കാകഃ കാകഃ, പികഃ പികഃ

Saturday, August 09, 2008

ഓലപ്പന്ത്

വ്യവസായ യുഗം മാറ്റിയെഴുതിയ ഒരു വിനോദമാണു് പന്തു കളി. പ്ളാസ്റ്റിക്, റബ്ബര്‍, തുകല്‍ തുടങ്ങിയവ കൊണ്ടുള്ള പന്തുകള്‍ , തരാതരം ചട്ടവട്ടങ്ങളുള്ള വിവിധയിനം പന്തു കളികള്‍ - ക്രിക്കറ്റ്, ഗോള്‍ഫ്, വോളിബോള്‍, സോക്കര്‍, അമേരിക്കന്‍ ഫുട്‌‌ബോള്‍, പോളോ, ബാസ്ക്കറ്റ് ബോള്‍ ... എന്നു പോകുന്നു അഭിനവ യുഗത്തിലെ പന്തു കളിയുടെ വ്യതിയാനങ്ങള്‍.

വ്യാവസായിക യുഗത്തിലെ റബര്‍, പ്ളാസ്റ്റിക് തുടങ്ങിയ നിര്‍മ്മാണ വസ്തുക്കള്‍ ലഭ്യമാവുന്നതിനു മുന്‍പും നമ്മള്‍ മലയാളികള്‍ പന്തുകള്‍ ഉണ്ടാക്കി വിഭിന്ന തരം കളികള്‍ കളിച്ചിരുന്നു.

കേരവൃക്ഷം മലയാളിക്കെന്നും കല്പവൃക്ഷം തന്നെ. തെങ്ങിന്റെ തലപ്പു തൊട്ടു് വേരു വരെയും നാം വിഭിന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉപയോഗിച്ചു പോരുന്നു. അങ്ങോളമിങ്ങോളം സുലഭമായി ലഭിക്കുന്ന തെങ്ങോല കൊണ്ട് നമ്മുടെയൊക്കെ അപ്പനപ്പൂപ്പന്മാര്‍ മറകെട്ടി, പുരമേഞ്ഞു, ചൂട്ട് കറ്റയുണ്ടാക്കി, ഓലപ്പീപ്പിയുണ്ടാക്കി, വട്ടി, വല്ലം തുടങ്ങിയവയുമുണ്ടാക്കി. തീര്‍ന്നില്ല ലിസ്റ്റ്; പറഞ്ഞാലെങ്ങാനും തീരുമോ, നാം തെങ്ങോല എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നതു്?

തെങ്ങോല ഉപയോഗിച്ച് ഓലപ്പന്തുണ്ടാക്കുന്നത് എങ്ങിനെ എന്നാണു് ഈ വീഡിയോവില്‍ --

7 comments:

കാന്താരിക്കുട്ടി said...

ഇതൊത്തിരി നന്നായി കേട്ടോ..ഞങ്ങളുടെ ചെറുപ്പത്തില്‍ അച്ഛാച്ഛന്‍ ഞങ്ങള്‍ക്കു ഓലപ്പന്തും ഓല കൊണ്ടു തത്തമ്മയെയും പാമ്പിനെയും ഒക്കെ ഉണ്ടാക്കി തരാറുണ്ട്..ഇപ്പോളും ഓലപ്പാമ്പിനെ ഉണ്ടാക്കാന്‍ എനിക്കറിയാം തത്തമ്മയെ ഉണ്ടാക്കാന്‍ അറിയില്ല.. അതു അറിയാമെങ്കില്‍ അതും പോസ്റ്റണെ..പന്തു ഉണ്ടാക്കുന്ന പോലെ തന്നെ ആണു...പന്ത് നിര്‍മ്മാണം പകുത ആകുമ്പോള്‍ ആണു അതിനു വാല്‍ ഒക്കെ ഉണ്ടാക്കി തത്ത ആക്കുന്നത്..പഴമയിലെക്കു തിരിച്ചു പോകാന്‍ കഴിഞ്നൂ നന്നായി..

അലിഫ് /alif said...

