കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ജനുവരി 30, 2006

ട്രാന്‍സിറ്റ് വിസയെന്ന കൊള്ള

നേരത്തെ, ഇന്ത്യയില്‍ നിന്നും അമേരിക്കയിലെത്താനും തിരിച്ചും, ലണ്ടന്‍ വഴി പറക്കുകയായിരുന്നു പതിവ്. ബോയിംഗ് 747 വിമാനങ്ങള്‍ക്ക് ഒറ്റയടിക്ക് പതിനാലോ മറ്റോ മണിക്കൂറുകള്‍ മാത്രമെ പറക്കാന്‍ കഴിയൂ എന്നിരിക്കെ, വഴിയില്‍ ഒരിടത്തിറങ്ങി വീണ്ടും ഇന്ധനവും ആഹാരവും ഒക്കെ നിറച്ച് , അകമൊക്കെ ഒന്ന് വൃത്തിയാക്കിയ ശേഷം തങ്ങളുടെ നിര്‍ദ്ദിഷ്ട സ്ഥലത്തേക്ക് പോവുകയായിരുന്നു പതിവ് -- മിക്കവാറും ഒന്നര-രണ്ട് മണിക്കൂറെടുക്കും -- അത്രയും നേരം വിമാനത്തിനകത്ത് തന്നെയിരിക്കുകയോ, നടക്കുകയോ ചെയ്യാം. ഹീത്രൊ വിമാനത്താവളത്തിലായിരിക്കും സാധാരണ ഇങ്ങിനെ ഹാള്ട്ട് ചെയ്തിരുന്നത്.

സെപ്തംബര്‍ 11-ലെ ഭീകരാക്രമണത്തിനു ശേഷം, സംഭവമാകെ മാറി. യാത്ര ചെയ്യുന്ന വിമാനം ലണ്ടനില്‍ ഫ്യൂവലടിക്കാന്‍ ഇറങ്ങുന്നെങ്കില്‍, ട്രാന്‍സിറ്റ് വിസ ഇല്ലാത്തവര്‍ക്ക് ആ വഴി പോകാന്‍ പറ്റില്ലെന്നായി. ട്രാന്‍സിറ്റ് എന്ന പദം പേരിന് മാത്രമാണുള്ളത് -- വിമാനത്തിനകത്ത് നിന്നിറങ്ങിയിട്ട് വേണ്ടെ ട്രാന്‍സിറ്റാന്‍ പോകാന്‍ പറ്റൂ?

ചുരുക്കത്തില്‍ പറഞ്ഞാല്‍, താണിട്ട് തെല്ലും നേരം കഴിഞ്ഞ് പറന്നു പോകുന്ന വിമാനത്തിലെ ആളൊന്നിന് 50 ക വീതം ട്രാന്‍സിറ്റ് വിസയെന്നും മറ്റും പറഞ്ഞ് ഊറ്റിയെടുക്കാന്‍ പറ്റിയ നിയമം യു.കെ-യില്‍ നിലവില്‍ വന്നു.

എന്റെ രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ചന്തിയിട്ടുരച്ച് , നൂറ് കണക്കിന് വര്‍ഷങ്ങള്‍ ഭരിച്ചാ‍മാദിച്ചവര്‍ക്ക് ചുളുവില്‍ കാശുണ്ടാക്കാനുള്ള അന്താരാഷ്ട്ര സഞ്ചാരിയെന്ന ഉപാധിയാകേണ്ട എന്ന് കരുതി, മേല്പറഞ്ഞ നിയമം നിലവില്‍ വന്നതില്‍ പിന്നെ ലണ്ടന്‍ വഴിയുള്ള സഞ്ചാരമങ്ങ് നിര്‍ത്തി.

പകരം, ഫ്രാന്‍സിലൂടെ ഒരു വഴി കണ്ടു പിടിച്ചു. പാരീസ് വഴി പറക്കുന്നതിന് അന്യായം കാശും കൊടുക്കണ്ട, ട്രാന്‍സിറ്റ് വിസയെന്ന തുണ്ട് കടലാസ്സിന് ബ്രിട്ടീഷ് കോണ്‍സുലേറ്റും കാണേണ്ട.

