കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഫെബ്രുവരി 26, 2006

മലയാളം ബ്ലോഗുകള്‍: സ്ഥിതിവിവരക്കണക്കുകള്‍

ജനകീയ പ്രസ്ഥാനമായി മലയാളം ബൂലോകങ്ങള്‍. ലോകമെമ്പാടു നിന്നുമുള്ള എഴുത്തുകാരും വായനക്കാരും -- നമ്മള്‍ വളരുകയാണ്.

2005-ലെ ദിവസങ്ങളില്‍,‍ എത്ര മാത്രം മലയാളം ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ചുവെന്നറിയാന്‍ ഈ ഗ്രാഫ് നോക്കുക. (ഗ്രാഫിനെന്താണോ മലയാളം വാക്ക്, ആവോ?)


2005-ലെ മലയാളം ബ്ലോഗുകള്‍

2006-ല്‍ ഇതു വരെയെത്ര ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നു നോക്കാം:

2006 ഫെബ്രുവരി വരെയുള്ള ബ്ലോഗുകള്‍


ദിനം‌പ്രതി കുറഞ്ഞത് പുതിയ എട്ടെണ്ണമെങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്ന നിലയിലാണ്, 2006-ല്‍ നമ്മളിപ്പോള്‍.

ഫൈന്‍‌പ്രിന്റ്:

സംഖ്യകള്‍ കിറുകൃത്യമെന്നൊരു വാദഗതിയില്ല. കണക്കുകള്‍ക്ക് അവലംബം ഗൂഗിള്‍ ബ്ലോഗ്‌സെര്‍ച്ചാണ്. 2005 ജൂണിന് ശേഷമുള്ള ബ്ലോഗുകള്‍ മാത്രമെ ഗൂഗിളിനും പിടിയുള്ളൂ. എന്നിരുന്നാലും, ഒരു ഏകദേശ രൂപം ഇവ നല്‍കുമെന്ന് കരുതുന്നു.

വെള്ളിയാഴ്‌ച, ഫെബ്രുവരി 03, 2006

അതിഥികളുടെ കോപ്രായങ്ങള്‍

കറന്‍സി വിനിമയ നിരക്കുകളുടെ ഇങ്ങേയറ്റത്തെത്തുമ്പോള്‍ സാധാരണക്കാരനായ വിദേശികള്‍ക്ക് പോലും മൂന്നാം ലോകരാഷ്ട്രങ്ങള്‍ വിലയ്‌ക്കെടുക്കാം എന്ന സ്ഥിതി നിലവിലിരിക്കെ, ദൈവത്തിന്റെ സ്വന്തം നാട്ടിലും വന്ന് എന്ത് കോപ്രായങ്ങളും കൈയ്യില്‍ തുട്ടുള്ളവര്‍ക്ക് കാണിച്ചു കൂട്ടാം.

ദീപികയില്‍ വന്ന ഒരു പത്ര വാര്‍ത്തയാണിതിന് അടിസ്ഥാനം.

56 -ഉം 48-ഉം വയസ്സുള്ള ഇറ്റാലിയന്‍ ദമ്പതിമാര്‍ കേരളത്തിലെത്തി ഹൈന്ദവാചാര പ്രകാരം പുനര്‍‌വിവാഹം കഴിച്ച കഥ.

ഒന്നൂടെ തമ്മില്‍ തമ്മില്‍ കല്ല്യാണം കഴിച്ചുകളയാം എന്ന രീതിയിലെ പുനര്‍വിവാഹം എന്ന നിലയിലെ ഈ വാര്‍ത്ത വായിച്ചിട്ടുണ്ടായ അസ്കിതം, ആദ്യ വിവാഹമായിരുന്നുവെങ്കില്‍ തോന്നുകയില്ലായിരുന്നു.

സ്വദേശത്ത് തിരികെ ചെന്ന് തങ്ങളുടെ സുഹൃത്തുക്കളെ പറഞ്ഞു കേള്‍പ്പിക്കാന്‍ ഒരു കഥ, പ്രമുഖ മലയാളം ദിനപത്രത്തിലെ വാര്‍ത്തകളിലെ സ്ഥാനവും, പിന്നെ നേരമ്പോക്ക് -- ഒരു പക്ഷെ, ഇത്രയുമാവും അവരീ ചടങ്ങു കൊണ്ടുദ്ദേശ്ശിച്ചത്.



അതിനും കുരവയിടാനും, മന്ത്രവിധികളോതാനും, അതെടുത്തൊരു വലിയ കാര്യമെന്ന മട്ടില്‍ പത്രത്തിലിടാനും, നമ്മുടെ നാട്ടില്‍ ആളുകളുണ്ടായല്ലോ എന്ന് ചിന്തിച്ചു പോകുന്നു..

റോമാ രാജ്യത്ത് ചെല്ലുമ്പോള്‍ റോമാക്കാരനായും, ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുത്തുണ്ടം തിന്നുകയും ചെയ്യേണ്ടിടത്ത് ഇതൊരു മാതിരി അവഹേളനമല്ലേ എന്നൊരു സംശയം മാത്രം ബാക്കി..

അനുയായികള്‍

Index