കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ഡിസംബർ 29, 2005

ഫോർമുല ചിത്രങ്ങൾ

മോഹൻ‍ലാലിന്റെ മാമ്പഴക്കാലം എന്ന ചിത്രം ഇന്നലെ കണ്ടു. അടുത്തിടെ കണ്ട ഒട്ടെല്ലാ ലാൽ ചിത്രങ്ങളുടെയും പോലെ, ഇതിലും പ്രമേയം പഴയതു തന്നെ.

നാൽപ്പത്തൊന്നു വയസ്സുള്ള, അവിവാഹിതനായ ഗൾഫ് പണക്കാരൻ - സദ്ഗുണസമ്പന്നൻ, ദാനധർമ്മങ്ങളിലും മറ്റ് നല്ലകാര്യങ്ങളിലും മുമ്പൻ.

കൂട്ടുകുടുംബത്തിലെ കോമാളികളായി കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, ഹരിശ്രീ അശോകൻ എന്നിങ്ങനെ പതിവുകാരും ശിങ്കിടികളായ് കൂടെ. മാതൃസ്നേഹത്തിന്റെ പ്രതിരൂപമായ് ഗൾഫന്റെ അമ്മയായി കവിയൂർ പൊന്നമ്മയും.

കടബാദ്ധ്യതയേറിയപ്പോൾ, സ്വന്തം സ്കൂളിന്റെ ഉത്തരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്ത പിതാവിന്റെ നൊമ്പരക്കഥ നെഞ്ചിലേറ്റി നടക്കുന്ന പുത്രൻ. ഈ കടക്കെണിയൊരുക്കിയ വില്ലനും മകനും ഇപ്പോഴും ശല്യം തുടരുന്നു. അള മുട്ടുമ്പോൾ ചേരയും കടിക്കുമെന്ന് പറയുന്ന പോലെ, സദ്‍ഗുണന് ചിലപ്പോൾ വില്ലന്മാരെ തല്ലേണ്ടിയും വരുന്നു.

എല്ലാത്തിനും മേലെ, ലാലും കൂട്ടുകുടുംബക്കാരും കൂടിയാടിപ്പാടുന്ന ഒരു ഗാനരംഗം - “പെപ്പര പെപ്പെ ഹൊയ് ഹൊയ്” എന്ന പിന്നണിയുള്ള ഈ അർത്ഥമില്ലാ പാട്ടിനെ, എം.ജി. ശ്രീകുമാർ തീർത്തും അരോചകമാക്കി.

നാളേറെയായ് കിട്ടിയ മലയാളം ചിത്രമാണെങ്കിലും മുഴുവനിരുന്ന് മുഴുമിപ്പിക്കാൻ ആവതില്ലായിരുന്നു.

വെള്ളിയാഴ്‌ച, ഡിസംബർ 23, 2005

ഇവിടെന്തു കാര്യം?

റോക്സിയുടെ അഭിപ്രായങ്ങളോട് യോജിക്കാതെ വയ്യ. അനുഭവം പഠിപ്പിക്കുന്നതും അതാണ്.

ഏവൂരാൻ എന്ന പേരിലെഴുതുന്നത്, ഏവൂർ ദേശത്ത് ജനിച്ച് വളർന്നതിനാലാണ്. അവിടെയൊരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രമുണ്ട് - ഏവൂർ ഖാണ്ഡവവനമേഖലയായിരുന്നു എന്നും, ഖാണ്ഡവദഹനത്തിനു ശേഷം, ചൂടാറിയ സ്ഥലം മണ്ണാർശാല ആയെന്നും, കരിക്കട്ടകളൊഴുകിയ തോട് കരിപ്പുഴയായെന്നും, ഖാണ്ഡവദഹനത്തിനിടെ പാണ്ഡവന്മാർ ഭഗവാൻ ശ്രീകൃഷ്ണന് വേണ്ടി നിർമ്മിച്ചതാണ് ഏവൂരെ അമ്പലം എന്നും ഐതിഹ്യം.

പ്രവാസികളെന്ന തോന്നലില്ലാതെ, എന്റെ മാതാപിതാക്കൾ അവിടെ താമസം തുടങ്ങിയ സമയം. അമ്മ വളർന്ന ഗ്രാമത്തിലുള്ള ക്ഷേത്രത്തിൽ പുവിറുക്കാനും അത്യാവശ്യം നാമം ജപിക്കാനും കുട്ടുകാരോടൊപ്പം അവരെല്ലാം ചെറുപ്പത്തിൽ കൂടുമായിരുന്നു. - ഇതിന്റെ പിന്നിൽ, വിചിത്രമെങ്കിലും അതിശക്തമായ ഒരു ഐതിഹ്യത്തിന്റെ ബലവുമുണ്ടാകണം. ആ ക്ഷേത്രത്തിലെ ദേവിയും, പഴയ യാക്കോബാ പള്ളിയിലെ മാതാവും സഹോദരിമാരാണ് എന്നതാണ് വിശ്വാസം. അമ്പലത്തിലെ പറ, പള്ളിക്ക് മുമ്പിലും, പള്ളിയിൽ നിന്നുള്ള റാസ അമ്പലത്തിനു മുമ്പിലും ഇത്തിരി നിന്ന ശേഷമാവും മുന്നോട്ട് പോവുക.

ഐതിഹ്യങ്ങൾ, വിശ്വാസങ്ങൾ - മിസ്റ്റിസിസത്തിന്റെ ഒരു മാസ്മരികതയേ..!!

എന്തായാലും, പുതിയ നാട്ടിലെത്തിയപ്പോൾ, അയല്പക്കക്കാരിക്കൊപ്പം ഏവൂരമ്പലത്തിലൊന്ന് പോയ കഥയാണ് ഇതിനാസ്പദം. അമ്പലപ്പറമ്പിൽ ഒരാൾ, (അപരിചിതനല്ല, അയൽക്കാരൻ തന്നെ, അമ്മ പഠിപ്പിക്കുന്ന ഒരു കുട്ടിയുടെ അച്ഛൻ) വെള്ളത്തിനുമേൽ ആടിക്കുഴഞ്ഞ് കൊണ്ടൊരട്ടഹാസം : “ക്രിസ്ത്യാനികൾക്ക് ഇവിടെ എന്താ കാര്യം...?”

കൂടെയുണ്ടായിരുന്ന് സ്ത്രീ അയാളെ ചീത്തപറയാൻ നിന്നെങ്കിലും, സംഭവം കൂടുതൽ വഷളാക്കാതെ മാതൃരത്നം സ്ഥലം കാലിയാക്കിയെന്ന് പ്രത്യേകം പറയേണ്ടതില്ല.

വേലിക്കെട്ടുകൾക്കകത്തുള്ള ദൈവങ്ങളിരിക്കുന്നിടത്ത് ചെല്ലുമ്പോൾ പാലിക്കേണ്ട മര്യാദകളുണ്ട്. വേലിക്കെട്ടുകൾ കെട്ടുന്നവരുടെ സംഭാവനകളാണവ. അതിന്റേതായ യുക്തികളും ന്യായങ്ങളും അവയ്ക്കെല്ലാമുണ്ട് താനും.

