കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഏപ്രിൽ 28, 2006

പാച്ചു വരുമായിരിക്കും

കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ കൊന്നെന്ന് പറയുന്ന മാതിരി, ഇന്നു വരെ, ഉബണ്ടുവില്‍ ഫയര്‍‌ഫോക്സ് 1.0.7 ആയിരുന്നു ഉപയോഗിച്ചിരുന്നത്. നല്ല പട്ട് പോലത്തെ റെന്‍ഡറിംഗ്, പദ്മ കാരണം മലയാളം പ്രസിദ്ധീകരണങ്ങളുമായ് വളരെ നല്ല ബന്ധമായിരുന്നു.

എന്നിട്ടൊടുവില്‍, ഇതും കുറുകെ വെച്ചിന്ന് ഫയര്‍‌ഫോക്സ് 1.5.0.2-വിലേക്കൊരു ചാട്ടം ചാടി.

1.5.0.2-ല്‍ മലയാളം റെന്‍ഡറിങ്ങൊഴിച്ച് ബാക്കിയെല്ലാം ബഹുകേമം.

ക്വോണ്‍ക്വററിന്റെ റെന്‍ഡറിംഗും, ഫയര്‍ഫോക്സിന്റെ ഇപ്പോഴത്തെ റെന്‍ഡറിംഗും തമ്മിലുള്ള വ്യത്യാസമറിയാന്‍ ഈ ചിത്രം നോക്കുക.





തലവാചകത്തിലെ പോലെ, പാച്ചു വരുമായിരിക്കും.

കോവാലന്റെ കൂട്ടുകാരനെയല്ല കാത്തിരിക്കുന്നത്, patch-നെയാണ്. :)

കൈരളി യൂണികോഡില്‍..!!

ആദ്യം, പദ്മയുടെ കളിയാണെന്നാണ് കരുതിയത്, പിന്നീടല്ലേ മനസ്സിലായത് പക്കാ യൂണീകോഡാണെന്ന്.

ഇക്കാര്യത്തില്‍ കൈരളി അഭിനന്ദനം അര്‍ഹിക്കുന്നു. യൂണീകോഡിലേക്ക് ചുവടു മാറ്റുന്ന ആദ്യത്തെ വമ്പന്‍..!!

കൈരളി ടീവി: ചിത്രങ്ങള്‍ നിന്ന് നിന്നാണെങ്കിലും ശബ്ദത്തിന് ഒരു പ്രശ്നവുമില്ല. മലയാളം ആകാശവാണിയെങ്കിലും ആരെങ്കിലും നാട്ടില്‍ നിന്ന് ഒന്ന് സ്ട്രീം ചെയ്തിരുന്നെങ്കില്‍ എന്ന എന്റെ അടങ്ങാ കൊതിക്കൊരു താത്കാലിക ശമനമായി.

ശ്ശ്..ശ്ശ്.. കൈരളി ടീവി, അവരുടെ ആ പേജിലൂടെ അല്ലാതെ ഇവിടെയും കാണാം. (ഫയര്‍‌ഫോക്സിന് നന്നായിട്ട് വഴങ്ങുന്നുണ്ട് -- ചിത്രങ്ങള്‍ ഫ്രെയിം ബൈ ഫ്രെയിം എണ്ണാമെങ്കിലും, സാരമില്ല, അല്ലേ..!!?)

വെള്ളിയാഴ്‌ച, ഏപ്രിൽ 21, 2006

ബോബനും മോളിയും





ടോംസിന്റെ വിഖ്യാതമായ ബോബനും മോളിയും കാര്‍ട്ടൂണുകള്‍, പണ്ടൊരു സമയത്ത്, മനോരമ വാരികയുടെ അവസാനത്തെ താളുകളില്‍ സജീവമായിരുന്നു.

പിതൃത്വം നല്‍കിയ കാര്‍ട്ടൂണിസ്റ്റിനാണോ, പ്രസിദ്ധീകരിച്ച വാരികയ്ക്കാണോ അവകാശം എന്നൊരു തര്‍ക്കം ഏറെ നാളായി മനോരമയും ടോംസും തമ്മിലുണ്ടായിരുന്നു എന്നാണറിവ്‌.

