കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, നവംബർ 26, 2006

മെരിലാന്‍ഡ് അന്താരാഷ്ട്ര ബൂലോഗ സമ്മേളനം

ശനിയനെ കണ്ടപ്പോള്‍ (അഥവാ, മെരിലാന്‍ഡ് അന്താരാഷ്ട്ര ബൂലോഗ സമ്മേളനം):




പട്ടേരിയുടെ "ഈ ശനിയന്‍ ആളെങ്ങിനെ?" എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇതാ..!

(താങ്ക്‍സ് ഗിവിങ്ങിനു നാലുനാളവധിക്ക് പത്നീഗൃഹത്തില്‍ വസിക്കുമ്പോഴാണ്, ഇഷ്ടന്‍ റോക്ക്‍‌വില്ലിലെവിടെയോ ഒരു കാറ്‌ ഡീലര്‍ഷിപ്പിലുണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന്, ഇയ്യുള്ളവനും ഒപ്പം അത്യന്തം ബാഹുബലമുള്ള, മുതിര്‍ന്ന സ്യാലനും ചേര്‍ന്ന് ചെന്ന് പിടിച്ചു കൊണ്ടുവരികയാണുണ്ടായത്. കുലംകഷമായ രീതിയില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുകയും, അതിനിടയില്‍ തന്നെ മൈഗ്രേന്‍ പിടിപെട്ട് ഞാനൊരു പരുവമാകുകയും ചെയ്തു.

മൈഗ്രേയ്നും ചര്‍ച്ചകള്‍ക്കും ശേഷം, ഞങ്ങള്‍ ജീവന്‍ പണയപ്പെടുത്തി അദ്ദേഹത്തിനെ തന്റെ ആവാസസ്ഥാനമായ ബാള്‍ട്ടി‌മോറില്‍ രാത്രി പന്ത്രണ്ട് മണിയോടെ കൊണ്ടു തിരികെ വിടുകയും ചെയ്തു. ചരിത്ര പരമായ ഈ സംഭവ വികാസങ്ങളിലെ കാണിക്കബിളായിട്ടുള്ള രണ്ടു പോട്ടങ്ങള്‍...)



(ചുവന്ന ടീ ഷര്‍ട്ടിട്ടത് ടിയാന്‍. മറ്റതു നാന്‍ താന്‍‌.)

ശനിയാഴ്‌ച, നവംബർ 25, 2006

മലയാളഭാഷ.ഓര്‍ഗ്ഗ്:::www.malayalabhasha.org

അങ്ങനെ ഞാനും കണ്ടു ഒടുവില്‍, മറ്റൊരു ബ്ലോഗനെ. പലകാര്യങ്ങള്‍ക്കും സഹകരിച്ചു് പോന്നിരുന്നുവെങ്കിലും ശനിയനെ ഞാനും, എന്നെ ശനിയനും ഇന്നു വരെ കണ്ടിട്ടുണ്ടായിരുന്നില്ല.

ഒടുവില്‍, ഇന്ന് ഞങ്ങള്‍ കണ്ടു മുട്ടി. (മുട്ടലിന്റെ ചിത്രങ്ങള്‍ പിന്നാലെ, ക്യാമറയുടെ കേബിള്‍ വീട്ടില്‍ ചെന്നിട്ട് തപ്പിയെടുത്തിട്ട്..!)

കാര്യങ്ങള്‍ പറഞ്ഞിരിക്കുമ്പോഴാണ്, തനിമലയാളം ചുരുളിന്റെ ആവിര്‍ഭാവവും മറ്റും ചര്‍ച്ചാ വിഷയമാകുന്നത്. ഒടുവില്‍, തനിമലയാളം പേജ് വെളിച്ചത്ത് വന്നിട്ട് നവംബര്‍ 25-നു ഒരു വര്‍ഷം പൂര്‍ത്തിയായി എന്ന യാദൃശ്ചികത മനസ്സിലാകുന്നത് വളരെ ആ‍കസ്മികമായിട്ടായിരുന്നു.

എന്തായാലും, ഒന്നാം വാര്‍ഷികത്തില്‍ തന്നെ, ശനിയനെ കാണാന്‍ കഴിഞ്ഞത് കൊണ്ട്, ഒരു ഡൊമെയ്ന്‍ നെയിം കൂടി ഒത്തുകിട്ടാന്‍‌ ഉതകി..! മലയാളഭാഷ.ഓര്‍ഗ്ഗ് (http://www.malayalabhasha.org/) എന്ന ഡൊമെയ്ന്‍ നെയിം കൂടി ചേര്‍ത്തിരിക്കുന്നു.