ഇന്ന് കേരളാകൌമുദിയില്‍ കണ്ടൊരു വാര്‍ത്തയാണ് ഇപ്പോഴിതെഴുതാന്‍ കാരണം. വയലാര്‍ രവി കേന്ദ്രമന്ത്രിയായതിനു ശേഷം നടത്തിയ ഒരു പ്രസ്താവന (താഴെ കൊടുക്കുന്നു, സ്ക്രീന്‍ ഷോട്ട്.)

ഒരു ഇന്ത്യന്‍ എം.പി-യ്ക്ക് ന്യൂയോര്‍ക്കിലെ ബ്രിട്ടീഷ് കാര്യാലയത്തില്‍ അത്രയും ബുദ്ധിമുട്ടെങ്കില്‍, ഒരു നിമിഷമെങ്കില്‍ അത്രയും നേരത്തെ വീടുപറ്റാന്‍ വെമ്പിയിറങ്ങുന്ന സാധാ‍രണക്കാരന്റെ കാര്യമോ?

പ്രവാസികള്‍ നമ്മള്‍ക്ക് ഗുണകരമായവ ചെയ്യാന്‍ അദ്ദേഹത്തിനാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

തിങ്കളാഴ്‌ച, ജനുവരി 23, 2006

ന്യൂയോര്‍ക്കിലെ ടാക്സിക്കാരി

മെലീസ പ്ലൌട്ട് എന്ന ന്യൂയോര്‍ക്ക് ടാക്സി ഡ്രൈവറുടെ ബ്ലോഗ് യാഹൂ വാര്‍ത്തയായി വന്നതോടെ, പ്രധാന സംസാര വിഷയമായ് തീര്‍ന്നിരിക്കുന്നു.

മെലീസയുടെ ബ്ലോഗ് ഇവിടെ വായിക്കാം.

ന്യൂജഴ്സിക്കാരെ അവര് കുറെ ചീത്ത പറയുന്നുണ്ട് ഇതില്‍ -- എങ്ങിനെ പറയാതിരിക്കും..? :) പോരാത്തതിന് ഇതും..

ന്യൂയോര്‍ക്കിലെ ടാക്സിക്കാരുടെ ജീവിതത്തിലേക്ക് തുറന്നു വെച്ചിരിക്കുന്ന് ഒരു ചെറിയ വാതില്‍.

ചൊവ്വാഴ്ച, ജനുവരി 17, 2006

പിന്മൊഴികളെ പറ്റി

തുടരെത്തുടരെ കഴിഞ്ഞ ദിവസങ്ങളില്‍ കുറെ കമ്മന്റിയത് ഇത് ടെസ്റ്റ് ചെയ്യാനായിരുന്നു..

ബ്ലോഗുകളിലെ കമ്മന്റുകളെല്ലാം പിന്മൊഴികളില്‍ വരേണമെങ്കില്‍, കമ്മന്റ് സെന്‍ഡ് അഡ്രസ്സായി pinmozhikal അറ്റ് gmail.com ഉപയോഗിക്കുക.

  • കമ്മന്റുകള്‍ മിസ്സാകുന്നതിന്റെ പ്രധാനകാരണം, എന്റെ അറിവില്‍:

സു ഒരു ബ്ലോഗ്ഗില്‍ ഒരു കമ്മന്റിട്ടെന്നിരിക്കട്ടെ. സു-വിന്റെ ബ്ലോഗ്ഗര്‍.കോമിലുള്ള ഈ-മെയില്‍ ഐ.ഡി. ബ്ലോഗ്4കമ്മന്റ്സിലെ അംഗമല്ലെങ്കില്‍, കമ്മന്റ് പ്രസിദ്ധീകരിക്കാന്‍ ഗൂഗിള്‍ ഗ്രൂപ്പ് ചിലപ്പോള്‍ മടികാണിക്കുന്നു.

ആ ബ്ലോഗിന്റെ ബ്ലോഗര്‍.കോമിലുള്ള ഈ-മെയില്‍ ഐ.ഡി-യും ബ്ലോഗ്4കമ്മന്റ്സിലെ അംഗവുമല്ലെങ്കിലും ഇതുണ്ടായേക്കാം എന്ന് തോന്നുന്നു.