ടോംസ് ഇടഞ്ഞതിന് ശേഷം. കുറേ നാള്‍ മനോരമയ്ക്കാര്‍ ഡ്യൂപ്ലിക്കേറ്റ് ബോബനും മോളിയും (അവ വരച്ചത് യേശുദാസനോ മോഹനനോ?) കാര്‍ട്ടൂണുകള്‍ വാരികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും അല്പം കഴിഞ്ഞവരതങ്ങ് നിര്‍ത്തുകയും ചെയ്തു.

ഒരു പക്ഷെ, ബൌദ്ധികാവകാശം എന്നൊരു സാധനത്തെച്ചൊല്ലി മലയാളത്തിലെ ആദ്യത്തെ തര്‍ക്കങ്ങളില്‍ ഒന്നാ‍വണമിത്.

നെറ്റിലൊക്കെ നോക്കിയിട്ടും ഇതിനെ പറ്റിയൊന്നും കാര്യമായിട്ടൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. (ചില ബോബനും മോളിയും കാര്‍ട്ടൂണുകള്‍ സൈറ്റിലുണ്ട്.)

മേല്പറഞ്ഞ തര്‍ക്കത്തെ പറ്റി അറിവുള്ളവര്‍ പറഞ്ഞ് തരാമോ?

ബുധനാഴ്‌ച, ഏപ്രിൽ 19, 2006

അമേരിക്കന്‍ വിശേഷം -- കൊലപാതകം

അമേരിക്കന്‍ മലയാളികള്‍ ഇതു വരെ പറയാഞ്ഞ ഒരു വിശേഷം -- ഇവിടെ മലയാളം പത്രം എന്ന പേരിലൊരു പ്രസിദ്ധീകരണമുണ്ട് -- അതില്‍ വന്ന ഒരു വാര്‍ത്തയാണ് അവലംബം.

73 വയസ്സുള്ള ഒരു മലയാളിയെ, കറുത്ത വര്‍ഗ്ഗക്കാരിയായ ഒരു സ്ത്രീയുടെ ബോയ്‌ഫ്രണ്ടും കൂട്ടരും കൂടി തല്ലിക്കൊന്നു.

സാംസ് ക്ലബ്ബിലെ (സാംസ് ക്ലബ്, ഒരു വമ്പന്‍ റീട്ടെയില്‍ ശ്രംഖലയാണ്, വാള്‍മാര്‍ട്ടിന്റെ ജ്യേഷ്ഠന്‍) മോഷണം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ പ്രതികാരമായാണ് അവര്‍ ജോര്‍ജ് മൂക്കനെ കൊലപ്പെടുത്തിയത്.




വാര്‍ത്ത തുടരുന്നു...



അക്രമത്തിന് നേതൃത്വം നല്‍കിയ കീത്ത് ഹോളറും, പരേതന്റെ സഹപ്രവര്‍ത്തകയായ മക്വിഷയും അറസ്റ്റിലാണെന്നും വാര്‍ത്ത പറയുന്നു.

വെള്ളിയാഴ്‌ച, ഏപ്രിൽ 14, 2006

ഏതെന്നും എന്തെന്നും

“ഏത് ഈച്ചരവാര്യര്‍..? എന്ത് ഈച്ചരവാര്യറ്‍..?”

കരുണാകരന്‍ ചോദിച്ച ഈ ചോദ്യത്തെ പറ്റിയറിഞ്ഞത്, വക്കാരിയുടെ കമ്മന്റില്‍ നിന്നാണ്. തുടര്‍ന്ന് പത്രങ്ങള്‍ വായിച്ചപ്പോള്‍ കൂടുതല്‍ വ്രണിതനായി എന്ന് പറയാതെ വയ്യ.

ഒരല്പമെങ്കിലും വായനാശേഷിയും ചിന്താശേഷിയുമുള്ള മലയാളികളുടെ ഓര്‍മ്മയിലെ വിങ്ങുന്ന ഭീതിയാണ് രാ‍ജന്‍ വാര്യരും, അദ്ദേഹത്തിന്റെ കുടുംബവും. ഏതു രാഷ്ട്രീയപാര്‍ട്ടിക്കാരനുമായിക്കൊള്ളട്ടെ, പുത്രവാത്സല്യമുള്ള ഏതൊരു പിതാവും ഭയക്കുന്ന ദുര്‍‌വിധിയാണ് ആ സംഭവം.