പ്രശ്നം സങ്കീർണ്ണമായിക്കഴിഞ്ഞ്, എനിക്കറിയില്ലായിരുന്നു എന്നൊക്കെ പറഞ്ഞാൽ അവര് വെറുതെ വിടുമോ? ഒക്കത്തിരുന്ന ചെറിയ കുട്ടി മുള്ളിപ്പോയതിനാൽ പുണ്യാഹം ചെയ്യിച്ച കഥകളൊക്കെ കേട്ടിട്ടുള്ളതല്ലേ?

അജ്ഞതയാലുള്ള നിയമലംഘനങ്ങളും നിയമത്തിനു മുമ്പിൽ കുറ്റമാകുന്നതിനാൽ, ഇത്തരം അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ, അറിയാൻ മേലാത്ത വേലിക്കെട്ടുകൾക്കുള്ളിലേക്ക് ചെന്ന്‌ കയറാതിരിക്കുക എന്ന് എന്റെ വ്രതം.

അറിയാനുള്ള ജിജ്ഞാസ ഈ കാര്യങ്ങളിൽ ആപത്തെന്ന് നമ്മുടെ പോളിസി.

എന്നിരുന്നാലും പൊതുജനങ്ങളുടെ അറിവിലേക്കായ് ഇത്തരം ചില സ്ഥലങ്ങളിൽ “അവിശ്വാസികൾക്ക് പ്രവേശനമില്ല” എന്ന ഫലകങ്ങൾ എഴുതിയിരിക്കുന്നത് കാണുമ്പോൾ സംശയം തോന്നിയിട്ടുണ്ട് -- എങ്ങിനെയാണ് ഒരുവന്റെ വിശ്വാസം അളക്കുക?

വ്യാഴാഴ്‌ച, ഡിസംബർ 22, 2005

ക്രിസ്തുമസ് ആശംസകൾ

























യഹൂദിയായിലെ ഒരു ഗ്രാമത്തിൽ, ഒരു ധനുമാസത്തിൻ കുളിരും രാവിൽ
രാപാർത്തിരുന്നോരജപാലകർ ദേവനാദം കേട്ടു, ആമോദരായ്.
വർണ്ണരാജികൾ വിടരും വാനിൽ, വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകാരാജകുമാരിയോടൊത്തന്നു് തിങ്കൾക്കല പാടി, ഗ്ലോറിയ.


ബൂലോകത്തിലെ എല്ലാ സുഹൃത്തുക്കൾക്കും ഞങ്ങൾ രണ്ടു പേരുടെയും ക്രിസ്തുമസ് ആശംസകൾ.

ബുധനാഴ്‌ച, ഡിസംബർ 21, 2005

മരുഭൂമിയിലെ പെൺകിളി


അരിസോണയിൽ, ഫീനിക്സിനടുത്ത് വെച്ച് ഒരു “കിളി”യെ കണ്ടു.

അതിന് പെണ്ണുങ്ങളെ ഇഷ്ടമല്ലത്രെ.

അല്ലേലും ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ സഹിക്കാൻ കഴിയില്ലല്ലോ. ചരിത്രം പറയുന്നതും, നമ്മുടെയിടയിൽ സംഭവിച്ച് കൊണ്ടിരിക്കുന്നതും അതല്ലേ?

നീട്ടി ഒരലപ്പുണ്ട് -- ആദ്യം അത് കേട്ടപ്പോൾ ഇത്തിരി വിരണ്ടു പോയി ഞാൻ. പിന്നീടാണ് ആ അലപ്പെന്നാൽ കിളിഭാഷയിൽ ഹലോ എന്നറിഞ്ഞത്.

എന്തായാലും ഇത്തിരി കഴിഞ്ഞപ്പോൾ ഇങ്ങടുത്തു വന്നു. അതിന്റെ ചിത്രങ്ങളാണിവിടെ.

(അരമണിക്കൂർ കഴിഞ്ഞിട്ടും നമ്മുടെ തോളേൽ തന്നെയിരിക്കുന്ന കിളി. എടുത്ത് മാറ്റാൻ നോക്കിയ ഭാര്യയെ കൊത്താനാഞ്ഞവൾ. ഇതിനെയെടുത്ത് തോളേൽ കയറ്റാൻ തോന്നിയല്ലോ എന്നും ഞാൻ അല്പനേരത്തേക്ക് ചിന്തിക്കാതിരുന്നില്ല.. എങ്കിലും, ആ യാത്രയുടെ ഓർമ്മകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടതാണിവ...)














(തൊപ്പിക്കുള്ളിൽ കയറുക എന്നത് ഇഷ്ടത്തിയുടെ പ്രമുഖ വിനോദങ്ങളിലൊന്നാണ്.)

ഞായറാഴ്‌ച, ഡിസംബർ 18, 2005

kde3.5 -ലെ മലയാളം റെൻഡറിങ്ങ്

കെ.ഡി.ഈ 3.5-ലെ മലയാളം പേജുകളുടെ സ്ക്രീൻ‍ഷോട്ടുകളാണ് താഴെ കൊടുത്തിരിക്കുന്നത്.

(ഉബണ്ടു)


കോൺക്വററിലെ റെൻഡറിങ്ങ്:






കോൺ‍ക്വററാണ് ഇത്തിരികൂടി മെച്ചം.









ഫയർഫോക്സിലെ (1.5) റെൻഡറിങ്ങ്:

തനിമലയാളം

സബ്‍‍സ്ക്രിപ്ഷൻ ബേസ്ഡ് ഫയർവാളുകൾ "evuraan.blogdns.." എന്ന പേരിന് അയിത്തം കല്പിച്ചിരിക്കുന്നുവെന്ന തോന്നുന്നു. ആ പേജിന്റെ IP-യ്ക്കോ, അപരനാമധേയങ്ങൾക്കോ (alias FQDNs) വിലക്കുകളൊട്ടില്ല താനും.

നന്നായി. വേലത്തരങ്ങൾ പൊങ്ങുമ്പോഴാണല്ലോ അത് circumvent ചെയ്യേണ്ടത് എങ്ങിനെയെന്ന് ചിന്തിക്കുക.

തനിമലയാളം പേജിലേക്കും, തനിമലയാളം ഫീഡിലേക്കും എത്താൻ ഒന്നിലേറെ വഴികളുണ്ട്.

പീഡിതരുടെ ശ്രദ്ധയ്ക്ക് അവയെല്ലാം ഇവിടെ കൊടുക്കുന്നു.
.......................................................

ഒന്ന്: http://malayalamblogroll.blogspot.com/

മേല്പറഞ്ഞ ബ്ലോഗിന്റെ ടെമ്പ്‍ളേറ്റിൽ, വീട്ടിലോടുന്ന സെർവറിന്റെ IP-യിലേക്ക് തിരിച്ച് വിടാനുള്ള ഉപാധികൾ ചെയ്തുവച്ചിട്ടുണ്ട്. IP ഇടയ്ക്ക് മാറുകയാണെങ്കിൽ, ടെമ്പ്‍ളേറ്റ് മാനുവലായി ഞാൻ പുതുക്കേണ്ടി വരും എന്നതൊഴിച്ചാൽ സംഭവം സുതാര്യം.

ഈ രീതി അവലംബിക്കാൻ താത്‍പര്യമുള്ളവർ, ഈ ലിങ്ക് ഉപയോഗിക്കുക.

