കാകഃ കാകഃ, പികഃ പികഃ

Tuesday, April 04, 2006

പത്രം പതം പറയുമ്പോള്‍

ഇലക്ഷന്‍ 2006 എന്ന പേരില്‍, ദേശാഭിമാനി പത്രമൊരു ലേഖന പരമ്പര തുടങ്ങിയിട്ടുണ്ട്.

പാര്‍ട്ടി പത്രമാണെങ്കിലും, ഇലക്ഷന്‍ കാമ്പെയ്ന്‍ പതം പറഞ്ഞുള്ളതാകുന്നതെന്നാണ് രസകരം.

എല്ലാവര്‍ക്കും ജീവിക്കണ്ടേ, അല്ലേ?

അടി കൊണ്ട് കരയുന്നവരുടെയും, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെയും ചിത്രം കാട്ടി വോട്ട് മേടിക്കുവാനൊരുമ്പെടുന്നു ദേശാഭിമാനി പത്രം.

ഈ പതം പറഞ്ഞുള്ള കരച്ചില്‍ അവര്‍ക്ക് വോട്ടും കാശുമൊക്കെയാകുമായിരിക്കാം, നല്ല കാര്യം.

പക്ഷെ, പതം പറച്ചില്‍ കൊണ്ട് ചില കുഴപ്പങ്ങളുണ്ട്. അടുത്ത ഇലക്ഷനിലും പ്രതിപക്ഷം (ആരായിരുന്നാലും) പതിവു പോലെ പതം പറയാന്‍ തുടങ്ങും, അവശന്മാരെയും ആര്‍ത്തന്മാരുടെയും ചിത്രം കാട്ടിക്കൊടുത്ത് ലേഖനങ്ങളെഴുതും. അവ വായിച്ചും കണ്ടും ചോരയും മറ്റും തിളയ്ക്കുമ്പോള്‍ ജനാധിപത്യത്തിലെ കാണിക്ക വഞ്ചിയിലേക്ക് തുട്ടുകള്‍ വീണ് തുടങ്ങും.


ഒരു ബീഡിയും തീയും കിട്ടിയിരുന്നെങ്കില്‍ വലിക്കാമായിരുന്നു എന്ന പോലെ, അഞ്ചാറു രക്തസാക്ഷികളുണ്ടായിരുന്നെങ്കില്‍ ഒന്ന് ഭരിക്കാമായിരുന്നു എന്നത് എത്ര നല്ല ചിന്തയാണ്.

രക്തസാക്ഷികളെ അവരുണ്ടാക്കുകയും ചെയ്യും. ചോരയൊലിപ്പിച്ച് കിടക്കുന്നവര്‍ക്കുള്ള ചികിത്സ വൈകിച്ചോ, ആത്മഹത്യ ചെയ്യിപ്പിച്ചോ, പിന്നില്‍ നിന്ന് വെട്ടിയോ -- എങ്ങിനെയായാലും രക്തസാക്ഷികള്‍ വേണം.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബാറ്റണ്‍ പ്രയോഗിക്കുന്ന പോലീസ് എന്ന അടിക്കുറുപ്പോടെ അവരൊരു ചിത്രവും കൊടുത്തിട്ടുണ്ട്. കാഴ്ചക്കുറവാണോ എന്നറിയില്ല, ആ ചിത്രത്തില്‍ ഞാന്‍ കാണുന്നത്, ഫ്രെഞ്ചിയുമിട്ട് നിരത്തില്‍ കിടക്കുന്ന മുപ്പത്തഞ്ച് വയസ്സോളം പ്രായമുള്ള രണ്ടാള്‍ക്കാരെയും സാദാ ലാത്തിയും പിടിച്ച് കുറെ പോലീസുകാരെയുമാണ്.


എന്തുമെഴുതാമെന്നിരിക്കെ, പോലീസ് വിദ്യാര്‍ത്ഥികളെ തല്ലിക്കൊന്ന്‌ അവരുടെ ശവശരീരങ്ങള്‍ നീക്കം ചെയ്യുന്നു എന്ന് അവരെഴുതിയില്ലല്ലോ എന്നാശ്വസിക്കാം.