മുരളിയെ സ്ഥാപിക്കാന്‍ തുണിയഴിച്ചിറങ്ങിയിരിക്കുന്ന കരുണാകരനുള്ള പുത്രവാത്‌സല്യം, ആരെ കൊന്നാലും തന്‍‌കാര്യം നേടണമെന്ന രാഷ്ട്രീയമോഹങ്ങള്‍ -- അതിന്റെ പൊങ്ങച്ചങ്ങള്‍ക്കിടെ ഈയോരു “ചെറിയ” കാര്യം ഇവിടെ എഴുതിയിട്ടേ പറ്റൂ.

പത്രങ്ങളില്‍ വന്ന് മാഞ്ഞൊരു വാര്‍ത്താ ശകലമായി അങ്ങേരുടെ ആ പ്രസ്താവന എന്റെയും നിങ്ങളുടെയും ബോധമണ്ഡലങ്ങളില്‍ നിന്ന്‌ മറയാതിരിക്കാനായി, ഇതാ.


ദീപിക വാര്‍ത്ത:




ദേശാഭിമാനി:


മലയാള മനോരമ:



രാഷ്ട്രീയപ്പിശാചുകള്‍ക്ക് പതം പറഞ്ഞു കരയാനും നിഷേധിച്ച് രസിക്കാനും “ഞെട്ടി”ക്കളിക്കാനും പുതിയ രാജന്മാര്‍, നമ്മുടെ സഹോദരങ്ങള്‍ക്കിടയില്‍ നിന്നും, പുത്രന്മാര്‍ക്കിടയില്‍ നിന്നും ഇനിയൊരിക്കലും ഉണ്ടാവാതിരിക്കട്ടെ.

വ്യാഴാഴ്‌ച, ഏപ്രിൽ 13, 2006

പ്രൊഫ. ഈച്ചര വാര്യര്‍


ഏതൊരു അച്ഛനും ഭയക്കുന്ന നഷ്ടവും പേറി ജീവിച്ച പ്രൊഫ. ഈച്ചര വാര്യര്‍ അന്തരിച്ചു.

86 വയസ്സായിരുന്നു.

കുപ്രസിദ്ധമായിരുന്ന അടിയന്തരാവസ്ഥക്കാലത്ത്, കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിലെ ഒരു ചടങ്ങിൽ സന്നിഹിതനായിരുന്ന മന്ത്രി കെ.കരുണാകരനെ അവഹേളിക്കുന്ന ഒരു ഗാനമവതരിപ്പിച്ച രാജന്‍ വാര്യര്‍ എന്ന വിദ്യാർത്ഥിയെ നക്സലൈറ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്തു.

തുടര്‍ന്ന് കക്കയം പോലീസ് ക്യാമ്പിലുണ്ടായ ലോക്കപ്പ് മർദ്ദനത്തിൽ രാജന്‍ വാര്യര്‍ മരണമടയുകയും, കൊലപാതകത്തിന്റെ തെളിവുകൾ ഇല്ലാതാക്കാനായി അദ്ദേഹത്തിന്റെ മൃതദേഹം നശിപ്പിക്കപ്പെടുകയും ചെയ്തു.

കേരള രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കമായിത്തീർന്ന ഈ ക്രൂരകൃത്യം, രാജന്‍ വാര്യര്‍ കൊലക്കേസ് എന്നറിയപ്പെടുന്നു.

കൊല്ലപ്പെട്ട രാജന്‍ വാര്യര്‍ പിതാവായ ഈച്ചരവാര്യർ സത്യം പുറത്ത് കൊണ്ടു വരാന്‍ ഏറെ ശ്രമിച്ചെങ്കിലും, രാജന്റെ മൃതദേഹത്തിന് എന്തു സംഭവിച്ചു എന്നതിനെ പറ്റി ഇന്നും അവ്യക്തത തുടരുകയാണെന്ന് പറയാം.

