ മലയാളം വാരിക എന്നെഴുതിയത്‌. വിക്കിയില്‍ കാണുന്ന ലത എഴുതിയ ഭാഗങ്ങള്‍ മൊത്തം നീക്കി പുതുതാക്കി ഞാന്‍ മഞ്ജിത്തിനയക്കാം. അയ്യപ്പപ്പണിക്കര്‍ എം റ്റി എന്നിവരുടെ സൈറ്റിലെ ഭാഗനങ്ങളും ഇതേ ലേഖകന്‍ വിക്കിയിലിട്ടു കാണുന്നല്ലോ ?

(88 ഇല്‍ സ്കൂള്‍ എത്തിയിട്ടേ ഉള്ളോ? ഞാന്‍ " ബീ കോം കെമിസ്റ്റ്രി" ക്ക്‌ പഠിക്കുകയായിരുന്നു അപ്പോള്‍)

വക്കാരിമഷ്‌ടാ said...

ആംഗലേയ വിക്കിപ്പീടികയില്‍ പോയപ്പോള്‍ അത്ര നിഷ്‌പക്ഷമല്ല, അതുകൊണ്ട് ചര്‍ച്ചാവേദിയില്‍ തപ്പൂ എന്ന് കണ്ട് ചര്‍ച്ചാവേദിയില്‍ തപ്പിയപ്പോള്‍ ചാര്‍ച്ചക്കാരൊക്കെ കാപ്പികുടിക്കാന്‍ പോയിരിക്കുകയാണെന്ന് തോന്നുന്നു. സംഗതി ശൂന്യം.

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നപോലെയൊന്നുമല്ലെങ്കിലും, അപ്പുറത്ത് മനോരമയാണോ എന്നാല്‍ ശരി എന്നുള്ള മുണ്ട് മടക്കിക്കുത്തി തോര്‍ത്തഴിച്ചുതലയില്‍‌കെട്ടി വാച്ചൂരി അപ്പുറത്ത് നിക്കുന്നവന് കൊടുത്ത് മസിലും പിടിച്ച് തുടയ്ക്കിട്ട് രണ്ടടിയും കൊടുത്തുള്ള ഒരുതരം വികാരപ്രകടനമായിരുന്നു ഈ കാര്യത്തിലും കൂടുതല്‍ എന്ന് തോന്നുന്നു. ബ്രെയിന്‍‌വാഷ്ഡ് പ്രീപ്രോഗ്രാമ്മ്ഡ് ചിന്താഗതികളുടെ പരിണിത ഫലം. ഒരു പതിനഞ്ച് മിനിറ്റ് മനഃസമാധാനത്തോടെ ഒന്ന് ആലോചിച്ചാല്‍ ഇങ്ങനത്തെ പല അഭിപ്രായവികാരപ്രകടനങ്ങളും മാറിമറിയാം. മനോരമ, അമേരിക്ക, യേശുദാസ്..... എന്നുവെച്ച് അവര്‍ ചെയ്യുന്നതും പറയുന്നതും എല്ലാം അടിപൊളി എന്നൊന്നുമില്ല. റാഷണല്‍ തിങ്കിംഗ് എന്നോ മറ്റോ ഇല്ലേ. പക്ഷേ ഇങ്ങിനെ വികാരിപ്പിച്ച് മസ്തികപ്രഷാളനം (തന്നെ?) നടത്തി ഉപജീവനം കഴിക്കുന്ന ചില പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിലുണ്ടല്ലോ. അവര്‍ക്കും ജീവിക്കേണ്ടേ.

മന്‍ജിത്‌ | Manjith said...

എന്റെ കമന്റിലെ ചില ഭാഗങ്ങള്‍ സുജിത്ത് എന്ന കാര്‍ട്ടൂണിസ്റ്റിന്റെ അഭിമാനത്തിനു ക്ഷതമേല്‍പ്പിച്ചു എന്ന് അദ്ദേഹം തന്നെ പറഞ്ഞതിനാല്‍ അത് ഡിലിറ്റ് ചെയ്യുന്നു. ഏവൂരാന്‍ മനസിലാക്കുമല്ലോ. സുജിത്തിന് വേദനാജനകമായ പരാമര്‍ശം നടത്തേണ്ടിവന്നതില്‍ ഖേദിക്കുന്നു.

deva rajan said...
This comment has been removed by the author.

Followers

Index