3 comments:

കലേഷ്‌ കുമാര്‍ said...

സത്യമായും ആകെ കണ്‍ഫ്യൂഷനാണ്. പത്രങ്ങളും ടി.വി ചാനലുകളുമൊക്കെ ഒരേ വാര്‍ത്ത തന്നെ പല രീതിയിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരേ മത്സരിക്കുന്ന സിന്ധു ജോയിയുടെ പത്രികാസമര്‍പ്പണം സംബന്ധിച്ച വാര്‍ത്ത ഏത് വിശ്വസിക്കും? മനോരമ പറയുന്നു പത്രിക നേരിട്ട് കൊടുത്തെന്ന്. കൈരളി പറയുന്നു കൊടുത്തില്ലെന്ന്. പീപ്പിള്‍ പറയുന്നു ആളുകളുടെ കൈവശം കൊടുത്തയച്ചെന്ന്. ആകെ കണ്‍ഫ്യൂഷന്‍!
രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ പെട്ടുപോകുന്നത് സാധാരണജനമാണ്.

വക്കാരിമഷ്‌ടാ said...

ഭാരതീയ മാധ്യമങ്ങളെപ്പറ്റിയോര്‍ത്ത് തലപുകയ്ക്കുന്ന പരിപാടി ഞാനേതാണ്ട് നിര്‍ത്തി. സാധാരണക്കാരുടെ ബുദ്ധിയേയും സാമാന്യബോധത്തേയും മാനിപ്പുലേറ്റ് ചെയ്യുക, കളിയാക്കുക തുടങ്ങിയവയൊക്കെയാണ് ഈ അണ്ണന്മാരുടെ പ്രധാന കലാപരിപാടി.

ഒരു പാര്‍ട്ടിയുടെ മുഖപത്രമാണ്, അതിന് അതിന്റേതായ വില കൊടുത്താല്‍ മതി എന്നൊക്കെയാണെങ്കിലും ഒരു വിദ്യാര്‍ത്ഥിനിയുടെ മരണക്കിടക്ക വരെ പ്രചരണായുധമാക്കുന്നു, ദേശാഭിമാനി. പക്ഷേ, ഇതേ പരിപാടി എതിര്‍‌പാര്‍ട്ടിക്കാരാരെങ്കിലും കാണിച്ചാല്‍ അവര്‍ വളരെ വികാരം കൊണ്ട് വായനക്കാരോട് ചോദിക്കും, കണ്ടില്ലേ, എത്ര നിഷ്ഠൂരന്മാരാണ് അവര്‍.. എന്ന്.