റീഡയറക്ഷൻ കഴിയുമ്പോൾ, നിങ്ങളുടെ ബ്രൌസറിന്റെ അഡ്രസ്സ് ബാറിൽ ഇപ്രകാരം കാണപ്പെടുന്നതായിരിക്കും.









.......................................................

രണ്ട്: ഡൈനാമിക് പേരുകൾക്കാണോ പഞ്ഞം?

evuraan.blogdns... എന്ന പേരിനു പകരം http://malayalam.homelinux.net/malayalam/work/head.html എന്നതുപയോഗിക്കുക.
.......................................................
മൂന്ന് : എന്റെ ഐ.എസ്.പി-യുടെ പേജ് ഉപയോഗിക്കുക

ഓരോ തവണയും സ്ക്രിപ്റ്റ് ഓടിത്തീരുമ്പോൾ പേജ് മേല്പറഞ്ഞിടത്തോട്ട് എഫ്.ടി.പ്പി ചെയ്യപ്പെടുന്നുണ്ട്. അതിനാൽ, അതു വേണമെങ്കിലും ഉപയോഗിക്കാം.
.......................................................
നാല്:

ഇതുകൊണ്ടൊന്നും രക്ഷയില്ലാത്തവർക്ക് പേജ് തയാറാകുമ്പോൾ, അത് വേണ്ടവർക്ക് ഞാൻ ഈമെയിലിൽ അയച്ചു തരാം. (ഞാനല്ല കുത്തിയിരുന്ന് അയയ്ക്കാൻ പോകുന്നത്, ബോൺ‍ഷെല്ലും, പിന്നെ മെറ്റാസെന്ഡും അത് കൈകാര്യം ചെയ്തോളും...).

html ഈമെയിലല്ല, എൻകോഡഡ് ഈ-മെയിൽ. ഏകദേശം ഓരോ മണിക്കൂറിലും, 200 KB-യോളം ഈമെയിൽ താങ്ങാൻ കഴിയത്തക്ക മെയിൽ‍ബോക്സുണ്ടാവണമെന്ന് മാത്രം. എനിവേ, അങ്ങിനത്തെ ഈ-മെയിൽ വേണ്ടവർ, ഏവൂരാൻ അറ്റ് യാഹൂ കുത്ത് കോമിലേക്ക് എഴുതുക.
.......................................................
ഇനി ഫീഡുകളുടെ കാര്യം:

ഫീഡൊക്കെ വായിക്കാനറിയാവുന്നവർക്ക് ഫീഡ് ഡിസ്കവർ ചെയ്യാനുമറിയാമായിരിക്കുമല്ലോ...!!
എന്നിരുന്നാലും, ഇതാ ചില ലിങ്കുകൾ: 1 2 3
.......................................................
ഇപ്രകാരം, പിന്മൊഴികളും:

പേജ്: ഒന്ന്, രണ്ട് , മൂന്ന്

.......................................................

വാൽക്കഷണം:

വാളണ്ടിയറന്മാരുണ്ടെങ്കിൽ: ഇത് പോലെയൊരെണ്ണം തട്ടിക്കൂട്ടണോ വേണ്ടയോ എന്നിങ്ങനെ ചിന്തിക്കുന്നു - ഈ പേജിനെയൊതുക്കാൻ പറ്റിയ ടെം‍പ്ലേറ്റ് വേണം - സമയം ഒരു പ്രശ്നം. പിന്നെ, അങ്ങിനെയൊരു ബ്ലോഗുണ്ടാക്കിയാൽ, എല്ലാവരുടെയും ബാക്ക് ലിങ്ക് കൌണ്ടുകൾ മാനം മുട്ടുകയും ചെയ്യും.


ശനിയാഴ്‌ച, ഡിസംബർ 17, 2005

പച്ചവെള്ളം ചവച്ച് കുടിക്കുന്ന നമ്മുടെ നിയമസം‍വിധാനങ്ങൾ

മാസപ്പടിക്കേസിൽ സി.പി.എം നേതാവ് ഭാർഗ്ഗവി തങ്കപ്പൻ ഉൾപ്പടെ ഏഴു പേരെ വിജിലൻസ് കോടതി കുറ്റവിമുക്തരാക്കിയെന്ന് ദീപിക വാർത്ത.

മറ്റാറു പേർ ആരൊക്കെയാണെന്നറിയാമോ? അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എം.എസ്. ലത, മുൻ ഡി.വൈ.എസ്.പി വേലായുധൻ നായർ, എക്സൈസ് കമ്മീഷണർ മോഹൻ‍ദാസ്, എക്സൈസ് സി.ഐ. റഹിം, കമ്മീഷണർ ഓഫീസിലെ അബ്ദുൾ അസീസ്, നിസ്സാമുദ്ദീൻ എന്നിവരാണവർ.

കോടതിയിലെ വിസ്താരം എപ്രകാരമായിരിക്കുമെന്ന് കല്പന ചെയ്തു നോക്കാം.

കോടതി (ഏഴ് പേരോട്): “സമൂഹത്തിലെ മാനിക്കപ്പെടുന്ന, സർക്കാർ ശമ്പളം വാങ്ങുന്ന ഏഴംഗ സംഘമേ, ആ നിൽക്കുന്ന മണിച്ചന്റെ പക്കൽ നിന്നും നിങ്ങൾ കാശ് മേടിച്ചിട്ടുണ്ടോ?..?

ഏഴംഗങ്ങൾ (ഒറ്റ സ്വരത്തിൽ, ഒറ്റ ശ്വാസത്തിൽ) : “ഇല്ലങ്ങുന്നേ. ഈ മണിച്ചനെ ഞങ്ങൾക്കറിയുക പോലുമില്ലന്നേ... സത്യം..!!”

കോടതി (മണിച്ചനു നേരെ തിരിഞ്ഞ്): “മകനേ മണിച്ചാ, ആ നിൽക്കുന്ന ഏഴംഗങ്ങൾക്ക് നിങ്ങൾ കൈക്കൂലി കൊടുത്തിട്ടുണ്ടോ..?”

മണിച്ചൻ (ഒറ്റ ശ്വാസത്തിൽ): “ഇല്ലങ്ങുന്നേ, ഈ ഏഴിനെയും ഞാനറിയുക പോലുമില്ലന്നേ... സത്യം..!!”

പ്രോസിക്യൂഷൻ കോണിൽ ഈച്ചയോടിച്ച് നിൽക്കുന്നു, കാൽ‍വിരലാൽ നഖചിത്രമെഴുതുന്നു, ഇരുട്ട് കൊണ്ടോട്ടയടയ്ക്കുന്നു...

“ഓക്കെ...”

പ്രസിദ്ധമായ ചുറ്റികയടിക്കപ്പെടുന്നു. വമ്പന്മാരേഴും കുറ്റവിമുക്തരാക്കപ്പെടുന്നു.

ശുഭം. മംഗളം. നീതി നിറവേറ്റപ്പെട്ടതിന്റെ ആശ്വാസം ഏഴ് മഹാരഥികളുടെയും മുഖത്ത് അലതല്ലുന്നു.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിൽ "innocent until proven guilty" എന്നതിനു പകരം "guilty even if proven innocent" എന്ന ക്ലീഷേ നമ്മൾ, പാവം ജനങ്ങൾക്കിടയിൽ പ്രചരിച്ച് പോയെന്ന് വരാം..