ശ്രീ ഈച്ചര വാര്യര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെത്തുടര്‍ന്ന്, അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന് സ്ഥാനമൊഴിയേണ്ട ദുരവസ്ഥ വന്നിരുന്നു.

അദ്ദേഹം, മകന്റെ വേര്‍പാടില്‍ മനം‌നൊന്തെഴുതിയ ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകൾ എന്ന പുസ്തകം, 2005-ലെ കേരള സാഹിത്യ അക്കാ‍ദമിയുടെ ജീവചരിത്ര - ആത്മകഥാവിഭാഗത്തിലെ കൃതികൾക്കുള്ള അവാര്‍ഡ് നേടി.

പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

(സ്ക്രീന്‍ ഷോട്ട്: കടപ്പാട്, ദീപിക ദിനപത്രം.)




ലിങ്കുകള്‍:
ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍
വിക്കി ലേഖനം

ചിത്രത്തിന് കടപ്പാട്: ദേശാഭിമാനി ദിനപത്രം

ബുധനാഴ്‌ച, ഏപ്രിൽ 12, 2006

ഞെക്ക് എവേ കാമ്പെയ്ന്‍

തനിമലയാളം പേജിലും (1), പിന്മൊഴികളുടെ സൂചികയിലും (2) ചിലയിടങ്ങളില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ചിലരെങ്കിലും കണ്ടിരിക്കുമെന്ന് കരുതുന്നു.

നോണ്-ഒബ്ട്രൂസീവായിട്ട് പരസ്യങ്ങള് ഇട്ടിട്ടുണ്ട് -- തനിമലയാളം പേജിലും, പിന്മൊഴി
സൂചികയിലും, പിന്നെ റീഡയറക്റ്റ് താളിലും.

തനിമലയാളം താളുകളെ കൂടുതല്‍ വിപുലീകരിച്ച്, യൂണീകോഡ് മലയാളത്തിനും, ബന്ധപ്പെട്ട മറ്റ് മലയാളം പ്രോജക്റ്റുകള്‍ക്കുമായി ഒരു സൈറ്റുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നു.

ഈ വക കാര്യങ്ങളിലേക്കായ്, സമയവും മനസ്സും മാത്രം കൈമുതലുള്ള ഞാന്‍, ഉള്ളടക്കം (content) സ്വന്തം നിലനില്പിനുള്ള വക തനിയെ കണ്ടെത്തണമെന്ന് കരുതുന്നു.

ഇപ്പോളോടുന്നത്, എന്റെ വീട്ടിലെ വീട്ടിലെ സെര്‍വറിലാണ്‌‍. കൊമേഴ്സ്യല്‍ സംരഭങ്ങള്‍ക്കില്ലാത്ത ചില പരിമിതികള്‍ ഇങ്ങനത്തെ സംവിധാനത്തിനുണ്ട് എന്ന് പറയാതെ വയ്യ.

മേല്പറഞ്ഞവയെ കൊമേഴ്സ്യല്‍ ഹോസ്റ്റിംഗിലേക്ക് മാറ്റണമെന്ന് കരുതുന്നു. ഒരു ഡൊമെയ്ന്‍ വേണം, ഹോസ്റ്റിംഗ് വേണം -- അങ്ങിനെ പലതും വേണ്ടതായിട്ടുണ്ട്.

മലയാളം ഓപ്പണ്സോഴ്സ് സംരഭങ്ങള്ക്കുപയോഗിക്കത്തക്ക ഒരു സൈറ്റ്, പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം കൊണ്ട് തല്ലിക്കൂട്ടണമെന്ന് കരുതുന്നു.

ആയതിനാല്‍, വായനക്കാര്‍ക്ക് അരോചകമല്ലാത്ത രീതിയില്‍ പരസ്യങ്ങള്‍ നിരത്തുക തന്നെ ചെയ്തിരിക്കുന്നു.

കൂടുതല് വരുമാനമുണ്ടാകുന്ന നാളുകളില്, ശിഷ്ടം, മലയാളം വിക്കിപീടിയ (3) പോലത്തെ സൈറ്റുകള്ക്ക് സഹായകരമായും ഉപയോഗിക്കാം.

