കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, സെപ്റ്റംബർ 25, 2006

മൌനത്തിനുള്ള വില

ആദ്യമവര്‍ കമ്മ്യൂണിസ്റ്റുകാരെ തേടി വന്നു; ഞാന്‍ കമ്മ്യൂണിസ്റ്റുകാരനല്ലാത്തതിനാല്‍ മൌനം പാലിച്ചു.

പിന്നീടവര്‍ ജൂതന്മാരെ തിരഞ്ഞു വന്നു; ഞാനോ, യഹൂദനല്ലാത്തതിനാല്‍ മൌനം നടിച്ചു.

പിന്നെയവര്‍ തൊഴിലാളി പ്രവര്‍ത്തകരെ തിരഞ്ഞു വന്നു; ഞാന്‍ യൂണിയന്‍ പ്രവര്‍ത്തകനല്ലാത്തതിനാല്‍ മൌനം പാലിച്ചു.

പിന്നെ അവര്‍ വന്നത് കത്തോലിക്കരെ തിരഞ്ഞായിരുന്നു; കത്തോലിക്കനല്ലാത്തതിനാല്‍ അന്നേരവും ഞാന്‍ മൌനിയായിരുന്നു.

ഒടുവിലവര്‍ എന്നെ തിരഞ്ഞു വന്നപ്പോഴേക്കും, എനിക്കു വേണ്ടി ശബ്ദമുയര്‍ത്താനാരും തന്നെ ശേഷിച്ചിരുന്നില്ല.





ബോസ്റ്റണിലെ ഹോളോകാസ്റ്റ് മെമ്മോറിയലില്‍ കണ്ട ശിലാഫലകത്തിന്റെ ചിത്രം, ലോകമെമ്പാടും വിവേചനം അനുഭവിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നു, ഒപ്പം തണുപ്പന്റെയും, ഫാര്‍സിയുടെയും കൂട്ടുകാരന്‍ നിതീഷ് സിങ്ങ് കുമാറിനും.

രക്ഷപെട്ടു, ഇത്തവണയും..

തലനാരിഴയ്ക്ക് രക്ഷപെടുക - രക്ഷപെട്ടെങ്കിലും നടുക്കം മാറിയിട്ടില്ല.

രാവിലെ ജോലിയിലേക്ക് പോകാനായി, ഭൂമിക്കടിയില്‍ ഏകദേശം ആറേഴു നില താഴെയാണ്, സബ്‌‌വേ ട്രെയിന്‍ ചെന്ന് നില്‍ക്കുന്നത്. പതിവു പോലെ ഇന്നും, മുകളിലേക്ക് പോകുന്ന എസ്കലേറ്റേഴ്സ് രണ്ടെണ്ണം നിലച്ചിരിക്കുന്നതിനാല്‍ എം.ടി.ഏ-യെ മനസ്സാ തെറി പറഞ്ഞ് കോണിപ്പടികള്‍ കയറി പുറത്തെത്താനുള്ള തത്രപ്പാടിനിടയില്‍, രണ്ടു ഷൂ ലേസുകളും അഴിഞ്ഞ് കിടക്കുന്നതായി കണ്ടു.

മുകളിലേക്ക് പായുന്ന ജനങ്ങളുടെ ഇടയില്‍ നിന്നും വശത്തേക്ക് മാറി, അവ രണ്ടും വീണ്ടും കെട്ടി ശരിയാക്കി. (അതെ, ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നാണ് -- പത്തു മുപ്പത്തൊന്നു വയസ്സായെങ്കിലും ഷൂ ലേസുകള്‍ ഇടയ്ക്കിടെ അഴിയുന്നതിനെന്താണ് കാരണം? )

വീണ്ടും ആള്‍ക്കൂട്ടത്തിന്റെ പാച്ചലിലേക്ക്.

മുകളിലെത്തിയപ്പോഴോ?

പോലീസ് പിന്തുടരുകയായിരുന്ന ഒരു കറുത്ത എസ്.യു.വി. ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നു, വേറൊരു വണ്ടിയെ ഇടിക്കുന്നു. ഇടി കൊണ്ട വണ്ടിയാകട്ടെ, നിയന്ത്രണം വിട്ട് സൈഡ് വാക്കിലേക്ക് ഓടിക്കയറി, ആറേഴു പദയാത്രികരേ ഒന്നിച്ചിടിച്ച്, വശത്തുള്ള ഓഫീസിന്റെ ചില്ലു വാതിലിനു നേരെ കൊണ്ടു നിര്‍ത്തി പിന്‍ ചെയ്തു നിര്‍ത്തുന്നു.

