കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ജനുവരി 04, 2006

കൊന്നാലും തിന്നാലും നോ പ്രോബ്ലം

കുപ്രസിദ്ധിയാർജിച്ച പ്രവീൺ വധക്കേസിലെ വിധിയെക്കുറിച്ചുള്ള പത്രവാർത്ത എങ്ങിനെ സ്വീകരിക്കണമെന്ന് ഒരു സംശയം.

അതിക്രൂരമായ് കൊലചെയ്തിട്ട് മുറിച്ച് തുണ്ടം തുണ്ടമാക്കി മാറ്റിയ പ്രതികൾക്കുള്ള ശിക്ഷയാണ് ജീവപര്യന്തം തടവ് - ഇന്ത്യൻ നിയമമനുസരിച്ച് ജീവപര്യന്തമെന്ന് വെച്ചാൽ ഏഴ് വർഷങ്ങളാണെന്നാണ് എന്റെ അറിവ്‌. (ഇരുപതെന്ന്‌ ഒഫീഷ്യൽ - അത് ലോപിച്ച് ഏഴാവുമെന്ന്‌ എവിടെയോ വായിച്ചിരുന്നു...)

പിന്നെ ശിക്ഷാ കാലാവധിയിൽ പരോൾ, നല്ലനടപ്പ് എന്നിങ്ങനെ എന്തെല്ലാം?


നമ്മുടെ നിയമ സം‍വിധാനങ്ങളുടെ കുഴപ്പമാണോ ഈ വിധിയിൽ സ്ഫുരിക്കുന്നത്?

അത്യാവശ്യം ഒരുത്തനെ തട്ടിയാലും വലിയ കുഴപ്പമൊന്നും വരാതെ ആർക്കും ജീവിച്ച് പോകാൻ അനുവദിക്കുന്ന തരത്തിലല്ലേ നമ്മുടെ നിയമസം‍വിധാനങ്ങൾ ഇപ്പോൾ?

കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലേക്ക് നീങ്ങുമ്പോൾ, ഹിന്ദി സിനിമകളിലും മറ്റും കാണുന്ന പ്രതികാര ദാഹികളാവാൻ ആൾക്കാരുണ്ടായില്ലെങ്കിലെ അദ്ഭുതമുള്ളൂ.

അബദ്ധത്തിലെങ്കിലും, തന്റെ കണ്ണ് പൊട്ടിച്ചവന്റെ ഒരു കണ്ണ് വേണമെന്നും പറഞ്ഞൊരു അറബിക്കാട്ടുമാക്കന്റെ വാർത്തയൊരു വശത്ത് - അത്രയും കാട്ടാളത്തമില്ലെങ്കിലും, ഒരു കുറ്റത്തിന് യോജിച്ച ശിക്ഷ നല്കണ്ടേ?

ചെറുവണ്ണൂരെന്ന് സ്ഥലത്ത് കൃഷ്ണപ്രിയ എന്ന ഏഴാം ക്ലാസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന മുഹമ്മദ് കോയയെ, കൃഷ്ണപ്രിയയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. നിയമം കൈയ്യിലെടുക്കാൻ
അനുവദിക്കാതെ, ആ അച്ഛനെ കോടതി മൂന്ന് വർഷത്തോളം തടവിനു വിധിച്ചു. (വാർത്താ ശകലം കൂടെ കൊടുക്കുന്നു.)

ഇങ്ങിനെയൊക്കെയാണ് സാധാരണക്കാരന് നീതി കിട്ടുകയെങ്കിൽ, ആ അച്ഛൻ ചെയ്തതല്ലേ ശരി?






6 അഭിപ്രായങ്ങൾ:

വര്‍ണ്ണമേഘങ്ങള്‍ പറഞ്ഞു...