ചൊവ്വാഴ്ച, ഏപ്രിൽ 11, 2006

മൂച്ച് പറയുമ്പോള്‍

വായിച്ചറിഞ്ഞ വാര്‍ത്തകളില്‍ നിന്ന്‌:

കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് തടവു വിധിക്കപ്പെടുകയും, കോടതി വിധിയുടെ കുടുക്ക് വക്കീലന്മാര്‍ ഉരിച്ചുമാറ്റുന്നതു വരെ സല്‍മാന്‍ തടവിലാണെന്നും വാര്‍ത്ത.

ജയിലിലേക്ക് അയയ്ക്കപ്പെട്ട ശേഷം, ഒരനുതാപ തരംഗം പത്രങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് തോന്നുന്നു.

കൃഷ്ണമൃഗങ്ങള്‍ സംരക്ഷിതജീവികളായിരിക്കാം, അവയെ കൊല്ലുന്നതിന് ശിക്ഷയും വേണം.

മനുഷ്യരെ കൊല്ലുന്നതിനോ?

സല്‍മാന്‍, സെക്കോയ എന്ന പടുകൂറ്റന്‍ എസ്.യു.വി. മദ്യപിച്ച് ഓടിച്ചതിനിടയില്‍ ആറേഴു പേര്‍ മുംബൈയില്‍ കൊല്ലപ്പെട്ട കേസ് എങ്ങുമെത്താതെ എവിടെയോ തങ്ങി നില്‍ക്കുകയാണിപ്പോഴും. ഫുട്‌പാത്തില്‍ രാത്രിയുറങ്ങിയവരുടെ മേലെക്കൂടെയായിരുന്നു ഇഷ്ടന്റെ വാഹനസാഹസികത.

അവസാനം കേട്ടത്, സാക്ഷികള്‍ മൊഴിമാറ്റിയതിന്റെ വിവരണമാണ് -- ഓടിച്ചത് സല്‍മാനല്ല, സല്‍മാന്റെ ഡ്രൈവറാണെന്നും മൊഴിയുണ്ടായി.

മനുഷ്യരെക്കാളും പ്രാധാന്യം ഭാരതീയര്‍ നല്‍കുന്നത് മൃഗങ്ങള്‍ക്കാണോ എന്ന എന്റെ സംശയം ഇതോടെ ബലപ്പെടുകയാണ്.

അടുത്തിടെ അരുന്ധതീ റോയി നടത്തിയ ഒരു പത്രപ്രസ്താവന ഓര്‍മ്മ വരുന്നു , അമേരിക്കന്‍ പ്രസിഡണ്ട് ഭാരതം സന്ദര്‍ശിച്ചപ്പോള്‍, ഓഫീസര്‍ ഗ്രേഡിലുള്ള നായകള്‍ക്ക് നക്ഷത്രഹോട്ടലുകളിലൊന്നില്‍ പ്രത്യേകം മുറികളൊരുങ്ങിയത് അവര്‍ പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി.

എലികളെ ആരാധിക്കുകയും, അവര്‍ക്ക് ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്യുന്ന നാട്ടുകാര്‍ നമ്മള്‍, പശുവിനെ ആരാധിക്കുന്ന നമ്മള്‍, കറിവെയ്ച് പശുവിനെത്തിന്നാല്‍ തടവു‌ശിക്ഷ കൊടുക്കണമെന്ന് മുറവിളി കൂട്ടുന്ന നമ്മള്‍ -- അരുന്ധതിയുടെ മാതിരി ചിന്തിക്കാന്‍ യോഗ്യരാണോ?

ഓഹ്, അതൊക്കെ നമ്മളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നോ?

അതെ, നമുക്ക് മാത്രമെയുള്ളല്ലോ സംസ്കാരം.

ലോകത്തിലെ വലിയ രണ്ടാമത്തെ ജനസംഖ്യയുള്ള രാഷ്ട്രം -- അതിലെ അഗതികളുടെയും ആലംബഹീനരുടെയും ദരിദ്രരുടെയും നിരക്ഷരരുടെയും പ്രശ്നങ്ങള്‍ എല്ലാം നമ്മള്‍ പരിഹരിച്ച്‌ കഴിഞ്ഞ സ്ഥിതിയ്ക്ക്, ഇനി കീടങ്ങളെയോര്‍ത്ത് വ്യാകുലരാകാം, മൃഗങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കാം.