പിന്നാലെ, എന്‍.വൈ.പി.ഡി. ഓഫീസര്‍മാര്‍, കറുത്ത് എസ്.യു.വിക്ക് നേരേ ചെല്ലുന്നു. അതിലുണ്ടായിരുന്ന വെളുമ്പന്‍, അവരെ ആക്രമിക്കുവാന്‍ തുനിയുന്നു. പോലീസുകാരിലൊരാള്‍ പെപ്പര്‍ സ്പ്രേ ഉപയോഗിച്ചെങ്കിലും ഫലമില്ല. മറിച്ച്, ഡ്രൈവാള്‍ മുറിക്കാനുള്ള ഒരു കത്തിയുമായവന്‍ കതകു തുറന്ന് ചാടിയിട്ട് പോലീസിനെ കുത്താന്‍ ശ്രമിക്കുന്നു.

പോലീസുകാര്‍ അല്പം പിന്നോക്കം മാറുന്നു, അവരുടെ പിസ്റ്റളുകള്‍ നീട്ടിപിടിച്ചിട്ട് എന്തോ വിളിച്ചു പറയുന്നു. കത്തിയുമായ് നില്‍ക്കുന്ന വെളുമ്പന്‍ ചെറുക്കനാവട്ടെ കത്തി വീണ്ടും വീശിയടുക്കുന്നു.

“ഠോ..!” ഒരു വെടി.

കുത്താനാഞ്ഞവന്‍ ഒരു നിമിഷം പിടിച്ചു നിര്‍ത്തിയ പോലെ നിശ്ചലനായെങ്കിലും വീണ്ടും കളരിപ്പയറ്റ് തുടരുന്നു.

“ഠോ..!” ഒരെണ്ണം കൂടി.

വെട്ടിയിട്ട മാതിരി കത്തിയുമായവന്‍ താഴെ.

ആറേഴു സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇത്രയും സംഭവിക്കുന്നത് കണ്ടു നില്‍ക്കേണ്ടി വന്നു. പോലീസുകാരുടെ വെടി കൊള്ളാതിരിക്കാനായി, എല്ലാവര്‍ക്കുമൊപ്പം, ഒരു അരമതിലിനു പിന്നിലേക്ക് ചെന്നൊളിക്കുകയും ചെയ്തു, ഇതിനിടയില്‍.


അപ്പുറത്ത് ലാന്ഡ് റോവറിനടിയില്‍ ഒരു സ്ത്രീ കുരുങ്ങിക്കിടക്കുന്നു. സബ്‌വേയില്‍ എനിക്കൊപ്പം ഇറങ്ങിപ്പാഞ്ഞവരില്‍ ഒരാള്‍.

ലേസു കെട്ടാനായ്, ഞാന്‍ നിന്നില്ലായിരുന്നുവെങ്കില്‍, അക്കൂട്ടത്തില്‍, ആ വണ്ടിക്കടിയില്‍ ഒരു പക്ഷെ ഞാനും.

ആരുടെയോ പുണ്യം അല്ലേ? അതോ, സമയമായില്ല എന്നതാവുമോ കാരണം?

എന്തായാലും, ആപത്തില്‍ നിന്നും രക്ഷിച്ചതിന് ഈശ്വരനു നന്ദി..!


വാര്‍ത്തകള്‍ ഇവിടെ: 1, 2, 3, 4


വാര്‍ത്താ വീഡിയോ (ny1.com):

വെള്ളിയാഴ്‌ച, സെപ്റ്റംബർ 15, 2006

അരിനിരോധനം

ചോറു തിന്നു ശീലിച്ച മലയാളി ലോകത്തിലെവിടെ എത്തിപ്പറ്റിയാലും, രസിച്ചു വല്ലതും കഴിക്കണമെങ്കില്‍ നന്നായി വെന്ത ചോറു് തന്നെ വേണം തീന്‍ പാത്രത്തില്‍.

പ്രവാസത്തിന്റെ ആദ്യ നാളുകളില്‍, ബസ്മതി അരിയായിരുന്നു ആശ്രയം -- ഒരു കപ്പ് അരി, അതിനിരട്ടി വെള്ളവും ഒരു പ്ലാസ്റ്റിക് പാത്രത്തിലിട്ട് മൈക്രോവേവിലേക്ക് ഒരു 28 മിനിറ്റ് വെച്ചു കഴിയുമ്പോള്‍ ചോറ്‌‌ റെഡി. അരി വാര്‍ക്കാനും നില്‍ക്കേണ്ട, ഒന്നും വേണ്ട.

