കാകഃ കാകഃ, പികഃ പികഃ

Friday, May 19, 2006

അടയാള വസ്ത്രങ്ങള്‍

മാന്യമായി വസ്ത്രം ധരിക്കണമെന്ന സാമൂഹിക നിഷ്ഠ പുലര്‍ത്തുകയല്ലാതെ, ന്യൂനപക്ഷ വിഭാഗങ്ങളെ തിരിച്ചറിയാന്‍ വേണ്ടി, ഭരണകൂടം, അവരെക്കൊണ്ട് അടയാള വസ്ത്രം ധരിപ്പിക്കുകയെന്നത്, അപഹാസ്യമാണ്, നിഷ്ഠുരമാണ്.

ഹിറ്റ്‌ലറിന്റെ നാസി ജര്‍മ്മനിയില്‍, ജൂതന്മാര്‍ക്കായി പ്രത്യേക അടയാള വസ്ത്രം നിര്‍ബന്ധമായിരുന്നു. പൊതുസ്ഥലത്തോ, നിരത്തിലോ എവിടെയായാലും അവരെ തിരിച്ചറിയണമെന്ന് നിര്‍ബന്ധമുള്ളവരായിരുന്നല്ലോ നാസികള്‍. ജൂതരുടെ വസ്ത്രത്തില്‍, അടയാളമായ് നക്ഷത്ര ചിഹ്നങ്ങള്‍ തുന്നിപിടിപ്പിച്ചിരിക്കണം എന്നതായിരുന്നു നാസികളുടെ ചട്ടം.

ഇത്തരം അടയാള വസ്ത്രങ്ങള്‍ നിഷ്കര്‍ഷിക്കുന്നത് ന്യൂനപക്ഷങ്ങളുടെ “സുരക്ഷ”യ്ക്ക് വേണ്ടിയാണെന്ന് വാദം തീര്‍ത്തും പൊള്ളയാണെന്ന് ചരിത്രം കാണിക്കുന്നു.

അടയാള വസ്ത്രം ധരിച്ചവരുടെ മേല്‍ കുതിര കയറാനും, അവരെ ഉപദ്രവിക്കാനും അനുവദിച്ചു കൊണ്ട് ആ പാവങ്ങളുടെ നെറ്റിയില്‍ തന്നെ എഴുതിവെയ്ക്കുകയാണ് ഇത്തരം നിഷ്‌കര്‍ഷകള്‍ ചെയ്യുന്നത്.

ചരിത്രം ആവര്‍ത്തിക്കും എന്നത് ശരി തന്നെ. അതിന്റെ ഭാഗമായി, കഴിഞ്ഞ കാലത്തെ കൊടും‌പാതകങ്ങളും ആവര്‍ത്തിക്കുക എന്നത് ഭീതിജനകമാണ്.

അഹമ്മദ് നെജാദിന്റെ ഇറാനില്‍, ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും സൊരാഷ്ട്രന്മാ‍ര്‍ക്കും പ്രത്യേക ഡ്രസ്സ് കോഡ് വരുന്നു -- കുപ്പാ‍യങ്ങളുടെ മുന്‍‌വശത്ത് ജൂതന്മാര്‍ മഞ്ഞപ്പട്ടയും, ക്രിസ്ത്യാനികള്‍ക്ക് ചുവന്ന ബാഡ്‌ജുകളും, സൊരാഷ്ട്രന്മാരുടെ കുപ്പായങ്ങളാകട്ടെ നീലനിറത്തിലുള്ളവയും ആവണമെന്ന നിയമം വരാന്‍ പോകുന്നു.

വിവേചനത്തിന്റെ വേറൊരു രൂപമാണിത്.

വര്‍ണ്ണ വിവേചനത്തിന് അതിന്റേതായ നിയമങ്ങളുണ്ടായിരുന്നല്ലോ - വെളുത്തവര്‍ക്കുള്ള അവകാശങ്ങളെല്ലാം മറ്റുള്ളവര്‍ക്കില്ലായിരുന്ന അമേരിക്കന്‍ അടിമത്ത സമ്പ്രദായം, സൌത്ത് ആഫ്രിക്കന്‍ അപ്പാര്‍ത്തീഡ്, നമ്മുടെ സ്വന്തം ചാതുര്‍വര്‍ണ്ണ്യം, ക്ഷേത്രപ്രവേശനം തുടങ്ങിയവ.