അല്ലേ?

വ്യാഴാഴ്‌ച, ഏപ്രിൽ 06, 2006

ഗോലിയാത്ത് ചുവടു മാറ്റുമ്പോള്‍

ലിനക്സ് ലോകത്തിലെ പുതിയ വിശേഷമാണ്, മൈക്രോസോഫ്റ്റിന്റെ പുതിയ വെ‌ബ്‌സൈറ്റ്, പോര്‍ട്ട് 25.

ആകുന്നത്ര നോക്കിയിട്ടും ഓപ്പണ്‍‌സോഴ്സ് വക്താക്കളുടെ പത്തിമടങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍, ഇതാ അവരുടെ പുതിയ അടവ്‌. മൈക്രോസോഫ്റ്റുല്പന്നങ്ങള്‍ ഓപ്പണ്‍‌സോഴ്സ് പ്രോഗ്രാമുകളുമായ് നന്നായി “ഇഴചേര്‍ന്ന്” ഇടപഴകുന്നുവെന്ന് ഉറപ്പു വരുത്താനും, തങ്ങളുടെ ലിനക്സ് ലാബിലെ വിശേഷങ്ങള്‍ പങ്കു വെയ്ക്കാനുമായിട്ടാണത്രേ അവരുടെ ഈ പുറപ്പാട്.

സുഹൃത്തുക്കളെയടുത്തും, ശത്രുക്കളെ അതിലുമടുത്തും (Keep your friends close, and your foes closer) നിര്‍ത്തണമെന്ന നയതന്ത്രം പാഠം മുതലാളി മനസ്സിലാക്കിയിരിക്കുന്നു എന്നു വേണം കരുതാന്‍.

പോര്‍ട്ട് 25, ബോസ്റ്റണില്‍ നടക്കുന്ന ലിനക്സ് എക്സ്പോ-യിലാണ് ആദ്യമായി പുറം‌ലോകം അറിയുന്നത്.
ഈ വര്‍ഷത്തെ ലിനക്സ് എക്സ്പോ -- അതിനുമുണ്ടൊരു രസകരമായ് ട്വിസ്റ്റ്.

വീഹാവ്‌ ഏ വേയ്‌ ഔട്ട്

വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2003-ല്‍ യൂണിസിസ്സെന്നൊരു കമ്പനിയും, മൈക്രോസോഫ്റ്റും ചേര്‍ന്ന് ഒരു ആന്റി ലിനക്സ്/യൂണിക്സ് കാമ്പെയ്ന്‍ നടത്തിയിരുന്നു. വീഹാവ്‌ ഏ വേയ്‌ ഔട്ട് എന്ന പേരിലൊരു വെബ്‌സൈറ്റ് രണ്ടതികായരും കൂടിചേര്‍ന്നങ്ങ് തുടങ്ങി. യൂണിസിസ്സിന്റെ 32 പ്രോസസ്സറുള്ള ഭയങ്കരന്‍ സെര്‍‌വറും, വിന്‍ഡോസ് 2003-ഉം ചേര്‍ന്നാല്‍, ലിനക്സ് - യൂണിക്സ് തുടങ്ങിയവയ്ക്കൊരു പകരം സംവിധാനമാകുമത്രെ.

വെബ്‌സൈറ്റൊക്കെയിട്ട് രണ്ട് ദിവസത്തിനുള്ളില്‍, പുറം ലോകത്തിന് മനസ്സിലായതോ? ടി സൈറ്റ്, വിന്‌ഡോസിലൊന്നുമല്ല ഹോസ്റ്റ് ചെയ്തിരിക്കുന്നത്, മറിച്ച് ഫ്രീ‌-ബീ.എസ്.ഡി എന്ന ലിനക്സ്/യൂണിക്സ് ഫ്ലേവറിലാണെന്ന്‌.