വാർത്ത കണ്ടിട്ടില്ലാത്തവർക്ക് വേണ്ടി:

“തിരുവനന്തപുരം: മണിച്ചനില്‍ നിന്നും മാസപ്പടി വാങ്ങിയ കേസില്‍ മുന്‍ ഡപ്യൂട്ടി സ്പീക്കറും സി.പി.ഐ നേതാവുമായിരുന്ന ഭാറ്‍ഗവി തങ്കപ്പന്‍ ഉള്‍പ്പെടെ ഏഴുപേരെ വിജിലന്‍സ് കോടതി കുറ്റവിമുക്തരാക്കി. വിജിലന്‍സ് സ്പെഷല്‍ ജഡ്ജി എം.എസ്. മോഹനചന്ദ്രനാണ് പ്രതികളെ കുറ്റവിമുക്തരാക്കി കൊണ്ടുളള വിധി പ്രസ്താവിച്ചത്.

ഭാറ്‍ഗവി തങ്കപ്പനെ കൂടാതെ അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റായിരുന്ന എം.എസ് ലത,മുന്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി വേലായുധന്‍ നായറ്‍, എക്സൈസ് അസിസ്റന്റ്െ കമ്മീഷണറായിരുന്ന മോഹന്‍ദാസ്,എക്സൈസ് സി.ഐ റഹിം, അസിസ്റന്റ്െ കമ്മീഷണറ്‍ ഓഫീസിലെ ഉദ്യോഗസ്ഥരായിരുന്ന അബ്ദുള്‍ അസീസ്, നിസ്സാമുദ്ദീന്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.

സി.എസ്. ലത ആയുധ ലൈസന്‍സ് നല്‍കുന്നതിനായി മണിച്ചന്‍, സഹോദരന്‍ സുനില്‍ എന്നിവരില്‍ നിന്നും പണം സ്വീകരിച്ചു എന്നായിരുന്നു കേസ്. മണിച്ചന്റെ ഗോഡൌണില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥറ്‍ നടത്തിയ റെയ്ഡിലാണ് മാസപ്പടി ഡയറി കണ്െടടുത്തത്.

ഇതിലാണ് മാസപ്പടി വാങ്ങിയതായി ഇവരുടെ പേരുകള്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പണം വാങ്ങിയെന്ന് പറയുന്ന വ്യക്തികളെ തനിക്കറിയില്ലന്നും പണം നല്‍കിയിട്ടില്ലന്നും വിചാരണ വേളയില്‍ മണിച്ചന്‍ കോടതിയില്‍

അറിയിച്ചിരുന്നു. മണിച്ചനില്‍ നിന്നും ഇവറ്‍ പണം വാങ്ങിയിട്ടു ളളതായി തെളിയിക്കാന്‍ പോസിക്യൂഷന് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ഡയറികുറിപ്പിലെ രേഖമാത്രം വച്ച് ആരെയും കുറ്റക്കാരാക്കാന്‍ കഴിയില്ലന്ന് കോടതി പ്രസ്താവിച്ചു. മുന്‍ എം.എല്‍.എയും സി.പി. എം നേതാവുമായ കടകംപളളി സുരേന്ദ്രനെ മാസപ്പടി കേസില്‍ നേരത്തെ വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു.”

എന്തിനെയും പൂജിക്കുന്ന അണ്ണാച്ചികൾ




ദേശപിതാ മഹാത്മാഗാന്ധി അണ്ണൈ കസ്തുരിബായ്..!!

തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നിരിക്കെ, ഖുശ്ബു, രജനീകാന്ത്, എം.ജി.ആർ എന്ന് വേണ്ട കാണുന്നതെന്തിനേയും ദൈവമാക്കാനുള്ള കഴിവ് പാണ്ടിനാട്ടുകാർക്കുള്ളതാണ്.


മനോരമ ഞായറാഴ്ച പതിപ്പിലെ മേല്പറഞ്ഞ ലേഖനമാണിപ്പറഞ്ഞതിനാധാരം. മഹാത്മാഗാന്ധിയെ ഈശ്വരതുല്യനായ് കണ്ട് ആരാധിക്കുന്ന ശെങ്കലപാളയം സെന്തം‍പാളയം ഗ്രാമം.

ശ്രീകോവിലിൽ വടിയും പിടിച്ച് നിൽക്കുന്ന ഗാന്ധിയുടെ പ്രതിമ കണ്ടപ്പോൾ ചിരിച്ചു പോയി.

തമിഴ്‍മക്കൾക്കായ് ലോക്കലൈസേഷൻ നടത്തിയ പ്രതിമ. ഗുജറാത്തിബ്രാഹമണനായ ഗാന്ധിയുടെ പ്രതിമയ്ക്ക് ഇത്രയും കറുപ്പ് നിറം വരാൻ കാരണമെന്തെന്ന് ചിന്തിച്ചു പോയി.

അതും പോരാഞ്ഞ്, പ്രതിമയുടെ നെറ്റിയിലും നെഞ്ചത്തും ഭസ്മക്കുറികളും കാണാം.

70-80-കളിലെ ഹിന്ദി സിനിമകളിലെ സ്റ്റീരീയോടൈപീക്‌ മദ്രാസിബ്രാഹ്മണ കഥാപാത്രങ്ങളെ പോലെയിരിക്കുന്ന പ്രതിമ..

തമിഴ് മക്കൾ അംഗീകരിക്കണമെങ്കിൽ, അവർക്ക് പൂജ്യനീയനോട് (അല്ലെങ്കിൽ, പൂജ്യയോട്) ഒന്ന് റിലേറ്റ് ചെയ്യത്തക്ക വിധത്തിൽ എന്തെങ്കിലും വേണമെന്നതാവാം ഈ ലോക്കലൈസേഷന് കാരണം.

എന്തിനേയും സ്വാംശീകരിക്കാൻ തമിഴ് മക്കൾക്കുള്ള ത്വര നല്ലത് തന്നെ. എന്നാലും, എല്ലാത്തിനേയും അങ്ങോട്ട് ദൈവമാക്കിയാലോ?

ഇതെവിടെ ചെന്ന് നിൽക്കും?

ഗാന്ധി മരിച്ചിട്ട് കഷ്ടിച്ച് ഇത്രമാത്രം വർഷങ്ങളെ ആയിട്ടുള്ളൂ.. . ഇനിയൊരായിരം വർഷങ്ങൾ കഴിയുമ്പോൾ ഇവര് പറയില്ലേ, ചരിത്രപുസ്തകങ്ങൾ കളവാണെന്നും ഗാന്ധിയണ്ണൻ ഒറ്റയ്ക്കടരാടിയാണ് സായിപ്പിനെ തുരത്തിയതെന്നും ഒക്കെ?

(ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷുകാർക്കേറ്റ പ്രഹരങ്ങളാണ് ഇന്ത്യ വിടാനവരെ പ്രേരിപ്പിച്ചത് എന്നെന്റെ വിശ്വാസം -- അതീ ലേഖനത്തിൽ ആൾ‍റെഡി പ്രകടമാണല്ലോ..!)

ഇങ്ങനെയാവാം ഇതിഹാസങ്ങൾ രചിക്കപ്പെടുന്നത്, അല്ലേ?