ഗൃഹാതുരത്വം..ഗൃഹാതുരത്വം.. എന്നു പറയുന്നത് ഇതിനെയാണാവോ..!!
എനിക്ക് എന്റെ പിതാവുണ്ടാക്കി തന്നിട്ടുള്ള ഓലപന്ത്‌കളുടെ കണക്ക് പറഞ്ഞ് മക്കളെ കൊതിപ്പിച്ചു, പക്ഷേ അവർക്ക് വേണ്ടി ഉണ്ടാക്കാൻ നോക്കി അമ്പേ പരാജയപ്പെട്ടു പോയി; നാണക്കേടുമായിപ്പോയി..! ഇനി ഈ വീഡിയോ ശരണം.
നന്ദി ഏവൂരാൻ..

Pramod.KM said...

നന്നായി പോസ്റ്റ്:)4 ഓലകള്‍ കൊണ്ട് (ആകെ 8 ഓലക്കാലുകള്‍) ഉണ്ടാക്കുന്ന ഒരു പന്തുണ്ട്. അതിന് ദീര്‍ഘചതുരസ്തംഭത്തിന്റെ ആകൃതി ആണ്. ഇനി തെങ്ങോല കയ്യില്‍ക്കിട്ടിയാല്‍ മറന്നുപോയോ പന്തുണ്ടാക്കാന്‍ എന്ന് പരീക്ഷിച്ചു നോക്കണം:)ഓലപ്പന്തിന് കണ്ണൂരിലൊക്കെ “ആട്ട” എന്നാണ് പറയുക. ആട്ടകളി ഒക്കെ മറന്നു പോയി:(.‘തലമ’എന്നൊക്കെ പേരായ കളികള്‍ ഉണ്ടായിരുന്നു.
കാന്താരിക്കുട്ടി,തത്തയുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.ആദ്യം പന്തുണ്ടാക്കി,ബാക്കി വരുന്ന 4 ‘ഓലക്കാല്‍’ഉണ്ടല്ലോ. അതില്‍ രണ്ടെണ്ണം ഒരു ഭാഗത്തേക്കും 2 എണ്ണം മറുഭാഗത്തേക്കും പന്തിന്റെ ഓലകളിലൂടെ കടത്തുക. എന്നിട്ട് ഒന്ന് തലയുടെ ആകൃതിയിലും മറ്റേത് വാലു പോലെയും മുറിച്ചു കഴിഞ്ഞാല്‍ തത്ത ആയി.

ശ്രീലാല്‍ said...

ആട്ട .. തത്ത.. ആഹ..ആഹാ..

അഗ്രജന്‍ said...

ഇതുഷാറായി... ഏവൂരാനേ,
അലിഫ് പറഞ്ഞ സംഗതി തലപൊക്കുന്നു... അതിനുള്ളില്‍ ഒരു ചെറിയ കല്ലും കുപ്പായമിടാത്ത അഞ്ചാറ് പുറവും കിട്ടിയാല്‍ കുഴിപ്പന്ത് (സൂര്യപ്പന്ത്) ഒരു കൈ നോക്കാം...

ഖാദര്‍ (പ്രയാണം) said...

പ്രിയ ഏവൂരാന്‍
ഓലപ്പന്തിന്റെ technical know how ഡിജിറ്റലൈസ് ചെയ്തത് നന്നായി. വരും തലമുറക്ക് ഗവേഷണത്തിനും നമുക്ക് കുട്ടിക്കാല ഓര്‍മകള്‍ അയവിറക്കാനും ഗുണകരം. ഓലപ്പന്തു കൊണ്ടുള്ള വിവിധ കളികള്‍ 1-ഏറുപന്ത്. ഉള്ളില്‍ കനമുള്ള ഒരു കല്ലു കൂടി എക്സ്ട്രാ ചേര്‍ക്കണം 2-തലപ്പന്ത് 3-ബിഗിനേര്‍സ് ക്രിക്കറ്റ് കളിക്കാനും ഈ പന്ത് ഉപയോഗിക്കാറുണ്ട്. ബാറ്റായി ഉപയോഗിക്കുന്നത് തെങ്ങിന്റ്റെ മടല്‍ ചെത്തിമിനുക്കിയാണു.
തെങ്ങിന്റെ ഓല കൊണ്ട് വേറെയും കളിസാധനങ്ങള്‍ ഉണ്ടാക്കിയിരുന്നു‍. ഓലപ്പീപ്പി, ഓലവാച്ച്, പമ്പരം

മേഘമല്‍ഹാര്‍(സുധീര്‍) said...

ഇതുപോലെയുള്ള വീഡിയോ ഇനിയും വരട്ടെ..

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.