ലിനിക്സിനെതിരെ പ്രചാരണത്തിനായിട്ടുള്ള സൈറ്റ് പോലും മൈക്രോ‌സോഫ്റ്റ് ഓപ്പണ്‍‌സോഴ്സ് കൊണ്ട് ഹോസ്റ്റു ചെയ്തതിലെ വിരോധാ‍ഭാസം പുറത്തറിഞ്ഞപ്പോള്‍, അവരു ചുവടു മാറ്റി. ഹോസ്റ്റിംഗ്‌ മൈക്രോ‌സോഫ്റ്റിന്റെ ഐ.ഐ.എസ്. സെര്‍‌വറിലാക്കി. ഇതോടെ, ഓപ്പണ്‍‌സോഴ്സ് വക്താക്കളും അടവു മാറ്റി. ഐ.ഐ.എസ്സിന്റെ കുപ്രസിദ്ധമായ പാകപ്പിഴകള്‍ (Vulnerabilities) ഉപയോഗിച്ച് ടി. സൈറ്റിനെ ഹാക്ക് ചെയ്ത് തുടരെത്തുടരെ ഓഫ്‌ലൈനാക്കി. ബോട്‌നെറ്റിലെ DDOS-ന്റെ ശക്തി തെളിയിച്ച പ്രകടനമായിരുന്നു അത്.

പറഞ്ഞു വരുന്നത്, ഈ വര്‍ഷത്തെ ലിനക്സ് എക്സ്പോ-യുടെ കാര്യം. (ലിനക്സ് എക്സ്പോ വലിയ സംഭവമൊന്നുമല്ല, കേട്ടോ. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം എന്ന് പറഞ്ഞ് കുത്തകകള്‍ മാത്രം പങ്കെടുക്കുന്ന കൊമേഴ്സ്യല്‍ ചടങ്ങായി അധഃപതിച്ചു എന്നു തന്നെ പറയാം.)

തുടങ്ങിയ ദിവസം രാവിലെ തന്നെ, യൂണിസിസ്സിന്റെ സ്റ്റാളിലെ, അതിഭീകരന്‍ സെര്‍‌വറിനു തീപിടിച്ചു.(മേലെ പറഞ്ഞ ആന്റി -ലിനക്സ്/യൂണിക്സ് പ്രൊപ്പഗന്‍‌ഡായില്‍ അവരു പരസ്യം ചെയ്ത സെര്‍വറിന്റെ പിന്‍‌തലമുറക്കാരനാണ് തീ‌പിടിച്ചത്. ഇത്തവണ, അത് ലിനക്സ് ഉപയോഗിക്കുവാ‍ന്‍ അത്യുത്തമം എന്ന പരസ്യത്തിനാണ് അവരവിടെ എത്തിയത് എന്ന വ്യത്യാസം മാത്രം.

തീ‌യണച്ച് വീണ്ടും എക്സ്‌പോ തുടങ്ങിയതിന്റെ ശേഷമൊരു ദിവസമാണ്, മൈക്രോ‌സോഫ്റ്റിന്റെ പോര്‍ട്ട് 25 എന്ന സൈറ്റിന്റെ അനാച്ഛാദനം എക്സ്‌പോ-വില്‍ നടന്നത്.

ആട്ടിന്‍തോലണിഞ്ഞ് ചെന്നായകള്‍ ഇറങ്ങുകയാണ്.

പക്ഷെ, മൈക്രോസോഫ്റ്റെന്ന വമ്പനും ക്രൂരനുമായ ചെന്നായ വേഷം മാറിയിറങ്ങിയിരിക്കുന്നത് Embrace, Extend, Extinguish എന്ന ഗൂഢമന്ത്രവുമായിട്ടാണെന്ന് പരസ്യമായ രഹസ്യം.

എവിടെയോ ഒരു കവണയില്‍ ഒരു കല്ല് ആ ഗോലിയാത്തിന് ഓങ്ങിയിരുപ്പുണ്ട്.


അനുബന്ധം:

  1. പോര്‍ട്ട് 25 സൈറ്റ്
  2. വീ‌ ഹാവ്‌ ഏ വേ ഔട്ട് കാമ്പെയ്ന്‍ സ്ക്രീന്‍ ‌ഷോട്ട്
  3. സ്ലാഷ്‌ഡോട്ട് ലേഖനം
  4. യൂണിസിസ്സ് സൈറ്റ്
  5. പുകയുന്ന സെര്‍വര്‍

ചൊവ്വാഴ്ച, ഏപ്രിൽ 04, 2006

പത്രം പതം പറയുമ്പോള്‍

ഇലക്ഷന്‍ 2006 എന്ന പേരില്‍, ദേശാഭിമാനി പത്രമൊരു ലേഖന പരമ്പര തുടങ്ങിയിട്ടുണ്ട്.