ലേഖനം ഉദ്ധരിക്കുന്നു. (അക്ഷരത്തെറ്റുകൾ ഉണ്ടെങ്കിൽ, അവ പരിഭാഷയുടെ ഭാഗം..!)

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഈശ്വരതുല്യനായി കണ്ട് ആരാധിക്കുകയാ ണ് തമിഴ്നാട്ടിലെ ഇൌറോഡ് ജില്ലയില്‍ ശെലങ്കപാളയം സെന്തംപാളയം ഗ്രാമം. ഗാന്ധിഭക്തന്‍ വയ്യാപുരം മുതലിയാറ്‍ എന്ന തുണിവ്യാപാരിയാണ് ദൈവികമായ അന്തരീക്ഷത്തില്‍ രാഷ്ട്രപിതാവിനെ പ്രതിഷ്ഠിച്ചത്. ‘’ ദേശപിതാ മഹാത്മ ഗാ ന്ധി അണ്ണൈ കസ്തൂരിബായ് '' എന്ന് പേരുള്ള ക്ഷേത്രത്തില്‍ കസ്തൂറ്‍ബാ ഗാന്ധിക്കും ശ്രീകോവിലുണ്ട്.

'മഹാത്മഗാന്ധിയേ പോറ്റ്റി എങ്കും നിറൈന്തമാമണിയേ പോറ്റ്റി പാല്‍വടിന്ത മുമേ പോറ്റ്റി

ധറ്‍മ്മത്തില്‍ നിലൈത്ത തന്തയേ പോറ്റ്റി മഹാത്മാ ഗാന്ധിയേ പോറ്റ്റി പോറ്റ്റി, ''ഗാന്ധി സ്മരണകള്‍ നിറഞ്ഞ ഈ മന്ത്രം സെന്തപാളയം ഗാന്ധിക്ഷേത്രത്തിലേതാണ്. സത്യത്തെ ഈശ്വരനായി കണ്ട രാഷ്ട്രപി താവിനെ ഈശ്വരതുല്യനായി കണ്ട് ആരാധിക്കുകയാണ് ഇൌറോഡ് ജില്ലയില്‍ ശെല ങ്കപാളയം സെന്തംപാളയം ഗ്രാമം. മഹാത്മാ ഗാന്ധിയുടെ ഭക്തന്‍ വയ്യാപുരം മു തലിയാറ്‍ എന്ന തുണിവ്യാപാരിയാണ് ദൈവികമായ അന്തരീക്ഷത്തില്‍ രാഷ്ട്രപിതാ വിനെ പ്രതിഷ്ഠിച്ചത്.

‘’ 'ദേശപിതാ മഹാത്മ ഗാന്ധി അണ്ണൈ കസ്തൂരിബാ യ്' '' എന്ന് പേരുള്ള ക്ഷേത്രത്തില്‍ തമിഴ് നിറ്‍മാണ രീതിയാണ്. വടക്ക് ദറ്‍ശന മായുള്ള ക്ഷേത്രത്തില്‍ കിഴക്കോട്ട് ദറ്‍ശനമായാണ് ഗാന്ധിജിയുടെ പൂറ്‍ ണ്ണകായ പ്രതിമ. മറ്റൊരു ഭാഗത്ത് ഗാന്ധിപത്നി കസ്തൂറ്‍ബാ ഗാന്ധിക്കും ശ്രീകോ വിലുണ്ട്.

ഉപദേവതമാരായി ഗണപതി, ശ്രീദുറ്‍ഗ്ഗ, ശക്തീശ്വരന്‍, ശനീശ്വ രന്‍, മഹാലക്ഷ്മി, സരസ്വതി നവഗ്രഹം, ആഞ്ജനേയറ്‍ എന്നീ പ്രതിഷ്ഠകളുമുണ്ട്.

ത്രികാല പൂജയുള്ള ക്ഷേത്രത്തില്‍ രാവിലെ ഒന്‍പതിന് ഗാന്ധി പ്രതിമയില്‍ നീ രഭിഷേകത്തോടെ പ്രഭാതപൂജ തുടങ്ങും. പൂക്കള്‍ കൊണ്ട് പ്രതിമ അലങ്കരിച്ച് നി വേദ്യത്തെ തുടറ്‍ന്ന് ദീപാരാധന. ഉച്ചക്ക് 12ന് ദീപാരാധനയും വൈകിട്ട് ആറി ന് പൊങ്കല്‍ വച്ച് പൂജയും നടത്തുന്നു.

പഞ്ചാമൃതം, പാല്‍, തൈര്, ഇളനീറ്‍, മ ഞ്ഞള്‍, തിരുമഞ്ഞള്‍, പനിനീറ്‍, തേന്‍, ചന്ദനം, എന്നിവകൊണ്ടും അഭിഭേഷകങ്ങളും ദ്ര വ്യാഭിഷേകവും വഴിപാടായി നടത്താം. എന്നാല്‍ മറ്റ് ക്ഷേത്രങ്ങളിലേതു പോലെ കാണിക്ക വഞ്ചി ഇവിടില്ല.

സാധാരണ ദിവസങ്ങളില്‍ അന്‍പതോളം പേറ്‍ ക്ഷേത്ര ത്തിലെത്തുമ്പോള്‍ വെള്ളി, ശനി ദിവസങ്ങളില്‍ മുന്നൂറോളം ഗാന്ധി ഭക്തറ്‍ പ്രാറ്‍ത്ഥന യ്ക്കെത്തുമെന്ന് ക്ഷേത്ര പൂജാരി കണ്ണന്‍ പറയുന്നു. ഗാന്ധിജയന്തി ദിനത്തിലാണ് ക്ഷേ ത്രോത്സവം. ജനുവരി 26, ഓഗസ്റ്റ് 15 ഒക്ടോബറ്‍ രണ്ട് ദിവസങ്ങളിലും ആഘോഷ ങ്ങളുണ്ട്.

ഗാന്ധി ജയന്തിക്ക് നൂറ് കുംഭങ്ങളില്‍ ഭവാനി നദിയിലെ ജലം ശേ രിച്ച് ഷോഘയാത്രയായി ക്ഷേത്രത്തില്‍ കൊണ്ടുവന്ന് ഗാന്ധിജിയുടേയും കസ്തൂറ്‍ബാ യുടേയും വിഗ്രഹങ്ങളില്‍ അഭിഷേകം നടത്തുന്നു.