തനിമലയാളം പേജുകളിലേക്ക് നീളുന്ന ലിങ്കുകള്‍:

1) തനിമലയാ‍ളം.ഓര്‍ഗ്ഗ് (http://www.thanimalayalam.org/)
2) തനിമലയാളം.ഇന്‍‌ (http://www.thanimalayalam.in/)
3) മലയാളഭാഷ.ഓര്‍ഗ്ഗ്‌ (http://www.malayalabhasha.org/)


ഫോര്‍ ദി (ടെക്നിക്കലി) ഇനിഷ്യേറ്റഡ്:


തനിമലയാളം.ഓര്‍ഗ്ഗ് , തനിമലയാളം.ഇന്‍ എന്നും രണ്ടു ഡൊമെയ്ന്‍ നെയിമുകളാണല്ലോ ഉണ്ടായിരുന്നത്. ഇതില്‍ ആദ്യത്തേത് എന്റെ സെര്‍വറിലും, രണ്ടാമത്തേത്, ശനിയന്റെ സെര്‍വറിലും ചെല്ലുന്നവയാണ്.

മലയാളഭാഷ.ഓര്‍ഗ്ഗ് എന്ന സൈറ്റിലെ ജെ.എസ്.പി. കോഡ്, ഇന്‍‌കമിംഗ്‌ ട്രാഫിക്കിനെ, രണ്ട് സെര്‍വറുകളിലേക്കും റാന്‍‌ഡമായി തിരിച്ചു വിടുന്നു. ആയതിനാല്‍, കുറച്ചു കൂടി മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍
നടക്കും എന്നു പ്രത്യാശിക്കുന്നു.

(ഇനി, സെര്‍വറൊരെണ്ണം ചത്തു പോയാലോ മറ്റോ ട്രാഫിക്‍ അനുയോജ്യമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടുന്നതിനുള്ള ജെ.എസ്.പി. എന്‍‌ഹാന്‍സ്‌മെന്റ്സ്‌ -- ക്രമേണ എഴുതിയിടുന്നതാകുന്നു.)

(ഒപ്പം, ബ്രോഡ്‌ബാന്‍ഡ് നെറ്റും, 24x7 ഒരു ലിനക്സ് സിസ്റ്റമോടിക്കാനുള്ള കപ്പാകിറ്റിയും മനഃസ്ഥിതിയുമുള്ള ബൂലോകരുണ്ടെങ്കില്‍, “ഇന്നാ പിടിച്ചോ തനിമലയാളത്തിനു് ഒരു സിസ്റ്റം കൂടി..!” എന്നും പറഞ്ഞു മുന്നോട്ട് വരാനും താത്പര്യപ്പെടുന്നു..!)

:^)

ശനിയാഴ്‌ച, നവംബർ 18, 2006

ചലനം ചലനം ചലനം...

കേവല സത്യമിതൊന്നേയുലകില്‍‌
സര്‍വ ചരാചര ചലനം...

കവി വാക്യത്തിന്റെ അതേ അര്‍ത്ഥവ്യാപ്തിയിലല്ലെങ്കിലും, നേരം പുലര്‍ന്നാലുടന്‍ വീണ്ടും മൂവുകയാണു്. (വീട് മാറുകയാണെന്ന്...)

രാവിലെ ഒമ്പതിനു് മൂവേഴ്സ് എത്തും, ഒന്നരയ്ക്ക് മുമ്പെപ്പോഴെങ്കിലും സിസ്റ്റത്തിന്റെ പ്ലഗ്ഗൂരപ്പെടും...!

തിങ്കള്‍ വൈകുന്നേരത്തോടെയെങ്കിലും തിരികെ ഓണ്‍ലൈന്‍ ആക്കാമെന്ന് കരുതുന്നു. പിന്മൊഴികള്‍ ശനിയന്റെ സിസ്റ്റം കൈകാര്യം ചെയ്യേണ്ടതാണ്.

അസൌകര്യത്തിനു ഖേദിക്കുന്നു.

വീണ്ടും സന്ധിപ്പും വറേം വണക്കം..! സ്വസ്തി..! സമാധാനം..!

ബുധനാഴ്‌ച, നവംബർ 08, 2006

ആറാം മണി നേരവും ബൂലോകരും

തനിമലയാളം.ഓര്‍ഗ്ഗ് -ലെ കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഓരോ മണിക്കുറിലെയും ശരാശരി ഹിറ്റ്സുകളുടെ മാനകങ്ങള്‍ (ഗ്രാഫുകള്‍).