ഇതേ പ്രശ്നം അനോണികള്‍ ആ ബ്ലോഗില്‍ കമ്മന്റുമ്പോഴും പ്രകടമണ്.

  • പരിഹാരം:
കമ്മന്റ് സെന്‍ഡ് അഡ്രസ്സായി, pinmozhikal അറ്റ് gmail ഡോട്ട് കോം ഉപയോഗിക്കുക...

pinmozhikal അറ്റ് gmail ഡോട്ട് കോം എന്ന ഈ-മെയില്‍ ഐ.ഡി. പെരിങ്ങോടരുടെ മേല്‍‌നോട്ടത്തിലുള്ളതാണ്. മേല്പറഞ്ഞ മാതിരി, അനാഥകമന്റുകളേത്, സനാഥ കമ്മന്റുകളേത്, എന്ന് തിരിച്ചറിയാന്‍, പെരിങ്ങോടരാണ് ഫില്‍റ്ററുകള്‍ നോക്കിനടത്തുന്നത്.

അനാഥ കമ്മന്റുകള്‍, പെരിങ്ങോടരുടെ
pinmozhikal അറ്റ് gmail ഡോട്ട് കോം ഐ.ഡി., എന്റെ സെറ്‌വറിലേക്ക് അയയ്ക്കുന്നു, ഞാനവയുടെ “ഫ്രം” അഡ്രസ്സ് മാറ്റി, ഒരംഗീകൃത ഐ.ഡി.-യില്‍ നിന്നും വരുന്നവ പോലെയാക്കിയ ശേഷം അവയെ, തിരികെ pinmozhikal അറ്റ് gmail ഡോട്ട് കോം-ലേക്ക് അയയ്ക്കുന്നു -- അത് അവിടെ നിന്നും പിന്മൊഴികള്‍ ഗ്രൂപ്പിലേക്ക് എത്തുന്നു...

സിബുവിന്റെ രണ്ട് പോസ്റ്റുകളും കൂടി കാണുക.

  • ഇതൊക്കെ ചെയ്തിട്ടും പിന്മൊഴികളില്‍ വരുന്നില്ലെങ്കിലോ?
pinmozhikal അറ്റ് gmail ഡോട്ട് കോം എന്ന ഐ.ഡി. ഉപയോഗിച്ചിട്ടും താങ്കളുടെ കമ്മന്റുകള്‍ വരുന്നില്ലെങ്കില്‍, അത് അറിയിക്കുക. താങ്കളുടെ ബ്ലോഗയയ്ക്കുന്ന കമ്മന്റുകള്‍ക്കായി, pinmozhikal അറ്റ് gmail ഡോട്ട് കോം-മില്‍ പ്രത്യേകം ഫോര്‍‌വേഡിംഗ് ഫില്‍റ്ററുകള്‍ വേണ്ടതായിട്ടുണ്ട് -- പെരിങ്ങോടര്‍ക്ക് ഒരു ഈ-മെയിലോ, താഴെ ഒരു കമ്മന്റോ ഇടുക.

അല്ലെങ്കില്‍, ഏവൂരാന്‍ അറ്റ് യാഹൂ ഡോട്ട് കോം-മിലേക്ക് എഴുതുക.


സാങ്കേതികമായ ഒരു കാര്യം മലയാളത്തില്‍ പറഞ്ഞു പിടിപ്പിക്കുക എന്നത് ഇത്തിരി പാടുള്ളതാണേ... എന്നാലും ശരി ഇതും കിടക്കട്ടെ..!!


വെള്ളിയാഴ്‌ച, ജനുവരി 13, 2006

ഞാനിപ്പം രാജി വെയ്ക്കും

“കടുവ വരുന്നേ... കടുവ വരുന്നേ...” എന്ന് വിളിച്ച് കൂവി ആള്‍ക്കാരെ പറ്റിച്ച ആട്ടിടയന്‍ പയ്യന് പറ്റിയ പോലായിപ്പോയി കെ.കെ രാമചന്ദ്രന് പറ്റിയ പറ്റ്.