ഇന്ത്യന്‍ കടകളില്‍ പ്രധാനമായും ബസുമതി അരി ഇന്ത്യയില്‍ നിന്നും, പിന്നെ പാക്കിസ്ഥാനില്‍ നിന്നും ഉള്ളവയാണ് വില്പനയ്ക്കുള്ളത്. അരി വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു, “പ്രൊഡ്യൂസ് ഓഫ് ഇന്ത്യ”എന്ന ലേബലുണ്ടോ എന്നുറപ്പു് വരുത്താന്‍.

അങ്ങിനെ തൈരും ചോറും അച്ചാറുമായി സുഭിക്ഷതയുടെ ഏകാന്ത ദിനങ്ങളിലൊന്നില്‍ കേട്ടു, ബസുമതി അരി തുടര്‍ച്ചയായി കഴിക്കുന്നത് നല്ലതല്ല, ഷുഗറു കൂടുതലാണത്രേ.

ആ കേട്ടറിവിനു ശേഷം കുറെ നാളുകള്‍, വിവിധ തരം അരികളുടേതായിരുന്നു. പൊടിയരിയുടെ വലിപ്പമുള്ള അരി മുതല്‍, നാട്ടിലെ കുത്തരി വരെ ഉപയോഗിച്ചു നോക്കി. (കുറേ ഉത്തരേന്ത്യന്‍ കൂട്ടുകാരെ, നാടന്‍ കുത്തരി വെച്ചുള്ള ചോറൂട്ടിക്കാന്‍ ഒരിക്കല്‍ ഒന്ന് ശ്രമിച്ചു നോക്കിയതോര്‍മ്മ വരുന്നു. മലയാളിക്കടയിലെ അരി, മണിക്കൂറുകള്‍ പുഴുങ്ങിയിട്ടും റബര്‍ പോലെ തന്നെ. ഒടുവില്‍ എല്ലാവരും അന്ന്, ചൈനീസ് ഫ്രൈഡ് റൈസ്സടിച്ചും, എന്നെ ചീത്ത പറഞ്ഞും നിര്‍വാണം കൈക്കൊണ്ടു. ഞാനാകട്ടെ ഈ കാലമാടന്മാരെ കുത്തരിച്ചോറൂട്ടിക്കാന്‍ തോന്നിയ നിമിഷത്തെയും ശപിച്ചു സമാധാനപ്പെട്ടു.)

ഒടുവില്‍, ഒരു മലയാളി പറഞ്ഞു തന്നതാണ്, അങ്കിള്‍ ബെന്‍സ് അരി. നാട്ടിലെ (ആന്ധ്രാ/തമിഴ്നാട്ടിലെ) വെളുത്ത അരി പോലെ തന്നെയുള്ള സാധനമാണത്രെ.

വാങ്ങിച്ചു കൊണ്ടു പോയി വെച്ചു നോക്കി, കുഴപ്പമില്ല എന്നു ബോദ്ധ്യവുമായി.

അതിനു ശേഷം ഇന്നേവരെ, അങ്കിള്‍ ബെന്‍സ് റൈസാണ് പ്രിയം. അതു മടുക്കുമ്പോള്‍, ബസ്മതി. ബസ്മതി മടുക്കുമ്പോള്‍ തിരിച്ചും.

വീണ്ടും സുഭിക്ഷതയുടേ കുറേ നാളുകള്‍...

ഇന്നിതാ, ദീപികയില്‍ വായിച്ചു, അങ്കിള്‍ ബെന്‍സ് അരി, സ്വിറ്റ്സര്‍ലാണ്ട് നിരോധിച്ചുവത്രെ. LL601 എന്നൊരു രാസവസ്തു ഉള്ളതിനാലാണ്, ഈ നിരോധനം.

ബേയര്‍ ക്രോപ്‌സയന്‍സ് എന്ന കമ്പനിയുണ്ടാക്കിയ ജനതിക അരിയാണ്, LLRice 601. ലിബര്‍ട്ടി ലിങ്ക് 601 എന്ന ജനതിക പ്രോട്ടീന്‍ അടങ്ങിയതിനാലാണ് LL601 എന്ന് ചെല്ലപ്പേരു്.