ഇവിടെ വ്യക്തമായും കാണാവുന്ന ഒരു പാറ്റേണ്‍, വൈകുന്നേരം ആറു മണിയോടെയാണു് ബൂലോകരുടെ തിക്കും തിരക്കും അല്പം കുറയുന്നത് എന്നതാണ്.

(ആറു മണിയെന്നത്, കിഴക്കന്‍ അമേരിക്കയിലെ ആറു മണിയാകുന്നു.)


















ഗള്‍ഫന്മാര്‍ ആപ്പീസിലേക്ക് തിരിക്കുകയാവാം, അല്ലെങ്കില്‍ അവര്‍ ഉറങ്ങുകയാവാം, അമേരിക്കന്‍ ബുജ്ജികള്‍ ആപ്പീസുകളില്‍ നിന്നു് വീടുകളിലേക്കുള്ള യാത്രയിലാവാം, കേരളത്തിലാവട്ടെ നേരം പരപരാന്നു വെളുക്കാന്‍ തുടങ്ങന്നതേയുള്ളൂ എന്നതൊക്കെയാവാം കാരണങ്ങള്‍.

തകര്‍പ്പ് തുടങ്ങുന്നത്, ഞങ്ങളുടെ സമയം അതിരാവിലെ നാലു മണിക്കാണ് - അതിനുള്ള ക്രെഡിറ്റ് നാട്ടിലെയും ഗള്‍ഫിലെയും ബൂലോകര്‍ക്കു മാത്രം സ്വന്തം.

വളര്‍ത്തുന്നവരും കൊല്ലാന്‍ ശ്രമിക്കുന്നവരും

[സാങ്കേതിക കഥ]

കളിയും ചാട്ടവുമായി രസിച്ചു നടക്കുന്ന ഒരു കൂട്ടം ടക്സ് കുഞ്ഞുങ്ങള്‍ വരുന്ന വഴിക്കരുകില്‍, കൈലി മുണ്ടും കയറ്റിയുടുത്ത് ചെമന്ന കണ്ണുകളുള്ള ഒരാള്‍ ഏറേ നേരം അക്ഷമനായി നില്പുണ്ടായിരുന്നു. പിറുപിറപ്പോടെ, കുട്ടികള്‍ വരേണ്ട ദിശയിലേക്ക് ഉറ്റു നോക്കുന്നുമുണ്ടായിരുന്നു ഇടയ്ക്കിടെ.

നേരം കളയാന്‍ അയാള്‍ ഇടുപ്പിലെ കഠാരയൂരി കൈയ്യിലിട്ട് തിരിച്ചു കൊണ്ടങ്ങനെ നില്ക്കവേ, കളിയും ചിരിയുമായ് കുഞ്ഞുങ്ങള്‍ വരുന്ന ശബ്ദം കേള്‍ക്കായി.

കഠാര തിരികെ ഇടുപ്പില്‍ തിരുകി, കൈലിമുണ്ടൊന്ന് കൂടി മുറുക്കിയുടുത്ത്, വഴിയരികിലുള്ള മരത്തിനു പിന്നിലേക്ക് പതുങ്ങി നില്‍പ്പായി.

ങും. വരുന്നുണ്ട് എല്ലാം. ഒരുത്തനെയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു.

ആര്‍മ്മാദിച്ചു രസിച്ചു വരുന്ന കുട്ടികള്‍, അതിലൊരെണ്ണം ഈ വശം ചേര്‍ന്നാണു വരവ്‌. തക്കത്തിനു തന്നെയാഞ്ഞ് ചെന്നവന്റെ വായ പൊത്തി മരത്തിനു പിന്നിലേക്ക് കൊണ്ടു വന്നു.

കുതറാന്‍ പണിപ്പെടുന്ന ചെക്കനെ അവന്റെ കൂട്ടരെല്ലാം കേള്‍വിക്കപ്പുറം മറഞ്ഞതിനു ശേഷമെ വിട്ടൊള്ളൂ.

മനസ്സിലാകുന്നില്ല.. പയ്യന്റെ നോട്ടത്തില്‍ ഭയമോ അതോ ധാര്‍ഷ്ട്യമോ?

“ഡാ..! എന്താടാ നിന്റെ പേര്‌?”

സൂസെ..”

“ങ്ങും... എന്നതാടാ നിന്റെ അമ്മയുടെ പേരു്..?!”

നോവല്‍..!”

“ഹാ ഹാ ഹാ.!! നോവലിന്റെ ദത്തുപുത്രനാണോ നീയ്യ്? എന്നേയറിയാമോടാ നിനക്ക്?”

