കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ഏപ്രിൽ 21, 2011

മൃഗീയം

മൃഗീയമായി കൊലചെയ്തു, മൃഗീയമായി പീഡിപ്പിച്ചു എന്നൊക്കെ വാര്‍ത്തകളില്‍ കാണാറുണ്ടെങ്കിലും, ഇതിലെ കുടിലതകള്‍ക്ക് മൃഗങ്ങളോട് എന്തു ബന്ധം എന്നു ചിന്തിച്ചിട്ടുണ്ട്. സിംഹം പുലി തുടങ്ങിയ ഹ്രിംസജന്തുക്കള്‍ക്ക് തങ്ങളുടെ ഇരയെ പിടിക്കേണ്ടതുള്ളത് കൊണ്ട്, ക്രൌര്യം തുടങ്ങി നമ്മള്‍ വിശേഷിപ്പിക്കുന്ന സവിശേഷതകള്‍ കൂടിയേ കഴിയൂ.

പിന്നെന്താണു മൃഗീയത/കാടത്തം എന്ന വാക്കുകള്‍ ധ്വനിപ്പിക്കുന്നത്?

ഉത്തരം കണ്മുന്നില്‍ പെട്ടത്, കഴിഞ്ഞ ദിവസം നാഷണല്‍ ജ്യോഗ്രഫിയിലെ ഒരു പ്രോഗ്രാം കാണവേയാണു. കില്ലര്‍ സ്റ്റ്രെസ്സ് (killer stress). അതില്‍ ബബൂണുകളെ പറ്റി പരാമര്‍ശമുണ്ടായിരുന്നു.

ഒരു ദിവസത്തേക്കുള്ള ആഹാരം നേടാനവയ്ക്ക് വെറും മൂന്ന് മണിക്കൂര്‍ മതിയെന്നിരിക്കെ, ബാക്കിയുള്ള ഇരുപത്തി ചില്ല്വാനം മണിക്കൂറുകള്‍ അവ തീര്‍ക്കുന്നത്, തങ്ങളുടെ കൂട്ടത്തിലുള്ളതില്‍ കായശേഷി കുറഞ്ഞവയെ ഓരോരോ തരത്തിലും ഉപദ്രവിച്ചാണു. വെള്ളം കുടിക്കാനെത്തിയ ബലഹീനനെ വെള്ളത്തില്‍ മുക്കിപ്പിടിച്ചും, അടിച്ചും എന്നു വേണ്ട, ഒരു മാതിരി നമ്മളൊക്കെ സാഡിസം എന്ന് വിളിക്കുന്ന ബിഹേവിയര്‍.

[ആ ഷോയില്‍, ആക്രമിക്കപ്പെടുന്ന ബബൂണുകളുടെയും അക്രമികളായ ബബൂണുകളുടെയും ബ്ലഡ് സാമ്പിളുകളിലെ സ്ട്രെസ്സ് ഹോര്‍മോണുകളുടെ വ്യത്യസ്ത നിലയെക്കുറിച്ചാണു പരാമര്‍ശമുള്ളത്. മറ്റുള്ള കുരങ്ങന്മാര്‍ എന്നും എടുത്തിട്ട് മേടുന്ന സ്വതവേ ശുഷ്കിച്ച കുരങ്ങന്മാരുടെ ആരോഗ്യനില മോശമാവും - ബ്ലഡ് പ്രഷര്‍, ധമനികളിലെ പ്ലാക്ക് അങ്ങിനെയുള്ള കാരണങ്ങളാല്‍..]

പറ്റുമെങ്കില്‍ ബബൂണുകളെ പറ്റി മനസ്സിലാക്കൂ - മൃഗത്തിനും മേലെയുള്ള മനുഷ്യന്‍ തിരസ്കരിക്കേണ്ട തമോഗുണങ്ങള്‍ ഏതൊക്കെയെന്ന് ഒരു പ്രാക്റ്റിക്കല്‍ സെഷന്‍ ഒത്ത്കിട്ടും!


ബബൂണുകളെ കൂടാതെ മറ്റേതോ തരം കുരങ്ങന്മാരിലും ഇതേ പാറ്റേണ്‍ കണ്ടിട്ടുണ്ട്. അതിന്‍റെ പേരോര്‍മ്മയില്ല.

ഒരുത്തനു അക്രമവാസനയുണ്ടെങ്കില്‍, അവന്‍ ശല്ല്യക്കാരനാണെങ്കില്‍, ഇനിയൊരുപക്ഷെ അതിന്‍റെ അര്‍ത്ഥം അവനില്‍ പരിണാമഘട്ടങ്ങളിലേതിലോ സ്റ്റക്കായിപ്പോയ ഒരു കുരങ്ങനുണ്ട് എന്നാവണം.

വെറുതെയാണോ യേശു ക്രിസ്തു "ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ.." എന്നു പ്രാര്‍ത്ഥിച്ചത്?

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index