ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ക്ക് വേണ്ടിയുള്ള ആക്രാന്തം ഒരു ബലഹീനതയാണു്, സമ്മതിച്ചു. വാങ്ങിക്കുന്ന നിമിഷം, വാങ്ങിയ സാധനം ഒബ്സലീറ്റാവും എന്നതു വര്‍ഷങ്ങളായി ശരിക്കറിയാവുന്നതു കൊണ്ട്, ഈയിടെ ഗാഡ്ജറ്റുകള്‍ വാങ്ങാതെയുള്ള കൊതി മാത്രം..! മൂഢസ്വര്‍ഗ്ഗമെന്നും പറയാം.
വാങ്ങിച്ചവ ചത്തു മലക്കാതെ പുതിയവ വാങ്ങില്ലയെന്നു മനസ്സിനെ അടക്കി നിര്‍ത്തുന്നതു് കാരണമില്ലാഞ്ഞിട്ടല്ല. ഉദാഹരണത്തിനു, രണ്ടു കൊല്ലം മുമ്പ് കൊള്ളവില നല്കി വാങ്ങിയ എറിക്സണ്‍ W810i നരകിച്ചു വയസ്സായി ചാകാതെ, ഇനി സെല്‍ഫോണ്‍ വാങ്ങുന്നില്ലെന്ന ശപഥത്തിനു ഏകദേശം ഒന്നര വര്‍ഷം പഴക്കമുണ്ട്. വാങ്ങി ആറു മാസത്തിനകം അതിലും കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള സെല്‍ഫോണുകള്‍ വിപണിയില്‍ എത്തി എന്നതാണു് ഈ കണ്സ്യൂമറിസ്റ്റിക് ശപഥത്തിനു കാരണം.
സമാനമനസ്കരായ ആക്രാന്തിസ്റ്റുകളുണ്ടെങ്കില്‍, സ്റ്റോറി ഓഫ് സ്റ്റഫ് എന്ന സൈറ്റും, അതിലെ ഈ വീഡിയോവും ശ്രദ്ധിച്ചു കാണുക, ആശ്വാസം ലഭിക്കും.അപ്പോള്‍ പറഞ്ഞു വരുന്നത്,
കണ്ട്രോളു തരണേ ആഞ്ജനേയാ.. എന്നു പ്രാര്ത്ഥിച്ച ഇന്നസെന്റിനെ പോലെ, കൊതിക്കാം, പക്ഷെ സ്വന്തമാക്കരുത് എന്നതാണു് ഇപ്പോഴത്തെ പോളിസി.
"thou can covet, but not own." എന്നു വാച്യാര്‍ത്ഥം. :)
ഇങ്ങനെ, ഏറെ നാളായി കണ്ണുടക്കി നില്‍ക്കുന്ന ഒരു ഗാഡ്ജറ്റാണു് ആപ്പിളുകാരുടെ
ഐഫോണ്‍. ഇന്നോവേറ്റീവ്. അവരൊരു ടച്ച് സ്ക്രീന്‍ ഫോണിറക്കാന് കാത്തിരുന്നു, കണ്ട അണ്ടനും അടകോടനുമെല്ലാം ടച്ച് സ്ക്രീന്‍ ഫോണ്‍ പുറത്തിറക്കാന്‍ ..!
എത്ര ഇന്നോവേറ്റീവാണെങ്കിലും വാങ്ങാനൊക്കില്ലല്ലോ? മോളില് പറഞ്ഞ ശപഥം മറക്കാനൊക്കുമോ?
പണ്ടെയുള്ള ഒരു പരാതിയാണു് ആപ്പിളുകാരുടെ മലയാളം റെന്‍ഡറിങ്ങ്.
നെറ്റ് ബ്രൗസ് ചെയ്യാന് പാകത്തില്‍ ഒരു പരിചയക്കാരെന്റ ഐഫോണ്‍ ഒത്തു കിട്ടിയതു് കഴിഞ്ഞ ദിവസമാണു്. അതിലെ മലയാളം റെന്ഡറിങ്ങാണു് ചിത്രത്തില്‍.

ഐഫോണില്‍ യൂണീകോഡ് മലയാളം
tags: malayalam on iphone, unicode malayalam on iphone, indic unicode on iphone