സെന്തംപാളയം ഗ്രാമത്തില്‍ അഞ്ഞൂറോളം കുടുംബങ്ങളുണ്ട്. ഇവരില്‍ ഭൂരിഭാഗവും നെയ്ത്തുകാ രാണ്. നമ്മുടെ നാട്ടില്‍ ജീവിച്ചു മരിച്ച മഹാത്മാഗാന്ധിയെ എന്തുകൊണ്ട് ദൈവ മായി ആരാധിച്ചു കൂടെന്നാണ്, എഴുപത്തിയഞ്ചുകാരനായ വയ്യാപുരി മുതലി യാരുടെ ചോദ്യം. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം നേടിത്തന്ന അവതാര പുരു ഷനാണ് ഗാന്ധിജി.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി.കെ. മൂപ്പനാറ്‍, ഗാന്ധിക്ഷേ ത്രത്തെ കോണ്‍ഗ്രസുകാറ്‍ അവഗണിക്കുന്നെന്ന് ഒരു തമിഴ്മാസികയില്‍ വാറ്‍ത്ത വ ന്നതിനെ തുടറ്‍ന്ന് ഒരിക്കല്‍ ക്ഷേത്രത്തില്‍ എത്തി. സെന്താളിപാളയത്ത് ജനിച്ച് സ്കൂള്‍ വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത മുതലിയാറ്‍ ഇപ്പോള്‍ ഇൌറോഡിലാണ് താമസം. വന്‍ വ്യാപാരിയായി കഴിഞ്ഞിട്ടും ഒരു പഴയ മോപ്പഡിലാണ് യാത്ര. വിലകുറഞ്ഞ വെളുത്ത മുണ്ടും അരക്കയ്യന്‍ ഷറ്‍ട്ടുമാണ് വേഷം. വാച്ചോ ആഭരണ ങ്ങളോ ധരിക്കുന്നില്ല കോണ്‍ഗ്രസുകാരാനായിരുന്നെങ്കിലും ഇപ്പോള്‍ ഒരു രാ ഷ്ട്രീയ പാറ്‍ട്ടിയോടും ആഭിമ്യുമില്ല.

മുന്‍പൊരിക്കല്‍ രാജ്യത്ത് ഗാന്ധി പ്ര തിമ തകറ്‍ത്തപ്പോള്‍ ആരും പ്രതികരിക്കാതിരുന്നതും ഗാന്ധി പ്രതിമകള്‍ വേണ്ടവി ധം പരിചരിക്കാത്തതില്‍ ദിേച്ച് സറ്‍ക്കാരുകള്‍ക്ക് ധാരാളം കത്തുകളെഴുതിയിട്ടും മറുപടി ലഭിക്കുകയോ പരാതി പരിഹരിക്കാന്‍ നടപടികള്‍ സ്വീ കരിക്കുകയോ ചെയ്യാതിരുന്നതുമാണ് ഗാന്ധിക്ഷേത്രത്തിനു കാരണമായതെന്നു മു തലിയാറ്‍ പറഞ്ഞു.

തിരുമുരുകന്‍ പൂണ്ടിയിലെ ശില്പിയാണ് കരിങ്കല്ലില്‍ നാലടി ഉയരത്തില്‍ ഗാന്ധിയുട പ്രതിമ കൊത്തിയെടുത്തത്.

കുതിരവട്ടം പപ്പു - Wikipedia

കുതിരവട്ടം പപ്പു - Wikipedia

കുതിരവട്ടം പപ്പുവിനെക്കുറിച്ചുള്ള വിക്കിപീടിയ താൾ.

അദ്ദേഹത്തിന്റെ ഒരു ചിത്രം കൂടി കിട്ടിയാൽ നന്നായിരുന്നു.

കൂടുതൽ വിവരങ്ങളറിയാവുന്നവരോട് ആ താൾ പൂർത്തിയാക്കാനപേക്ഷ.

അല്ലെങ്കിൽ, ഇവിടെ കമ്മന്റായി ഇട്ടാലും മതി.

കത്രീനയുടെ ലാഭവശം

U.S. Deficit Totals $195.8B in 3rd Qtr. - Yahoo! News

നാശം വിതച്ച കത്രീന എന്ന ചുഴലിക്കൊടുങ്കാറ്റ് ഉയർത്തിയ വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല.

യു.എസിന്റെ കമ്മി ഒരളവു വരെ കുറയ്ക്കാൻ സഹായകമായത് കത്രീനയാണത്രെ.

അമേരിക്കൻ ഇൻഷൂറന്സ് കമ്പനികൾക്ക് വിദേശത്തുള്ള അവരുടെ റീ-ഇൻ‍ഷൂറേഴ്സ് കത്രീനയുടെ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി വമ്പൻ തുക കൊടുത്തതിനാലാണ് ഈ സ്ഥിതി വിശേഷം.

ചോദ്യങ്ങൾ : നിരുദിയും മാമാങ്കവും.

1) നിരുദി എന്ന അസുരൻ

ഭാഗ്യജാതകം

മേല്പറഞ്ഞ വാരാന്ത്യ പതിപ്പിലെ ലേഖനത്തിൽ കണ്ടത്:

"ഏഴ് ദേവന് തുല്യമായ “നിരുദി” എന്ന അസുരൻ ഇരിക്കുന്ന കന്നിമൂല ശ്രദ്ധിക്കണം.."

ഈ നിരുദി എന്നയിഷ്ടനെ പറ്റി അറിവുള്ളവർ അദ്ദേഹത്തെ പറ്റിയൊന്നെഴുതാമോ?

2) മാമാങ്കം

"മാമാങ്കം, പല കുറി കൊണ്ടാടി, നിളയുടെ തീരങ്ങൾ..."

എന്ന് തുടങ്ങുന്ന ഒരു പാട്ടുണ്ട്. അതിലെ,

“അമ്പേന്തി, വില്ലേന്തി, വാളേന്തിയും, തമ്പേറിൻ താളത്തിൽ പോരാടിയും...” എന്നൊക്കെയുള്ള വരികൾ മറക്കാനാവാത്തത്‌.

ഒന്നൂടെ കേൾക്കാൻ ഏറെ നാളായി കൊതിയുണ്ടെങ്കിലും, ഫലം നാസ്തി.

സിനിമാ ഗാനമാണെന്ന് തോന്നുന്നില്ല, ലളിത ഗാനമെന്ന കാറ്റഗറിയിൽ പെടുന്നതാണെന്ന് തോന്നുന്നു.

ആരാണെഴുതിയത്? ആരാണതിന് സംഗീതം കൊടുത്തത്?

കൂടുതൽ വിവരങ്ങൾ അറിയാമോ കൂട്ടരേ?

വെള്ളിയാഴ്‌ച, ഡിസംബർ 16, 2005

സമ്പന്നരും പാചകവാതകവും

Full Story

സമ്പന്നർ വാങ്ങുന്ന പാചക വാതകത്തിന്റെ വില വർദ്ധിപ്പിക്കണമെന്ന് ശുപാർശ.

ഉത്പാദനച്ചെലവും നിലവിലുള്ള ചില്ലറവില്‍പ്പന വിലയും തമ്മിലുള്ള വമ്പിച്ച അന്തരം ഇല്ലാതാക്കാന്‍ ഇതാണുപായമെന്ന് മണിശങ്കർ‍ അയ്യർ.

എത്രമാത്രമിത് ഫലപ്രദമാകുമെന്ന് കണ്ടറിയണം.

ഒരു ഗ്യാസ് ഏജൻസി തുടങ്ങാതിരുന്നത് മഹാ ബുദ്ധി മോശമായിപ്പോയി..

ഒരേ സാധനത്തിന് രണ്ട് വില. കാശുള്ളവൻ കൂടുതൽ വിലകൊടുക്കണം, ഇല്ലാത്തവൻ കുറഞ്ഞ വിലയും.

കേൾക്കാൻ എത്ര സുന്ദരമായ ആശയം.

എന്നു വെച്ചാൽ, അങ്ങ് അതീവ പണക്കാരുടെയല്ല, മദ്ധ്യവർഗ്ഗത്തിന്റെ നടു ഇനിയും ഒടിയാൻ പോകുന്നുവെന്ന്.