ഈ പ്രോട്ടീന്‍ ഉണ്ടാക്കിയത് എന്തിനാണെന്നോ? ബേയറിന്റെ തന്നെ ലിബര്‍ട്ടി എന്ന കളനാശിനിയെ ചെറുക്കാന്‍ വേണ്ടിയാണ്, ഈ പ്രോട്ടീന്‍ ഉണ്ടാക്കിയത്. അങ്ങിനെയാകുമ്പോള്‍, കളനാശിനി പ്രയോഗിക്കുമ്പോള്‍ കള മാത്രം നശിച്ചാല്‍ മതിയല്ലോ, നെല്‍ച്ചെടികള്‍ നിലനില്‍ക്കുകയും ചെയ്യും. ഇല്ലം ചുടുമ്പോള്‍, എലികള്‍ മാത്രം ചത്തിരുന്നെങ്കില്‍ എത്ര നന്നായേനെ...

ബേയര്‍, 2001-ല് കളനാശിനിയെ വെല്ലുന്ന‍ LL601 അരി നിര്‍ത്തിയെങ്കിലും, വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, അമേരിക്കയില്‍ വിളയുന്ന സാദാ അരിയില്‍ മേല്പറഞ്ഞ രാസവസ്തു അപകടകരമായ തോതില്‍ കണ്ടെത്തിയെന്ന് USDA ആഗസ്ത് 18-ന് സ്ഥിരീകരിച്ചു.

കീടനാശിനിക്കാരനുണ്ടാക്കിയ ജനതിക വിത്ത് കാരണം, ജപ്പാനും ചില യൂറോപ്പ്യന്‍ രാജ്യങ്ങളും അമേരിക്കന്‍ അരി ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കയാണ്.

നമ്മളുരുട്ടിയടിക്കുന്ന “ബെന്‍ അമ്മാവന്”‍ അരിയേയും അവര് നിരോധിച്ചിരിക്കുന്നു.

ഇതോടേ, അരി വിറ്റഴിക്കാനാവാത്ത അമേരിക്കന്‍ കര്‍ഷകര്‍ ഈ വിത്തുണ്ടാക്കിയ കീടനാശിനിക്കമ്പനികള്‍ക്കെതിരെ കേസും വക്കാലത്തും തുടങ്ങിക്കഴിഞ്ഞു എന്നാണറിഞ്ഞത്.

വീണ്ടും ബസ്മതിയുടെ കാലമുദിക്കുന്നു. (പുതിയ അറിവുകള്‍ ഉണ്ടാവുന്നതു വരെ...)

വാ‍ല്‍ക്കഷണം: ഒരു വീടൊക്കെ മേടിച്ചിട്ട് വേണം, ചട്ടിയില്‍ കുറേ നെല്ലു കൃഷി ചെയ്യാന്‍. :^)



ദീപിക വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട്:


ചൊവ്വാഴ്ച, സെപ്റ്റംബർ 05, 2006

കൈവെള്ളയിലെ ബൂലോഗങ്ങള്‍

രാവിലെയും വൈകിട്ടും, കമ്മ്യൂട്ടിനിടെ വെറുതെ കളയുന്ന സമയത്ത് മലയാളം ബ്ലോഗുകള്‍ വായിക്കാനെന്താണൊരു വഴി?

ലാപ്‌ടോപ്പില്‍ ഓഫ്‌ലൈന്‍ ആര്‍ക്കൈവായി വായിക്കുവാന്‍ പറ്റും, പക്ഷെ യാത്രയ്ക്കിടയില്‍ നോട്ട്ബുക്കിന്റെ ഭാരം പേറാന്‍ വയ്യ.

അതിനാല്‍,

പി.ഡി.ഏ., പോക്കറ്റ് പീസി തുടങ്ങിയ ഹാന്‍‌ഡ് ഹെല്‍ഡ് സാമഗ്രികള്‍ (മലയാളം ബ്ലോഗുകള്‍/പിന്മൊഴി തുടങ്ങിയവ വായിക്കുവാനായി) ഉപയോഗിക്കുന്നവരുണ്ടോ ഇവിടെ?

ഇത്തരം പോക്കറ്റ്/ഹാന്‍ഡ്‌ ഹെല്‍ഡ് സാധനങ്ങളില്‍ വരുന്ന മലയാളം വായിക്കബിളാണോ?

അഭിപ്രായങ്ങള്‍ സദയം രേഖപ്പെടുത്തുക. നന്ദി..!

അനുയായികള്‍

Index