സുജനപാല്‍ സത്യപ്രതിജ്ഞ ചെയ്യവെ “ഞാനിപ്പം രാജി വെയ്ക്കും, ഞാനിപ്പം രാജി വെയ്ക്കുമേ...” എന്നൊക്കെ വിളിച്ച് കൂവിയിട്ട്, ഇപ്പോള്‍ നാണംകെട്ട് അഴിമതിക്കാരനായ് പുറത്തു പോകേണ്ടി വന്നു.

തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍, അങ്ങ് പോകട്ടെന്ന് കരുതി മുഖ്യമന്ത്രി അന്നാ രാജി വാ‍ങ്ങാഞ്ഞത്, നമ്മള്‍, ജനങ്ങളെന്ന കഴുതകളുടെ ഭാഗ്യം.

അതു കൊണ്ടല്ലേ, ഉപ്പ് തിന്നവന്‍, കര്‍മ്മ ഫലമായ് വെള്ളം കുടിക്കുന്ന കാഴ്ച നമുക്ക് കാണാന്‍ ഇടയായത്?

എന്നാലും, എണ്ണ തേച്ച മരക്കമ്പേന്നിറങ്ങുന്നത്ര ലാഘവത്തോടൊന്നുമല്ല, രാമചന്ദ്രന്‍ രാജി വെച്ചത് . ആ ഡി.എം.ഓ-വിന് ടെലിഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യാന്‍ തോന്നിയ ബുദ്ധി...

അതിനിടയ്ക്ക് പി.പി തങ്കച്ചന്‍ ഒരു പ്രസ്താവനയുമായ് രാമചന്ദ്രനെ ന്യായീകരിക്കാനെത്തി -- മന്ത്രി ഭീഷണിപ്പെടുത്തിയെന്ന് ലോകായുക്ത പ്രസ്താവനയിറക്കിയതും എല്ലാം ഏകപക്ഷീയമായിട്ടാണത്രെ.

അതെ, സ്വന്തം അമ്മയുടെ താലി കട്ടുവിറ്റ പുള്ളേനെ , കള്ളി വെളിച്ചത്തു വരുമ്പോള്‍ തന്തയും തള്ളയും എടുത്തിട്ട് മേടുന്നതും ഏകപക്ഷീയമായിട്ടാണല്ലോ...? തല്ലു കൊള്ളുക, ജീവനും കൊണ്ടോടുക എന്നല്ലാതെ “പുള്ളയ്ക്ക്” വേറെ വഴിയൊന്നുമില്ലല്ലോ?

തികച്ചും ഏകപക്ഷീയമായാണല്ലോ വീടുകളില്‍ കക്കാന്‍ വരുന്നവരെ കൈയില്‍ കിട്ടിയാല്‍ നാട്ടുകാര്‍ പെരുമാറുന്നത്...

നാടും പുരോഗമിക്കുകയാണ് -- മോണിക്ക ലെവിന്‍സ്കിയെ അറിയത്തേയില്ല എന്നൊക്കെ തട്ടിവിട്ട ക്ലിന്റണ്‍ -- ശുക്ലം പുരണ്ട തുണി വെളിയില്‍ വന്നപ്പോള്‍ അങ്ങേരുടെ കള്ളം വെളിച്ചത്തായി.

റെക്കാഡ് ചെയ്യപ്പെട്ട ഫോണ്‍ സംഭാഷണത്തില്‍ രാമചന്ദ്രനും ഒതുങ്ങി.

“തികച്ചും” ഏകപക്ഷീയമായിട്ട് ജനങ്ങള്‍ നേരിടേണ്ടുന്ന കള്ളന്മാര്‍ ഇനിയുമുണ്ട്.

റെജീനയെ അറിയത്തേയില്ല എന്ന് കുഞ്ഞാലിക്കുട്ടി...

ഐസ്ക്രീം തിന്നിട്ടേയില്ല എന്ന് കുഞ്ഞാലിക്കുട്ടി...

മണിച്ചനെ അറിയത്തേയില്ല എന്ന് തിരുവനന്തപുരത്തെ ഏഴ് മഹാരഥികള്‍..

ചോദ്യം ചോദിക്കാന്‍ കാശ്‌ വാങ്ങിയിട്ടേയില്ല എന്ന് എം.പിമാര്‍..