സമത്വസൌന്ദര്യം നടപ്പിൽ വരുത്താനല്ലേ കൂടുതൽ വരുമാനമുള്ളവൻ കൂടുതൽ നികുതി കൊടുക്കണമെന്ന ഒരു നാട്ട്നടപ്പുള്ളത്? അത് പോരേ?

അതങ്ങ് ശരിക്കും നടപ്പാക്കിയാൽ പോരേ?

ഇപ്പോൾ, ഗ്യാസുകാരന് ഇത്തിരി കൈമടക്കു കൊടുത്താൽ ഒന്നല്ല, നാല് സിലിണ്ടറിട്ടിട്ട് പോകും.

ഇനിയിത് പ്രാബല്യത്തിൽ വന്നാൽ, ഗ്യാസുകാരന് അല്പം കൂടുതൽ കൈമടക്ക് കൊടുത്താൽ, ഏത് വമ്പനും ദരിദ്രനാരായണനാകുകയില്ലേ?

എന്തായാലും ഗ്യാസുകാരന്റെ നല്ലകാലം...

സാങ്കേതികത്തകരാറുകൾ...

രാവിലത്തെ ഇന്റർനെറ്റ് അക്സസ്സ് തകരാറിൽ തുടങ്ങിയതാണ്. ഇന്നലെ പെയ്ത മഞ്ഞും, സ്ലീറ്റുമാവാം കാരണം.

പിന്നാലെ, ഡൈനാമിക് ഡി.എൻ.എസ് റെക്കോർഡുകൾ തനിയെ അപ്‍ഡേറ്റാകുന്നില്ല എന്ന പ്രശ്നം.

ഒടുവിൽ അതെല്ലാം ശരിയായി തനിമലയാളം പേജ് തയാറാവാൻ ഏകദേശം ഒരു മണിക്കൂർ വേണം.

ഒടുവിൽ പേജ് തയാറായി വന്നപ്പോളോ? കഷ്ടിച്ച് 76 എണ്ണം മാത്രം.

വലഞ്ഞെന്ന് പറഞ്ഞാൽ മതിയല്ലോ? ഇന്നലെ രാത്രിയിൽ ഫീഡുകൾക്കായ് ചെയ്ത പണി ഇതിനു മൊത്തം ആപ്പായ പോലെ.

ആ മുൻ‍വിചാരത്തോടെ ഇട്ടോടിച്ചോടിച്ച് ക്ഷീണിച്ചു. ഒടുവിൽ മനസ്സിലായി, ബ്ലോഗ്‍സെർച്ച് തങ്ങളുടെ ആറ്റം ഫീഡിന്റെ ഘടന മാറ്റിയെന്ന്.

ഓതർ, മോഡിഫൈഡ്, ടൈറ്റിൽ - ഇവ മൂന്നും അപ്പടി മാറ്റിക്കളഞ്ഞു. ഇപ്പോൾ മോഡിഫൈഡിനു പകരം, പബ്ലിഷ്ഡ് എന്നാക്കിയിരിക്കുന്നു. നേരത്തെ url എന്നായിരുന്നെങ്കിൽ, ഇപ്പോൾ uri എന്നായിരിക്കുന്നു -- പിന്നെയും 3-4 വ്യത്യാസങ്ങൾ കൂടി...

എന്തായാലും ദണ്ഡം പിടികിട്ടിയതോടെ ആശ്വാസമായി.

പക്ഷെ ഇനിയും അവരത് മാറ്റുമോ എന്നൊരു ശങ്ക...

ഞായറാഴ്‌ച, ഡിസംബർ 11, 2005

ആലപ്പുഴ - Wikipedia

ആലപ്പുഴ - Wikipedia

ആലപ്പുഴയെ പറ്റിയുള്ള വിക്കീപീടിയ ലേഖനം. മോടിപിടിപ്പിക്കേണ്ടവർക്ക് അതാവാം.

ബുധനാഴ്‌ച, ഡിസംബർ 07, 2005

ലിങ്ക്സും (lynx) മലയാളവും


ലിനക്സും മലയാളവും: Mozhi based keymap for Linux [version: 1.1.0 beta]



ലിങ്ക്സ് ബ്രൌസറിൽ ഡെബിയനിൽ വരുന്ന മലയാളത്തിന്റെ ഒരു സ്ക്രീൻ ഷോട്ട്. അഞ്ജലിയാണ് ഉള്ള ഫോണ്ട്.

അതു പോലെ, ലേറ്റസ്റ്റ് ഉബണ്ടുവിൽ, മലയാളം ഫോണ്ട് കണ്ടിരുന്നു - ഇതു വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മെച്ചപ്പെട്ട റെന്ഡറിങ്ങ് ഉബണ്ടുവിന്റേതാണെന്ന് പറയാം.

സൌകര്യം പോലെ അതിന്റെയും ഒരു സ്ക്രീൻ ഷോട്ട് എപ്പോഴെങ്കിലും ഇടാം.

ഞായറാഴ്‌ച, ഡിസംബർ 04, 2005

അരിയെത്ര? പയറഞ്ഞാഴി...!!


Full Story

മനോരമക്കാർക്ക് ചൊവ്വേ നേരെ ഒരു ഓൺലൈൻ വാർത്ത പ്രസിദ്ധീകരിക്കാൻ കൂടി അറിയില്ലെന്നുണ്ടോ?

നമ്മുടെ നാട്ടിലെ സ്വകാര്യ സ്ഥാപനങ്ങൾ ഇത്രയും തറയാണെങ്കിൽ, സർക്കാരിന്റെ ഓൺ‍ലൈൻ സം‍രംഭങ്ങൾ ഏത് സ്ഥിതിയിലായിരിക്കും?

കണ്ണിന് പകരം കണ്ണ്‌

::: madhyamam daily :::

ക്ഷമ.

എല്ലാവർക്കും പറ്റാത്ത ഒരു ഗുണമാണ് ക്ഷമയെന്നീ സംഭവം വെളിപ്പെടുത്തുന്നു.

ഒരു കരണത്തടിച്ചവന് മറുകരണം കാട്ടികൊടുത്തില്ലെങ്കിലും ഇത്തിരിയെങ്കിലും ക്ഷമയും കരുണയും കല്ലിനെങ്കിലും കാണാതിരിക്കുമോ?

കണ്ണിന് പകരം കണ്ണെന്ന് നിയമങ്ങളുണ്ടായിരുന്നെന്ന്‌ കേട്ടിട്ടേയുള്ളു. ഈ കാട്ടാളന്മാരത് ഇന്നും തുടരുന്നു. സാധുതയുള്ള നിയമമായ് ഇവരിന്നും അതു കൊണ്ട് നടക്കുന്നു.

ഹാ..!! നൂറ്റാണ്ടുകൾ പഴകിയ കിരാതനിയമങ്ങളിൽ നിന്നും ഈ വിവരം കെട്ട ബാർബേറിയന്മാർ എന്ന് മുക്തി നേടും?

അദൃശ്യമായ ദൈവഹിതത്താലാണ് കണ്ണ് നഷ്ടപ്പെട്ടതെങ്കിൽ ഇവൻ ദൈവത്തിന്റെ കണ്ണ് വേണമെന്നും പറഞ്ഞ് നടക്കുമോ?