“ഇല്ല, എനിക്കറിയില്ല.”

“നിന്റെ ചേട്ടനെ ഈ കഠാരയ്ക്ക് ഒറ്റക്കുത്തിനു കൊന്നവനാ ഞാന്‍. കേട്ടിട്ടുണ്ടോ..?”

പയ്യന്റെ മുഖം അല്പം വിളറി. രണ്ടാനമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, ഈ ഭീകരന്റെ നാമം, മൈക്രോസോഫ്റ്റ്..!

“എന്താടാ മിണ്ടാട്ടം മുട്ടിപ്പോയോ..? എന്റെ പേര്‍ കേട്ടിട്ടുണ്ടോന്ന്?”

“ഉവ്വ്, കേട്ടിട്ടുണ്ട്...!”

പണ്ട്, എന്നാല്‍ വളരെ പണ്ടൊന്നുമല്ല, നോവല്‍‌ നെറ്റ്‌വയറിന്റെ പ്രഭാവകാലങ്ങളില്‍, ഈ ഭീകരനു കൊമ്പു് കിളിര്‍ത്തു വരുന്നതേയുള്ളൂ അന്ന്. വിന്‍ഡോസിന്റെ ആദ്യലക്കങ്ങള്‍ക്ക് വേണ്ടി ക്ലയന്റ് സര്‍വീസസ്സ് ഫോര്‍ നെറ്റ്വയറെഴുതി രംഗത്തു വന്നവനിവന്‍ -- പിന്നെ പതിയെപ്പതിയെ, ആ ദ്വാരത്തിലൂടെ തന്നെ നെറ്റവയറിനെ ചോരയൂറ്റി കുടിച്ചു കൊന്നതുമിവന്‍.

ഇതെന്തിനാണോ ഈ പരാക്രമം? ഒന്നും കാണാതെയിവന്‍ ഇതിനിറങ്ങില്ല.

“ഡാ.. നിനക്ക് കാശു വല്ലതും വേണോ..?”

ങേ..?!

“കാശു വല്ലതും വേണോന്ന്..?!”

“എനിക്കെങ്ങും വേണ്ടാ തന്റെ കാശ്..”

“ഹ ഹ ഹ. വേണം, നിനക്കെന്റെ കാശു വേണം..” ഭീകരന്‍ തന്റെ കഠാര വലിച്ചൂരിയെടുത്തു മുരണ്ടു.

ലിനക്സ് വില്‍ക്കരുതെന്നാവും ഇനി പറയാന്‍ പോകുന്നത്, വില്‍പ്പന്‍ നിര്‍ത്തിക്കാനാവും കാശ് തരാമെന്നു പറഞ്ഞത്.

“പേടിക്കണ്ടാ, നീ വില്‍ക്കുന്ന ലിനക്സിനൊത്ത് ഞാന്‍ കാശങ്ങോട്ടു തരാം..”

ഇതെന്തു മാരണം? ഞാന്‍ സാധനം വിറ്റാല്‍ ഈയാളെന്തിനാണോ ഇങ്ങോട്ടെനിക്ക് കാശു തരുന്നത്?

“ശ്രദ്ധിച്ചു കേള്‍ക്ക്. നീയ്യ് വില്‍ക്കുന്ന ഓരോ ലിനക്സ് പതിപ്പിനും ഞാനങ്ങോട്ട് കാശു തരാം. നമ്മള്‍ തമ്മിലൊരു ഉടമ്പടിയുണ്ടെന്ന് ലോകരെ അറിയിച്ചാല്‍ മതി...”

“എന്ത് ഉടമ്പടി..?”

“നിന്റെ വെര്‍ഷന്‍ ലിനക്സ് ഉപയോഗിക്കുന്നവരെ മാത്രം ഞാന്‍ കോടതി കേറ്റില്ല എന്നൊരു ഉടമ്പടിയുണ്ടെന്ന് പറഞ്ഞാല്‍ മതി..”

ഓഹ്, അതായത്, ബാക്കി ലിനക്സ് വെര്‍ഷനുകളെ ഇവന്‍ “ശൂ” (sue) ചെയ്യുമെന്ന് ആള്‍ക്കാര്‍ക്ക് തോന്നണം. ടക്സുകള്‍ക്കിടയില്‍ ഫിയര്‍, അണ്‍‌സേര്‍ട്ടനിറ്റി, ഡൌബ്ട് (FUD) വളര്‍ത്താനുള്ള ഭീകരന്റെ തന്ത്രം.