എം.പി. ഫണ്ടിന്റെ ഓഹരി ചോദിച്ചിട്ടേയില്ല എന്ന് വേറെ ചില എം.പിമാര്‍...

കള്ളടിച്ച് വണ്ടിയോടിച്ചിട്ടേയില്ല എന്ന് സല്‍മാന്‍ ഖാന്‍...

ജെസ്സിക്കാ ലാലിനെ കൊന്ന വെടിയുണ്ട ശൂന്യതയില്‍ നിന്നെന്ന് പറയുന്ന മന്ത്രിപുത്രന്‍...

കാശ് കട്ടിട്ടേയില്ലെന്ന പറയുന്ന ലാലു..

രാജനെ അറിയത്തേയില്ല എന്ന് കരുണാകരനും കിങ്കരന്മാരും...

ഐ.സി.ഐ.സി.ഐ ബാങ്ക് കേരളത്തില്‍ തുടങ്ങിയ കാലം -- തിരുവനന്തപുരത്ത് നിന്നും ട്രെയിനില്‍ കണ്ണൂരിന് യാത്ര ചെയ്യുകയായിരുന്ന ഐ.സി.ഐ.സി.ഐ ഉദ്യോഗസ്ഥനായ എന്റെ സു ഹൃത്തിനെ തഴുകിയും തൊട്ടും സുഖിപ്പിക്കാന്‍ കൂടെയുണ്ടായിരുന്ന ഒരു മുസ്‌ലീം ലീഗ് നേതാവ് പെട്ട പാട് അവന്‍ പറഞ്ഞതോര്‍ക്കുന്നു...

റേഷന്‍ കടകള്‍ വഴി, ഓഡിയോ-വീഡിയോ റെക്കാഡിങ്ങിനുള്ള ഉപകരണങ്ങളും ഇരുമ്പാണി തറച്ച പത്തലുകളും വിതരണം ചെയ്തിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു...

തിങ്കളാഴ്‌ച, ജനുവരി 09, 2006

പത്തനംതിട്ട - വിക്കിപീഡിയ

പത്തനംതിട്ട - Wikipedia

പത്തനംതിട്ടയെക്കുറിച്ചുള്ള വിക്കിപ്പീഡിയ ലേഖനം.

ഇതും പൂർണ്ണമെന്ന് അവകാശപ്പെടുന്നില്ല, കൂടുതൽ വിവരങ്ങൾ എഴുതിച്ചേർക്കാൻ സാവകാശവും താത്പര്യവുമുള്ളവർ ദയവായ് അതു പൂർത്തിയാക്കണമെന്ന് താത്പര്യപ്പെടുന്നു.

വെള്ളിയാഴ്‌ച, ജനുവരി 06, 2006

സഫ്ദർ ഹാഷ്മി - വിക്കിപീഡിയ

സഫ്ദർ ഹാഷ്മി - Wikipedia

തുളസിയുടെ ലേഖനമാണിതിന് പ്രചോദനമായത്. സഫ്ദർ ഹാഷ്മിയെ കുറിച്ചുള്ള വിക്കിപീഡിയ ലേഖനം ഇവിടെ വായിക്കാം.

അഭിപ്രായങ്ങൾ സ്വാഗതം. കൂടുതൽ വിവരങ്ങൾ അറിയാവുന്നവരോട് മേല്പറഞ്ഞ ലേഖനം മോടിയാക്കുവാൻ അപേക്ഷ.


സഫ്ദർ ഹാഷ്മി: എം.എഫ്. ഹുസൈൻ വരച്ച ചിത്രം

സഫ്ദർ ഹാഷ്മി സ്മാരക ട്രസ്റ്റിന്റെ ചില ചിന്തിപ്പിക്കുന്ന പോസ്റ്ററുകൾ














കൂടുതൽ പോസ്റ്ററുകൾ ഇവിടെ...

വ്യാഴാഴ്‌ച, ജനുവരി 05, 2006

ഫിലോമിന - വിക്കിപീഡിയ

ഫിലോമിന - Wikipedia

പ്രമുഖ മലയാള നടി ഫിലോമിനയെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം.