ആ അച്ഛൻ ചെയ്തത്‌ തന്നെ ശരി..
പക്ഷെ സാക്ഷി മൊഴി,സാകചര്യ തെളിവുകൾ, കുന്തം,കൊടച്ചക്രം എന്നൊക്കെ വാതോരാതെ വാദിയ്ക്കുന്ന കോടതിയ്ക്ക്‌ ന്യായം മനസിലാക്കാൻ നാഴികയ്ക്ക്‌ നാൽപത്‌ വെട്ടം കൂറു മാറുന്ന നാലാം കിട സാക്ഷികൾ തന്നെ വേണം..!
ഇതാണ്‌ നീതി .. ന്യായം..!

myexperimentsandme പറഞ്ഞു...

ഏവൂരാനേ, മേഘമേ... ആ അച്ഛന്റെ വേദന അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കുന്നു. പക്ഷേ, നാട്ടിലെല്ലാവരും ആ രീതിയിൽ പ്രതികരിക്കാൻ പോയാൽ കാര്യങ്ങളൊക്കെ കുളമാകില്ലേ എന്നു സംശയം. ഒരുത്തനൊരുത്തനോട് എന്തെങ്കിലും അസ്കിതയുണ്ടെങ്കിലും ഈ രീതിയിൽ പ്രതികരിച്ചിട്ട് പറഞ്ഞാൽ മതിയല്ലോ... എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും നീതിന്യായവ്യവസ്ഥിതികളിൽ വിശ്വസിക്കുക എന്നതാണ് സമാധാനത്തിന് നല്ലത് എന്നു തോന്നുന്നു. ഓർത്തുനോക്കിക്കേ, ഭാരതമഹാരാജ്യത്താർക്കും കോടതികളിൽ‌പ്പോലും വിശ്വാസമില്ലാത്ത ഒരു അവസ്ഥ....

പക്ഷേ, കോടതികൾ ചെയ്യേണ്ടത് ജനങ്ങൾക്കുള്ള ആ വിശ്വാസം കാത്തുരക്ഷിക്കുക എന്നുള്ളതാണ്. പലപ്പോഴും പല കാരണങ്ങളാലും അങ്ങിനെ സംഭവിക്കുന്നുണ്ടോ എന്ന് വർണ്ണ്യത്തിലൊരാശങ്ക.

കോളിളക്കം സൃഷ്ടിച്ച പല കുറ്റകൃത്യങ്ങൾക്കും ജനങ്ങൾ ഒരു മിനിമം പ്രതീക്ഷ വെക്കും. അതിനനുസരിച്ചുള്ള ശിക്ഷ കിട്ടിയില്ലെങ്കിൽ നമുക്കെന്തോ പോലെ തോന്നും. പക്ഷേ, കോടതിയിൽ അവതരിപ്പിക്കുന്ന കാര്യങ്ങൾക്കനുസരിച്ചല്ലേ അവർക്ക് വിധിക്കാൻ പറ്റൂ.

അപ്പോൾ ചോദ്യം കാര്യങ്ങളൊക്കെ വേണ്ടരീതിയിലാണോ അവതരിക്കപ്പെടുന്നതെന്നാണ്. അവിടെ ആരാണുത്തരവാദി. പ്രോസിക്യൂഷന്റെ റോൾ പ്രോസിക്യൂഷൻ ശരിയായി ചെയ്യാത്തതിന് എത്രമാത്രം ഗവണ്മെന്റിനുത്തരവാദിത്തമുണ്ട്. ആരാണ് ഗവണ്മെന്റിനെ സ്വാധീനിക്കുന്നത്? നമ്മളൊക്കെ തിരഞ്ഞെടുക്കുന്ന ഈ ജനപ്രതിനിധികളൊക്കെത്തന്നെയല്ലേ.