പാര്‍ട്ടി പത്രമാണെങ്കിലും, ഇലക്ഷന്‍ കാമ്പെയ്ന്‍ പതം പറഞ്ഞുള്ളതാകുന്നതെന്നാണ് രസകരം.

എല്ലാവര്‍ക്കും ജീവിക്കണ്ടേ, അല്ലേ?

അടി കൊണ്ട് കരയുന്നവരുടെയും, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെയും ചിത്രം കാട്ടി വോട്ട് മേടിക്കുവാനൊരുമ്പെടുന്നു ദേശാഭിമാനി പത്രം.

ഈ പതം പറഞ്ഞുള്ള കരച്ചില്‍ അവര്‍ക്ക് വോട്ടും കാശുമൊക്കെയാകുമായിരിക്കാം, നല്ല കാര്യം.

പക്ഷെ, പതം പറച്ചില്‍ കൊണ്ട് ചില കുഴപ്പങ്ങളുണ്ട്. അടുത്ത ഇലക്ഷനിലും പ്രതിപക്ഷം (ആരായിരുന്നാലും) പതിവു പോലെ പതം പറയാന്‍ തുടങ്ങും, അവശന്മാരെയും ആര്‍ത്തന്മാരുടെയും ചിത്രം കാട്ടിക്കൊടുത്ത് ലേഖനങ്ങളെഴുതും. അവ വായിച്ചും കണ്ടും ചോരയും മറ്റും തിളയ്ക്കുമ്പോള്‍ ജനാധിപത്യത്തിലെ കാണിക്ക വഞ്ചിയിലേക്ക് തുട്ടുകള്‍ വീണ് തുടങ്ങും.


ഒരു ബീഡിയും തീയും കിട്ടിയിരുന്നെങ്കില്‍ വലിക്കാമായിരുന്നു എന്ന പോലെ, അഞ്ചാറു രക്തസാക്ഷികളുണ്ടായിരുന്നെങ്കില്‍ ഒന്ന് ഭരിക്കാമായിരുന്നു എന്നത് എത്ര നല്ല ചിന്തയാണ്.

രക്തസാക്ഷികളെ അവരുണ്ടാക്കുകയും ചെയ്യും. ചോരയൊലിപ്പിച്ച് കിടക്കുന്നവര്‍ക്കുള്ള ചികിത്സ വൈകിച്ചോ, ആത്മഹത്യ ചെയ്യിപ്പിച്ചോ, പിന്നില്‍ നിന്ന് വെട്ടിയോ -- എങ്ങിനെയായാലും രക്തസാക്ഷികള്‍ വേണം.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബാറ്റണ്‍ പ്രയോഗിക്കുന്ന പോലീസ് എന്ന അടിക്കുറുപ്പോടെ അവരൊരു ചിത്രവും കൊടുത്തിട്ടുണ്ട്. കാഴ്ചക്കുറവാണോ എന്നറിയില്ല, ആ ചിത്രത്തില്‍ ഞാന്‍ കാണുന്നത്, ഫ്രെഞ്ചിയുമിട്ട് നിരത്തില്‍ കിടക്കുന്ന മുപ്പത്തഞ്ച് വയസ്സോളം പ്രായമുള്ള രണ്ടാള്‍ക്കാരെയും സാദാ ലാത്തിയും പിടിച്ച് കുറെ പോലീസുകാരെയുമാണ്.


എന്തുമെഴുതാമെന്നിരിക്കെ, പോലീസ് വിദ്യാര്‍ത്ഥികളെ തല്ലിക്കൊന്ന്‌ അവരുടെ ശവശരീരങ്ങള്‍ നീക്കം ചെയ്യുന്നു എന്ന് അവരെഴുതിയില്ലല്ലോ എന്നാശ്വസിക്കാം.

അനുയായികള്‍

Index