കാകഃ കാകഃ, പികഃ പികഃ

Monday, June 01, 2009

പുലിപിടുത്തം - ഒരു പുനരാവിഷ്ക്കാരം

ഈ കഥ കേള്‍ക്കാത്തവരുണ്ടോ ആവോ? ഉണ്ടെങ്കില്‍ത്തന്നെ, കേ‌‌‌‌ള്‍ക്കാഞ്ഞിട്ടല്ലല്ലോ, അല്ലേ?

to stereotype (transitive verb): To make a stereotype of someone or something, or characterize someone by a stereotype.

പണ്ട് പണ്ട് എങ്ങാണ്ടൊരിടത്ത്, കുറേ പോലീസുകാര്‍ ഒത്തുകൂടി. പല രാജ്യങ്ങളില്‍ നിന്നുള്ളവരും, പല വൈഭവങ്ങളും ഒപ്പം പല വൈകൃതങ്ങളുമുള്ളവരും, പല സംസ്കാരങ്ങളിലും പെട്ടവരുമായിരുന്നു അവര്‍.

പല്ലിട കുത്തി മണത്തും മണപ്പിച്ചും മടുത്തപ്പോള്‍ അവരിലാര്‍ക്കോ ഒരാശയം ഉദിച്ചു - അടുത്തുള്ള കാട്ടില്‍ പോയി പുലിയെ പിടിച്ചു വരാം. എത്ര വേഗം പുലിയെ കീഴ്‌‌പെടുത്തി കെട്ടി വലിച്ചു കാട്ടിന്നു പുറത്തു കൊണ്ടുവരുന്നോ, അത്രയും കേമരാണെന്നു ഖ്യാതിയേറുമെന്ന തരത്തിലെ കോമ്പറ്റീഷന്‍ എല്ലാവര്‍ക്കും നന്നേ ബോധിച്ചു.

ലോകത്ത് ആ നാളുകളില്‍ നിലനിന്നിരുന്ന സ്റ്റീരിയോടൈപ്പ് അനുസരിച്ചായിരുന്നു അവര്‍ക്ക് ക്രമനമ്പരുണ്ടായിരുന്നത് - ആയതിന്‍ പടി, ആദ്യം പുലിയെ തപ്പി പോയത്, എഫ്.ബി.ഐ. പോലീസുകാരായിരുന്നു. അധികം വൈകാതെ, എന്നു വെച്ചാല്‍, ഉടനെ തന്നെ, ആധുനിക സാങ്കേതിക വിദ്യ‌‌യുടെ സഹായത്താലും മറ്റും അവരുടനെ തന്നെ ഒരു പുലിയെ പിടിച്ച്, അതിനെ വരിഞ്ഞു കെട്ടി കാട്ടിന്നു പുറത്തു വന്നു.

അടുത്ത വേക്ക് തിരച്ചിലിനു പോയത്, എം.ഐ.-5-ന്റെ അംഗങ്ങളായിരുന്നു. മേല്‍പ്പറഞ്ഞ സ്റ്റീരിയോടൈപ്പിന്‍ പടി, ഇവര്‍ക്കും വളരെ പെട്ടെന്നു തന്നെ മറ്റൊരു പുലി വഴങ്ങിക്കൊടുത്തു.

(വഴങ്ങേണ്ടി വന്നു എന്ന് കോണ്‍സ്പിറസി തിയറി)

തുടര്‍ന്ന് മറ്റ് പോലീസുകാരും കാട് കയറുകയും, തങ്ങളുടെ വൈഭവങ്ങള്‍ക്ക് അനുപാതമായുള്ള സമയത്തിനുള്ളില്‍, വരിഞ്ഞ് കെട്ടിയ പുലിയുമായി കാടിറങ്ങി വരികയും ചെയ്തു.

ഇപ്രകാരം പുലിയുമായി കാടിറങ്ങി വരുന്നവരെ ഇതര പോലീസുകാരും ജനക്കൂട്ടവും കനത്ത ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചിരുത്തുന്നുണ്ടായിരുന്നു.

രസച്ചരട് പൊട്ടിയില്ല എന്നു കരുതുന്നു. ഇനിയാണു് കഥയുടെ മര്മ്മം -

പുലിയെ പിടിക്കാന്‍ ഏറെ നേരം മുമ്പേ ആക്രാന്താഘോഷങ്ങളോടെ തന്നെ കാട് കയറിപ്പോയ "നമ്മുടെ പോലീസുകാരുടെ" യാതൊരു വിവരുവില്ല.

ഒന്നു് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോയ ലവരുടെ അനക്കമില്ല.

ഒടുവില്‍, അവരെ കാത്തിരുന്ന മറ്റ് പോലീസുകാരെല്ലാം കൂടി മടുത്ത്, അവരെ തിരഞ്ഞ് കാട് കയറി.

അധികം ഉള്ളിലേക്ക് പോവേണ്ടി വന്നില്ല - അവര്‍ കണ്ട കാഴ്ച ചിരിപ്പിക്കുന്നതായിരുന്നു -

അയ കെട്ടി ഉണങ്ങാനിട്ടിരിക്കുന്ന കാക്കി യൂണിഫോം. ഒരുവനാകട്ടെ, അതിനടുത്ത് അടുപ്പ് കൂട്ടി പാചകത്തിലും. നടുക്ക്, ഒരു മരത്തിന്മേല്‍ മൃതപ്രായനായ ഒരു കരടിയെ കെട്ടിയിട്ടിരിക്കുന്നു. ചുറ്റും മറ്റുള്ളവര്‍ കൂടിനില്‍പ്പുണ്ട്. ഇടയ്ക്കിടെ അവര്‍ തോക്കിന്റെ പാത്തി കൊണ്ട് അവശനായ കരടിയെ ഭേദ്യം ചെയ്യുന്നു.

"പറയെടാ..! നീ പുലിയാണെന്നു്..!"

"എടാ. പറയാന്‍ നീ പുലിയാണെന്നു്..!"

"നീ പറയില്ല, അല്ലേ..? നോക്കട്ടേ നിന്നെക്കൊണ്ട് നീ പുലിയാണെന്ന് പറയിപ്പിക്കാമോ എന്നു്..!!"

- - -
ഈ കഥ, കരടിയുടെ ആത്മാവിനു നിത്യശാന്തി നേരാനുള്ളതും, ഇതിന്നു ഏതൊരു വിധ പോലീസുകാരുമായോ, എഫ്.ബി.ഐ., എം.ഐ.-5 തുടങ്ങിയ ഏജന്‍സികളുമായോ യാതൊരു വിധ ബന്ധവുമില്ല എന്നു പ്രത്യേകം പ്രസ്താവ്യമാണു്.

ചേര്‍ത്തു വായിക്കാന്‍, ഇതാ മറ്റൊരു കഥ.
- - -

4 comments:

അരുണ്‍ കായംകുളം said...

:)

ശ്രീ said...

കേട്ടിട്ടുണ്ട്
:)

hAnLLaLaTh said...

:)

abey e mathews said...

To add malayalam blog to "Web Directory for Malayalam Bloggers "
http://123links.000space.com/index.php?c=4

Categorized Malayalam Blog Aggregator
http://gregarius.000space.com/

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.