അവരുടെ ചരമവാർത്തകളാണ് പ്രസ്തുത ലേഖനത്തിന്റെ ആധാരം. കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ അത് പൂർത്തിയാക്കണമെന്നപേക്ഷ. (അല്ലെങ്കിൽ, ഇവിടെ കമ്മന്റായി ഇട്ടാലും മതി...)

പരേതയ്ക്ക് ആത്മശാന്തി നേർന്ന് കൊണ്ട്...

ബുധനാഴ്‌ച, ജനുവരി 04, 2006

കൊന്നാലും തിന്നാലും നോ പ്രോബ്ലം

കുപ്രസിദ്ധിയാർജിച്ച പ്രവീൺ വധക്കേസിലെ വിധിയെക്കുറിച്ചുള്ള പത്രവാർത്ത എങ്ങിനെ സ്വീകരിക്കണമെന്ന് ഒരു സംശയം.

അതിക്രൂരമായ് കൊലചെയ്തിട്ട് മുറിച്ച് തുണ്ടം തുണ്ടമാക്കി മാറ്റിയ പ്രതികൾക്കുള്ള ശിക്ഷയാണ് ജീവപര്യന്തം തടവ് - ഇന്ത്യൻ നിയമമനുസരിച്ച് ജീവപര്യന്തമെന്ന് വെച്ചാൽ ഏഴ് വർഷങ്ങളാണെന്നാണ് എന്റെ അറിവ്‌. (ഇരുപതെന്ന്‌ ഒഫീഷ്യൽ - അത് ലോപിച്ച് ഏഴാവുമെന്ന്‌ എവിടെയോ വായിച്ചിരുന്നു...)

പിന്നെ ശിക്ഷാ കാലാവധിയിൽ പരോൾ, നല്ലനടപ്പ് എന്നിങ്ങനെ എന്തെല്ലാം?


നമ്മുടെ നിയമ സം‍വിധാനങ്ങളുടെ കുഴപ്പമാണോ ഈ വിധിയിൽ സ്ഫുരിക്കുന്നത്?

അത്യാവശ്യം ഒരുത്തനെ തട്ടിയാലും വലിയ കുഴപ്പമൊന്നും വരാതെ ആർക്കും ജീവിച്ച് പോകാൻ അനുവദിക്കുന്ന തരത്തിലല്ലേ നമ്മുടെ നിയമസം‍വിധാനങ്ങൾ ഇപ്പോൾ?

കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലേക്ക് നീങ്ങുമ്പോൾ, ഹിന്ദി സിനിമകളിലും മറ്റും കാണുന്ന പ്രതികാര ദാഹികളാവാൻ ആൾക്കാരുണ്ടായില്ലെങ്കിലെ അദ്ഭുതമുള്ളൂ.

അബദ്ധത്തിലെങ്കിലും, തന്റെ കണ്ണ് പൊട്ടിച്ചവന്റെ ഒരു കണ്ണ് വേണമെന്നും പറഞ്ഞൊരു അറബിക്കാട്ടുമാക്കന്റെ വാർത്തയൊരു വശത്ത് - അത്രയും കാട്ടാളത്തമില്ലെങ്കിലും, ഒരു കുറ്റത്തിന് യോജിച്ച ശിക്ഷ നല്കണ്ടേ?

ചെറുവണ്ണൂരെന്ന് സ്ഥലത്ത് കൃഷ്ണപ്രിയ എന്ന ഏഴാം ക്ലാസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന മുഹമ്മദ് കോയയെ, കൃഷ്ണപ്രിയയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. നിയമം കൈയ്യിലെടുക്കാൻ
അനുവദിക്കാതെ, ആ അച്ഛനെ കോടതി മൂന്ന് വർഷത്തോളം തടവിനു വിധിച്ചു. (വാർത്താ ശകലം കൂടെ കൊടുക്കുന്നു.)

ഇങ്ങിനെയൊക്കെയാണ് സാധാരണക്കാരന് നീതി കിട്ടുകയെങ്കിൽ, ആ അച്ഛൻ ചെയ്തതല്ലേ ശരി?






അനുയായികള്‍

Index