എം‌പീമാര്‍ ചോദ്യം ചോദിക്കാന്‍ കാശുവാങ്ങിയതിനെ (അത് ചെയ്യിച്ചത് അവരുടെ പുറകേ നടന്ന് വാങ്ങിപ്പിച്ചിട്ട് ക്യാമറയ്ക്കകത്താക്കി) സെന്‍‌സേഷനലൈസ് ചെയ്തൂ, നമ്മുടെ മാധ്യമങ്ങള്‍. ഞങ്ങളുടെ പാര്‍ട്ടിക്കാര്‍ ഇങ്ങിനെയൊന്നും ചെയ്യില്ല, കാരണം, ഞങ്ങളില്‍ കറ പുരണ്ടിട്ടില്ല എന്നൊക്കെ മാധ്യമങ്ങളില്‍ക്കൂടി ചിലരൊക്കെ വീമ്പിളക്കി- നമ്മളതൊക്കെ വായിച്ചു. പക്ഷേ, സ്പീക്കറുള്‍പ്പടെ അതേ പാര്‍ട്ടിയിലെ പലരും പച്ചയായി രണ്ടും മൂന്നും പദവികള്‍ വഹിച്ച് കാശുണ്ടാക്കുന്നുണ്ടായിരുന്നു എന്ന കാര്യം ഈ മാധ്യമങ്ങളൊന്നും നമുക്ക് കാണിച്ചുതന്നില്ല.(വന്ന് വന്ന് രണ്ടുപദവികള്‍ വഹിക്കുന്ന എം‌പീമാര്‍ ഏറ്റവും കൂടുതല്‍ അവിടെ). വളരെ തന്ത്രപൂര്‍വ്വം പല മാധ്യമങ്ങളും ആ വിവരം വായനക്കാരില്‍‌നിന്നും മറച്ചുവെച്ചു. ഒന്ന് ഒളിഞ്ഞുള്ള തെറ്റ്, മറ്റേത് വെളിച്ചത്തുള്ള തെറ്റ്. രാജിവെക്കുന്ന കാര്യം ചോദിച്ചപ്പോള്‍ “നിങ്ങള്‍ക്കൊന്നും വേണ്ടെങ്കില്‍ ഞാനിട്ടേച്ച് പോവുവാ” എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞ സ്പീക്കര്‍ ആര്‍ക്കും മനസ്സിലാകാത്ത കുറേ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു. അതേ സമയം വേറേ ചിലര്‍ അതേ കാര്യത്തിന് സ്ഥാനം രാജിവെച്ചു.

ബ്രിട്ടിഷുകാരോട് പോരാടി ജയിലില്‍ വരെ പോയതിന്റെയൊക്കെ വീമ്പുപറഞ്ഞ ഹിന്ദുപ്പത്രം ജയലളിത വാറന്റ് പുറപ്പെടുവിച്ചപ്പോള്‍ എഡിറ്ററ്റെ ബാം‌ഗ്ലൂര് കൊണ്ടുപോയി ഒളിപ്പിച്ചു. ചോദിച്ചപ്പോള്‍ പറഞ്ഞത്, ജയലളിതയുടെ പോലീസല്ലേ, അവരെന്തൊക്കെയാ ചെയ്യുകയെന്ന് പറയാന്‍ വയ്യല്ലോ എന്ന്.

ഭാരതത്തിലെ മാധ്യമങ്ങള്‍ മറ്റൊരു ബിസിനസ്സ് എസ്റ്റാബ്ലിഷ്‌മെന്റ് മാത്രം. അവര്‍ക്ക് അവരുടെ ബിസിനസ്സ്-മത താത്‌പര്യങ്ങള്‍ മാത്രം. അതിന് ഉതകുന്ന രീതിയില്‍ അവര്‍ വാര്‍ത്തകള്‍ പടച്ചുവിടും, സെന്‍സേഷനുണ്ടാക്കും.

എന്തായാലും ഇന്റര്‍‌നെറ്റൊക്കെ വന്ന് ഒന്നില്‍ക്കൂടുതല്‍ പത്രമാധ്യമങ്ങള്‍ ആള്‍ക്കാര്‍ വായിക്കാന്‍ തുടങ്ങിയതില്‍‌പിന്നെ ഇവരുടെ തനിനിറങ്ങള്‍ പതുക്കെ പതുക്കെ പുറത്തായിക്കൊണ്ടിരിക്കുന്നു.

സത്യമേവ ജയതേ.... എത്രനാള്‍ ഇവര്‍ക്കീ കളി തുടരാന്‍ പറ്റും.

ശനിയന്‍ \OvO/ Shaniyan said...

മാഷെ, അല്ലെങ്കിലും നമ്മുടെ വിദ്യാര്‍ത്ഥി നേതാവ് എത്ര കാലം ‘വിദ്യാര്‍ത്ഥി’ ആയിരുന്നിട്ടുണ്ടെന്നു ആരും അന്വേസിക്കാറില്ലല്ലോ.. ഇതൊക്കെ അപ്പച്ചന്റെ ഒരു തമാശ അല്യോടാ മോനേ? (പാപ്പി, അപ്പച്ചാ എന്ന പാട്ട് എഴുതിയ ആളിനു കടപ്പാട്)

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.