ഇങ്ങിനത്തെ തോന്ന്യവാസങ്ങൾ കാണിക്കുന്ന ജനപ്രതിനിധികളെ നമ്മൾ പിന്നീടൊരിക്കലും തിരഞ്ഞെടുക്കില്ലാ എന്നൊരു തീരുമാനമെടുത്താലോ? പക്ഷേ നമ്മൾ അങ്ങിനെ ചെയ്യുമോ?

ഇനി ഇവർ എത്തരക്കാരാണെന്ന് നമ്മളിൽ പലരും അറിയുന്നതെങ്ങിനെ? മാധ്യമങ്ങൾ വഴി. ഈ മാധ്യമങ്ങൾ വാസ്തവം മാത്രമേ വിളമ്പൂ? അവാസ്തവങ്ങൾ വിളമ്പുന്ന മാധ്യമങ്ങളെ തൊലിയുരിച്ചുകാട്ടാൻ ഏറ്റവും പറ്റിയ ആൾക്കാരിൽ ഒരു കൂട്ടർ ഈ ജനപ്രതിനിധികൾ. പക്ഷേ അവർ അങ്ങിനെ ചെയ്യുമോ.. ഇല്ല; കാരണം, അങ്ങിനത്തെ മാധ്യമങ്ങളെ അവർക്കും ആവശ്യമുണ്ട്.

ഇടുക്കിയിലെ കാടുമുഴുവർ വെട്ടിത്തെളിച്ച് തീറെഴുതി. കോടതിയിൽ കേസുപോയപ്പോൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ചെയ്തത് ഗവണ്മെന്റുംകൂടി അറിഞ്ഞുകൊണ്ട്. ഗവണ്മെന്റിലാരു ചെയ്തു-ജനപ്രതിനിധികൾ ചെയ്തു. അവർ എന്തിനു ചെയ്തു-അവർക്കോട്ടു കൊടുക്കുന്ന നാട്ടുകാരും കഞ്ഞികൊടുക്കുന്ന വീട്ടുകാരും പറഞ്ഞിട്ട് ചെയ്തു. ഇനി കോടതി അത് കാടല്ല നാടാണെന്ന വിധി പ്രസ്‌താവിച്ചാൽ നമ്മൾ കോടതിയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം. പക്ഷേ പരിസ്ഥിതി സംബന്ധമായ ഈ കാര്യങ്ങളൊന്നും പ്രവീൺ വധം പോലെയോ കണിച്ചുകുളങ്ങരപോലെയോ ഒരു സെൻ‌സേഷനും ഉണ്ടാക്കുന്നില്ലാത്തതു കാരണം, നമ്മളെല്ലാവരും വളരെ ഹാപ്പി. കേസു നടത്തുന്ന പാവം അണ്ണന്മാർ ഇനി കഞ്ഞികുടിക്കുപോലും വഹയില്ലാതെ നടക്കുന്നു. അവരുടെ കഞ്ഞികുടികൂടി മുട്ടിയാൽ മിച്ചമുള്ള രണ്ടോ മൂന്നോ മരങ്ങളും കൂടി വെട്ടി സംഗതി വെടിപ്പാക്കാം. നാട്ടിൽ വേനൽക്കാലത്തിപ്പോൾ ഗൾഫിലെ ചൂട്, തണുപ്പുകാലത്ത് അന്റാർട്ടിക്കായിലെ തണുപ്പും. നല്ല രസം.

അങ്ങിനെ കറങ്ങിത്തിരിഞ്ഞ് കറങ്ങത്തിരിഞ്ഞ് ഇതിലൊരു കറ നമ്മളാകുന്ന പാവം പൊതുജനത്തിലും.

തിയറി സിമ്പിൽ... നാം നന്നായാൽ നാടും നന്നാവും. കള്ളന് നമ്മൾ കഞ്ഞിവെക്കാൻ പോകരുത്.

myexperimentsandme പറഞ്ഞു...