Divide And Conquer യുദ്ധത്തിലെ ഏറ്റവും പുതിയ ആയുധം.

രണ്ടാനമ്മയാണെങ്കിലും അവരോട് ഒന്ന് ചോദിച്ചിട്ടാവാം തീരുമാനം.

“നില്ല്, ഞാനമ്മയോടെന്ന് ചോദിക്കട്ടെ..”

സെല്‍ഫോണില്‍ വിവരമറിഞ്ഞ് നോവലമ്മ ചിന്തിച്ചു, പണ്ട് നെറ്റ്‌വയര്‍ പുത്രനെ കാലപുരിക്കയച്ച ഭീകരനാണ് കാശ്‌ ഓഫര്‍ ചെയ്തിരിക്കുന്നത്. എങ്ങനെ പോയാലും, ആരു ചത്താ‍ലും പാത്രത്തില്‍ തുട്ടു വീണില്ലെങ്കില്‍, ഇന്‌വെസ്റ്റേര്‍സ് ഇട്ടിട്ടു പോവും. പണ്ടത്തെ യൂണിക്സ് ലാബുകളുടെ പേറ്റന്റുകളുള്ളതു കൊണ്ട് കഞ്ഞി കുടിച്ചു പോവുന്നെങ്കിലും, കാശിത്തിരി കൂടിയാല്‍ ആര്‍ക്കാ പുളിക്കുക?

“സമ്മതമാണെന്നു പറഞ്ഞേക്കൂ മോനെ...”

“ഓര്‍ക്കുക, നിന്റെ നന്മയ്ക്ക് വേണ്ടിയാ അമ്മ സമ്മതിക്കുന്നത്..!”

ലെജന്‍ഡ്:

1) .NET നു സമാന്തരമായി Mono എന്ന ഓപ്പണ്‍‌സോഴ്സ് സംരഭത്തിലെ ചില snipplet-കള്‍ മൈക്രോസോഫ്റ്റ് പേറ്റന്റുകള്‍ ലംഘിക്കുന്നു എന്ന് മൈക്രോസോഫ്റ്റും, അങ്ങനെയൊന്നുമില്ല എന്ന് മോണോയുടെ പിന്നാളുകളും. ഇല്ലെങ്കിലും ഉണ്ടെന്ന് സ്ഥാപിക്കാനാവും മൈക്രോസോഫ്റ്റിന് താത്പര്യം എന്നു തന്നെ പറയാം. കൂടുതല്‍ ഇവിടെ.

2) റെഡ്‌ഹാറ്റിനു സമാന്തരമായ് ഒറക്കിള്‍ കോര്‍പ്പറേഷന്‍ ലിനക്സ് രംഗത്തേക്ക് വരുന്ന സന്ദര്‍ഭത്തില്‍ തന്നെ ലിനക്സിലെ അതികായനായ റെഡ്‌ഹാ‍റ്റിനെ ഒതുക്കാന്‍ ഇങ്ങനെയൊരു കുടില തന്ത്രം.

3) ജര്‍മ്മനിയിലാണ് സൂസെ ലിനക്സിന്റെ ഉദ്ഭവം. 64 ബിറ്റ് ലിനക്സ് പ്രചുരപ്രചാരത്തില്‍ വരാനും കാരണം അവരാണ്. SAP-യിലെ ലിനക്സിന്റെ 93% സൂസെ ആയിരുന്നു. ഒടുവില്‍, സൂസെയെ നോവല്‍ വാങ്ങിയതോടെ അതിന്റെ കഷ്ടകാലം തുടങ്ങിയെന്നു പറയാം. ആദ്യഗഡുവായ 348 മില്ല്യണ്‍ വെള്ളിക്കാശിനു വേണ്ടി മഹത്തരമായ ഒരു ആശയത്തെ ചുരുട്ടിയിട്ട് നോവലും ചതിക്കുന്നു.

ഇനിയും ഇതിനെ പറ്റി ഒരുപാട് എഴുതാനുണ്ട്. സമയം അനുവദിക്കുന്നതിന് അനുസരിച്ച് ആവാം അത്.

ബുധനാഴ്‌ച, നവംബർ 01, 2006

പരിദേവനം

പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്,
മനുഷ്യപുത്രനു തലചായ്ക്കാന്‍...







ന്യൂയോര്‍ക്കിലിടമില്ല...

വീണ്ടും “വീട്” മാറേണ്ടിയിരിക്കുന്നു, അതിന്റെ പരിദേവനം ഇവിടെ ഇങ്ങനെ തീ‍ര്‍ത്തേക്കാം.

അനുയായികള്‍

Index