ഇത്തരം അടയാള വസ്ത്രത്തിനുള്ള നിഷ്കര്‍ഷകള്‍, വര്‍ഗ്ഗ‌വിവേചനത്തിനുള്ള നിയമോപാധികളാവുന്നു.

എന്തുടുക്കണം, അരുത് എന്ന നിയമങ്ങള്‍ ആദിമകാലം മുതല്‍ക്കേ നിലവിലുണ്ടായിരുന്നു. ജനാധിപത്യവും വിദ്യാഭാസവും അവയെ അപ്രസക്തമാക്കിയെന്ന് ചരിത്രം.

എങ്കിലും, ചരിത്രം ആവര്‍ത്തിക്കുന്നതിനൊപ്പം, അടയാളങ്ങളുടെ നിര്‍വചനവും ഉദ്ദേശ്യവും മാറി. ഖലീഫ ഒമര്‍ രണ്ടാമനാണ്, ഒരു പക്ഷെ ആള്‍ക്കാരുടെ മതം തിരിച്ച് അവരെ തുണിയുടുപ്പിച്ച് (ക്രിസ്തു വര്‍ഷം 717-ല്‍ ) തുടങ്ങിയത്. 1930-1945 കാലഘട്ടങ്ങളിലെ നാസികള്‍ക്ക് ശേഷം, 2006-ല്‍ ഇതാ അഹമ്മദ് നെജാദും നില്‍ക്കുന്നു, കൈയ്യില്‍ നിറക്കൂട്ടുകളുമായി.

ചരിത്രത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മനുഷ്യരാശിയ്ക്ക് കഴിയുകയില്ലേ? അതിനല്ലേ സ്രഷ്ടാവ്‌ നമുക്ക് വിവേകം കല്പിച്ച് തന്നിരിക്കുന്നത്?

(നമുടെയിടയിലെ സവര്‍ണ്ണന്മാര്‍ക്ക് വര്‍ണ്ണ വിവേചനം കയ്ച് തുടങ്ങിയത്, അതിലും തൊലി വെളുത്തവന്‍ അവരെ മാറ്റിനിര്‍ത്തിയപ്പോളല്ലേ? സവര്‍ണ്ണനായ ഗാന്ധിജിയെ ദക്ഷിണാഫ്രിക്കന്‍ തീവണ്ടിയില്‍ നിന്നും സായിപ്പെടുത്ത് പുറത്തെറിഞ്ഞ കഥ നമുടെ കണ്ണ്‌ തുറപ്പിച്ചു...! കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍, അല്ലേ?)

9 comments:

Inji Pennu said...

ദിസ് ഈസ് റ്റൂ മച്ച് !
പക്ഷെ,ഇതൊരു കള്ളകഥ ഈ അമേരിക്കക്കാരും കാനഡക്കാരും കൂടി കെട്ടി ചമച്ചതാണോ എന്നു ആദ്യം അറിയണം. കാരെണം, ബോംബിടാന്‍ ഒരു കാര‍ണം നോക്കി ഇരിക്കുവാണല്ലോ? എനിക്കയാളെ ഇഷ്ട്പെട്ടിരുന്നു -- അമേരിക്കയെ പുച്ഛിച്ചു തള്ളിയതിനു. പക്ഷെ ഇതു പറ്റൂല്ലാ. ഡൊണ്ട് വാണ്ടു ഡോണ്ട് വാണ്ടു എന്നു വിചാരിക്കുംബൊ!!!

Inji Pennu said...

അതുപോലെ ചെട്ടന്റെ പോസ്റ്റു എങ്ങിനെ കമന്റില്‍ വന്നു? മണ്ടന്‍ ചോദ്യം ആണെങ്കില്‍ ചിരിക്കരുതേ!

ഉമേഷ്::Umesh said...