ഏവൂരാനേ, പ്രവീൺ വധവുമായി ബന്ധപ്പെട്ട് ദീപിക തങ്ങളുടെ ഊഹക്കളിക്കലാപരിപാടി തുടങ്ങിയിട്ടുണ്ട്. എന്തെങ്കിലുമുണ്ടെങ്കിൽ നേരാംവണ്ണമങ്ങ് പറഞ്ഞാലെന്താ എന്നു ചോദിച്ചാൽ അവർക്കതിനുള്ള ഉത്തരം കാണുമായിരിക്കുമല്ലോ. ഇനി നമ്മുടെ തലച്ചോറിലെ എത്രയെത്ര കോശങ്ങൾ ഇതിനായി പുകയ്ക്കണം?

myexperimentsandme പറഞ്ഞു...

പുല്ലൂരാൻ എഴുതിയത് വായിച്ചപ്പോ ആകപ്പാടെ ഒരു വിഷമം.. എത്രമാത്രം ആ അച്ഛൻ കൃഷ്ണപ്രിയയെ ഇഷ്ടപ്പെട്ടിട്ടുണ്ടായിരിക്കണം, അതുപോലൊരു പ്രതികാരം ചെയ്യാൻ.. ഒരർത്ഥത്തിൽ ആ അച്ഛൻ ചെയ്ത കാര്യം ചെയ്യാനായിരുന്നു കോടതി വിധിക്കേണ്ടിയിരുന്നത്, അതും വേഗത്തിൽ. പക്ഷേ, കോടതിക്ക് വികാരപരമായി വിധി പറയാൻ പറ്റില്ലല്ലോ..

പുല്ലൂരാനേ, ശരിക്കും ഒരു വിഷമം, താങ്കൾ പറഞ്ഞതു കേട്ടപ്പോൾ... താങ്കളുടെ വിഷമം എനിക്ക് ശരിക്കും ഊഹിക്കാൻ പറ്റും..

സിദ്ധാര്‍ത്ഥന്‍ പറഞ്ഞു...

ഇന്നാളിവിടെ ഏതോ ഒരു ബ്ലോഗ്ഗിൽ വധശിക്ഷയ്ക്കു വിധിക്കുന്നതിലെ ന്യായാന്യായങ്ങളെ പറ്റി ഒരു ചർച്ച കണ്ടല്ലോ. ആ സംഗതി ഇവിടെ ലിങ്ക് ചെയ്യുന്നതു് അനുചിതമാണെന്നു തോന്നുന്നു. അന്നു കുറെ സമയം ഞാൻ മലപ്പുറത്തെ ഖൈറുന്നീസ വധക്കേസിന്റെ വിധി തപ്പി നടന്നു. കിട്ടിയില്ല. ആർക്കെങ്കിലും അതു കിട്ടുകയാണെങ്കിലതിവിടിടണേ.

ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നതിനു് പ്രതി അബ്ദുറഹിമാനു്(?) ‘ക്യാപിറ്റൽ പനിഷ്മെന്റ്’ വിധിക്കുന്നതു് ഖൈറുന്നീസയുടെ മാതാപിതാക്കളുടെ മാനസികാവസ്ഥകൂടെ കണക്കിലെടുത്താണു് എന്നു സൂചിപ്പിക്കുന്ന രീതിയിലായിരുന്നാ വിധി പ്രസ്താവന. ശരീ അത്തു് വിധികൾ പറയുന്നതുമതു തന്നെ. കൊന്നവനെ കൊല്ലുക.

ഇത്രയുമനുഭവം കോണ്ടു്,ഞാനും വധശിക്ഷയുടെ ഭാഗത്തായിരുന്നേനെ, പത്തു പന്ത്രണ്ടു വർഷം മുൻപു്, മൂന്നു നാലു പേരെ വെടിവച്ചു കൊന്ന, സുധാകരൻ എന്നു പേരുള്ള ഒരാളുമായി കത്തുകളിലൂടെ പരിചയപ്പെടാൻ കഴിഞ്ഞില്ലയിരുന്നെങ്കിൽ.സാധു ഇപ്പോൾ സാമൂഹ്യസേവനങ്ങളിലും മറ്റും സജീവമാണു്.