പകരത്തിന് പകരം - എണ്ണപ്പാടങ്ങൾക്ക് മേലെ മദിച്ച് നടക്കുന്ന ഈ കിരാതന്മാരെന്നിനി മനുഷ്യരാകും?

വാർത്ത:

കണ്ണ് ചൂഴ്ന്നെടുക്കാന്‍ വിധി; സൌദിയുടെ ദയ കാത്ത് മലയാളി കുടുംബം

പുനലൂറ്‍: പ്രിയപ്പെട്ടവന്റെ കണ്ണില്‍ ഇരുള്‍ മൂടാതിരിക്കാന്‍ സൌദി യുവാവിന്റെ മനസ്സില്‍ വെളിച്ചം നിറയുന്നതിന് പ്രാറ്‍ഥനയോടെ കാത്തിരിക്കുകയാണ് അഞ്ചല്‍ തടിക്കാട് വള്ളംകുഴി പുത്തന്‍വീട്ടില്‍ നൌഷാദിന്റെ കുടുംബം. സൌദിക്കാരനു ദയയുണ്ടായില്ലെങ്കില്‍ നൌഷാദിന്റെ കണ്ണ് നഷ്ടമാകും. സൌദിയിലെ ദമാമിലുണ്ടായ സംഘട്ടനത്തില്‍ സൌദി യുവാവിന്റെ ഇടത് കണ്ണിനു കാഴ്ച നഷ്ടമായതിനു ശിക്ഷയായി നൌഷാദിന്റെ കണ്ണ് ചൂഴ്ന്നെടുക്കാനാണ് കോടതി ഉത്തരവ്. പ്രതിക്രിയ പ്രകാരം വലതുകണ്ണ് നീക്കം ചെയ്യണമെന്നാണു വിധി.


കണ്ണിനു പകരം കണ്ണ് നീക്കം ചെയ്യുക എന്ന ശിക്ഷ അഞ്ചു വറ്‍ഷം മുമ്പാണ് സൌദിയില്‍ നടപ്പിലാക്കിയത്. ഈജിപ്ത് പൌരന്‍ മദീനയില്‍ സ്വന്തം നാട്ടുകാരനെ ആസിഡൊഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ കേസിലായിരുന്നു ആദ്യ വിധി. രണ്ടര വറ്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ദമാമിലെ 'ഡെല്‍റ്റ' പെട്രോള്‍ സ്റ്റേഷനോടു ചേറ്‍ന്ന് താന്‍ ജോലിചെയ്യുന്ന കടയിലെത്തിയ സൌദി യുവാവ് ബാറ്ററി ചാറ്‍ജറ്‍ വാങ്ങിയപ്പോള്‍തന്നെ തിരിച്ചെടുക്കില്ലെന്ന് അറിയിച്ചതാണെന്ന് നൌഷാദ് പറയുന്നു. എന്നാല്‍ അല്‍പം കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് ചാറ്‍ജറ്‍ തിരിച്ചെടുക്കണമെന്ന് നിറ്‍ബന്ധം പിടിച്ചു. തറ്‍ക്കം മൂത്ത് അടിപിടിയായി. ചാറ്‍ജറിന്റെ തുമ്പുകൊണ്ട് യുവാവിന്റെ കണ്ണിന് സാരമായ പരിക്കേറ്റു.

അതോടെ നൌഷാദ് ജയിലിലായി. യുവാവിന് കാഴ്ച നഷ്ടപ്പെട്ടുവെന്ന മെഡിക്കല്‍ റിപ്പോറ്‍ട്ടിനെ തുടറ്‍ന്ന് കോടതി പ്രതിക്രിയ വിധിക്കുകയായിരുന്നു. നിരപരാധിത്വം തെളിയിക്കാന്‍നൌഷാദിനു കഴിയാതിരുന്നതിനാലാണ് വിധി എതിരായത്. വാദി മാപ്പ് കൊടുക്കുന്നില്ലെങ്കില്‍ ഒരു കണ്ണ് ചൂഴ്ന്നെടുക്കണമെന്ന വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ റമദാന്‍ 27ന് ഒത്തുതീറ്‍പ്പിനുവെച്ചെങ്കിലും സൌദി യുവാവ് ക്ഷമിക്കാന്‍ തയാറായില്ല. നൌഷാദിന്റെ സ്പോണ്‍സറും സുഹൃത്തുക്കളും ഇടപെട്ട് ലക്ഷം റിയാല്‍ നഷ്ടപരിഹാരം അടക്കം നിരവധി ഒത്തുതീറ്‍പ്പു വ്യവസ്ഥകള്‍ വെച്ചെങ്കിലും തന്റെ കണ്ണിനു പകരം നൌഷാദിന്റെ കണ്ണ് എടുക്കണമെന്ന ശാഠ്യത്തിലാണ് സൌദി യുവാവ്. ശരീഅത്ത് നിയമപ്രകാരം വാദി മാപ്പു കൊടുത്താലേ പ്രതിക്ക് രക്ഷപ്പെടാനാവൂ.
അഞ്ചല്‍ തടിക്കാട് പുത്തന്‍വീട്ടില്‍ അബ്ദുല്‍ ലത്തീഫ്-നബീസ ദമ്പതികളുടെ മൂത്ത മകനായ നൌഷാദ് എട്ടു വറ്‍ഷം മുമ്പാണ് സൌദിയിലെത്തിയത്. ഇതുവരെ സ്വന്തമെന്ന് പറയാന്‍ ഒരു ചെറു വീട് മാത്രം. സുഹൈലയാണ് ഭാര്യ. നാസിഫ്(5), അസീന(3) എന്നിവറ്‍ മക്കളാണ്.

നൌഷാദ് ജയിലിലായതിനെ തുടറ്‍ന്ന് ദമാമിലെ സുഹൃത്തുക്കളും ബന്ധുക്കളും അയക്കുന്ന ചെറിയ തുക മാത്രമാണ് ഇപ്പോള്‍ ഇവരുടെ ഏക ആശ്രയം.
കേസുമായി ബന്ധപ്പെട്ട് സുഹൈല ഇന്ത്യന്‍ എംബസിക്ക് അപേക്ഷ സമറ്‍പ്പിച്ചുവെങ്കിലും അതവിടെ ലഭിച്ചുവെന്ന അറിയിപ്പല്ലാതെ മറ്റൊരു നീക്കവും ഉണ്ടായില്ലെന്ന് പറയുന്നു. ഉന്നതതല ഇടപെടലുകള്‍ വഴി സൌദി യുവാവിന്റെ മനസ്സു മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് നൌഷാദിന്റെ പ്രിയപ്പെട്ടവറ്‍.




വ്യാഴാഴ്‌ച, ഡിസംബർ 01, 2005

മൊഴിയുടെ പേജിനെന്തു പറ്റി?



വാമൊഴിയുടെ പേജ് ഹാക്ക് ചെയ്യപ്പെട്ടു എന്ന് തോന്നുന്നു...



അതോ സബ്‍സ്ക്രിപ്ഷൻ തീർന്നതാണോ?

അവരറിഞ്ഞു കാണുമല്ലോ?

metlak എന്നൊന്ന്‌ സെർച്ചി നോക്കൂ...

അനുയായികള്‍

Index