ഇതറിഞ്ഞിരുന്നില്ല. നല്ല ലേഖനം, ഏവൂരാനേ!

“അടിമത്തം” മതി. “അടിമത്വം” വേണ്ട. “അടിമ” ഒരു പാവം മലയാളം വാക്കല്ലേ!

Anonymous said...

ണ്ഗാന്ധി ബ്രാഹ്മണന്‍ അല്ല, ബനിയ (വൈശ്യന്‍) ആണ്‌.

മന്‍ജിത്‌ | Manjith said...

അമേരിക്കയെ വിമര്‍ശിക്കുന്നവരെല്ലാം വിശുദ്ധന്മാരാണെന്ന ചിന്ത അപകടമാണെന്നു നെജാദ് പഠിപ്പിക്കുന്നു. ഇമ്രേ കെര്‍ത്തിസിന്റെ ഫേയ്റ്റ് ലെസ് വായിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ വാര്‍ത്ത കണ്ടത്. ലോകം ഉടനെയെങ്ങും നന്നാകില്ല എന്നു തോന്നി.

ഓഫ് ടോപ്പിക്:

യെല്‍ജിയേ. ബ്ലോഗ് സെറ്റിങ്സില്‍ പോയി ബ്ലോഗ് സെന്റ് അഡ്രസ് എന്നുള്ളിടത്ത് പിന്മൊഴി കള്‍ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്നു പതിപ്പിച്ചാല്‍ ഏതിലക്ട്രിക് പോസ്റ്റും കമന്റടിപ്പറമ്പിലെത്തും.

ഇത്ര നിഷ്കളങ്കമായി സംശയങ്ങള്‍ ചോദിക്കുന്ന ഒരാള്‍ ബ്ലോഗില്‍ വന്നപ്പോള്‍ പറഞ്ഞു കൊടുക്കാതിരിക്കുന്നതെങ്ങനെ :)

പാപ്പാന്‍‌/mahout said...

(അനോണീ, ബ്രാഹ്മണന്‍ മാത്രമല്ല, വൈശ്യനും സവര്‍ണ്ണനത്രെ)

Reshma said...

ഏവൂറ്‌ജി, (എല്ല്ജീ പറഞ്ഞ പോലെ എരുവാജിയാ നല്ലേ), National post തപ്പി പോയപ്പോ വായിക്കാനൊത്തില്ല, yahoo ഇപ്പോ ഇങനെ ഒരു വാറ്‌ത്തയും വിട്ടു, http://news.yahoo.com/s/afp/20060519/wl_mideast_afp/iranrightsreligion_060519200726 . linking നഹി മാലൂം, സോ...സത്യവും കള്ളവും അവിയലായി.

evuraan said...

രേഷ്മേ,

നാഷണല്‍ പോസ്റ്റ് ആ വാര്‍ത്ത പിന്‍‌വലിച്ചു എന്ന് തോന്നുന്നു.

(1) ലിങ്കിങ്ങ് പാഠങ്ങള്‍ ഇവിടെ നിന്നാവാം

(2) ഇതാണ് രേഷ്മ പറഞ്ഞ ലിങ്ക്

(3) ജെറുസലേം പോസ്റ്റ് ഇപ്പോഴും ഈ വാര്‍ത്ത തുടരുന്നുണ്ട്

(4)) ഗ്ലോബ് ആന്റ് മെയിലിലെ ന്യൂസ്

(5) കൂടുതല്‍ ഇവിടെ..


അതൊരു കള്ളവാര്‍ത്തയാകണേ എന്ന് ഞാനും ആശിക്കുന്നു..!!

nalan::നളന്‍ said...

ഈ വാര്‍ത്തകള്‍ തെറ്റാകട്ടെയെന്നു ഞാനും പ്രതീക്ഷിക്കുന്നു..
എങ്കിലും പുറം തിരിച്ചു നില്‍ക്കല്‍ പലയിടങ്ങളിലും കാണാനുണ്ട്.
എന്തേ ഈ തിരിച്ചുപോക്ക് ?
എന്തിനോടൊ ഉള്ള പ്രതിഷേധം പോലെ.

Followers

Index