എല്ലാ‍വർക്കും സമ്മതമായ നീതി എന്നതു് ഒരു ഉട്ടോപ്യൻ ആശയമാണു് വക്കാരിമാഷെ. ദൈവത്തിനുപോലും നീതി നടപ്പാക്കൽ എന്നതൊരു ബുദ്ധിമുട്ടുള്ള കാര്യമാണത്രേ. എലിയെപ്പിടിക്കനോടുന്ന പൂച്ചപ്രാർത്ഥിക്കുന്നതു് ‘ഇന്നലെ വൈകീട്ടു രണ്ടുതുള്ളി പാലു കുടിച്ചതാണു് പിന്നിത്രേം നേരം വരെ ഒരെലിബിരിയാണി പോലും കിട്ടിയിട്ടില്ല. ദൈവമെ എവന്റെ ഓട്ടം സ്ലോ മോഷനിലാക്കി തരണേ‘ എന്നായിരിക്കില്ലേ? താൻ തന്നെ ഭക്ഷണമാക്കി വിധിച്ച, ജീവനുവേണ്ടി യാചിക്കുന്നവന്റെ പ്രാർത്ഥനകേൾക്കുമോ അതോ ആ ഭക്ഷണം ചോദിക്കുന്നവന്റെ പ്രാർത്ഥന കേൾക്കുമോ. രണ്ടാ‍യാലും പൂർണ്ണനീതിയാവില്ല, ഇനി ഇതിന്റെ ബാക്കി വിധി സ്വർഗ്ഗത്തിൽ നടപ്പാക്കമെന്നേറ്റാലും.

നഴ്സിങ് കോളെജിൽ വച്ചുള്ള റാഗിങിനിടയ്ക്കു വച്ചെന്നു പറയപ്പെട്ട, ബലാസംഗത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ അഭിമുഖത്തിനു ചെന്നവർ കുട്ടി എവിടെന്നു ചോദിച്ചത്രെ. ഒരു സ്ത്രീ വീട്ടിന്റെ ഉമ്മറത്തേക്കു വിരൽ ചൂണ്ടി. “ദൈവമേ ഇതോ??”- കൃഷ്ണപ്രിയ പുല്ലൂരാനെന്ന പോലെ ഈ കുട്ടിയും ഖൈറുന്നീസയുമൊക്കെ ആരുടെയെങ്കിലും അടുത്തവരായിരിക്കും. ആ തിരിച്ചറിവു് വേണം നമ്മളേയും തെറ്റിൽ നിന്നും പിന്തിരിപ്പിക്കാൻ.

രാജ് പറഞ്ഞു...

കൃഷ്ണപ്രിയയുടെ അച്ഛനെ കോടതി വെറുതെവിട്ടു.

കൊച്ചി: കൃഷ്ണപ്രിയയെ പീഡിപ്പിച്ചു കൊന്നയാളെ കൊലപ്പെടുത്തിയ കേസില്‍ കൃഷ്ണപ്രിയയുടെ അച്ഛനുള്‍പ്പെടെ മൂന്നു പ്രതികളെ ഹൈക്കോടതി വിട്ടയച്ചു. മകളെ ബലാല്‍സംഗം ചെയ്തു കൊന്ന അഹമ്മദ് കോയയെ ശങ്കരനാരായണനും മറ്റും ചേര്‍ന്നു കൊലപ്പെടുത്തിയെന്നാണു കേസ്. മഞ്ചേരി കോടതിയുടെ ഉത്തരവു റദ്ദാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് വി.കെ. ബാലി, ജസ്റ്റിസ് ജെ. ബി. കോശി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

മനോരമയിലെ വാര്‍ത്ത

അനുയായികള്‍

Index